Nov 30, 2021 • 6M

വേരുറച്ച വാർദ്ധക്യങ്ങൾക്ക് ഒരു പറിച്ചു നടൽ ആവശ്യം ആണോ?

Cini Padmanabhan
Comment3
Share
 
1.0×
0:00
-6:29
Open in playerListen on);
Episode details
3 comments

നഗരവാസികളായ നമ്മൾ ഗൃഹാതുരത്വത്തോടെ നമ്മുടെ ഗ്രാമത്തെപ്പറ്റിയും അമ്പലം, കുളം, നദി, നാട്ടിലെ ചായക്കട എന്നിവയെപ്പറ്റിയും ആ ചെറിയ സന്തോഷങ്ങൾ നഗരജീവിതത്തിനിടയിൽ നഷ്ടപ്പെടുന്നതിനെക്കുറിച്ചും സംസാരിക്കാറുണ്ട്. അത് പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ഗ്രാമത്തിലുള്ളവർ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതിനെപ്പറ്റിയും എന്തിനും ഏതിനും അഭിപ്രായം പറയുന്നതിനെപ്പറ്റിയും കുറ്റവും പറയുന്നു. നഗരത്തിൽ നമ്മുടെ അയൽക്കാരനാരാണെന്ന് പോലും നമ്മൾ അറിയുന്നില്ലെങ്കിലും ആരും മറ്റാരുടെയും ജീവിതത്തിൽ ഇടപെടാറില്ലെന്ന് അഭിമാനത്തോടെ പറയുന്നു.

ഞാനും അനിയനും മെച്ചപ്പെട്ട ജീവിതം തേടി വർഷങ്ങൾക്കു മുൻപെ നഗരത്തിലേക്ക് ചേക്കേറിയെങ്കിലും അച്ഛനും അമ്മയും ഇപ്പോഴും ഗ്രാമത്തിൽ തന്നെ ഒറ്റയ്ക്ക് താമസിക്കുന്നു. ഞങ്ങളുടെ ജീവിതം ഈ കോൺക്രീറ്റ് കാടുകൾക്കിടയിൽ കുടുങ്ങിക്കിടക്കുമ്പോഴും ഗ്രാമത്തിലുള്ള മാതാപിതാക്കളുടെ ആരോഗ്യത്തെപ്പറ്റിയുള്ള ആശങ്ക ഞങ്ങളുടെ മനസിനെ അലട്ടുന്നുണ്ട്. കാരണം അവർക്ക് പ്രായമേറി വരികയാണ്.

ഇവിടെ എന്തിനും ഏതിനും ആപ്പുകളുടെ ബഹളമാണ്. ഒല, സ്വിഗ്ഗി, ഡൺസോ, മെഡ് പ്ലസ് തുടങ്ങി എണ്ണിയാൽ തീരാത്തത്ര ആപ്പുകൾ. എന്നാൽ ഗ്രാമത്തിലെ എൻ്റെ വീട്ടിലേക്ക് ഒരു കൊറിയർ പോലും നേരിട്ട് വരാറില്ല. തൊട്ടടുത്ത പട്ടണത്തിലെ ഓഫീസിൽ നിന്ന് വാങ്ങാനാണ് സ്ഥിരം പറയാറ്.

കുറച്ച് ദിവസങ്ങൾ അച്ഛൻ്റെയും അമ്മയുടെയും ഒപ്പം നിന്ന ശേഷം തിരിച്ച് നഗരത്തിലേക്കുള്ള യാത്രയിലാണ് ഞാൻ. കുറെയേറെ ആശങ്കകളുമായി ആയിരുന്നു ഞാൻ നാട്ടിലേക്ക് വണ്ടി കയറിയത്. ഈ പ്രായത്തിൽ അവരുടെ ജീവിതം എങ്ങനെ എളുപ്പമാക്കാമെന്നതായിരുന്നു എൻ്റെ ചിന്ത. സ്വിഗ്ഗിയും ഒലയും കണ്ട് പരിചയിച്ച എനിക്ക് ഗ്രാമത്തിലെ സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചുള്ള ആശങ്ക വളരെ വലുതായിരുന്നു. എന്നാലിപ്പോൾ ഞാൻ ട്രെയിനിലിരുന്ന് ഗ്രാമത്തിൽ ചെലവഴിച്ച ദിവസങ്ങളെപ്പറ്റി  ആലോചിക്കുമ്പോൾ അങ്ങോട്ടേക്കുള്ള യാത്രയിൽ ഞാൻ ചിന്തിച്ചു കൂട്ടിയ മണ്ടൻ കാര്യങ്ങളോർത്ത് എനിക്ക് തന്നെ ചിരി വരുന്നു.

വീട്ടിലേക്ക് പോകാനായി ക്ഷേത്രത്തിനടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങി, ബാഗുകളും തൂക്കി നടന്നു തുടങ്ങുമ്പോൾ തന്നെ ആരെങ്കിലും പരിചയക്കാർ ബൈക്കിലോ ഓട്ടോയിലോ വന്ന് നിർത്തി, ഫ്രീയായി വീട്ടിലാക്കിത്തരും. ആ യാത്ര തീരുന്നതിന് മുൻപ് തന്നെ വീട്ടിലെ വിശേഷങ്ങൾ മാത്രമല്ല, നാട്ടിലെ പരിചയക്കാരുടെയെല്ലാം വിശേഷങ്ങൾ നമ്മളറിയും. വീട്ടിലെ തൊടിയിൽ പഴുത്ത് നിൽക്കുന്ന മാങ്ങയിലേക്കും ചക്കയിലേക്കുമൊക്കെ കണ്ണെത്തുമ്പോൾ തന്നെ അത് തിന്നാൻ പാകത്തിൽ മുന്നിൽ വന്നിരിക്കുന്നുണ്ടാവും. കൂടെ ഒരു കമൻ്റും - "അല്ലേലും ഇതൊക്കെ നിനക്ക് അവിടെ നിന്നും എങ്ങനെ കിട്ടാനാ ?" ഉച്ചമയക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നത് തന്നെ അമ്മയും അയലത്തെ ചേച്ചിയുമായുള്ള സംസാരം കേട്ടുകൊണ്ടാവും. "ഞങ്ങൾ ഇന്നലെ കുറച്ച് ചക്ക വറുത്തു. മോൾ ഇന്നലെ വന്നത് കണ്ടിരുന്നു. അവൾക്ക് അത് നല്ല ഇഷ്ടമല്ലെ, എനിക്കറിയാം." ( നിങ്ങളുടെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട രുചികൾ മനസിലാക്കുന്നതിൽ സ്വിഗ്ഗിയൊക്കെ ഇതിൻ്റെ ഏഴയലത്ത് എത്തുമോ?)

മഴയും മരത്തിൽ നിന്നുള്ള കിളികളുടെയും അണ്ണാൻ്റെയുമൊക്കെ ശബ്ദങ്ങളും ആസ്വദിച്ച് ( നഗരത്തിൽ ഇങ്ങനെയൊരു കാഴ്ച അത്യപൂർവ്വമാണ്) വരാന്തയിലൂടെ നടക്കുമ്പോൾ തൊട്ടടുത്തുള്ള കടക്കാരൻ അമ്മ ഓർഡർ ചെയ്ത വീട്ടുസാധനങ്ങളുമായി വരുന്നത് കാണാം. കുറച്ചു നാളുകൾക്ക് ശേഷം വീട്ടിലേക്കെത്തിയ മകൾക്കുള്ള പ്രത്യേക സാധനങ്ങൾ, ഇവിടെ കിട്ടാതെ ടൗണിൽ നിന്ന് വാങ്ങിച്ചവയെക്കുറിച്ച് അദ്ദേഹം എടുത്ത് പറയും. കുറച്ചു സമയം കഴിയുമ്പോൾ തൊട്ടടുത്ത ദിവസം കല്യാണത്തിന് പോകാനായുള്ള പുതിയ സാരിയും ബ്ലൗസുമായ് തയ്യൽക്കാരൻ വരുന്നത് കാണാം. (ഇതൊക്കെ ഒന്ന് ശരിയാക്കാൻ ഞാൻ നഗരത്തിലെ ട്രാഫിക്കിൽ പെടാപ്പാട് പെടുന്നത് ആലോചിക്കുമ്പോൾ അത്ഭുതത്തോടെ നോക്കി നിൽക്കാനേ എനിക്ക് കഴിയൂ. )

ഡ്രൈവർ അങ്കിൾ വീട്ടിൽ വളർത്തിയ 100 ശതമാനം ഓർഗാനിക്കായ പച്ചക്കറിയുമായെത്തുന്നതും, സിറ്റി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന അയലത്തെ ചേച്ചിയുടെ മകൻ അച്ഛന് മരുന്നുമായി വരുന്നതും, വീട്ടുജോലിക്ക് വരുന്ന ചേച്ചി പറമ്പു മുഴുവൻ നടന്ന് ഔഷധ ഗുണമുള്ള ഇലകൾ ശേഖരിച്ച് അത് അരച്ച് അമ്മയുടെ കാൽമുട്ടിൽ ഇട്ടു കൊടുക്കുന്നതും ഞാൻ വീട്ടിൽ കാണുന്ന അനേകം കാഴ്ചകളിൽ ചിലതാണ്.

എൻ്റെ മാതാപിതാക്കൾ എല്ലാ ദിവസവും ഈ കൂടിക്കാഴ്ചകൾക്ക് വേണ്ടി കാത്തിരിക്കുന്നു. അവർ സാധനങ്ങൾ തന്നതിന് ശേഷം പെട്ടെന്ന് തിരികെ പോകാറില്ല. സംസാരിച്ച്, സുഖവിവരങ്ങളൊക്കെ തിരക്കി അങ്ങനെ കുറെ സമയം അവർ അവിടെ തന്നെ ചെലവിടും.

എത്രയൊക്കെ സൗകര്യങ്ങൾ നഗരങ്ങളിലുണ്ടെന്ന് പറഞ്ഞാലും അതൊക്കെ ഗ്രാമം നൽകുന്ന ഈ കൊച്ചു കൊച്ച് സന്തോഷങ്ങൾക്ക്, നമ്മുടെ ഏകാന്തത അകറ്റി, ഈ ലോകം നമ്മുടേതു കൂടിയാണ് എന്ന ഒരു വികാരം നൽകുന്ന ഈ നിമിഷങ്ങൾക്ക് പകരമാകുമോ?

ഇങ്ങനെയൊക്കെയാണെങ്കിലും ഗ്രാമത്തിലെ ജീവിതത്തിന് അതിൻ്റേതായ കുറവുകളുമുണ്ട്. ഞാൻ എൻ്റെ വീടുൾപ്പെടുന്ന തെരുവിലെ വീടുകളിലേക്ക് നോക്കുമ്പോൾ മനസിലാവുന്ന കാര്യം, അവിടെയുള്ള താമസക്കാരെല്ലാം തന്നെ മുതിർന്ന പൗരൻ എന്ന പട്ടമുള്ളവരാണ്. അവരുടെ അടുത്ത തലമുറകൾ വിദ്യാഭ്യാസത്തിനും ജോലിക്കുമായി അവിടെ നിന്നും പോയി. ഞാൻ അമ്മയുമായി ചെക്കപ്പിന് അടുത്തുള്ള ആശുപത്രിയിൽ എത്തിയപ്പോൾ അവിടെയുള്ളതിൽ 80 % ശതമാനം ആളുകളും മുതിർന്നവരാണ്.

ഒരു മഴയോ ഇടിമിന്നലോ വന്നാൽ ദിവസങ്ങളോളം കറണ്ട് കാണില്ല. ഗ്രാമത്തിൽ എല്ലാ കാര്യങ്ങളും മന്ദഗതിയിലാണ് നടക്കുന്നത്. ചില കാര്യങ്ങൾക്ക് അത് നല്ലതാണെങ്കിൽ ചില കാര്യങ്ങൾക്ക് അത് പ്രതികൂലമാണ്. സ്പെഷ്യാലിറ്റി ആശുപത്രികൾ, നല്ല റെസ്റ്റോറൻ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിലേക്ക് മുതിർന്നവർക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്.

എൻ്റെ മനസിനെ അസ്വസ്ഥമാക്കുന്ന ചോദ്യം ഇതാണ്. ഞാൻ എവിടെയാണ് ഗ്രാമവും നഗരവും തമ്മിലുള്ള ഒരു അതിർത്തി വരയ്ക്കേണ്ടത്? ഞാൻ എൻ്റെ മാതാപിതാക്കളെ ഗ്രാമത്തിലെ ശാന്തവും സമാധാനപരവുമായ ജീവിതത്തിൽ നിന്ന് നഗരത്തിലേക്ക് പറിച്ചു നടണോ? അവർ  അരികിലെത്തിയാൽ എനിക്ക് അവരെ ഒന്നൂടെ നന്നായി നോക്കാൻ കഴിയും എന്ന് ചിന്തിക്കുന്നത് എൻ്റെ സ്വാർത്ഥതയാണോ? ഗ്രാമത്തിൽ നിന്ന് വേരുകൾ മുറിച്ചു മാറ്റിക്കഴിഞ്ഞാൽ അവ ഗൃഹാതുരത്വം ഉണർത്തുന്ന വെറും ഓർമ്മകൾ മാത്രമായി മാറുമെന്ന് ഞാൻ ഭയപ്പെടുന്നുണ്ടോ?

ട്രെയിൻ നഗരത്തിലേക്ക് പാഞ്ഞടുക്കുമ്പോഴുള്ള എൻ്റെ വെറും ചിന്തകളും പേടിയുമാണ് ഇത്.

എൻ്റെ മാതാപിതാക്കൾ എവിടെയാണോ ജീവിക്കേണ്ടത്, അവിടെത്തന്നെയാണ് ഇപ്പോഴവരുള്ളത്. സ്നേഹിക്കാൻ മാത്രം അറിയാവുന്ന, നന്മയുള്ള കുറച്ചാളുകളാൽ ചുറ്റപ്പെട്ട ഒരു ജീവിതം. അത് വിരൽത്തുമ്പിലെത്തുന്ന ഏതൊരാപ്പിനേക്കാളും വലുതാണ്. അവർ അനുഭവിക്കുന്നത് ഇലക്ട്രോണിക് സ്ക്രീനിൻ്റെ ചൂടല്ല, മറിച്ച് സ്നേഹത്തിൻ്റെ, കരുതലിൻ്റെ ചെറുചൂടുള്ള സ്പർശനങ്ങളാണ്.