Mar 8 • 6M

പാരാഫിലിയാസ്/പാരാഫിലിക് ഡിസോർഡേഴ്‌സ്

ഭാഗം-1

Psy. Swargeeya D P
Comment
Share
 
1.0×
0:00
-6:23
Open in playerListen on);
Episode details
Comments

മനുഷ്യ-ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചോ ഡിസോർഡറുകളെ കുറിച്ചോ സംസാരിച്ചാൽ ഭൂരിഭാഗം മനുഷ്യർക്കും പരിചിതമായ കാര്യം ദാമ്പത്യജീവിതത്തിലോ അല്ലാതെയോ ഉൾപ്പെട്ട ലൈംഗിക ജീവിതത്തിലെ പാളിച്ചകളും പ്രശ്നങ്ങളും മാത്രമാണ്.

എന്നാൽ സാധാരണ ലൈംഗിക ജീവിതത്തിൽ നിന്നും വ്യത്യസ്തമായ രീതിയിലുള്ള താല്പര്യങ്ങളും സന്തോഷങ്ങളും പ്രകടമാക്കപ്പെടുന്ന, ഒഫൻസിവായ ചില ലൈംഗിക താൽപ്പര്യങ്ങളെ അഥവാ ഡിസോർഡറുകളെ നമുക്കിവിടെ അടുത്തറിയാനും മനസ്സിലാക്കാനും ശ്രമിക്കാം.

എന്താണ് പരാഫിലിയാസ്/ പാരാഫിലിക് ഡിസോർഡേഴ്‌സ്?

അരോചകമോ അസാധാരണമോ ആയതിനാൽ ഭൂരിഭാഗം ആളുകളും നിരസിക്കുന്ന പലതരം ലൈംഗിക പെരുമാറ്റങ്ങളും താൽപ്പര്യങ്ങളും ഉൾപ്പെട്ടതാണ് പരാഫിലിയാസ്/ പാരാഫിലിക് ഡിസോഡേഴ്‌സ്.

പരസ്പര സമ്മതത്തോടെ ഒരു മുതിർന്നവ്യക്തിയുമായി ജനനേന്ദ്രിയങ്ങൾ ഉൾപ്പെട്ട ലൈംഗികത പങ്കുവയ്ക്കലിൽ നിന്ന് വ്യത്യസ്തമായി, മറ്റെന്തെങ്കിലും തരത്തിലുള്ള അസാധാരണമായതോ അരോചകമായതോ ആയ കാര്യങ്ങളിൽ ഇവർ ലൈംഗിക സന്തോഷം കണ്ടെത്തുന്നു. ഒപ്പം കാലാകാലങ്ങളോളം ഇത്തരം ലൈംഗിക താൽപ്പര്യങ്ങൾ തുടരുകയും ചെയ്യുന്നു.

ഇരയാക്കപ്പെടുന്നവരുടെ സമ്മതമില്ലാതെ തന്നെ ഇത്തരം താൽപ്പര്യങ്ങൾക്കായി അവർ മറ്റുള്ളവരുടെ സാന്നിധ്യം ഉപയോഗപ്പെടുത്തുന്നു എന്നത് കൊണ്ട് തന്നെയാണ് ഇത്തരം പ്രവൃത്തികൾ/ഡിസോർഡേഴ്‌സ് ഒഫൻസിവ്/കുറ്റകരമായി മാറുന്നത്.

ഭൂരിഭാഗം പാരാഫിലിയകൾക്കും ആരംഭം കുറിക്കപ്പെടുന്നത് കൗമാരപ്രായത്തിൽ തന്നെയാണ് എന്നതാണ് വാസ്തവം. കാരണം ഈ കാലഘട്ടത്തിലാണ് മനുഷ്യർ തങ്ങളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട ഇഷ്ടങ്ങളെയും താൽപ്പര്യങ്ങളെയും തിരിച്ചറിഞ്ഞു തുടങ്ങുന്നതും പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നതും. പ്രത്യേകിച്ചും കൗമാരപ്രായത്തിലൂടെ കടന്നുപോകുന്ന ആൺകുട്ടികൾ ലൈംഗികതയുടെ കാര്യത്തിൽ വ്യത്യസ്തങ്ങളായ ഏറെ പരീക്ഷണങ്ങൾ ഇക്കാലത്ത് നടത്തിവരുന്നു. അതുകൊണ്ടുതന്നെ പരാഫിലിയയുടെ ഗണത്തിൽപ്പെടുന്ന ഇഷ്ടങ്ങളും ഇതേ പ്രായത്തിൽ തന്നെ രൂപപ്പെടുന്നു.

പരാഫിലിയാസ്/പാരാഫിലിക് ഡിസോഡേഴ്‌സ് ഏതൊക്കെ യാണ്?

1. എക്‌സിബിഷനിസം/എക്‌സിബിഷനിസ്റ്റിക് ഡിസോർഡർ

2. ഫെറ്റിഷിസം/ഫെറിഷിസ്റ്റിക് ഡിസോർഡർ

3. ഫ്രോട്ടെറിസം/ഫ്രോട്ടെറിസ്റ്റിക് ഡിസോർഡർ

4. പിഡോഫിലിയ/പിഡോഫിലിക് ഡിസോർഡർ

5. സെക്ഷ്വൽ മാസോകിസം ഡിസോർഡർ

6. സെക്ഷ്വൽ സാഡിസം ഡിസോർഡർ

7. ട്രാൻസ്‌വെസ്റ്റിസം/ട്രാൻസ്‌വെസ്റ്റിക് ഡിസോർഡർ

8. വൊയെറിസം/വൊയെറിസ്റ്റിക് ഡിസോർഡർ

പിഡോഫിലിയ/പിഡോഫിലിക് ഡിസോർഡർ മാറ്റി നിർത്തിയാൽ മറ്റെല്ലാ പാരാഫിലിക് പ്രവൃത്തികളിലും ഏർപ്പെടുന്ന ഏകദേശം മുഴുവൻ വ്യക്തികളും പുരുഷൻമാരാണ്.

എന്താണ് എക്‌സിബിഷനിസം/എക്‌സിബിഷനിസ്റ്റിക് ഡിസോർഡർ?

എക്സിബിഷനിസം/എക്സിബിഷനിസ്റ്റിക് ഡിസോർഡർ എന്ന പേര് പരിചിതമല്ലയെങ്കിലും നിങ്ങൾ സ്ത്രീകളിൽ അല്ലെങ്കിൽ പെൺകുട്ടികളിൽ ചിലരെങ്കിലും ഈ പറഞ്ഞ അവസ്ഥക്ക് ഇരകളായിട്ടുണ്ടാകാം.

ഒരനുഭവം

എഞ്ചിനീയറിങ് കോളേജിൽ ബി.ടെക് മൂന്നാം വർഷ ബിരുദവിദ്യാർഥിനിയും, ഏഴാം ക്ലാസ്സിൽ പഠിയ്ക്കുന്ന അനുജത്തിയും ഒരു വെള്ളിയാഴ്ച അടുത്ത ഒരു ബന്ധുവിന്റെ വീട്ടിലേക്ക് യാത്ര പോകുന്നു.

ബസിൽ സ്ഥലത്തെത്തിയ ശേഷം, അടുത്ത് കണ്ട ബേക്കറിയിൽ നിന്ന് ആ വീട്ടിലെ ചെറിയ കുട്ടിയ്ക്ക് ചോക്ലേറ്റ് വാങ്ങി, അരക്കിലോമീറ്റർ അപ്പുറമുള്ള വീട്ടിലേയ്ക്ക് നടന്നു പോകവെ, പെട്ടെന്ന് പിന്നിൽ നിന്നും ആരോ “ശൂ.. ശൂ” എന്ന് ശബ്ദമുണ്ടാക്കി വിളിക്കുന്നത് കേട്ടു. തിരിഞ്ഞു നോക്കിയ പെൺകുട്ടികൾ രണ്ടാളും കാണുന്ന കാഴ്ച, അടച്ചിട്ടിരിയ്ക്കുന്ന രണ്ട് കടമുറികൾക്കിടയിലെ ചെറിയ ഇടവഴിയിൽ നിന്ന് ഉടുമുണ്ട് അഴിച്ചു മാറ്റി അവർക്ക് മുന്നിൽ ജനനേന്ദ്രിയം പ്രദർശിപ്പിക്കുന്ന ഒരു മനുഷ്യനെ ആണ്.

ഏഴാം ക്ലാസുകാരിയായ ഇളയ പെൺകുട്ടി പേടിച്ച് ഉറക്കെ കരയാൻ തുടങ്ങി. എഞ്ചിനീയറിങ് വിദ്യാത്ഥിനിയായ മൂത്ത കുട്ടിയും നന്നെ ഭയന്നിരുന്നു. അതേ സമയം ബൈക്കിൽ ആ വഴി കടന്നുപോയ രണ്ട് ചെറുപ്പക്കാർ ഭയന്ന് നിൽക്കുന്ന പെൺകുട്ടികളുടെ അരികിലെത്തി കാര്യമാന്വേഷിച്ചതും, കടയ്ക്ക് പിന്നിൽ ഒളിഞ്ഞു നിന്ന ആൾ ഓടി രക്ഷപെടാൻ ശ്രമിച്ചു. യുവാക്കൾ അയാളെ പിന്തുടർന്നുവെങ്കിലും കണ്ടെത്താനായില്ല. ശേഷം ബന്ധുക്കളെ ഫോണിൽ വിളിച്ച് കുട്ടികൾ വിവരമറിയിച്ചതിനെ തുടർന്ന് അവരെത്തി കുട്ടികളെയും കൂട്ടി വീട്ടിലേക്കുപോയി. ഏഴാം ക്ലാസുകാരിയായ പെൺകുട്ടിയ്ക്ക് ഇക്കാരണത്താൽ കൗൺസിലിംഗ് ആവശ്യമായി വന്നു.

തിരികെ വരാം

നിങ്ങളിൽ ചിലർക്കെങ്കിലും ആളൊഴിഞ്ഞ ഇടവഴിയിൽ ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകാം. എന്ത്‌ ചെയ്യണമെന്നറിയാതെ ഭയന്ന്, പകച്ച് നിന്നുപോയിട്ടുണ്ടാകാം.

ഇങ്ങനെ തികച്ചും അപരിചിതരായ പെൺകുട്ടികൾക്കോ/സ്ത്രീകൾക്കോ മുന്നിൽ സ്വന്തം ജനനേന്ദ്രിയം പ്രദർശിപ്പിച്ച് ലൈംഗികസുഖം തേടുന്ന രീതിയാണ് എക്സിബിഷനിസം/എക്സിബിഷനിസ്റ്റിക് ഡിസോർഡർ. ഇത്തരം പ്രവൃത്തിയിലേർപ്പെടുന്നവരാണ് എക്സിബിഷനിസ്റ്റുകൾ.

പല എക്സിബിഷനിസ്റ്റുകളും നിലവിൽ പങ്കാളികൾ ഉള്ളവരോ, ഭാവിയിൽ വിവാഹജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരോ ആണ്. മറ്റുള്ളവർക്ക് മുന്നിൽ ഇവർ സാധാരണ ജീവിതവും സാധാരണ ലൈംഗിക ജീവിതവും പിന്തുടരുന്നു, എന്നാൽ ഇതേ വ്യക്തികൾ സമാന്തരമായി അപരിചിതരായ സ്ത്രീകൾക്ക് മുന്നിൽ ലൈംഗിക അവയവം പ്രദർശിപ്പിക്കുകയും അതിലൂടെ മറ്റൊരു തരം ലൈംഗിക സന്തോഷം കണ്ടെത്തുകയും ചെയ്യുന്നു. മിക്കവാറും തങ്ങൾ തിരിച്ചറിയപ്പെടാൻ സാധ്യതയില്ലാത്ത സ്ഥലങ്ങളിലും തീർത്തും അപരിചിതരായ സ്ത്രീകൾക്ക് മുന്നിലുമാകും ഇവർ പ്രസ്തുത കാര്യം നടപ്പിലാക്കുന്നത്.

പലപ്പോഴും ഒന്നോ രണ്ടോ ആഴ്ചകളിൽ എല്ലാ ദിവസങ്ങളിലുമെന്ന പോലെ പ്രസ്തുത പ്രവൃത്തിയിൽ ഏർപ്പെടുന്ന എക്സിബിഷനിസ്റ്റുകൾ പിന്നീട് പ്രേരണ താൽക്കാലികമായി ഇല്ലാതാകുന്നതോടെ നീണ്ടകാലത്തേക്ക് സാധാരണ ജീവിതവും, സാധാരണ ലൈംഗിക ജീവിതവും മാത്രം പിന്തുടരുകയും ചെയ്യും.

പൊതുഇടങ്ങളിലോ, പൊതുവഴികളിലോ ഏറ്റവും കൂടുതൽ നടക്കുന്ന സെക്ഷ്വൽ ഒഫൻസ്/ലൈംഗികതയുമായി ബന്ധപ്പെട്ട കുറ്റകൃത്യമാണ് എക്സിബിഷനിസം/എക്സിബിഷൻ ഡിസോർഡർ.

തുടരും..