Oct 15, 2021 • 12M

അച്ഛൻ അറിയാൻ - ഭാഗം16

പണം കായ്ക്കും മരവും കുട്ടികളും

George Koshy
Comment
Share
 
1.0×
0:00
-11:34
Open in playerListen on);
Episode details
Comments

ചില പഴയ ചൊല്ലുകൾ:

"പണമില്ലാത്തോൻ പിണം."

"പണത്തിനു മീതെ പരുന്തും പറക്കില്ല."

"നാണം കെട്ടും പണം നേടിയാൽ, നാണക്കേടാ പണം തീർത്തു കൊള്ളും."

കുഞ്ഞുന്നാൾ മുതൽക്കേ സമാനമായ പ്രസ്താവനകൾ കേട്ടു വളരുന്ന ഒരു കുട്ടി, യൗവനത്തിലെത്തുമ്പോഴേക്കും സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ആർജിക്കുന്ന അറിവ് എന്തായിരിക്കാം?

പണമാണ് ജീവിതം. അതിനേക്കാൾ വലുത് ഒന്നുമില്ല. എങ്ങനെയും പണം നേടണം, അതാണ് മനുഷ്യജന്മത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം എന്നൊക്കെയല്ലേ... ഇനി ഇതൊന്നും കേട്ടില്ലെങ്കിൽ പോലും, ദിനം തോറും കുട്ടി, വീട്ടിലും പുറത്തും കണ്ട് വളരുന്നതും  ഏറെക്കുറെ ഇതൊക്കെ തന്നെയാണ്.  അതുകൊണ്ട്, ഊണിലും ഉറക്കത്തിലും അവന്റെ ചിന്ത, എങ്ങനെ പണം സമ്പാദിക്കാം എന്നത് മാത്രമായി ചുരുങ്ങുന്നു. മൂല്യ ബോധ്യങ്ങൾ കാണാൻ കഴിയാത്ത വിധം നാണയത്തിന്റെ വെട്ടിത്തിളക്കം അവനെ അന്ധനാക്കുന്നു. പണക്കിലുക്കം മാത്രം ശ്രദ്ധിക്കുന്നതിനാൽ കുട്ടി മറ്റു വിലപ്പെട്ട കാര്യങ്ങളോട് ബധിരനായി പോകുന്നു. വളരെ അപകടകരമായ അവസ്ഥയിലേക്കാണ് ഈ പ്രയാണം.      

ജീവിതത്തിൽ ഒഴിച്ച് കൂടാനാവാത്ത ഘടകങ്ങളിൽ ഒന്നാണ് പണം. അത് വിസ്മരിക്കുന്നില്ല. എന്നാൽ  ഒരു വ്യക്തി ആദ്യം തന്നെ പഠിക്കേണ്ട ഒരു പ്രധാനപാഠമാണ് പണസമ്പാദനവും പണവിനിമയവും. എത്ര നേരത്തെ ഇത് പറഞ്ഞു കൊടുക്കാമോ അത്ര നേരത്തെ തന്നെ പറഞ്ഞു കൊടുക്കുക.

ശരിയായ പരിശീലനം കുട്ടികളെ സാമ്പത്തിക അച്ചടക്കം ഉള്ളവരാക്കി തീർക്കും.

പണത്തിനു  ശരിയായ മൂല്യം നൽകുവാനും, പണം ശ്രദ്ധാപൂർവം കൈകാര്യം ചെയ്യാൻ അവൻ അനുശീലിക്കുകയും ചെയ്യും. നമ്മൾ പഠിപ്പിച്ചില്ലെങ്കിൽ അവർ അത് മറ്റു ചില സ്രോതസ്സുകളിൽ നിന്നും പഠിക്കും. ആ പാഠങ്ങൾ ശരിയാകണമെന്നില്ല. അതുകൊണ്ട് ആ റിസ്ക് ഒഴിവാക്കുന്നതാണ് നല്ലത്.

ജീവിതചര്യകളിൽ കേന്ദ്ര സ്ഥാനത്തു തന്നെ പണം ഉണ്ട് എന്നത് വിസ്മരിക്കാൻ ആവില്ല. ഉണരുമ്പോൾ നാം ചെയ്യുന്ന ഓരോ കാര്യങ്ങളിലും പണത്തിന്റെ ഇടപാടുണ്ട്. കഴിക്കുന്ന ആഹാരം, ധരിക്കുന്ന വസ്ത്രം, സഞ്ചരിക്കുന്ന വാഹനം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം, പാർക്കുന്ന വീട്  തുടങ്ങി സമസ്ത മേഖലകളിലും, മുത്തുമാലയിലെ നൂല് പോലെ ധനത്തിന്റെ ഇടപാടുകൾ ഉണ്ട്. 

ഏഴു വയസ്സാകുമ്പോഴേക്കും കുട്ടി ധനവിനിയോഗത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചു തുടങ്ങും എന്നാണ് പണ്ഡിതമതം. കുഞ്ഞു കണ്ണുകൾ എല്ലാം കാണുന്നുണ്ട്. പണം കൊണ്ട് മാതാപിതാക്കൾ അമ്മാനമാടുകയാണെങ്കിൽ അത് കൃത്യമായി അവൻ തിരിച്ചറിയും. അമിതവ്യയം എന്നൊന്നും അവൻ ചിന്തിക്കുകയില്ല. ഇങ്ങനെയാണ് ചെയ്യേണ്ടത് എന്ന ധാരണയാണ് കുട്ടിക്ക് ലഭിക്കുന്നത്.

പണത്തിന്റെ പേരിൽ വീട്ടിൽ വാദപ്രതിവാദം ഉണ്ടായാൽ അതും കുട്ടിയുടെ ശ്രദ്ധയിൽ പെടും. അതുകൊണ്ട് ആരോഗ്യപരമായ ഒരു മാതൃക, ഭവനത്തിൽ സൃഷ്ടിച്ചാൽ, കുട്ടിയെ ശരിയായ പാതയിൽ നയിക്കുവാനാവും. ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്കുക; വൃദ്ധനായാലും അവൻ അത് വിട്ടു മാറുകയില്ല എന്നാണ് ഇസ്രയേലിന്റെ  രാജാവായിരുന്ന ദാവീദ് നൽകുന്ന ഉത്ബോധനം.

കുട്ടികൾക്ക് എല്ലാ മികവും ലഭിക്കണമെന്നാണ് മാതാപിതാക്കന്മാരുടെ പൊതുവെയുള്ള താല്പര്യം. ഏറ്റവും മികച്ച വസ്ത്രവും, ഒന്നാം കിട കളിപ്പാട്ടങ്ങളും, ഏറ്റവും നവീനമായ സാങ്കേതിക വസ്തുക്കളും അവർക്കു വാങ്ങി കൊടുക്കണമെന്നല്ല അതിന്റെ അർഥം. അവർ ഏറ്റവും സുരക്ഷിതമായ ജീവിതം നയിക്കണം. അതാണ് അതിന്റെ അർഥം. തദ്വാരാ അവരുടെ ജീവിതത്തിനു ശക്തമായ ഒരു അടിസ്ഥാനം പണിതു കൊടുക്കുക. എന്നാൽ ഏറെ പ്രാധാന്യമുള്ള സാമ്പത്തിക മേഖലയെക്കുറിച്ചു കുട്ടികളുമായി ചർച്ച ചെയ്യാൻ, മുതിർന്നവർ മിക്കപ്പോഴും സമയം വേർതിരിക്കാറില്ല.

 “ഇതൊക്കെ പറഞ്ഞാൽ അവർക്കു മനസ്സിലാകുമോ. വെറുതെ സമയം മെനെക്കെടുത്തുകയല്ലേ,” എന്ന് പറഞ്ഞു അവഗണിക്കുന്നവരെ കണ്ടിട്ടുണ്ട്

“അങ്ങനെ ചെയ്യേണ്ടതായിരുന്നു. ഞാൻ ഇന്നതോർത്തു ദുഖിക്കുന്നു.   അതിനുള്ള അവസരങ്ങൾ എനിക്ക് നഷപ്പെട്ടു പോയി,” പണം ധൂർത്തടിക്കുകയും ലഹരി പദാർത്ഥങ്ങൾക്ക് അടിമയാകുകയും ചെയ്ത ഒരു യുവാവിനെയും കൊണ്ട് കൗൺസിലിങ് സെന്ററിൽ വന്ന ഒരു പിതാവ് വിലപിക്കുന്നതും ഓർമയിലുണ്ട് .

ഈ മേഖലയിലെ പരിശീലനം അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷെ അതിനു വേണ്ടി എടുക്കുന്ന പ്രയത്നം ഫലരഹിതമായിരിക്കില്ല.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇനി പറയാം.

1. സാമ്പത്തിക കാര്യങ്ങൾ കുട്ടികളുടെ മുൻപിൽ വച്ച് ചർച്ച ചെയ്യുവാൻ തയ്യാറാകുക. അടുത്ത കാലം വരെ നമ്മൾ ഇക്കാര്യത്തിൽ വിമുഖത    കാണിച്ചിരുന്നു. "ഇതൊക്കെ അവരോട് എന്തിനാ പറയുന്നത്? വളരുന്ന കാലത്തു കുട്ടികൾ അല്ലലറിയാതെ സമാധാനത്തോടെ വളരട്ടെ," ഒരു സമ്മേളനത്തിൽ ഒരു പിതാവ് പരസ്യമായി തന്റെ അഭിപ്രായം വെളിപ്പെടുത്തി. പക്ഷെ വീട്ടിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള അജ്ഞത, അപകടം വിളിച്ചു വരുത്തും എന്നതാണ് വസ്തുത.

എത്ര പണം ചെലവഴിക്കണം, എന്തിനൊക്കെ ചെലവഴിക്കണം എന്നൊക്കെയുള്ള ബോധ്യം കുട്ടിക്ക് കൃത്യമായി ഉണ്ടാവണം.  ബാങ്ക് എന്നാൽ എന്താണ്? അവിടെ നടക്കുന്നത് എന്താണ്? ഇതും കുട്ടി ഗ്രഹിക്കണം. അതില്ലെങ്കിൽ സാമ്പത്തിക അച്ചടക്കം ഇല്ലാത്തവരായിരിട്ടായിരിക്കും അവൻ വളർന്നു വരുന്നത്.

'അല്ലലുള്ള പുലയിയെ ചുള്ളിയുള്ള കാടറിയൂ' എന്നാണല്ലോ പ്രമാണം. കുട്ടികൾ വീട്ടിലെ അല്ലലറിഞ്ഞു തന്നെ വേണം വളരുവാൻ. ഇന്ന് ഒരു പക്ഷെ സാമ്പത്തികമായി ഉയർന്ന നിലവാരത്തിലായിരിക്കും നിങ്ങൾ. പക്ഷെ കഷ്ടതയുടെ ഒരു ബാല്യം നിങ്ങൾക്കുണ്ടായിരുന്നിരിക്കാം. മൂന്നു നേരം അടുപ്പിൽ തീപൂട്ടാതെ ഇരുന്ന ഒരു കാലം. പിന്നത്തെ കഠിനാധ്വാനം, അങ്ങനെ സമ്പാദിച്ച പണം... ഇതൊക്കെ കുട്ടികളോട് തുറന്നു പറയുന്നതിൽ ഒട്ടും ലജ്ജിക്കേണ്ടതില്ല. അവർ അതൊക്കെ അറിഞ്ഞു തന്നെ വളരട്ടെ. നിങ്ങൾക്ക് ഉണ്ടായ അനുഭവങ്ങൾ അവർക്കും ഗുരുക്കന്മാർ ആയി തീരട്ടെ.

2. പണം എങ്ങനെ ഉണ്ടാകുന്നു എന്ന് കുട്ടികളെ പഠിപ്പിക്കുക എന്നതാണ് അച്ഛൻമാർക്കുള്ള ആദ്യത്തെ ഉത്തരവാദിത്തം. തമാശക്കാണെങ്കിലും, ചിലർ കുട്ടികളോട് പറയാറുണ്ട്, ഇത് വീടിന്റെ പുറകിലുള്ള മരം ഉലത്തി വീഴ്ത്തുന്നതാണെന്നു.

'ഓ ഇതിത്ര സിമ്പിൾ ആണോ?' എന്ന ചിന്ത ആയിരിക്കും കള്ളമില്ലാത്ത പിള്ള മനസ്സിൽ ഉണ്ടാവുക. എന്നാൽപിന്നെ എങ്ങനെയും അത് ചെലവഴിക്കാമല്ലോ എന്നും അവൻ ചിന്തിച്ചു തുടങ്ങും.

കുറെ കഴിയുമ്പോൾ, മരത്തിൽ നിന്നല്ല പണം വരുന്നത് എന്ന് കുട്ടി പഠിക്കുമെങ്കിലും, നിയന്ത്രണമില്ലാതെ ധനം വിനിയോഗിക്കാം എന്ന ചിന്ത ഉപബോധമനസ്സിൽ നിന്ന് പെട്ടെന്ന് തുടച്ചു മാറ്റാനാവില്ല.  

പണസമ്പാദനത്തിന്റെ പിന്നിലുള്ള ആയാസത്തെപ്പറ്റി കുട്ടി ശരിക്കും മനസ്സിലാക്കണം.

അച്ഛന്റെ പഴ്സിൽ, വെറുതെ കയറി കൂടുന്നതല്ല പണം, അതിന്റെ പിന്നിൽ വളരെ അധ്വാനം ഉണ്ട് എന്ന് അവൻ ഗ്രഹിക്കണം.

തൊഴിൽ ചെയ്താൽ പണം കിട്ടും. മടി പിടിച്ചിരുന്നാൽ പേഴ്സ് കാലിയാകും എന്ന് കുട്ടി വളരെ ചെറുപ്പത്തിൽ തന്നെ തിരിച്ചറിയണം. പണവും അധ്വാനവും തമ്മിലുള്ള ബന്ധമാണ് പിതാവിന്റെ വാക്കുകളിലൂടെ കുട്ടിയുടെ മനസ്സിൽ എത്തേണ്ട ആദ്യ ധനവിനിമയ പാഠം.

3. പണം കൈയിൽ വന്നു കഴിയുമ്പോൾ ചെയ്യേണ്ട മൂന്നു കാര്യങ്ങൾ  ഇതോടൊപ്പം പറഞ്ഞു കൊടുക്കാം. ചെലവാക്കുക, സമ്പാദിക്കുക, സംഭാവന ചെയ്യുക എന്നിവയാണ് ആ പാഠങ്ങൾ.

"എന്റെ മകന്റെ ജന്മദിനത്തിൽ ഞാൻ സമ്മാനങ്ങൾ ഒന്നും വാങ്ങി കൊടുക്കാറില്ല. പകരം പണം കൊടുക്കും. അവനു ഇഷ്ടമുള്ളത് അവൻ വാങ്ങിക്കൊള്ളട്ടെ. ഇന്ന് ആമസോണിലൂടെ എന്തും വീട്ടിലിരുന്നു വാങ്ങാമല്ലോ. ആദ്യമൊക്കെ ജന്മദിന ആഘോഷങ്ങൾ പ്ലാൻ ചെയ്യുമ്പോൾ അവൻ  അതുമിതും ഒക്കെ ആവശ്യപെടുമായിരുന്നു. ഇപ്പോൾ അവൻ ഓരോന്നിന്റെയും വില അറിഞ്ഞു. ആവശ്യങ്ങൾ നിജപ്പെടുത്തി," അഭ്യസ്തവിദ്യനായ ഒരു പിതാവ് പറഞ്ഞത്  വളരെ അഭികാമ്യമായി തോന്നി.

ജന്മദിനസമ്മാനമായിട്ടോ പറഞ്ഞ ജോലി ചെയ്തതിന്റെ പ്രതിഫലമായിട്ടോ  ബന്ധുക്കളുടെ ഉപചാരമായിട്ടോ ഒക്കെ കുട്ടികൾക്ക് പണം കിട്ടാറുണ്ടല്ലോ.  അവർക്കു മൂന്നു പിഗ്ഗിബാങ്കുകൾ ( പണം ശേഖരിക്കുവാനുള്ള കുടുക്കകൾ) വാങ്ങി കൊടുക്കുക.  ലഭിച്ച പണം മൂന്നായി വേർതിരിച്ച മൂന്നു കുടുക്കകളിൽ ഇടുവാൻ അവരോടു പറയുക. വളരെ ആവശ്യമുള്ള കാര്യങ്ങൾക്കു വേണ്ടി മാത്രം ചെവാക്കാനുള്ളതാണ് പണം. കയ്യിൽ എത്ര ഉണ്ടെങ്കിലും വെറുതെ വാരിക്കോരി ചിലവാക്കാൻ പാടില്ല. ചോക്ലേറ്റ് വാങ്ങുക, ഒരു കഥാപുസ്തകം വാങ്ങുക തുടങ്ങി കുട്ടിയുടെ ചെറിയ ചെറിയ ആവശ്യങ്ങൾക്ക് പണം ചെലവാക്കാം.  ഇക്കാര്യങ്ങളൊക്കെ അവരോടു പറയുക. ആറ്റിൽ കളഞ്ഞാൽ പോലും അളന്നു കളയണം എന്ന് പഴമക്കാർ പറയാറുണ്ടല്ലോ.

പണം കയ്യിൽ നിന്നും ചെലവായി പോയികഴിഞ്ഞാൽ പിന്നെ പോയി. അത് തിരിച്ചു വരുന്നില്ല. അതുകൊണ്ട് ചെലവാക്കുന്നതോടൊപ്പം കുറച്ചു പണം ശേഖരിച്ചു വക്കാനും കുട്ടികളെ പരിശീലിപ്പിക്കുക. പിനീട് ഒരു വിനോദയാത്ര പോകുമ്പോൾ, എന്തെങ്കിലും വിലപ്പെട്ടത് വാങ്ങാനോ സമാനമായ ആവശ്യങ്ങൾക്കോ ഈ പണം ചെലവാക്കാം.

അതോടൊപ്പം അർഹതപ്പെട്ടവർക്ക് സംഭാവന ചെയ്യുന്നതിനെ പറ്റിയും അവരെ ഉത്ബോധിപ്പിക്കേണ്ടതുണ്ട്. അന്യരെ സഹായിക്കേണ്ടതിന്റെ ആവശ്യകത ചെറുപ്രായത്തിൽ തന്നെ അവർ മനസ്സിലാക്കട്ടെ. ആവശ്യത്തിലിരിക്കുന്ന ഒരാളെ സഹായിക്കാനോ , ഒരു സുഹൃത്തിനു ജന്മദിന സമ്മാനം വാങ്ങാനോ ഒക്കെ ആ പണം  ഉപയോഗിക്കാം. നാം നമ്മുടെ കയ്യിൽ എത്തുന്ന പണത്തിന്റെ ഉടമകളല്ല, സൂക്ഷിപ്പുകാർ മാത്രം ആണ്.

 സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കുട്ടിക്കു മനോധൈര്യം കിട്ടുക മാത്രമല്ല, ഫലപ്രദമായി അവനോടു ഇക്കാര്യങ്ങൾ ചർച്ച ചെയ്യാൻ അച്ഛന് ഒരു അവസരം ലഭിക്കുക കൂടെ ചെയ്യും. ഈ മൂന്നു കാര്യങ്ങൾക്കും എങ്ങനെ പണം വേർതിരിക്കണമെന്നും എങ്ങനെ ചെലവഴിക്കണമെന്നും കുട്ടിയോട് പറഞ്ഞു കൊടുക്കാം. പക്ഷെ  അന്തിമ തീരുമാനം അവന്റേതാകട്ടെ.  ചിലപ്പോൾ ഈ പ്രക്രിയയിൽ കുട്ടികൾക്ക് തെറ്റ് പറ്റി എന്ന് വരാം. സ്വന്തം വീടിന്റെ സുരക്ഷിതത്വത്തിനുള്ളിൽ  തന്നെ അവൻ പിശക് വരുത്തിക്കോട്ടെ, നമുക്കതു തിരുത്തി കൊടുക്കാമല്ലോ.

"ഞാൻ പലതിനു വേണ്ടിയും പണം വേർതിരിക്കുമ്പോൾ, സ്‌കൂളിൽ പോയി തുടങ്ങാത്ത എന്റെ കുഞ്ഞു മകനെ മടിയിൽ ഇരുത്താറുണ്ട്. അവൻ ഇതൊക്കെ കണ്ട് വളരട്ടെ,"ഒരു പിതാവ് പറഞ്ഞത് എന്റെ ഓർമയിലുണ്ട്, " കൂടാതെ, ഞങ്ങളുടെ അത്താഴ മേശയിലും ഞങ്ങൾ ഇക്കാര്യം ചർച്ച ചെയ്യാറുണ്ട്." വളരെ അനുകരണീയമായ മാതൃകയാണിതെന്നു എനിക്ക് തോന്നി.

( ഇതേ വിഷയത്തെ പറ്റിയുള്ള വിചിന്തനം അടുത്തയാഴ്ച തുടരും)