പ്രായമാകുക എന്നത് തീർത്തും ബയോളജിക്കലായ ഒരു പ്രോസസ്സ് ആണ്. എന്നാൽ പ്രായമാകുമ്പോൾ ശരീരത്തിൽ ജരാനരകൾ ബാധിക്കുന്നത് പോലെ, മനസിനും ജരാനരകൾ ബാധിക്കാം. തീർത്തും സ്വാഭാവികമായ ഒരു കാര്യമാണിത്. കൃത്യമായ പരിചരണം, ബന്ധുക്കളിൽ നിന്നുമുള്ള ശക്തമായ പിന്തുണ എന്നിവയിലൂടെ മാത്രമേ ഒരു വ്യക്തിയെ വാർധക്യത്തിലും മാനസികാരോഗ്യം കൈവിടാതെ പിടിച്ചുനിർത്താനാകൂ. എന്നാൽ പലപ്പോഴും നമ്മുടെ നാട്ടിൽ സംഭവിക്കുന്നത് നേരെ മറിച്ചാണ്. തിരക്കിൽ നിന്നും തിരക്കിലേക്ക് പായുന്ന ഇന്നത്തെ തലമുറയ്ക്ക് പ്രായമായ മാതാപിതാക്കളുടെ കാര്യങ്ങൾ കൃത്യമായി നോക്കുന്നതിനുള്ള സാഹചര്യം ലഭിക്കുന്നില്ല. മനഃപൂർവമല്ലാത്ത ഈ അവഗണനതന്നെ വൃദ്ധരായ മാതാപിതാക്കളിൽ മാനസികാസ്വാസ്ഥ്യമുണ്ടാക്കുന്ന ഘടകമാണ്. പ്രായം ചെന്ന പുരുഷന്മാരെക്കാൾ ഈ അവസ്ഥ ഏറെ ബാധിക്കുക സ്ത്രീകളെയാണ്. ശാരീരികമായ ബലക്ഷയം ആരംഭിക്കുന്ന സമയത്ത് മനസും വീക്കാകും. ഈ അവസ്ഥ മനസിലാക്കി കൂടെ നിൽക്കേണ്ടതും മാനസികമായി ശക്തിപ്പെടുത്തേണ്ടതും മക്കളുടെ ചുമതലയാണ്.
കൂട്ടുകുടുംബവ്യവസ്ഥ തകര്‍ന്നതാണ് വൃദ്ധജനങ്ങളുടെ ഒറ്റപ്പെടലിന് പ്രധാന കാരണം. മക്കളുടെ എണ്ണം കുറഞ്ഞതും അണുകുടുംബങ്ങളായി ചുരുങ്ങിയതും പ്രശ്നമായിത്തീര്‍ന്നു. മക്കള്‍ ജോലിക്കും മറ്റുമായി മറ്റ് നഗരങ്ങളിലേക്ക് ചേക്കേറേണ്ടിവരുന്നത് സ്വാഭാവികമാണ്. അതിനവരെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല. പ്രായമേറിയ അച്ഛനമ്മമാര്‍ക്ക് തനിയെ ജീവിക്കാനാകുമെന്നു കരുതുന്നവരാണ് മക്കളിലധികവും. മൂല്യങ്ങളും ബന്ധങ്ങളുടെ ഊഷ്മളതയും നഷ്ടമാകുന്നതോടെ സ്വന്തം വീട്ടിലും ഉപേക്ഷിക്കപ്പെടുന്നവരുടെ അവസ്ഥയാണ് പ്രായമായവര്‍ നേരിടുന്നത്.വാർദ്ധക്യം വന്നെത്തുന്നതോടെ ഓരോ വ്യക്തിയുടെയും മനസ് ഒരു കൊച്ചുകുട്ടിയുടേത് പോലെ വാശിയും ദേഷ്യവും നിറഞ്ഞതാകും. അവരുടെ മനസ്സിൽ നിറഞ്ഞിരിക്കുന്ന ഇൻസെക്യൂരിറ്റികളിൽ നിന്നുമാണ് ഇത്തരത്തിലുള്ള ദേഷ്യവും വാശിയുമെല്ലാമുണ്ടാകുന്നത്.
മക്കൾ തങ്ങളുടേതായ തിരക്കുകളിൽപെട്ട് മാതാപിതാക്കൾക്ക് വേണ്ടത്ര ശ്രദ്ധ നൽകാതിരിക്കുമ്പോൾ തങ്ങളെ നോക്കാൻ മക്കൾക്ക് സമയമില്ലെന്ന രീതിയാണ് വൃദ്ധമാതാപിതാക്കളുടെ മനസ്സിൽ പതിയുക.
സീതാലക്ഷ്മിയുടെ ജീവിതം ഇത്തരത്തിൽ ഒറ്റപ്പെടൽ അനുഭവിക്കുന്ന വാർദ്ധക്യത്തിന് ഒരു ഉദാഹരണമാണ്. ഹൈസ്കൂൾ അധ്യാപികയായി വിരമിച്ച സീതാലക്ഷ്മി ഭർത്താവുമൊത്ത് ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് മക്കൾ, ഇരുവരും പഠനശേഷം വിദേശത്ത് മികച്ച ജോലി തേടി പോയി. യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ ജീവിതം മുന്നോട്ട് പോകവെയാണ് ഭർത്താവ് മരണപ്പെടുന്നത്. തുടർന്ന് ആ വലിയ വീട്ടിൽ സീതാലക്ഷ്മി ടീച്ചർ ഒറ്റയ്ക്കായി. ഒറ്റപ്പെടലിന്റെ വേദന അത് അവർക്ക് പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. മക്കൾ ഫോണിലൂടെ തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു എങ്കിലും വാർദ്ധക്യത്തിലേക്ക് കാലൂന്നിയ ഒരു അമ്മയെ സംബന്ധിച്ചിടത്തോളം അത് മതിയായിരുന്നില്ല. ഷുഗറും പ്രെഷറും പയ്യെ പയ്യെ ശരീരത്തെ കീഴടക്കാൻ കൂടി തുടങ്ങിയതോടെ മുൻപെങ്ങും കാണാത്ത പോലെ എല്ലാവരോടും അകാരണമായി ദേഷ്യപ്പെടാൻ തുടങ്ങി സീതാലക്ഷ്മി ടീച്ചർ.
വിദേശത്തുള്ള മകന്റെ നിർദേശപ്രകാരമാണ് സീതാലക്ഷ്മി മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടുന്നത്. പെട്ടെന്ന് ദേഷ്യം വരിക, കരച്ചിൽ വരിക, എല്ലാവരോടും ദേഷ്യം, അകൽച്ച എന്നിവ തോന്നുക, ജീവിക്കാൻ താല്പര്യം കുറഞ്ഞു വരിക അങ്ങനെ സീതാലക്ഷ്മിക്ക് പറയാനുള്ളത് നിരവധി കാര്യങ്ങളായിരുന്നു. ഇതിന്റെയെല്ലാം മൂലകാരണമാകട്ടെ, വാർദ്ധക്യത്തിൽ പടികടന്നെത്തുന്ന വിഷാദവും.
വാർദ്ധക്യത്തിന്റെ വിഷാദം
ചെറുപ്പക്കാരിലെ വിഷാദരോഗത്തില്‍നിന്നു തികച്ചും വ്യത്യസ്തമാണ് വയോധികരെ ബാധിക്കുന്ന വിഷാദം. വിശപ്പില്ലായ്മ, ക്ഷീണം, മറ്റ് ശാരീരിക രോഗലക്ഷണങ്ങള്‍ ഇവ വാര്‍ദ്ധക്യത്തിലെ വിഷാദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഉറക്കത്തിന്റെ ക്രമത്തിലുണ്ടാകുന്ന മാറ്റങ്ങള്‍, ശൂന്യത, പ്രസരിപ്പും ഉന്മേഷവും കുറയുക, സ്പഷ്ടമല്ലാത്ത വേദനകള്‍ പറയുക, സങ്കടം പെട്ടെന്നു വരിക, ദഹനപ്രശ്നങ്ങള്‍, ഓര്‍മക്കുറവ്, ഉള്‍വലിയല്‍, ഭാരക്കുറവ്, മലബന്ധം ഇവ അനുഭവപ്പെടാം. ഒപ്പം ചിന്തകളും പ്രവൃത്തികളും മന്ദീഭവിക്കും. പ്രകടമാകുന്ന ഇത്തരം ശാരീരിക ലക്ഷണങ്ങള്‍ വിഷാദരോഗത്തിന്റെ ഭാഗമാണെന്ന് പലരും തിരിച്ചറിയാറില്ല.
ചികിത്സയിലൂടെ പൂര്‍ണമായും ഭേദമാക്കാവുന്ന രോഗമാണ് വിഷാദം.
അജ്ഞതകൊണ്ടും മറ്റും വാര്‍ദ്ധക്യത്തിലെ വിഷാദത്തെ അവഗണിക്കുന്നവരാണ് കൂടുതല്‍. യഥാസമയം ചികിത്സിക്കാതിരുന്നാല്‍ വിഷാദം ക്രമേണ ധാരണാശക്തി കുറയ്ക്കുകയും മറ്റ് രോഗാവസ്ഥകള്‍ കൂട്ടുകയും ചെയ്യും. മനസ്സിന്റെ വൈകാരികാവസ്ഥകളുടെ നിയന്ത്രണം വഹിക്കുന്നത് തലച്ചോറിലെ ചില രാസപദാര്‍ഥങ്ങളാണ്. വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ ഗണ്യമായ അളവില്‍ ഇവയ്ക്ക് കുറവു സംഭവിക്കാറുണ്ട്. പ്രതിസന്ധികളെ നേരിടേണ്ടിവരുമ്പോള്‍ പെട്ടെന്ന് ഉത്കണ്ഠാകുലരാകുന്നതിതുകൊണ്ടാണ്. ഒട്ടേറെ പ്രതിസന്ധികളെ നേരിടുന്ന വാര്‍ദ്ധക്യത്തില്‍ വളരെ പെട്ടെന്നുതന്നെ വിഷാദത്തിലേക്ക് വഴുതിവീഴാം.
സമാനമായ രീതിയിൽ പ്രായമാകുമ്പോള്‍ ശാരീരികപ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുതുടങ്ങും. ഈ പ്രവര്‍ത്തനമാന്ദ്യംതന്നെ വിഷാദത്തിനിടയാക്കാറുണ്ട്. മസ്തിഷ്കരോഗങ്ങള്‍, തൈറോയ്ഡ് രോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദം, ചില വൃക്കരോഗങ്ങള്‍ എന്നിവയോടനുബന്ധിച്ചും വിഷാദരോഗം ഉണ്ടാകാം. വ്യക്തിബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകള്‍, പങ്കാളിയുടെ വിയോഗം, സുഹൃത്തുക്കളുടെ വിയോഗം, കാഴ്ചയും കേള്‍വിയും കുറയുക തുടങ്ങിയ പല ഘടകങ്ങളും വിഷാദരോഗാവസ്ഥക്ക് കാരണമാകാം. മാത്രമല്ല, രക്തസമ്മര്‍ദ ചികിത്സയില്‍ ഉപയോഗിക്കുന്ന ചില മരുന്നുകളും വിഷാദത്തിന് ഇട നൽകും. സാമ്പത്തികാവശ്യങ്ങള്‍ക്ക് മക്കളെ ആശ്രയിച്ചുകഴിയുന്ന വൃദ്ധര്‍ക്ക് സാമ്പത്തികഭദ്രത ഉള്ളവരെക്കാള്‍ നിരവധി പ്രശ്നങ്ങളും വിഷമതകളും നേരിടേണ്ടതായി വരാറുണ്ട്.
ആശയക്കുഴപ്പം
പ്രായമായവരിൽ കണ്ടുവരുന്ന മറ്റൊരു പ്രധാന മാനസികാവസ്ഥയാണ് ആശയക്കുഴപ്പം. ഒത്ത വന്നാൽ മൂന്നോ നാലോ ദിവസം നീണ്ടു നിൽക്കുകയും ക്രമേണ ഇല്ലാതാകുകയും ചെയ്യും. പിന്നീട് ഒരു സൈക്കിൾ പോലെ ഈ പ്രോസസ് ആവർത്തിക്കപ്പെടും. ആശയക്കുഴപ്പമെന്നാൽ തനിക്ക് ചുറ്റും നടക്കുന്ന ഒരു പ്രസ്തുത കാര്യത്തെ സംശയാസ്പദമായി വീക്ഷിക്കുക, കൃത്യമായ ഒരു തീരുമാനത്തിൽ എത്താൻ കഴിയാതെ വരിക, രാവെന്നോ പകലെന്നോ ഇല്ലാതെ ഇതേ പ്രശ്നത്തെക്കുറിച്ച് ആകുലപ്പെടുക തുടങ്ങിയവ മേൽപ്പറഞ്ഞ മാനസികാവസ്ഥയുടെ ലക്ഷണങ്ങളാണ്.ഇങ്ങനെയുള്ളവർ ഒരു കാര്യത്തെക്കുറിച്ച് മാത്രം ചിന്തിച്ചിരിക്കുന്നു. തലച്ചോറിലെ രക്തയോട്ടം കുറയുന്നതാണ് ഇതിനു പിന്നിലെ പ്രധാന കാരണം. ഓർമ്മക്കുറവിന്റെ തുടക്കമാണ് ഈ അവസ്ഥ.
ബോധക്കുറവ്
ശാരീരികമായ ബലം കുറയുക, പിച്ചും പേയും പറയുക തുടങ്ങിയ ലക്ഷണങ്ങളാണ് ഡെലീറിയം അഥവാ ബോധത്തകരാറുകൾ ഉണ്ടാകുന്നത്. ഹോർമോൺ തകരാറുകൾ, തൈറോയിഡ് പ്രശ്നനങ്ങൾ, ഡെങ്കിപ്പനി എന്നിവ മൂലം ഡെലീറിയം എന്ന പ്രശ്നം ഉണ്ടാകുന്നു. കൃത്യമായ സമയത്ത് ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞാൽ ഈ അവസ്ഥയിൽ നിന്നും പുറത്തുകടക്കാൻ കഴിയും,
ഉറക്കക്കുറവ്
പ്രായമായവരിൽ കണ്ടു വരുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് ഉറക്കക്കുറവ്. ഉറക്കമെന്നത് ഒരു മനുഷ്യന് ആഹാരവും വെള്ളവും വായുവും പോലെ പ്രധാനപ്പെട്ട ഒന്നാണ്. ഒരു വ്യക്തിക്ക് 8 മണിക്കൂർ ഉറക്കം ആവശ്യമാണ്. എന്നാൽ 5 മണിക്കൂർ ഗാഢനിദ്രയെങ്കിലും പ്രായമായവർക്ക് ആവശ്യമാണ്. ഉറക്കം ബയോളജിക്കൽ ക്ളോക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉറക്കം കുറഞ്ഞാൽ ഹോർമോണുകളെയും മനസിനെയും ബാധിക്കുന്നു. ഉറക്കം കുറയുന്നതോടെ പലരും മരുന്ന് കഴിക്കാൻ വിമുഖത കാണിച്ചു തുടങ്ങും.
ആര്‍ത്തവവിരാമത്തോടൊപ്പം അനുവഭപ്പെടുന്ന ഹോര്‍മോണ്‍ വ്യതിയാനം അവരുടെ മാനസിക നിലയെ കാര്യമായി ബാധിക്കും. മാനസിക വ്യതിയാന ചരിത്രമുള്ളവരില്‍ ഇത് ഏറെ അപകടകരമായ അവസ്ഥ സംജാതമാക്കും. ഹോര്‍മോണ്‍ വ്യതിയാനം തലച്ചോറിനെയും മനസ്സിനെ നിയന്ത്രിക്കുന്ന ഘടകങ്ങളെയും പ്രതികൂലമായി ബാധിക്കും. ഇത് ലൈംഗികമായ തൃഷ്ണയെയും ബാധിക്കും. ‘ഓ വയസ്സായി, ഇനി ഇതൊക്കെയെന്ത്?’ എന്ന തോന്നല്‍ അവരെ വല്ലാതെ അലട്ടും. ജീവിതത്തോട് തന്നെ അന്യാദൃശമായ വിരക്തിയും അനുഭവപ്പെടാം.
പ്രായമായാല്‍ ഒന്നിനും കൊള്ളരുതാത്തവനായി എന്ന തോന്നലില്‍ നിന്ന് ജീവിത വിരക്തിയനുഭവപ്പെടും. ഈ വിരക്തി എല്ലാത്തിനോടുമുളള വെറുപ്പായി വളരും.
ചില വ്യക്തികള്‍ അമ്പത് കഴിയുന്നതോടെ സ്വഭാവത്തില്‍ കാര്യമായ മാറ്റം വരുകയും വല്ലാതെ ദേഷ്യപ്പെടുകയും ചെയ്യും. ഈ മനുഷ്യന് എത്ര പെട്ടെന്നാണ് മാറിയത്, ഇദ്ദേഹത്തിന് എന്തു പറ്റിയെന്നൊക്കെ ബന്ധുക്കളും നാട്ടുകാരും ചോദിക്കാന്‍ തുടങ്ങും. സാമൂഹികമായി ഇയാളെ ഒറ്റപ്പെടുത്താന്‍ കുടുംബം മുന്നിട്ടിറങ്ങും. ഇത്തരം ഘട്ടങ്ങളില്‍ മാനസികാരോഗ്യ വിദഗ്ധൻ്റ സഹായം തേടലാണ് അഭികാമ്യം. വലിയ ദുരന്തത്തില്‍ നിന്ന് അയാളെയും കുടുംബത്തെയും രക്ഷപ്പെടുത്താന്‍ മാനസികാരോഗ്യ വിദഗ്ധന്‍ കഴിഞ്ഞേക്കാം. ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും സംഭവിക്കുന്ന ശാരീരികവും മാനസികവുമായ മാറ്റം ഉള്‍ക്കൊള്ളാന്‍ വ്യക്തികളെ പ്രാപ്തമാക്കിയാല്‍ കുറേ പ്രശ്നങ്ങള്‍ ഒഴിവായിക്കിട്ടും. വാർദ്ധക്യത്തെ മുന്നിൽ കണ്ടുകൊണ്ട് തന്നെ ജീവിതചര്യങ്ങളും വ്യക്തി ബന്ധങ്ങളും സ്ഥാപിക്കാൻ ശ്രമിക്കുന്നത് വാർദ്ധക്യത്തിലെ ഒറ്റപ്പെടലിൽ നിന്നും ആശ്വാസം നൽകും. എന്നാൽ പലരും ഇത്തരം കാര്യങ്ങൾ മനസിലാക്കി വരുമ്പോഴേക്കും മനസ് കലുഷിതമായിരിക്കും.
നിയന്ത്രണങ്ങൾ എന്തിന്? വാർദ്ധക്യമെന്നാൽ കെട്ടിയിടലല്ല!
മക്കൾ ഏർപ്പെടുത്തുന്ന അനാവശ്യ നിയന്ത്രണങ്ങളാണ് പലപ്പോഴും മാതാപിതാക്കളെ മാനസികമായി ബാധിക്കുന്നത്. പ്രായമായെന്നു കരുതി അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഇല്ലാതാകുന്നില്ല എന്ന് മനസിലാക്കുക. മറ്റുള്ളവരെ ആശ്രയിച്ചാണ് ജീവിക്കുന്നത് എന്നത് തന്നെ ഏറ്റവും വലിയ വിഷമതകളിൽ ഒന്നാണ്. അങ്ങനെയിരിക്കെ, അവരുടെ ഓരോ ചെറിയ ആവശ്യങ്ങളും ചോദ്യo ചെയ്യുന്നത് അവരുടെ മനസിനെ മുറിപ്പെടുത്തുന്നതിനു തുല്യമാണ്. ' അമ്മക്കെന്തിനാണ് ഫോൺ, വീട്ടിൽ ഇരിക്കുന്ന അമ്മക്ക് എന്തിനാണ് പുതിയ ചെരുപ്പ് ?' തുടങ്ങിയ നിസാര ചോദ്യങ്ങൾ പോലും വളരെ വലിയ മാനസിക ആഘാതമാണ് സൃഷ്ടിക്കുക. കഴിയുന്നതും കാര്യങ്ങൾ മനസിലാക്കി ചേർത്ത് പിടിക്കുക എന്നതാണ് ഏറ്റവും അഭികാമ്യമായ കാര്യം. ജീവിതത്തിന റെ ഓരോ ഘട്ടത്തിലും സംഭവിക്കുന്ന ശാരീരികവും മാനസികവുമായ മാറ്റം ഉള്‍ക്കൊള്ളാന്‍ വ്യക്തികളെ പ്രാപ്തമാക്കുക എന്നതും ഈ ഘട്ടത്തിൽ പ്രധാനമാണ്. ലക്ഷണങ്ങളെ നിസ്സാരമായി തള്ളിക്കളയാതിരിക്കുക. തുടക്കത്തിലേ തന്നെ നല്ല മനോരോഗ വിദഗ്ധനെ കണ്ട് മരുന്നുകള്‍ കൃത്യമായി കഴിക്കുക.
അടുത്തലക്കം: സമൂഹം എന്തും പറയട്ടെ! തുറന്നു പറയാം, ചികിത്സ നേടാം