Oct 13, 2021 • 6M

ഓൺലൈൻ പഠനം: ഉപയോഗപ്പെടുത്താവുന്ന സാധ്യതകൾ

Psy. Swargeeya D P
Comment
Share
 
1.0×
0:00
-6:05
Open in playerListen on);
Episode details
Comments

വീടുകളിലേക്ക് ചുരുങ്ങിപ്പോയ ഒരു സമൂഹമാണ് കോവിഡ് കാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പഠനവും ജോലിയും മറ്റ് ചുമതലകളുമായി തിരക്കുപിടിച്ച് സ്വന്തം സ്വകാര്യജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുവാൻ പോലും അൽപ്പം സമയം മാറ്റി വയ്ക്കാനില്ലാതിരുന്ന മനുഷ്യർ, ഇന്ന് വീടുകളിലേക്കൊതുങ്ങിക്കൂടേണ്ടി വരുന്നു.

ഈ സാഹചര്യത്തിൽ ഒരു വിഭാഗം മനുഷ്യർ ടെക്‌നോളജിയുടെ സഹായത്താൽ വീടുകളിലിരുന്നു തന്നെ തങ്ങളുടെ ജോലിയും പഠനവും തുടരുമ്പോൾ, മറ്റൊരു വിഭാഗം മനുഷ്യർ ദിവസങ്ങളുടെ ഒരു വലിയ ഭാഗം പ്രത്യേകിച്ച് ചുമതലകളൊന്നും ഇല്ലാത്തത് കൊണ്ട് തന്നെ സോഷ്യൽ മീഡിയയിലോ ഇന്റർനെറ്റിലോ ടെലിവിഷന്റെ മുന്നിലോ ചെലവഴിച്ചു തീർക്കുന്നു.

എന്നാൽ കോവിഡിന്റെ വരവോടെ വിദ്യാർഥികളുടെ പഠനം നിലച്ചത് അവരുടെ ഭാവിയെ മോശമായി ബാധിക്കരുതെന്ന തീരുമാനത്തിൽ  ലോകരാജ്യങ്ങളിലെ ഭരണ സംവിധാനങ്ങളെല്ലാം ഒരേ പോലെ നടപ്പാക്കിയ ഓൺലൈൻ പഠനം എന്ന വിദ്യാഭ്യാസനയം ലോകത്തിന് മുന്നിൽ പ്രതീക്ഷയുടെ ഒരു പുതിയ കവാടം തന്നെ തുറന്നിരിക്കുകയാണ് .

പഠനത്തിന്റെ ആദ്യതലം മുതൽ ഓൺലൈൻ പഠനത്തിന്റെ സാധ്യതകൾ തുറന്നുകൊണ്ടുള്ള ചുവടുവയ്പ്പ് മുന്നോട്ട് വിശാലമായ ഒരു ലോകമാണ് കാത്തിരിക്കുന്നതെന്ന പ്രതീക്ഷ നൽകുന്നു.

ലോകമൊന്നാകെ ഓൺലൈൻ പഠനത്തിലേക്ക് തിരിയവെ, ഓൺലൈൻ രംഗത്ത് വ്യത്യസ്തങ്ങളായ മറ്റേറെ സാധ്യതകളും കണ്ടെത്തപ്പെട്ടു. ക്ലാസ്സ്‌ മുറികളിലും ഓഫീസ് മുറികളിലും അരങ്ങേരിയ സെമിനാറിന് മറ്റൊരു രൂപം ലഭിച്ചു, ‘വെബ്ബിനാർ’. സ്കൂൾ-കോളേജ് വിദ്യാർഥികളോടൊപ്പം, വിവിധ തൊഴിലുകളിലേർപ്പിട്ടിരിക്കുന്ന മനുഷ്യർക്ക് ചർച്ചകർക്കും, കൂടുതൽ വിവരശേഖരണത്തിനും, കോവിഡ് കാലത്ത് യാത്ര ഒഴിവാക്കിയുള്ള മീറ്റിങ്ങുകൾക്കും ‘വെബ്ബിനാർ’ വേദിയായി.

ഓൺലൈൻ പഠനസാധ്യതകളിലേക്ക് ഇറങ്ങിചെല്ലുമ്പോൾ പരിധികൾക്കപ്പുറം മികച്ചൊരു വഴി തുറക്കപ്പെട്ടതായി വേണം കരുതാൻ. ഓരോ ദിവസത്തെയും ചുമതലകൾക്ക് ശേഷം സമയം മാറ്റിവയ്ക്കാനുള്ളവർക്ക് പ്രായത്തിന്റെയും, താൽപ്പര്യങ്ങളുടെയും, മാറ്റിവയ്ക്കാൻ കഴിയുന്ന സമയത്തിന്റെയും അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങളിലുള്ള ഓൺലൈൻ പഠനങ്ങൾ തങ്ങളുടെ അറിവിന്റെയും കഴിവുകളുടെയും വികസനത്തിനായി ഉപയോഗിക്കാവുന്നതാണ്.

എന്നാൽ ഓൺലൈൻ ക്ലാസ്സുകളുടെ ജനനം കോവിഡ് കാലത്തല്ല ആദ്യമായി സംഭവിച്ചതെന്ന് ഈ അവസരത്തിൽ ഓർമ്മപ്പെടുത്തട്ടെ. സാധാരണ ജനങ്ങൾക്ക് പോലും പരിചിതമായൊരു മുഖം കോവിഡ് കാലത്ത് ‘ഓൺലൈൻ ക്ലാസുകൾ’ നേടി എന്നത് മാത്രമാണ് ശരിയായ കാര്യം.

പല സ്വദേശ-വിദേശ സർവ്വകലാശാലകളുടെയും നേതൃത്വത്തിൽ വർഷങ്ങൾക്ക് മുൻപ് തന്നെ ഓൺലൈൻ കോഴ്സുകളും ക്ലാസ്സുകളും നടന്നുപോന്നിരുന്നു. അതിനാൽ തന്നെ പല വിദേശ സർവകലാശാലകളുടെയും കോഴ്സുകൾ സ്വന്തം വീട്ടിലിരുന്നു തന്നെ പഠിക്കാനായ് കുറച്ചു വർഷങ്ങൾക്കു മുന്നെ മുതൽ അവസരം ലഭിച്ചവർ വളരെ ചെറിയ തോതിലെങ്കിലും നമുക്ക് ചുറ്റുമുണ്ട്.

ഓൺലൈൻ പഠനങ്ങളുടെ പ്രത്യേകതകൾ

●       നിങ്ങൾക്ക് സൗകര്യപ്രദമായ ഇന്റർനെറ്റ്‌ സംവിധാനമുള്ള എവിടെ നിന്നും കോഴ്സിന് ചേരുകയോ, ക്ലാസുകൾ അറ്റൻഡ് ചെയ്യുകയോ ആവാം.

●       കൂടുതൽ വിശാലമായ കോഴ്സ് ഓപ്ഷനുകൾ ലഭിക്കുന്നു.

●       ചെലവ് കുറവ്.

●       വിദേശരാജ്യങ്ങളിൽ പോലും വീട്ടിരുന്നുകൊണ്ട് കോഴ്സിന് ജോയിൻ ചെയ്യാം.

●       നമ്മുടെ സാമ്പത്തികത്തിനും താൽപ്പര്യങ്ങൾക്കും കാലയളവിനും അടിസ്ഥാനമായി കോഴ്സുകൾ തിരഞ്ഞെടുക്കാം.

പല യൂണിവേഴ്സിറ്റികളും സ്ഥാപനങ്ങളും വ്യത്യസ്ത വിഷയങ്ങളിൽ സൗജന്യ ഓൺലൈൻ ക്ലാസുകൾ നൽകാറുണ്ട്. മേൽപ്പറഞ്ഞ കോഴ്‌സുകൾ നിങ്ങൾക്ക് പ്രയോജനപ്പെടുത്താം.

●       ട്രെൻഡിന് അനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തിയ കോഴ്സുകൾ ഏത് കാലത്തും ലഭ്യമാണ്.

●       ജോലി ചെയ്യുന്നവർക്കോ വിദ്യാർഥികൾക്കോ മാത്രമല്ല, ‘എനിക്കിതിനൊക്കെ എവിടെയാ സമയം’ എന്ന് വേദനിച്ചിരുന്ന വീട്ടമ്മമാർക്കും തങ്ങൾക്ക് മാറ്റി വയ്ക്കാൻ കഴിയുന്ന ഏത് സമയത്തും ലഭ്യമായ കോഴ്സുകൾ കണ്ടെത്തി പഠനം ആരംഭിക്കാം.

●       അറിവിനോടൊപ്പം നിങ്ങളുടെ സ്കില്ലുകളും (നൈപുണ്യം) വികസിപ്പിക്കാൻ കഴിയുന്നതാണ്.

●       കൂടാതെ ഓൺലൈൻ പഠനം സാങ്കേതികമായി കൂടുതൽ അറിവ് നേടാൻ സഹായിക്കുന്നു.

●       ഇതിനെല്ലാം ഉപരി ഈ കാലഘട്ടത്തിൽ ആൾക്കൂട്ടത്തിരക്കുകളിൽ പെടാതെ നിങ്ങൾക്ക് പഠനം ആരംഭിക്കുകയും തുടരുകയും ചെയ്യാം.

●       യാത്രച്ചെലവുകൾ, താമസസൗകര്യങ്ങൾ മുതലായ അധികച്ചെലവുകൾ ഒഴിവാക്കാം.

ഓൺലൈൻ പഠനത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

●       നമ്മുടെ സമയത്തെ കുറിച്ച് ബോധവാന്മാരായിരിക്കുക/ബോധവതികളായിരിക്കുക.

ക്ലാസുകൾക്ക് ശേഷം ഒരു ദിവസത്തിന്റെ വലിയൊരുഭാഗം വെറുതെ ഇന്റർനെറ്റിനുമുന്നിൽ ചെലവിടാതെ, ഫലപ്രദമായി ഉപയോഗിക്കുക.

●       ഫീസ് നൽകേണ്ട കോഴ്സ് ആണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിൽ സ്ഥാപനത്തിന്റെയും കോഴ്സിന്റെയും വിശ്വാസ്യത ഉറപ്പുവരുത്തുക.

●       ശാരീരികാവസ്ഥയെയും ആരോഗ്യത്തെയും കുറിച്ച് ബോധവാന്മാരായിരിക്കുക/ബോധവതികളായിരിക്കുക.

ഒപ്പം ഓൺലൈൻ ക്ലാസ്സുകളിൽ ആരോഗ്യപ്രദമായ, കംഫർട് ആയ രീതിയിൽ നിങ്ങളുടെ ഇരിപ്പിടവും രീതികളും ക്രമീകരിക്കുക.

●       കപട സൗഹൃദങ്ങളെക്കുറിച്ചും ഇന്റർനെറ്റ് ചൂഷണങ്ങളെ കുറിച്ചും ബോധവാന്മാരായിരിക്കുക/ബോധവതികളായിരിക്കുക.

നമ്മുടെ ഏറ്റവും വിലപ്പെട്ട സമയം ഒരു മഹാമാരിയെ തുടർന്ന് കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയാതെ പോകുന്നുവെന്ന് തിരിച്ചറിയുന്നവരാണ് അല്ലെങ്കിൽ വേദനിക്കുന്നവരാണ് നിങ്ങളെങ്കിൽ ഓൺലൈൻ പഠനം നൽകുന്ന സാധ്യതകളെ തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തുക. വിജയം നിങ്ങൾക്കൊപ്പം തന്നെയുണ്ട്.