വ്യത്യസ്ത പാരാഫിലിക് ഡിസോർഡറുകളിലൂടെ കടന്നുപോകുന്ന മനുഷ്യർ ഇരകളെ ലക്ഷ്യം വയ്ക്കുന്നതും ചൂഷണം ചെയ്യുന്നതും അവരുടെ താൽപ്പര്യങ്ങൾക്കും ഉദ്ദേശങ്ങൾക്കും അനുസരിച്ചാണ്.
പിഡോഫിലിയ/പിഡോഫിലിക്ക് ഡിസോർഡറിൽ കുറ്റവാളി കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നു. പിഡോഫിലിയയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.
എന്താണ് പിഡോഫിലിയ/പിഡോഫിലിക് ഡിസോർഡർ?
ഒരു കുറ്റകൃത്യം
ഉദ്യോഗസ്ഥരായ മാതാപിതാക്കൾ ജോലിയ്ക്ക് പോകുമ്പോൾ നാല് വയസെത്തുന്ന പെൺകുട്ടിയെ നോക്കുന്നതിനായി നാട്ടിൽ നിന്ന് അമ്മൂമ്മയെ (കുട്ടിയുടെ അച്ഛന്റെ അമ്മ) സിറ്റിയിലെ തങ്ങളുടെ അപ്പാർട്മെന്റിലേക്ക് കൂട്ടിക്കൊണ്ട് വന്നു.
അച്ഛൻ മരണപ്പെട്ട ശേഷം സിറ്റിയിലെ വീട്ടിൽ വന്ന് നിൽക്കാൻ അയാൾ മുൻപ് പലപ്പോഴും അമ്മയെ ക്ഷണിച്ചിരുന്നെങ്കിലും നാട്ടിൻപുറത്ത് ജീവിച്ച് ശീലിച്ച അമ്മ എല്ലായിപ്പോഴും അയാളുടെ ക്ഷണം നിരസിച്ചു പോന്നു. എന്നാൽ ഇങ്ങനെയൊരു സാഹചര്യത്തിൽ സ്വന്തം ഇഷ്ടങ്ങളും താൽപ്പര്യങ്ങളും മാറ്റിവച്ച് കൊച്ചുമോളോടൊത്ത് സമയം ചിലവഴിക്കുന്നതിനായി സിറ്റിയിലേക്ക് വരാൻ അമ്മ തയ്യാറാകുകയായിരുന്നു.
സിറ്റിയിലേക്കെത്തിയ അമ്മൂമ്മ സാഹചര്യങ്ങളുമായി പെട്ടെന്നിണങ്ങി. അമ്മൂമ്മയും കൊച്ചുമോളും പകൽ സമയങ്ങളിൽ ഏറെ സന്തോഷിച്ചു. ജോലി കഴിഞ്ഞെത്തുന്ന മാതാപിതാക്കൾ അവരുടെ സന്തോഷത്തിൽ പങ്കുകൊണ്ടു.
ഇതിനിടയിൽ അടുത്ത അപ്പാർട്ട്മെന്റിലെ കുടുംബവുമായി നാട്ടിൽ നിന്നെത്തിയ അമ്മ കൂടുതൽ അടുത്തു. അടുത്തകാലത്ത് വിവാഹിതരായ ഭാര്യമാഭർത്താക്കന്മാരും, ഭർത്താവിന്റെ അമ്മയും, തൽക്കാലം കുറച്ച് ദിവസം ഭർത്താവിന്റെ അമ്മയ്ക്കൊപ്പം സമയം ചെലവിടാൻ എത്തിയ അൻപത്തിയഞ്ച് കാരനും, അവിവാഹിതനുമായ, അമ്മയുടെ സഹോദരനുമാണ് ആ വീട്ടിലുണ്ടായിരുന്നത്.
മുന്നോട്ട് പോകവെ ആ വീട്ടുകാർക്കും ആ നാല് വയസ്സുകാരി പ്രിയങ്കരിയായി. രണ്ട് വീടുകളിലുമായി രണ്ട് അമ്മൂമ്മമാരെയും ഒരപ്പൂപ്പനെയും കിട്ടിയതിൽ അവൾ സന്തോഷവതിയായിരുന്നു.
എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം കുട്ടിയെ കുളിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മൂമ്മ കുട്ടിയുടെ ശരീരത്തിൽ ചില മങ്ങിയ ചുവന്ന പാടുകൾ ശ്രദ്ധിച്ചു. വേദനയുണ്ടോ എന്ന് ചോദിച്ചപ്പോൾ കുട്ടി ചിരിച്ചുകൊണ്ട് ഇല്ലായെന്ന് മറുപടി നൽകി. വീണ്ടും ദിവസങ്ങളുടെ ഇടവേളയിൽ ഇതാവർത്തിക്കപ്പെട്ടപ്പോൾ അമ്മൂമ്മ വിവരം കുട്ടിയുടെ അമ്മയെ അറിയിച്ചു. അമ്മയുടെയും അമ്മൂമ്മയുടെയും സ്നേഹത്തോടെയുള്ള ചോദ്യങ്ങൾക്കായി കുട്ടി നൽകിയ ഉത്തരങ്ങളിലൂടെ കുട്ടി അപ്പൂപ്പൻ എന്ന് വിളിക്കുന്ന അടുത്തവീട്ടിലെ മധ്യവയ്സ്കൻ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് കണ്ടെത്തി.
തുടർന്ന് നടന്ന പോലീസ് അന്വേഷണത്തിൽ, മനോരോഗാവിദഗ്ധന്റെ സഹായത്തോടെ അയാൾക്ക് പിഡോഫിലിക് ഡിസോർഡർ നിർണ്ണയിക്കപ്പെട്ടു. കുട്ടികളിൽ മാത്രം ലൈംഗിക സന്തോഷം കണ്ടെത്താൻ കഴിയുന്ന അയാൾ ഒരുപാട് കുട്ടികളെ മുൻപ് ലൈംഗിക ചൂഷണം നടത്തിയതായി കണ്ടെത്തി.
തിരികെ വരാം
കുട്ടികളെ ലൈംഗിക താൽപ്പര്യത്തിനായി ചൂഷണം ചെയ്യുന്നതാണ് പിഡോഫിലിയ/പിഡോഫിലിക് ഡിസോർഡർ. ഇത്തരം ലൈംഗിക ചൂഷണം നടത്തുന്നവരെ പിഡോഫയൽ എന്ന് വിളിക്കുന്നു.
പിഡോഫിലിയയുടെ കാര്യത്തിൽ പലപ്പോഴും കൃത്യമായ കണക്കുകൾ പുറത്തു വാരാറില്ല. എന്തുകൊണ്ടെന്നാൽ കുട്ടികളെ ഇത്തരത്തിൽ ലൈംഗിക ചൂഷണം നടത്തുന്ന പലരും കുട്ടികൾക്കും കുടുംബത്തിനും ഏറെ അടുപ്പമുള്ളവരോ, കുടുംബത്തിൽ നിന്നും തന്നെയുള്ളവരോ ആണ്. ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽക്കാർ എന്നിങ്ങനെ നേരിട്ട് അടുത്ത ബന്ധം പുലർത്തുന്നവർ തന്നെ.
പിഡോഫയലുകളിൽ ഭൂരിഭാഗവും പുരുഷന്മാരാണെങ്കിലും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവരിൽ ചെറിയ ശതമാനമെങ്കിലും സ്ത്രീകളുമുൾപ്പെടുന്നു.
ഓരോ കുറ്റവാളിയും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന് വ്യത്യസ്ത മാർഗ്ഗങ്ങളാവും ഉപയോഗിക്കുന്നത്. ചിലർ കുട്ടികളുടെ പോൺ വീഡിയോകൾ(അശ്ലീല വിഡിയോകൾ) മാത്രം കാണുന്നവരാണ്. ചിലർ കുട്ടികളെ സ്പർശിക്കുകയും വിവസ്ത്രരായി കാണുവാൻ താൽപ്പര്യപ്പെടുകയും ചെയ്യുന്നവരാണ്. മറ്റുള്ളവർ കുട്ടികളെ അവരുടെ എല്ലാത്തരം ലൈംഗിക താൽപ്പര്യങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നു. പിഡോഫയലുകളിൽ ഒരു വിഭാഗം മനുഷ്യർ രക്തബന്ധത്തിൽ ഉൾപ്പെട്ട കുട്ടികളെ (ഇൻസസ്റ്റ് റിലേഷൻഷിപ്പ്) ലൈംഗികമായി ചൂഷണം ചെയ്യുന്നു.
ഇരകൾ തീരെ ചെറിയ കുട്ടികളാകുന്തോറും കുറ്റവാളികൾ സുരക്ഷിതരായി തുടരുന്നുവെങ്കിൽ, അൽപ്പം തിരിച്ചറിവെത്തിയ കുട്ടികളെ സ്വയരക്ഷക്കായി ഇവർ ഭീഷണിപ്പെടുത്തുകയും പുറത്തറിയാതിരിക്കുന്നതിനുള്ള ശ്രമം നടത്തുകയും ചെയ്യുന്നു.
പിഡോഫയലിസം എന്ന ലൈംഗിക താൽപ്പര്യവും രൂപപ്പെടുന്നത് കൗമാരകാലത്തിന്റെ അവസാനകാലത്തോ, യൗവനത്തിന്റെ ആരംഭകാലത്തിലോ തന്നെയാണ്.
പിഡോഫയലുകളിൽ അൻപത് ശതമാനം വരെ മദ്യം ഉപയോഗിച്ച ശേഷമാണ് കുറ്റകൃത്യത്തിൽ ഏർപ്പെടാറുള്ളത്. പകുതിയിൽ കൂടുതൽ പേരും മറ്റ് പാരാഫിലിയസ് ഉള്ളവരുമാണ്.
പല പീഡോഫയലുകളും താൽപ്പര്യമനുസരിച്ച് ഇരകളെ ലിംഗത്തിന്റെയും പ്രായപരിധിയുടെയും അടിസ്ഥാനത്തിൽ പരിമിതപ്പെടുത്തുന്നവരാണ്. ശേഷം താൽപ്പര്യമനുസരിച്ചുള്ള ലിംഗത്തിലും പ്രായത്തിലും മാത്രമുൾപ്പെട്ട കുട്ടികളെ കണ്ടെത്തി ലൈംഗികമായി ചൂഷണം ചെയ്യുന്നു. ഇത്തരം പിഡോഫയലുകളെ എക്സ്ക്ലൂസിവ് എന്ന് വിളിക്കുന്നു.
എന്നാൽ ഭൂരിഭാഗം പിഡോഫയലുകളും കുട്ടികളോടൊപ്പം മുതിർന്നവരോടും ലൈംഗികാകർഷണം തോന്നുന്നവരാണ്. ഇവരെ നോൺഎക്സ്ക്ലൂസീവ് എന്ന് വിളിക്കുന്നു.
കുട്ടികൾ ലൈംഗികാനുഭവം ആസ്വദിക്കുന്നുവെന്നോ അല്ലെങ്കിൽ അവരുടെ വളർച്ചയ്ക്കും വികാസത്തിനുമൊക്കെ അത് പ്രധാനമാണെന്നോ ഒക്കെ പിഡോഫയലുകൾ എല്ലായിപ്പോഴും സ്വയം ബോധ്യപ്പെടുത്തുന്നു. മറ്റുള്ളവർക്ക് മുന്നിൽ അത്തരം ചിന്തകളെ ന്യായീകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. കുട്ടികളോട് സൗഹൃദം സ്ഥാപിച്ചും, പ്രേരിപ്പിച്ചും, വഞ്ചിച്ചും ഒക്കെ അവർ കുറ്റകൃത്യം നടപ്പിലാക്കുന്നു.
പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നവരാകട്ടെ, ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി ഇതേ രീതി തുടരുകയും വീണ്ടും കുട്ടികളെ ചൂഷണം ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഈ ഗണത്തിൽപ്പെട്ടവർക്ക് ശിക്ഷാനടപടിയോടൊപ്പം മനോരോഗ/മനഃശാസ്സ്ത്ര ചികിത്സയും ആവശ്യമാണ്.