Oct 20, 2021 • 6M

ആത്മരതിയുടെ ലോകം

Reshmi Radhakrishnan
Comment
Share
 
1.0×
0:00
-6:21
Open in playerListen on);
Episode details
Comments

നമുക്ക് ഇടയിലുള്ള ചില ആളുകളെ കണ്ടിട്ടില്ലേ? താന്‍ രാജാവാണ് എന്ന ഭാവത്തോടെ നടക്കുന്നവര്‍. ഭൂലോകത്തിന്‍റെ സ്പന്ദനം തന്നെ താനാണ് എന്ന തോന്നലോടെ ജീവിക്കുന്ന മനുഷ്യര്‍. ചുറ്റുമുള്ള മറ്റു മനുഷ്യരേക്കാള്‍ താന്‍ സുപ്പീരിയര്‍ ആണെന്നും മറ്റുള്ളവര്‍ തന്നെക്കാള്‍ കുറഞ്ഞവരാണ് എന്നുമുള്ള ഇത്തരം മനോഭാവത്തെയാണ് ആത്മരതി എന്ന് പറയുന്നത്.

തന്‍റെ കഴിവുകളും സിദ്ധികളും തിരിച്ചറിയുന്നതില്‍ നിന്ന് ഉണ്ടാവുന്നതാണ് ആത്മവിശ്വാസമെങ്കില്‍ തന്‍റെ കഴിവുകളില്‍ കണക്കറ്റ വിശ്വാസം പുലര്‍ത്തി താന്‍ ഒരു 'സംഭവ'മാണെന്ന് തോന്നുന്നതാണ് ആത്മരതി.

അവനവനെ വീര്‍പ്പിച്ചു കാണുന്നതിനൊപ്പം മറ്റുള്ളവരെ പരിഗണിക്കാതിരിക്കുക കൂടി ചെയ്യുന്നതിനെയാണ് ആത്മരതി എന്നു വിളിക്കുന്നത്.

അത് ആത്മവഞ്ചനയുടെ വകഭേദമാണ്. തടാകത്തിൽ പ്രതിബിംബിച്ച സ്വന്തം ഇമേജിൽ അമിതമായി അനുരക്തനായ ‘നാർസിസസ്‘ എന്ന ഗ്രീക്ക് പുരാണ കഥാപാത്രത്തിൽ നിന്നാണ് ഈ പ്രയോഗം ഉണ്ടായത്.

നാര്‍സിസ്റ്റുകള്‍ തങ്ങള്‍ക്ക് ചുറ്റും അനാരോഗ്യകരമായ വ്യക്തിബന്ധങ്ങളിലൂടെ സഹായികളെ ഉണ്ടാക്കിയെടുത്ത് അവരിലൂടെ തങ്ങള്‍ക്കാവശ്യമുള്ളത് നേടിയെടുക്കാന്‍ ശ്രമിക്കുന്നു. അത്തരം ബന്ധങ്ങളിലൂടെ നാര്‍സിസ്റ്റിന് ശക്തിയും സഹായിക്ക് സുരക്ഷയും ലഭിക്കുന്നു.

പ്രധാനപ്പെട്ട നാര്‍സിസ്റ്റ് പെരുമാറ്റരീതികള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

★ആരാധനാപാത്രമാകാനുള്ള അഭിനിവേശം, ഞാന്‍ വലിയ ആളാണെന്നുള്ള  ബോധം.

★മറ്റുള്ളവരുടെ വികാരങ്ങള്‍ അവരുടെ ഭാഗത്തു നിന്നു മനസിലാക്കാനുള്ള(എമ്പതി) കഴിവില്ലായ്മ.

★തന്നെ എല്ലാവരും ആരാധിക്കണമെന്ന അമിതഭ്രമം.

★വിജയം, അധികാരം, ബുദ്ധിശക്തി, സൗന്ദര്യബോധം, മാതൃകാസ്‌നേഹം തുടങ്ങിയവയുടെ ഭ്രമിപ്പിക്കുന്ന ചിന്തകളില്‍ അമിതമായി വ്യാപൃതരായി ജീവിക്കുക.

★മറ്റുള്ളവരുമായി സഹകരിച്ച് നല്ലതുപോലെ ജോലി ചെയ്യാന്‍ കഴിയാതെ വരിക. ഒരു ടീം വര്‍ക്കായി ആത്മരതിക്കാര്‍ക്ക് ജോലി ചെയ്യാനാവില്ല. കൂടെ ജോലി ചെയ്യുന്നവരുടെ വികാരങ്ങളെ അവഗണിക്കുക, മനസ്സിലാക്കാതെ വരിക എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

★അതിരുകടന്ന പ്രതിരോധ ശീലങ്ങള്‍. ചോദ്യം ചെയ്യപ്പെടാന്‍ സന്നദ്ധനാകാതെ സ്വയം പ്രതിരോധിക്കുന്നത് ഇത്തരക്കാരുടെ ഒരു സ്വഭാവപ്രത്യേകതയാണ്.

★മറ്റുള്ളവരുടെ അധികാരിയായി സ്വയം മാറുക. താന്‍ മറ്റുള്ളവരുടെയെല്ലാം അധികാരിയാണെന്ന തോന്നല്‍ ഇവരില്‍ പ്രകടമാണ്.

★സ്വന്തം പിഴവുകള്‍ക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്തുക. സ്വന്തം തെറ്റുകള്‍ സമ്മതിച്ചുതരുന്നവരല്ല ഇവര്‍. മാത്രവുമല്ല അതിന് മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യും.

★ഇത്തരക്കാര്‍ക്ക് ഒരിക്കലും നല്ല കേള്‍വിക്കാരനായിരിക്കാന്‍ കഴിയില്ല. മറിച്ച്  അവര്‍ മാത്രം പറഞ്ഞുകൊണ്ടേയിരിക്കും.

★മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ ശ്രമിക്കും. നാലാളു കൂടുന്നിടത്തെല്ലാം എല്ലാവരുടെയും ശ്രദ്ധ തന്നിലായിരിക്കണമെന്ന ചിന്ത ഇവര്‍ക്ക് കൂടുതലായിരിക്കും.

★താന്‍ വിശിഷ്ട വ്യക്തിയാണെന്നും മറ്റു ഉന്നത വ്യക്തികള്‍ക്കേ തന്നെ മനസ്സിലാക്കാനാകൂ എന്നും ചിന്തിച്ച് ഉന്നത പദവിയിൽ ഉള്ളവരുമായി മാത്രം സഹവസിക്കുക. സൗഹൃദം പിടിച്ചു വാങ്ങാൻ ശ്രമിയ്ക്കുക എന്നിവ ചെയ്യും.

★മറ്റുള്ളവരുടെ ആദരവ് പിടിച്ച് പറ്റാനുള്ള മനപ്പൂര്‍വ്വമായ ചിന്തകളോടെ അല്ലെങ്കിൽ പദ്ധതികളോടെ പ്രവര്‍ത്തിക്കുക. ബന്ധങ്ങളില്‍ കാര്യലാഭം മാത്രം നോക്കി ആത്മാര്‍ത്ഥതയും ആഴവുമില്ലാത്ത ബന്ധങ്ങള്‍ ഉണ്ടാക്കുക എന്നിവയും ഇവരുടെ ശീലങ്ങളാണ്.

★സഹതാപം, ദയ തുടങ്ങിയ ഇല്ലാതാവുക. മറ്റുള്ളവരുടെ വികാരങ്ങളും ആവശ്യങ്ങളും തിരിച്ചറിയാൻ കഴിയാതിരിക്കുക.

★മറ്റുള്ളവരോട് അസൂയ വെച്ചുപുലര്‍ത്തുകയും മറ്റുള്ളവര്‍ക്ക് തന്നോട് അസൂയ ആണെന്ന ചിന്തയില്‍ കഴിയുകയും ചെയ്യുക.

★അഹങ്കാരം, ധാര്‍ഷ്ട്യം, ധിക്കാരം, നിര്‍ലജ്ജത എന്നീ വികാരങ്ങളോടെ പെരുമാറുക.

★കൗശലം കൊണ്ട് (Manipulation) മറ്റുള്ളവരെ സ്വാധീനിച്ച് വഞ്ചനയിലൂടെ കാര്യങ്ങള്‍ നേടിയെടുക്കുക.

★ആരെയും പൂര്‍ണമായും വിശ്വാസം കൊടുക്കാതെയിരിക്കുക.

★കളവ് പറയുക.

★ഒത്ത് തീര്‍പ്പില്ലാതെ സംഘട്ടനങ്ങളിലായിരിക്കും ഇവർക്ക് താല്‍പര്യം.

★സ്വന്തമായ തീരുമാനങ്ങളില്ലാതെ പുറമെനിന്നുമുള്ള തീരുമാനങ്ങളില്‍ വിശ്വാസം.

★മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ ചെറുതാണെന്നു തന്‍റെ പ്രശ്നങ്ങൾ മാത്രമാണ് വലുതെന്നുമുള്ള ചിന്ത.

★വിമര്‍ശനങ്ങൾ നേരിടാനാകാതെ ഓടിയൊളിച്ചു ജീവിക്കുന്നു.

★താൻ ശരി മാത്രമേ ചെയ്യുന്നുള്ളു എന്ന തോന്നൽ.

★വികാരങ്ങൾ നിയന്ത്രിക്കാനുള്ള  ബുദ്ധിമുട്ട്.

ഇതൊക്കെയാണ് സാധാരണ നാര്‍സിസ്റ്റുകളില്‍ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങള്‍.

മനോരോഗങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഡിഎസ്എം ഫോര്‍ ടിആര്‍ എന്ന അന്താരാഷ്ട്ര റഫറന്‍സ് പുസ്തകത്തില്‍ ക്‌ളസ്റ്റര്‍-ബിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വ്യക്തിത്വ വൈകൃതമാണ് നാര്‍സിസ്റ്റിക് പേഴ്‌സണാലിറ്റി ഡിസോഡര്‍. ഇത്തരക്കാരുടെ സമൂഹബന്ധങ്ങളും മറ്റുള്ളവരോടുള്ള പെരുമാറ്റങ്ങളുമെല്ലാം തന്നെ സ്വയം നാട്യങ്ങളും പൊങ്ങച്ചങ്ങളും നിറഞ്ഞതായിരിക്കും. ഒരാളോട് സംസാരിക്കുമ്പോഴും ഈ ‘അവനവനിസം‘ ഉയർന്നുനിൽക്കുന്നു. മറ്റുള്ളവരെല്ലാം തന്നെക്കാൾ ചെറുതാണെന്ന് കരുതുന്നു. തന്നെ ‘അസാധാരണവ്യക്തി‘യായി മറ്റുള്ളവർ കണ്ടില്ലെങ്കിൽ  കോപവും അസ്വസ്ഥതകളും ഇരട്ടിക്കുന്നു. എല്ലാകാര്യങ്ങളിലും താൻ തന്നെയാണ് മുന്നിലെന്ന് നടിക്കുന്നു.

ബന്ധങ്ങളില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒരു പ്രശ്നമാണ് നാര്‍സിസം. ഒരാള്‍ എല്ലായ്പ്പോഴും വൈകാരികമായി മേല്‍ക്കോയ്മ നേടുകയും മറ്റെയാള്‍ അടിമയെപ്പോലെയോ സേവകനേപ്പോലെയോ ജീവിയ്ക്കേണ്ടി വരികയും ചെയ്യുന്നത് സൗഹൃദത്തിലും ദാമ്പത്യത്തിലുമൊക്കെ വിള്ളലുകള്‍ക്ക് കാരണമാകും.

തരിമ്പു പോലും വിമർശനം ഇത്തരക്കാർ സഹിക്കില്ല. അവയോടുള്ള പ്രതികരണങ്ങളിൽ കടുത്ത പുച്ഛവും ദേഷ്യവും പുറത്തേക്കെടുത്ത് ചാടും. സാധാരണ ബാല്യകാലത്തുതന്നെ ഒരാളിൽ ഈ ലക്ഷണങ്ങൾ പ്രത്യക്ഷമാകുന്നു. സാധാരണഗതിയിൽ സ്ത്രീകളെക്കാൾ പുരുഷന്മാരിലാണ് ഈ അവസ്ഥ കുടുതൽ കണ്ടുവരുന്നത്. പ്രായം കൂടുന്നതോടെ  ഗാഢത കുറഞ്ഞുവരികയും ചെയ്യുന്നു.

മാനസികവും ശാരീരികവും സാമൂഹികവും ചുറ്റുപാടുകളുമായി ബന്ധപ്പെട്ടതുമായ നിരവധി കാരണങ്ങൾ ഈ മാനസിക വൈകല്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നു. ഒരൊറ്റ കാരണത്തിൽ മാത്രം അധിഷ്ഠിതമല്ല ഈ ഡിസോർഡർ. ചെറുപ്രായത്തിൽത്തന്നെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതു കൊണ്ട് മാതാപിതാക്കളുടെ പൂർണമായ ശ്രദ്ധകൊണ്ടു മാത്രമേ ഈ രോഗത്തിൽ നിന്ന് രക്ഷ നേടാൻ കഴിയൂ. വിദഗ്ധനായ ഒരു മന:ശാസ്ത്രജ്ഞന് കീഴിൽ ദീർഘകാലം ചികിത്സിച്ചാൽ നാർസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡറിൽ നിന്ന് ഒരാൾക്ക് മുക്തനാകാം.