ആർട്ടിക്കിളിന്റെ കഴിഞ്ഞ രണ്ട് ഭാഗങ്ങളിലായി പാരാഫിലിയാസ്/പാരാഫിലിക് ഡിസോർഡറുകളിൽ ഉൾപ്പെട്ട രണ്ട് ഡിസോർഡറുകളെ അടുത്തറിയാൻ സാധിച്ചു. ഈ ഭാഗത്തിലൂടെ സ്ത്രീകൾ ഏറെ ഇരകളാക്കപ്പെട്ടിട്ടുള്ള മറ്റൊരു ഡിസോർഡറിനെ മനസ്സിലാക്കാം.
എന്താണ് ഫ്രോട്ടെറിസം/ഫ്രോട്ടെറിസ്റ്റിക് ഡിസോർഡർ?
ഒരനുഭവം
വേനലവധിക്ക് ശേഷം സ്കൂൾ തുറന്ന സന്തോഷത്തോടെയാണ് ഒരേ സ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഒരേ നാട്ടുകാരികളായ പെൺകുട്ടികൾ ഒന്നിച്ച് ബസിൽ രാവിലെ സ്കൂളിലേക്ക് പുറപ്പെട്ടത്.
ബസ്സിലെ തിരക്കിൽ ആർക്കും തന്നെ ഇരിപ്പിടം കിട്ടിയില്ല എന്ന് മാത്രമല്ല തിരക്ക് കൂടുന്നതിനനുസരിച്ച് പെൺകുട്ടികൾക്ക് ബസ്സിന്റെ പിൻഭാഗത്തേക്ക് മാറി നിൽക്കേണ്ടതായും വന്നു.
ഓരോ ബസ് സ്റ്റോപ്പിൽ നിർത്തുമ്പോഴും സ്കൂൾ വിദ്യാർഥികളുടെയും, കോളേജ് വിദ്യാർത്ഥികളുടെയും, ജോലിക്കു പോകുന്നവരുടെയുമൊക്കെ തിരക്ക് ബസിനുള്ളിൽ കൂടിക്കൊണ്ടേയിരുന്നു. കൂട്ടത്തിൽ ഒൻപതാം ക്ലാസുകാരിയായ ഒരു പെൺകുട്ടി ഇതോടെ ബസിന്റെ പിൻഭാഗത്ത് പുരുഷന്മാരുടെ അരികിലെത്തിപ്പെട്ടു. നാട്ടുഭാഷയിൽ പറഞ്ഞാൽ ബസിനുള്ളിൽ സൂചി കുത്താനിടമില്ലാത്ത അവസ്ഥ.
ബസിലെ തിരക്കുമൂലം പെൺകുട്ടിയ്ക്ക് താൻ നിൽക്കുന്ന സ്ഥലത്ത് അസ്വസ്ഥത അനുഭവപ്പെടാൻ തുടങ്ങി. തിരക്കിനിടയിൽ ആരോ തന്റെ ശരീരത്തോട് കൂടുതൽ അടുത്ത് നിൽക്കുന്നത് അവൾക്ക് ഇഷ്ടക്കേടുണ്ടാക്കി. തുടർന്ന് തന്റെ ശരീരത്തിന്റെ പിൻഭാഗത്ത് എന്തോ ഇഴയുന്നത് അവൾ ശ്രദ്ധിച്ചു. ആ പ്രവൃത്തി ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും, തിരക്കിനിടയിൽ സംഭവിക്കുന്നതാകുമെന്നവൾ കരുതി. എന്നാൽ മുന്നോട്ട് പോകുന്തോറും തന്റെ ശരീരത്തെ ലക്ഷ്യം വച്ച് ആരോ മനപ്പൂർവ്വം ചെയ്യുന്നതാണെന്ന് കുട്ടി തിരിച്ചറിഞ്ഞു തുടങ്ങി.
തന്റെ ശരീരത്തിൽ ആരോ എന്തോ ഉരുമ്മുന്നു, അത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നതിനപ്പുറം ഒരു പതിനാല് വയസ്സുകാരിയുടെ അറിവിൽ താൻ ലൈംഗിക ചൂഷണത്തിനിരയാകുകയാണെന്നത് ആദ്യഘട്ടത്തിൽ മനസ്സിലാകുന്നുണ്ടായിരുന്നില്ല. പിന്നീടത് തിരിച്ചറിഞ്ഞു തുടങ്ങുമ്പോഴേക്കും പെൺകുട്ടി കൂടുതൽ അസ്വസ്ഥയാകാൻ തുടങ്ങി. ഒപ്പം ഭയമേറി ശരീരത്തിന് വിറയലുണ്ടായി. എങ്ങനെ പ്രതികരിക്കണമെന്നറിയാതെ വേദനിച്ചു. കൂടെയുണ്ടായിരുന്ന കൂട്ടുകാർ അരികിലില്ലാതിരുന്നത് കൊണ്ട് തന്നെ ഒന്നും ആരെയും അറിയിക്കാൻ കഴിഞ്ഞില്ല.
സ്കൂളിലെത്തിയ ശേഷവും മാനസ്സിക വിഷമം മറികടക്കാൻ സാധിക്കാതിരുന്ന പെൺകുട്ടി സ്കൂൾ കൗൺസിലറു.ടെ സേവനം തേടി.
തിരികെ വരാം
ഫ്രോട്ടെറിസം/ഫ്രോട്ടെറിസ്റ്റിക് ഡിസോർഡർ എന്ന പാരാഫിലിക് ഡിസോർഡറിനെക്കുറിച്ചാണ് മുകളിൽ പങ്കുവച്ച സാഹചര്യം വിവരിക്കുന്നത്. പൊതുഗതാഗതം ഉപയോഗിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളും കൗമാരക്കാരായ പെൺകുട്ടികളും വളരെ വലിയ തോതിൽ അനുഭവിക്കുന്ന ലൈംഗിക ചൂഷണങ്ങളിലൊന്നാണ് ഫ്രോട്ടെറിസം/ഫ്രോട്ടെറിസ്റ്റിക് ഡിസോർഡർ.
ഫ്രോട്ടർ എന്നാൽ "ഉരസുക" എന്നർത്ഥം വരുന്ന ഫ്രഞ്ച് വാക്കാകുന്നു. ഫ്രോട്ടെറിസത്തിൽ ഏർപ്പെടുന്ന ഒരു വ്യക്തി അപരിചിതയായ ഒരു സ്ത്രീയോടോ പെൺകുട്ടിയോടോ ചെയ്യുന്നതും ഇത് തന്നെയാണ്.
കുറ്റവാളിയായ മനുഷ്യൻ തന്റെ ഇരയായ പെൺകുട്ടിയെയോ സ്ത്രീയെയോ തിരഞ്ഞെടുത്ത ശേഷം തന്റെ ലൈംഗികാവയവം അവരുടെ ശരീരത്തിലൂടെ ഉരസി ലൈംഗിക സുഖം കണ്ടെത്തുന്നു. ചിലപ്പോഴെങ്കിലും മറ്റ് ശരീര അവയവങ്ങളിലും സ്പർശിക്കുന്നു.
സാധാരണയായി തിരക്കേറിയ നടപ്പാതകളിലോ പൊതുഗതാഗത മാർഗ്ഗങ്ങളായ ബസിലോ ട്രെയിനിലോ ആണ് ഫ്രോട്ടെറിസം/ഫ്രോട്ടെറിസ്റ്റിക് ഡിസോർഡർ അരങ്ങേറുന്നത്. കാരണം ഇത്തരം തിരക്കേറിയ സാഹചര്യങ്ങളിൽ കുറ്റം ചെയ്യാനുള്ള അവസരം ഒരുക്കുകയെന്നത് ഫ്രോട്ടർ(ഫ്രോട്ടെറിസത്തിൽ ഏർപ്പെടുന്ന ആൾ) സംബന്ധിച്ച് അനായാസകരമായ കാര്യമായി മാറുന്നു. ഒപ്പം കുറ്റകൃത്യത്തിനിടെ തിരിച്ചറിയപ്പെടാതിരിക്കാനും, പിടിയ്ക്കപ്പെടാതിരിക്കാനും, രക്ഷപെടാനുമുള്ള സാഹചര്യം മറ്റ് സ്ഥലങ്ങളുമായി ബന്ധപ്പെടുത്തിയാൽ തിരക്കേറിയ പൊതുയിടങ്ങളിൽ കൂടുതലാകുന്നു.
എന്നാൽ പൊതുയിടങ്ങളിലാണ് സംഭവിക്കുന്നതെങ്കിലും ഇത്തരം സാഹചര്യങ്ങളിൽ നിന്ന് ഇരയ്ക്ക് സാധാരണഗതിയിൽ ഉടനടി പുറത്തുകടക്കാൻ സാധിക്കാറില്ല.
കാരണം അക്രമത്തിന്റെ ആദ്യഘട്ടത്തിൽ പലപ്പോഴും തിരക്കിനിടയിൽ ശരീരം തമ്മിൽ അറിയാതെ സ്പർശ്ശിക്കുന്നതാവാം എന്ന ചിന്തയാകും ഇരകളിലുണ്ടാകുന്നത്. കുറ്റവാളിയുടെ ഭാഗത്ത് നിന്നും ബലപ്രയോഗങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ പലപ്പോഴും അതങ്ങനെ തന്നെയാവണമെന്ന ചിന്തയിൽ അവൾ തുടരുന്നു. എന്നാൽ ബലപ്രയോഗങ്ങളില്ലാതെ, സ്‌പർശിക്കുന്നതോ തടവുന്നതോ ആയ പ്രവൃത്തി അവർ മനപ്പൂർവം ചെയ്തുകൊണ്ടിരിക്കുന്നതാണെന്ന് തിരിച്ചറിയുമ്പോൾ എല്ലാവരും പ്രതികരിക്കാൻ കഴിയുന്ന മാനസസികാവസ്ഥയിൽ ആകണമെന്നില്ല.
ചിലർ പ്രതികരിക്കും. മറ്റ് ചിലർ വ്യത്യസ്തങ്ങളായ കാരണങ്ങളാൽ പ്രതികരിക്കാൻ കഴിയാതെ നിസ്സഹായരാകും. പ്രായം കൊണ്ട് ചെറുതായതിനാലോ, സമൂഹത്തിന്റെ ചിന്താഗതികളും കാഴ്ചപ്പാടുകളും ഓർത്തോ, ജീവിത സഹാചര്യങ്ങൾ കാരണമോ, നാണക്കേടോർത്തോ, തിരക്കിൽ കുറ്റവാളികളെ തിരിച്ചറിയാൻ കഴിയാത്തതിനാലോ, ഭയം മൂലമോ ഒക്കെ പ്രതികരിക്കാൻ മടിച്ച് പിന്നോട്ട് നിൽക്കും.
എന്നാൽ ഫ്രോട്ടർ ആകട്ടെ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നതോടൊപ്പം ഇരയുമായി അടുത്ത ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ കുറിച്ച് ഈ അവസരത്തിൽ സങ്കൽപ്പിക്കുകയും കൂടുതൽ ലൈംഗിക സന്തോഷം കണ്ടെത്തുകയും ചെയ്യും.
ഫ്രോട്ടെറിസത്തിലും എക്സിബിഷനിസത്തിലും ഒരേ പോലെ ലൈംഗിക സന്തോഷം കണ്ടെത്തുന്ന വ്യക്തികളും പാരാഫിലിയാസിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഫ്രോട്ടെറിസം/ഫ്രോട്ടെറിസ്റ്റിക് ഡിസോർഡർ സാധാരണയായി കൗമാരപ്രായത്തിൽ ആരംഭിക്കുന്നു. പലപ്പോഴും ഇങ്ങനെയൊരു ലൈംഗിക താൽപ്പര്യത്തിന് തുടക്കം കുറിയ്ക്കുന്നത് ലൈംഗികതയുമായി ബന്ധപ്പെട്ട കഥകൾ വായിക്കുന്നതിലൂടെയോ, പോൺ വീഡിയോകൾ കാണുന്നതിലൂടെയോ, യാദൃച്ഛികമായി മറ്റൊരാൾ ഇത്തരം പ്രവൃത്തിയിൽ ഏർപ്പെടുന്നതിന് സാക്ഷ്യം വഹിക്കുന്നതിലൂടെയോ ഒക്കെയാവാം. 15-നും 25-നും ഇടയിൽ പ്രായമുള്ള കൗമാരപ്രായക്കാരോ/യുവാക്കളോ ആണ് കൂടുതലായും ഇത്തരം ആസക്തികളിൽ വീണുപോകുന്നത്. എന്നാൽ 25 വയസ്സിൽ നിന്ന് പ്രായം മുന്നോട്ട് പോകുന്തോറും ക്രമേണ ഇത്തരം ലൈംഗിക താൽപ്പര്യം നശിക്കുകയും സാധാരണ ലൈംഗിക ജീവിതത്തെ ആസ്വദിക്കുന്ന തലത്തിലേക്ക് ഇവർക്ക് മാറ്റം സംഭവിക്കുകയും ചെയ്യുന്നു.
തുടരും..
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.