Oct 22, 2021 • 13M

അച്ഛൻ അറിയാൻ - ഭാഗം 17

ധനവ്യയപരിശീലനം : പ്രായോഗിക പാഠങ്ങൾ

George Koshy
Comment
Share
 
1.0×
0:00
-12:57
Open in playerListen on);
Episode details
Comments

കൈവിരലുകൾ ചേർത്ത് പിടിച്ചു കൊണ്ട് ഒരിക്കൽ ഒരു സ്നേഹിതൻ പറഞ്ഞു, "ഇത് കണ്ടോ,  ഈ വിരലുകൾ ചേരുന്നിടത്തു സുഷിരങ്ങൾ ഉണ്ട്. അതിനാൽ,  കൈയിൽ വെള്ളം ഒഴിച്ചാൽ ചോർന്നു പോകും.   അതുപോലെ എന്റെ കൈയിൽ പണം വന്നാലും  നിൽക്കില്ല,  ചോർന്നു പോകും."

ശരിയായ രീതിയിൽ സാമ്പത്തിക വിനിമയം ആസൂത്രണം ചെയ്യാത്തത് മൂലം ഉള്ള  കുഴപ്പമാണത്. പക്ഷെ ഈ സ്നേഹിതൻ, വിരലുകൾക്കിടയിലെ സുഷിരങ്ങൾക്കു കുറ്റം ചാർത്തി കൊടുക്കുകയാണ്.  സത്യത്തിൽ, പഠിക്കേണ്ട പാഠങ്ങൾ പഠിക്കേണ്ട സമയത്തു പഠിച്ചില്ല. അതാണ് പ്രശ്നകാരണം.

ചെറുപ്രായത്തിൽ കുട്ടികൾക്ക് ധനവിനിമയ പാഠങ്ങൾ പറഞ്ഞു കൊടുക്കുന്നതിന്റെ ആവശ്യകതയാണ് നാം കഴിഞ്ഞ ലക്കത്തിൽ ചിന്തിച്ചത്.  എങ്ങനെയാണു പ്രായോഗികമായി അത് ചെയ്യേണ്ടതെന്ന് ഇന്ന് ചിന്തിക്കാം. വളരെ ക്രമീകൃതമായും ആസൂത്രിതമായും ചെയ്യേണ്ട ഒരു കാര്യമാണിത്.

ഓരോ പ്രായത്തിലും കുട്ടിക്ക് മനസ്സിലാകുന്ന പരിധി ഭേദിക്കാതെ, സാമ്പത്തിക പാഠങ്ങൾ പറഞ്ഞു കൊടുക്കുവാൻ ശ്രദ്ധിക്കണം.

പ്രീ സ്കൂൾ കാലം

മൂന്നാം വയസ്സിൽ തന്നെ പരിശീലനം ആരംഭിക്കാം എന്നാണ് പെരുമാറ്റ ശാസ്ത്രജ്ഞർ ( Behavior scientists) പറയുന്നത്.  നല്ല ഒരു ആശയമാണ് പിഗ്ഗി ബാങ്കിൽ പണം ശേഖരിക്കുക എന്നത്. എന്നാൽ കാലക്രമേണ ആ കുടുക്കയിൽ പണം വർധിച്ചു വരുന്നത് അവർക്കു കാണാൻ കഴിയുകയില്ലല്ലോ. അതുകൊണ്ട്  അക്രിലിക് പോലെയുള്ള സുതാര്യമായവ കൊണ്ടുണ്ടാക്കിയ കുടുക്കകളോ ജാറുകളോ ആണ് നല്ലതു. താഴെ വീണാൽ പൊട്ടി പോകാൻ സാധ്യതയുള്ള ഗ്ലാസ് ജാറുകൾ കൊടുക്കരുത്.  ഇന്ന് അതിൽ പത്തു രൂപ ഉണ്ടായിരിക്കാം. നാളെ കൂടുതൽ പണം  ഇടുമ്പോൾ സമ്പാദ്യം വർദ്ധിച്ചു വരുന്നത്  കുട്ടിക്ക് നേർക്കു നേരെ കാണാം എന്നതാണ് സീ - ത്രൂ ജാറുകളുടെ ഗുണം. ധനത്തെക്കുറിച്ചുള്ള ആദ്യ പാഠങ്ങൾ ഇങ്ങനെ പറഞ്ഞു തുടങ്ങാം.

ഏഴു വയസ്സാകുമ്പോഴേക്കും ധന വിനിമയ ആശയങ്ങൾ കുഞ്ഞു മനസ്സിൽ രൂപം കൊണ്ട് തുടങ്ങും. അവന്റെ കുഞ്ഞിക്കണ്ണുകൾ എപ്പോഴും അച്ഛനെ അനുധാവനം ചെയ്തു കൊണ്ടിരിക്കും. പണം ചെലവഴിക്കുന്ന കാര്യത്തിൽ നിങ്ങൾ ആഡംബര പൂർണമായ രീതി ആണ് അവലംബിക്കുന്നതെങ്കിൽ അവൻ അത് ഉൾക്കൊള്ളും. ഇനി നിങ്ങൾ വല്ലാത്ത പിശുക്കനാണെങ്കിൽ അതും കുട്ടി മനസ്സിൽ കുറിച്ച് വെക്കും.  ഇതിന്റെ രണ്ടിന്റെയും ഇടയിലുള്ള ഒരു സമീകൃത ധനവിനിയോഗ ശൈലി ആണ് അച്ഛൻ കുട്ടിക്ക് കാണിച്ചു കൊടുക്കേണ്ടത്.

കുട്ടി സമ്പാദിക്കട്ടെ, ചെലവാക്കട്ടെ

പണം ഒരിക്കലും കുട്ടികൾക്ക് വെറുതെ ദാനമായി കൊടുക്കരുത്. വീട്ടിലെ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യുമ്പോൾ അതിനുള്ള സമ്മാനം എന്ന മട്ടിൽ അവർക്കു പണം സമ്മാനിക്കൂ. മുറി വൃത്തിയാക്കുമ്പോൾ, ചെടികളെ കൃത്യമായി പരിചരിക്കുമ്പോൾ, സാധനങ്ങൾ അടുക്കി പെറുക്കി വൈകുമ്പോൾ ഒക്കെ അവനു ചെറിയ തുക കൈമാറാം. പണം വെറുതെ കൈയിൽ വന്നു കയറുകയില്ല, അതിനു വേണ്ടി അധ്വാനിക്കണം എന്ന പാഠമാണ് കുട്ടി അപ്പോൾ പഠിക്കുന്നത്. അപ്പോൾ തന്നെ വീട്ടിലെ അവന്റെ കടമകൾ നിർവഹിക്കുന്നത് ശമ്പളം കിട്ടുന്ന തൊഴിൽ ആയി കുട്ടി കാണുവാൻ ഇടയാകുകയും അരുത്.  'ചെയ്ത ജോലിക്കുള്ള  കൂലി അല്ല ഇത്. നീ കാര്യങ്ങൾ കൃത്യമായി ചെയ്തതിലുള്ള സന്തോഷം കൊണ്ട് നൽകുന്ന ഒരു ഉപഹാരം ആണ്' എന്ന് പറയുക തന്നെ വേണം. കുട്ടി വീട്ടിൽ എന്തും ഏതും ചെയ്യുമ്പോൾ അങ്ങനെ പണം കൊടുക്കേണ്ടതില്ല. അങ്ങനെ വന്നാൽ അതൊരു അവകാശം ആയി മാറിപോകാൻ സാധ്യതയുണ്ട്. വളരെ സൂക്ഷ്മതയോടെ വേണം ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ.

"എന്റെ കൂട്ടുകാരന് ഒരു സൈക്കിൾ ഉണ്ട്… എനിക്കും അത് പോലെയൊന്നു വേണം" ,  "TV യിൽ ഞാൻ ഒരു ഉടുപ്പിന്റെ പരസ്യം കണ്ടു. എനിക്കതു വാങ്ങി തരണം." സമാനമായ ആവശ്യങ്ങൾ നിങ്ങൾ കുട്ടികളിൽ നിന്നും ധാരാളം കേട്ടിട്ടുണ്ടാവും. പ്രത്യേകിച്ച് പണം ചെലവാക്കുന്നത് മറ്റാരെങ്കിലും ആകുമ്പോൾ. ഇത്തരം കാര്യങ്ങൾ വരുമ്പോൾ അവരുടെ പണകുടുക്ക തുറക്കാൻ അവരെ പ്രേരിപ്പിക്കുക. 'ഉള്ളിടത്തോളം കുടുക്കയിൽ നിന്നെടുക്കുക, ബാക്കി അച്ഛൻ തരാം' എന്നും പറയുക.

മാത്രമല്ല,  ഇക്കാര്യത്തിൽ അന്ന്  തന്നെ ഒരു തീരുമാനം എടുക്കാതെ, ശരിക്കും അത് ആവശ്യമാണോ എന്ന് ചിന്തിക്കാൻ രണ്ട് ദിവസങ്ങൾ എടുക്കുവാനും അവനെ പ്രോത്സാഹിപ്പിക്കുക. കുട്ടി കാര്യങ്ങളെ വിലയിരുത്തട്ടെ. അതിനു കുട്ടിയെ സഹായിക്കുകയും ചെയ്യുക. കുറച്ചു കൂടെ ശരിയായ തീരുമാനം എടുക്കുവാൻ അവനു കഴിഞ്ഞെന്നു വരാം.

കുട്ടിക്ക് വേണ്ടി ഒരു കളിപ്പാട്ടം വാങ്ങാൻ പോകുമ്പോൾ അവനോട്, 'മോനെ ഇതിന്റെ വില ഇത്രയുമാണ്’ എന്ന് പറഞ്ഞു കൊടുക്കണം. മാത്രമല്ല, അത്രയും തുക അവന്റെ കുടുക്കയിൽ നിന്നെടുത്തു കടക്കാരന് കൊടുക്കാൻ കുട്ടിയെ പ്രേരിപ്പിക്കുകയും വേണം. ധനം ചെലവഴിക്കുന്നതിന്റെ ഗൗരവവും ധനത്തിന്റെ മൂല്യവും അപ്പോൾ കുട്ടിയുടെ ഹൃദയത്തിൽ ഇടം പിടിക്കും.

'ആ കളിപ്പാട്ടം വാങ്ങിയാൽ പിന്നെ പുത്തൻ ഉടുപ്പ് വാങ്ങാൻ നിന്റെ കൈയിൽ പണം ഉണ്ടാവില്ല' എന്ന് അവനോടു പറയാതെ പറയുകയാവും നിങ്ങൾ അപ്പോൾ ചെയ്യുന്നത്. ഏതിനാണ് കൂടുതൽ പ്രാധാന്യം? എന്താണ് വാങ്ങേണ്ടത്? എന്നൊക്കെ ചെറുപ്പത്തിലേ ചിന്തിച്ചു ശീലപ്പെടുവാൻ ഉള്ള ഒരു അവസരം ആണിത്.

കൊടുക്കാനും പഠിക്കണം

സ്വയം സമ്പാദിക്കാൻ തുടങ്ങുമ്പോൾ തന്നെ, കൊടുക്കുവാനും അവനെ പ്രേരിപ്പിക്കണം. ചെറിയ തോതിലെങ്കിലും ധർമസ്ഥാപനങ്ങൾക്കു സംഭാവന ചെയ്യുവാനും ദീനാനുകമ്പയോടെ സാധുക്കൾക്ക് കൊടുക്കുവാനും കുട്ടി പഠിക്കണം.

ഒരു സുഹൃത്ത് തന്റെ അനുഭവം പങ്കുവച്ചു.

"അഞ്ചു വയസ്സുള്ള എന്റെ മകനെയും കൊണ്ട് ഞാൻ ഒരിക്കൽ ഒരു ആദിവാസി കേന്ദ്രത്തിൽ പോയി. അങ്ങോട്ട് പോയ കുട്ടിയല്ല മടങ്ങി വന്നത്. അവരുടെ ദുരിതം പിടിച്ച ജീവിതം മകനെ വല്ലാതെ സ്വാധീനിച്ചു. സാധിക്കുമ്പോഴൊക്കെയും പിന്നെ അവൻ അവരെ സഹായിക്കാൻ വ്യഗ്രത കാണിച്ചു. പണമായും വസ്ത്രങ്ങളായും മറ്റു വസ്തുക്കളായും അവരെ സഹായിക്കാൻ അവൻ ഇപ്പോൾ മുൻപന്തിയിലാണ്."

സഹാനുഭൂതിയുടെ പാഠം പഠിപ്പിക്കുവാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. അവർ നൽകുന്ന ചെറിയ സഹായം പോലും ചില ജീവിതങ്ങളിൽ എന്ത് മാറ്റം വരുത്തും എന്ന തിരിച്ചറിവ്, സ്വാർത്ഥത വെടിഞ്ഞു കൂടുതൽ നന്മപ്രവർത്തികളിൽ ഏർപ്പെടുവാൻ കുട്ടികളെ പ്രേരിപ്പിക്കും. ടെലിവിഷനിലും മറ്റും കാണുന്ന ധാരാളിമയുടെ പളപളപ്പാണ്  ജീവിതം എന്ന് അവർ തെറ്റിദ്ധരിക്കരുത്. മറുപുറത്തുള്ള പച്ചയായ ജീവിത യാഥാർഥ്യങ്ങളും അവർ മനസ്സിലാക്കട്ടെ. പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ അല്ലാതെ ഇടയ്ക്കിടെ അനാഥശാലകളിലും കുട്ടികളുടെ കാൻസർ വാർഡുകളിലുമൊക്കെ ഒന്ന് സന്ദർശിക്കാൻ കഴിഞ്ഞാൽ അത് നല്ലതാണ്. 

താരതമ്യം വേണ്ട

കുട്ടി കൗമാരത്തിൽ എത്തുമ്പോൾ പരിശീലനത്തിന്റെ ശൈലി അല്പം മാറ്റേണ്ടതുണ്ട്. ആ പ്രായത്തിൽ അവർ തങ്ങളുടെ സമയത്തിന്റെ സിംഹഭാഗവും സോഷ്യൽ മീഡിയയിൽ കൂടെ കറങ്ങി നടക്കുകയാവും. പഠനം പോലും ഓൺലൈനിലേക്കു മാറിയ ഈ കാലഘട്ടത്തിൽ അവർ ഒരിക്കലും ഓഫ്‌ലൈൻ ആകുന്നില്ല എന്നതാണ് യാഥാർഥ്യം. സ്നേഹിതരുടെയും ഇതര കുടുംബാംഗങ്ങളുടെയും  അപരിചിതരുടേയുമൊക്കെ ജീവിതത്തിന്റെ ഹൈ -  ഫൈ മുഖം മാത്രമായിരിക്കും അവരുടെ ശ്രദ്ധയിൽ പെടുക. അറിയാതെ താരതമ്യം ചെയ്യുക എന്ന ഒരു കെണിയിൽ കുട്ടികൾ അകപ്പെട്ടു പോകും.

"ഡാഡീ, അഭിനവിന്റെ അച്ഛൻ അവനൊരു പുതിയ ഫോൺ വാങ്ങി കൊടുത്തു. എനിക്കും വേണമത്."

"അമൽ അവന്റെ ബർത്ത് ഡേയ്ക്ക് പതിനായിരം രൂപയാണ് പൊടിച്ചത്. ഞാൻ ചോക്ലേറ്റ് മാത്രം കൊടുത്താൽ മതിയോ?"

"ജോയലിന്റെ പപ്പാ അവനൊരു സ്കൂട്ടി വാങ്ങിക്കൊടുത്തു. എനിക്കെന്നാണ് അത് വാങ്ങി തരുന്നത്?"

"സീനയുടെ ബാപ്പയെ പോലെ അച്ഛനും ഒരു ടൊയോട്ട ഫോർചൂണർ കാർ വാങ്ങിക്കൂടെ?"

ഇത്തരം സംഭാഷണങ്ങൾ കൗമാരക്കാരിൽ നിന്നും നമ്മൾ ധാരാളം കേട്ടിട്ടുണ്ടാവും. സംതൃപ്തിയുടെ പാഠങ്ങൾ കുട്ടി പഠിച്ചു തുടങ്ങേണ്ടത് ഇവിടെയാണ്.

'നമ്മുടെ ഗാരേജിൽ കിടക്കുന്ന മാരുതി സ്വിഫ്റ്റ് കാർ ഇപ്പോഴും നല്ല കണ്ടീഷൻ ആണെന്നും, പതിനായിരം  മുടക്കാതെയും ഓർമയിൽ നിൽക്കും  വിധം ബർത്ത് ഡേ ആഘോഷിക്കാമെന്നും, വിലകൂടിയ ഫോണും സ്കൂട്ടിയും  ഇല്ലെങ്കിലും ഇപ്പോൾ നമുക്ക് മാനേജ് ചെയ്യാമെന്നും' കുട്ടിയോട് സൗമ്യതയോടെ ഈ ഘട്ടത്തിൽ അച്ഛൻ പറഞ്ഞു കൊടുക്കണം. മാത്രമല്ല, അനാവശ്യമായി ചെലവാക്കാതെ പണം സ്വരൂപിച്ചാൽ പിന്നെ ആവശ്യവേളകളിൽ മറ്റുള്ളവരുടെ മുൻപിൽ കൈ നീട്ടാതെ ഇരിക്കാമെന്നും അവനു പറഞ്ഞു കൊടുക്കണം. കടം വാങ്ങിയിട്ട് കൊടുത്തു തീർക്കാനാവാതെ  ജീവിതം പാതിവഴിയിൽ അവസാനിച്ചു പോയ പലരും നമ്മുടെ ഓർമ്മയിൽ ഉണ്ടാവും.

 കൗമാരപ്രായം ആകുമ്പോഴേക്കും, കുട്ടിയുടെ പേരിൽ ലളിതമായ ഒരു ബാങ്ക് ഇൻവെസ്റ്റ്മെന്റ് ആരംഭിക്കുകയും അത് കൈകാര്യം ചെയ്യാൻ അവനെ പരിശീലിപ്പിക്കുകയും വേണം.  പിൽക്കാലത്തു കൂടുതൽ ഗൗരവമുള്ള ധനനിക്ഷേപ പദ്ധതിയിൽ വ്യാപൃതനാകുവാൻ ഉള്ള ആദ്യ പടികളാവും ഇത്.

പണത്തിന്റെ വില അറിയണം

വീട്ടിലിരുന്നു ചെറിയ ചെറിയ ജോലികൾ ഓൺലൈനിലൂടെയും അല്ലാതെയും ചെയ്യുവാനും ചെറിയ തോതിൽ സമ്പാദിക്കുവാനും ഇപ്പോൾ അവസരങ്ങൾ ഉണ്ട്. കുട്ടി അങ്ങനെ ചെയ്തു സമ്പാദിക്കട്ടെ. വൈകാതെ ആരംഭിക്കുന്ന കോളേജ് പഠനത്തിന് അതൊരു കരുതൽ നിക്ഷേപം ആവട്ടെ. തുടർപഠനത്തെ കൂടുതൽ ഗൗരവത്തോടെ കുട്ടി സമീപിക്കുവാനും ഇത് സഹായകരമാകും.

സന്തോഷ് തന്റെ മകളെ ലോൺ എടുത്താണ് നഴ്സിംഗ് വിദ്യാഭ്യാസത്തിനു വിട്ടത്. മകൾ വിഷമം അറിയാതെ പഠനം തുടർന്നോട്ടെ എന്ന് കരുതി ലോണിന്റെ കാര്യം  സന്തോഷ് മകളോട് പറഞ്ഞുമില്ല. പഠനത്തിൽ ഒഴിച്ച് മറ്റെല്ലാ കാര്യങ്ങളിലും കൂട്ടുകാരേക്കാൾ ഒട്ടും പിന്നിലാവാതിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നു. ആഡംബര പൂർണമായിരുന്നു കോളേജ് ജീവിതം. ഇതിനിടെ സന്തോഷ് മുണ്ട് മുറുക്കി ഉടുത്തിട്ടും പല്ലു മുറിയെ പണി എടുത്തിട്ടും , കാര്യങ്ങൾ അവതാളത്തിലായി. ലോൺ തിരിച്ചടക്കുവാൻ നിർവാഹമില്ലാതെ, ഒടുവിൽ ബാങ്കുകാർ വീട് ജപ്തി ചെയ്തു. സന്തോഷിന്റെ ആത്മഹത്യാ വാർത്തയുമായിട്ടാണ് അടുത്ത പ്രഭാതം വിടർന്നതു.

കുട്ടിയുടെ പഠനകാലത്തെ സാമ്പത്തികാവശ്യങ്ങളെപ്പറ്റിയും അതെങ്ങനെ കണ്ടെത്തും എന്നതിനെ പറ്റിയും കുടുംബം ഒരുമിച്ചിരുന്നു ചർച്ച ചെയ്യണം. അപ്പോൾ ധനവ്യയത്തെ പറ്റി കുട്ടി കൂടുതൽ ബോധവാനാകും.  പഠന സ്കോളർഷിപ്പിന് അപേക്ഷിക്കുകയോ പാർട്ട് ടൈം ആയി ജോലി ചെയ്യുകയോ ഒക്കെ ആവാം. ഒരു പക്ഷെ ഇതൊന്നും കുട്ടി ചെയ്തില്ലെങ്കിലും, അവനു സമൃദ്ധി ആയി കൊടുക്കുവാൻ നിങ്ങളുടെ കൈയിൽ പൂത്ത കാശുണ്ടാവാം. എങ്കിലും ധാരാളിത്തത്തിലേക്കു പോകരുത്. അത് കുട്ടിയെ അപകടത്തിലേക്ക് തള്ളിവിടുന്നതിനു തുല്യമാണ്.

ക്രെഡിറ്റ് കാർഡുകളുടെ അപകടത്തിലേക്ക് വിരൽ ചൂണ്ടുകയാണ്, പിതാക്കന്മാർ ചെയ്യേണ്ട മറ്റൊരു പ്രധാനകാര്യം.

കടം എന്നത് എത്ര നല്ല ഓമന പേരിൽ അറിയപ്പെട്ടാലും ഒരു മോശം കാര്യം തന്നെയാണ്.  

ഇന്ന് ക്രെഡിറ്റ് കിട്ടിയാലും, പലിശ ഉൾപ്പെടെ നാളെ തിരിച്ചടക്കേണ്ടി വരും. അടച്ചു തീരും വരെ ഞാൻ ആരുടെയോ ഒക്കെ മുൻപിൽ കട ബാധിതനാണ്. തല കുനിച്ചു നിൽക്കുകയാണ്. യഥാസമയം ഈ പാഠങ്ങളും നമ്മൾ കുട്ടിയെ പഠിപ്പിക്കണം. 

ധനവ്യയ പരിശീലനം അത്ര സുഗമമായ കാര്യമല്ല. പക്ഷെ ഒട്ടും അവഗണിക്കുവാൻ പാടില്ലാത്ത ഒരു മേഖലയാണത് എന്ന കാര്യം മറക്കാതിരിക്കുക.