Oct 28, 2021 • 13M

തടവിലാക്കപ്പെടുന്ന പെൺമനസുകൾ- സമൂഹത്തിൻ്റെ പങ്കെന്ത്? - ഭാഗം 7

അമ്മയാകേണ്ടത് അവൾ ആഗ്രഹിക്കുമ്പോൾ, നിർബന്ധിത മാതൃത്വം വേണ്ട !

2
 
1.0×
0:00
-13:05
Open in playerListen on);
Episode details
Comments

അമ്മയാകുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് എന്നാണ് പൊതുവെ പറയാറുള്ളത്. ശരിയാവാം, എന്നാൽ അമ്മയാകുക എന്നത് മാത്രമാണ് ഒരു സ്ത്രീയുടെ ജീവിതത്തിലെ അത്യന്തിക ലക്ഷ്യം എന്ന് കരുതരുത്. അമ്മയാകാൻ ഒരു സ്ത്രീ ശരീരം കൊണ്ട് മാത്രമല്ല, മനസ്സുകൊണ്ടും ഒരുങ്ങേണ്ടതുണ്ട്. അല്ലാത്തപക്ഷം വൻദുരന്തമായിരിക്കും അമ്മയേയും കുഞ്ഞിനേയും  കുടുംബത്തേയും കാത്തിരിക്കുന്നത്. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ, നമ്മുടെ നാട്ടിൽ അമ്മയാകുക എന്നത് ഒരു പരിധിവരെ നിർബന്ധിതമായ ഒന്നാണ്. നിശ്ചിതപ്രായമെത്തിയാൽ വിവാഹം, ഇനി വിവാഹം അല്പം വൈകിയാൽ ഉടനെ, പ്രായം കൂടിയാൽ കുഞ്ഞുങ്ങൾ ജനിക്കാൻ ബുദ്ധിമുട്ടാകും എന്ന ഉപദേശം! ഇത്തരം ഉപദേശികൾ, അമ്മയാകുക എന്നതാണ് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് പറയാതെ പറയുന്നു. മകന്റെയോ മകളുടെയോ വിവാഹം കഴിഞ്ഞയുടനെ തങ്ങൾക്കൊരു കുഞ്ഞിക്കാൽ കാണാൻ മോഹമായെന്ന് പറയുമ്പോൾ ആരും ഓർക്കുന്നില്ല അമ്മയാകേണ്ടവൾ, പത്ത് മാസം ഗർഭം ധരിക്കേണ്ടവൾ അതിന് തയ്യാറാണോ എന്ന്.

ഇവിടെയാണ് നിർബന്ധിത മാതൃത്വം എന്ന പദത്തിന് പ്രസക്തിയേറുന്നത്.

ഒരു കുഞ്ഞു ജനിക്കേണ്ടത് അത്യന്തികമായി അതിന്റെ മാതാപിതാക്കളുടെ ആഗ്രഹപ്രകാരം അവർക്ക് ഉചിതമായ സമയത്തായിരിക്കണം.

 നമ്മുടെ നാട്ടിൽ അത്തരത്തിലുള്ള ഒരു തീരുമാനമെടുക്കാൻ ദമ്പതികൾക്ക് അവകാശമില്ലെന്ന് തെളിയിക്കുന്നതാണ് ബന്ധുക്കളുടെയും അയൽക്കാരുടെയും നാട്ടുകാരുടെയും വകയായ 'വിശേഷമൊന്നും ആയില്ലേ മോളെ ' എന്ന ചോദ്യം. ഇക്കാര്യത്തിൽ ഭാരം മുഴുവൻ സ്ത്രീക്കാണ്. എന്തേ കുഞ്ഞുങ്ങളുണ്ടാകാത്തത്, ഗർഭധാരണം  വൈകിക്കുന്നത് നല്ലതല്ല, തുടങ്ങിയ ചോദ്യങ്ങളും ഉപദേശങ്ങളുമൊന്നും ഇക്കാര്യത്തിൽ പുരുഷന്മാർക്ക് ബാധകമല്ല. ചോദ്യം ചെയ്യപ്പെടുന്നത്  എപ്പോഴും സ്ത്രീകൾ തന്നെയായിരിക്കും. എന്നാൽ ചോദ്യകർത്താവ് എല്ലായ്പ്പോഴും സ്ത്രീകളാകണം എന്ന നിർബന്ധവുമില്ല. വീട്ടിലെ പൂച്ചക്കുട്ടി വരെ വിവാഹം കഴിഞ്ഞു നിശ്ചിത മാസങ്ങൾ പിന്നിട്ട പെണ്ണിനോട് ഈ ചോദ്യം ചോദിക്കുമെന്ന് പറഞ്ഞാൽ അതിലൊട്ടും അതിശയോക്തി വേണ്ട.

ഇനി ഒരു പെൺകുട്ടിക്ക് അമ്മയാകാൻ താല്പര്യമില്ല എന്നിരിക്കട്ടെ, പ്രസവത്തെക്കുറിച്ചുള്ള ഭയമോ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള താൽപ്പര്യക്കുറവോ സാമ്പത്തികമായ അരക്ഷിതാവസ്ഥയോ കാരണങ്ങൾ എന്തുമാകട്ടെ, അത് അംഗീകരിക്കുകയും അവൾക്ക് വേണ്ട പിന്തുണ നൽകുകയും ചെയ്യുക എന്നത് ഏറെ അനിവാര്യമായ കാര്യമാണ്. എന്നാൽ നമ്മുടെ നാട്ടിൽ ഒരു പെൺകുട്ടി തനിക്ക് അമ്മയാകാൻ താല്പര്യമില്ലെന്ന് പറഞ്ഞാൽ ഉടനെ അവളെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തുന്നു.പിന്നീട് മാതൃത്വത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള ഉപദേശങ്ങളും അമ്മയാകാൻ ആഗ്രഹിക്കാത്ത പെണ്ണിനെ ശപിക്കുന്ന വാക്കുകളുമൊക്കെയായിരിക്കും അവളെ തേടിയെത്തുക. ഒടുവിൽ മാനസികമായ പീഡനം സഹിക്കാൻ കഴിയാതെ മനസില്ലാമനസോടെ പലരും അമ്മയാകാൻ ഒരുങ്ങുന്നു. സ്വന്തം ജീവനും ജീവിതവും തന്നെയായിരിക്കും ഇത്തരമൊരു തീരുമാനത്തിനുള്ള വിലയായി അവൾക്ക് നൽകേണ്ടി വരിക.

മാരിറ്റൽ റേപ് ഒരു കെട്ടുകഥയല്ല !

വിവാഹവും മാതൃത്വവുമൊക്കെ പവിത്രമായിരിക്കാം, എന്നാൽ ഓരോ വ്യക്തികൾക്കും അതിനോടുള്ള കാഴ്ചപ്പാട് വ്യത്യസ്തമാണ്. ചെറുപ്പം മുതൽക്ക് വിവാഹം കഴിക്കുക, അമ്മയാകുക തുടങ്ങിയ കാര്യങ്ങളോട് തീരെ താല്പര്യം കാണിക്കാത്ത പെൺകുട്ടിയായിരുന്നു തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനിയായ ജിനിത. ചെറുപ്പത്തിൽ കേട്ട ഒരു പ്രസവകഥയും അതിനെത്തുടർന്നുണ്ടായ പേടിയും ജിനിത വളരുന്നതിനൊപ്പം തന്നെ വളർന്നു. പിജി കഴിഞ്ഞു വിവാഹാലോചനകൾ തുടങ്ങിയതോടെ ജിനിത തനിക്ക് വിവാഹം വേണ്ടെന്ന് പലകുറി വീട്ടുകാരോട് പറഞ്ഞു. എന്നാൽ അതൊന്നും കേൾക്കാനുള്ള മനസ് കാണിക്കാഞ്ഞ വീട്ടുകാർ പെൺകുട്ടിയെ എങ്ങനെയെങ്കിലും 'കെട്ടിച്ചു വിടാനുള്ള' ശ്രമത്തിലായിരുന്നു. ഒടുവിൽ സഹികെട്ട് അമ്മയോട് ജിനിത തനിക്ക് പ്രസവകാര്യത്തിലും വിവാഹജീവിതത്തിലുമുള്ള ഭയത്തെപ്പറ്റി പറഞ്ഞു. എന്നാൽ അതെല്ലാം സർവ്വസാധാരണമാണെന്നായിരുന്നു അമ്മയുടെ മറുപടി.

'പെൺകുട്ടികളായാൽ ഇക്കാര്യത്തിലൊക്കെ അല്പം പേടിയുണ്ടാകും. അതൊക്കെ സമയമാകുമ്പോൾ മാറും അത്രതന്നെ. ഒരു പ്രായമെത്തിയാൽ കല്യാണം കഴിക്കും പിന്നെ പ്രസവിക്കും അതൊക്കെ പെൺകുട്ടികളുടെ ജീവിതത്തിൽ സർവസാധാരണമാണ്' എന്ന് പറഞ്ഞുകൊണ്ട് 'അമ്മ ജിനിതയുടെ ആശങ്കകളെ തള്ളിക്കളഞ്ഞു . വിവാഹാലോചന മുറുകിയപ്പോളെല്ലാം ജിനിത എതിർപ്പുമായി മുന്നോട്ട് വന്നു. ഒടുവിൽ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ മാതാപിതാക്കൾ ആത്മഹത്യ ചെയ്യും എന്ന ഭീഷണിക്ക് മുന്നിൽ ജിനിത മുട്ടുമടക്കി. അങ്ങനെ തീരെ താല്പര്യമില്ലാതെ ജിനിത ഭാര്യയായി. ദാമ്പത്യജീവിതത്തിൽ നിന്നും അകലം പാലിക്കുകയും ഒഴിഞ്ഞു മാറി പോകുകയും ചെയ്തിരുന്ന ജിനിതയെ തുടക്കത്തിൽ ഭർത്താവ് പിന്തുണച്ചു. പുതുമോടിയുടെ നാണമാകും കാരണമെന്ന് കരുതി. എന്നാൽ മാസങ്ങൾ കഴിഞ്ഞതോടെ അയാളുടെ ക്ഷമ നശിച്ചു. മാതാപിതാക്കളുടെ ആത്മഹത്യാഭീഷണിയെ തുടർന്ന് ഒന്നും തുറന്നു പറയാനുള്ള ധൈര്യം ജിനിതയ്ക്ക് ഇല്ലാതെ പോയി.

വിവാഹം കഴിഞ്ഞു 4  മാസം ആയതോടെ, പതിവ് പോലെ 'കുഞ്ഞിക്കാൽ' ചോദ്യങ്ങൾ ദമ്പതിമാരെ തേടിയെത്തി. ആ ചോദ്യങ്ങൾ ചെന്നവസാനിച്ചത് ഒരു മാരിറ്റൽ റേപ്പിൽ ആയിരുന്നു. ഭാര്യയുടെ സമ്മതപ്രകാരമല്ലാതെ നിർബന്ധബുദ്ധിയോടും ബലപ്രയോഗത്തോടും കൂടി നടത്തുന്ന ശാരീരിക ബന്ധമാണ് മാരിറ്റൽ റേപ്. പലപ്പോഴും കേസ് ആകാതെ പോകുന്ന, ഇര എല്ലാം ഉള്ളിലൊതുക്കുന്ന ക്രൈം. ഇവിടെയും സംഭവിച്ചത് അത് തന്നെയായിരുന്നു. ജിനിത ഗർഭിണി ആയതോടെ എല്ലാം ശരിയായി എന്ന ആശ്വാസമായിരുന്നു മാതാപിതാക്കൾക്ക്. എന്നാൽ ഒന്നും വിചാരിച്ച പോലെ ആയിരുന്നില്ല. ഗർഭകാലത്തുടനീളം ജിനിത കടന്നു പോയത് കടുത്ത മനഃപ്രയാസത്തിലും വേദനയിലും ആയിരുന്നു. അവൾക്ക് അവളോട് തന്നെ വെറുപ്പ് തോന്നിയ ദിനങ്ങളായിരുന്നു അത്.ഒടുവിൽ അവൾ ഏറെ ഭയന്ന ആ ദിവസം വന്നെത്തി. സിസേറിയൻ മതിയെന്ന് ജിനിത ഡോക്റ്ററോട് യാചിച്ചെങ്കിലും സ്വാഭാവിക പ്രസവത്തിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു..ജിനിതയെ

സ്വാഭാവിക പ്രസവത്തിന്റേതായ ബുദ്ധിമുട്ടുകളും വേദനയും ജിനിതയെ  തളർത്തി. പ്രസവിച്ച കുഞ്ഞിന്റെ മുഖത്തു നോക്കാനുള്ള താല്പര്യം പോലും അവൾ കാണിച്ചില്ല. പയ്യെ പയ്യെ ജിനിത പോസ്റ്റ് പാർട്ടം ഡിപ്രഷനിലേക്ക് വഴുതിവീണു. മനസുകൊണ്ട് ഒരിക്കലും പ്രസവിച്ച കുഞ്ഞിനെ അംഗീകരിക്കാനാവാതെ വിഷമിച്ചു. കരയുന്ന കുഞ്ഞിനെ എടുക്കാത്ത, പാല് കൊടുക്കാത്ത, പരിചരിക്കാത്ത അമ്മയെ എല്ലാവരും അടച്ചാക്ഷേപിച്ചു. ഒരാൾ പോലും  അടിച്ചേല്പിക്കപ്പെട്ട മാതൃത്വത്തിന്റെ വേദനയിൽ പിടയുന്ന ജിനിതയുടെ മനസ് കണ്ടില്ല. പ്രസവാനന്തരം വീട്ടിലെത്തിയിട്ടും നിർവികാരതയോടെ ഇരിക്കുന്ന, ആരോടും മിണ്ടാത്ത ജിനിതയെ വീട്ടുകാർ ഡോക്റ്ററെ കാണിച്ചു. ഗൈനക്കോളജിസ്റ്റിന്റെ നിർദേശപ്രകാരമാണ് സൈക്യാട്രിസ്റ്റ് ജിനിതയെ പരിശോധിക്കുന്നതും പ്രശ്നം കണ്ടെത്തുന്നതും. മാനസിക പ്രശ്നമുള്ള ഒരുവളെ മനഃപൂർവം വിവാഹം ചെയ്യിപ്പിച്ചെന്നും പറഞ്ഞുകൊണ്ട് ഭർത്താവും കുടുംബവും പ്രശ്നമുണ്ടാക്കി. അതോടെ, ജിനിത എന്നെന്നേക്കുമായി സ്വന്തം വീട്ടിലേക്ക് മടങ്ങി. ഇപ്പോളും സൈക്യാട്രിക് ചികിത്സ നേടുകയാണ് ജിനിത.

ഇവിടെ യഥാർത്ഥത്തിൽ തെറ്റുകാർ ജിനിതയുടെ മാതാപിതാക്കളാണ്. തനിക്ക് വിവാഹവും പ്രസവവുമെല്ലാം ഭയമാണെന്നു തങ്ങളുടെ മകൾ പറഞ്ഞപ്പോൾ അവരതിന് ഒരു വിലയും നൽകിയില്ല. കൃത്യസമയത്ത് അനിവാര്യമായ മാനസിക പിന്തുണയും ചികിത്സയും നൽകിയിരുന്നു എങ്കിൽ ജിനിതയ്ക്ക് ഒരിക്കലും ഇത്തരമൊരു അവസ്ഥ വരില്ലായിരുന്നു.

കരിയർ കളഞ്ഞും അമ്മയാകണം!

എത്ര നല്ല രീതിയിൽ പഠിക്കുന്ന കുട്ടിയായാലും ശരി, പെൺകുട്ടിയാണെങ്കിൽ 'എന്തിനാ പഠിച്ചിട്ട് കെട്ടി നാളെ ഒരുത്തന്റെ വീട്ടിൽ പോകാനുള്ളതാണ്' എന്ന വാചകം ഒരിക്കലെങ്കിലും ജീവിതത്തിൽ കേട്ടിരിക്കും. ഈ ഒരു വാചകം നൽകുന്ന ഇൻസെകുരിറ്റി വളരെ വലുതാണ്. മറ്റുള്ളവരുടെ തണലിൽ ജീവിക്കേണ്ട ഒരുവളാണ് നീ എന്ന് പറയാതെ പറഞ്ഞു വയ്ക്കുന്നു. ഇതിനോട് യോജിക്കാനാവാതെ നല്ലൊരു കരിയർ തെരഞ്ഞെടുത്ത് മുന്നോട്ട് പോകാനൊരുങ്ങിയാലോ, അവിടെയും വരും വിവാഹവും അതിനെത്തുടർന്ന് അമ്മയാകാനുള്ള സമ്മർദവും. ഇത്തരമൊരു സമ്മർദ്ദത്തിൽ പെട്ട് വിവാഹം കഴിഞ്ഞയുടൻ അമ്മയായതാണ് കൊച്ചി സ്വദേശി അനുശ്രീ. കുഞ്ഞുങ്ങൾ ഒക്കെ നോക്കി നിൽക്കുമ്പോളേക്കും വളരും, ഡേ കെയറിൽ ആക്കി ജോലിക്ക് പോകാല്ലോ, ഭർത്താവിന്റെ 'അമ്മ നോക്കും കുഞ്ഞിനെ അങ്ങനെ പ്രസവത്തിനു മുൻപ് ഓഫറുകൾ പലതായിരുന്നു. എന്നാൽ പ്രസവം കഴിഞ്ഞതോടെ ഈ ഓഫറുകളിൽ പലതും ഇല്ലാതായി. കുഞ്ഞിന്റെ എല്ലാ കാര്യത്തിനും 'അമ്മ തന്നെ വേണം.  ഡേ കെയറിൽ ആക്കിയാൽ കുഞ്ഞിന് ആവശ്യമായ ശ്രദ്ധ കിട്ടില്ലെന്ന്‌ അച്ഛൻ വീട്ടുകാർ. അങ്ങനെ മെറ്റേണിറ്റി ലീവ് കഴിഞ്ഞിട്ടും ജോലിയിൽ പ്രവേശിക്കാനാകാതെ ജോലി ഉപേക്ഷിക്കേണ്ടി വന്നു അനുശ്രീക്ക്. ഏറെ ഇഷ്ടപ്പെട്ട് പഠിച്ച കെമിക്കൽ എഞ്ചിനീയറിംഗ്, കാമ്പസ് റിക്രൂട്ട്മെന്റ് വഴി കിട്ടിയ ജോലി, പ്രമോഷൻ കപ്പിനും ചുണ്ടിനും ഇടയിൽ നിൽക്കുന്ന അവസ്ഥയിൽ ജോലി രാജി വയ്‌ക്കേണ്ടി വന്നത് അനുശ്രീയെ വല്ലാതെ തളർത്തി.

കുഞ്ഞു ജനിച്ചതോടെ തന്റെ ജീവിതം കൈവിട്ടു പോയി എന്ന ചിന്ത ആഴത്തിൽ വേരുറച്ചെങ്കിലും അതിന്റെ ദേഷ്യമൊന്നും അനുശ്രീ കുഞ്ഞിനോട് കാണിച്ചില്ല. ദേഷ്യം മുഴുവൻ പുറമെ ഉള്ളവരോട് ആയിരുന്നു. വീട്ടുകാരോടും ഭർത്താവിനോടും അനുശ്രീ സംസാരിക്കാതെയായി.കൂട്ടുകാരിൽ നിന്നും അകലം പാലിച്ചു.

''പ്രസവത്തെത്തുടർന്നു 4  വർഷം എനിക്ക് എന്റെ കരിയറിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. ആ സമയത്തെ എന്നെ ഞാൻ മറക്കാൻ ആഗ്രഹിക്കുകയാണ്. ആത്മവിശ്വാസമില്ലാതെ, ആരെയും കാണാൻ ആഗ്രഹിക്കാതെ, സ്വയം ഒരു പരാജയമാണ് എന്ന തോന്നലിലാണ് ഞാൻ ആ വർഷങ്ങളത്രയും ജീവിച്ചത്. അഞ്ചാം വർഷം ജോലിയിൽ പ്രവേശിച്ചെങ്കിലും 4  വർഷത്തെ ബ്രേക്ക് ഉള്ളതിനാൽ കരിയർ ഒന്നിൽ നിന്നും തുടങ്ങേണ്ടി വന്നു. പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്, കരിയർ ഒന്ന് കൂടി മികച്ച തലത്തിലെത്തിയ ശേഷമാണു ഞാൻ അമ്മയായിരുന്നത് എങ്കിൽ എനിക്കെന്റെ മനസ് കൈവിട്ട് പോകില്ലായിരുന്നു. ഡിപ്രഷൻ മരുന്നുകളെ ആശ്രയിക്കാതെ തന്നെ എനിക്ക് മകളെ വളർത്തമായിരുന്നു.'' അനുശ്രീ പറയുന്നു.

നമ്മുടെ  സമൂഹത്തിൽ ഒരു കുഞ്ഞിന്‍റെ പകുതിയിലധികം ഉത്തരവാദിത്തം അമ്മയുടെ ചുമലിലാണ്. പാലൂട്ടുന്ന കാര്യത്തിൽ മാത്രമാണ് ഒരു കുഞ്ഞിന് അമ്മ നിർബന്ധം എന്നിരിക്കെ അമ്മയെ പോലെ, അമ്മ സ്നേഹം, വാത്സല്യം എന്നിങ്ങനെയുള്ള  അനാവശ്യ മഹത്വവൽക്കരണത്തിന്‍റെ ചങ്ങലകൾ അവളെക്കൊണ്ടു സ്വയം അണിയിച്ചശേഷം   പുരുഷൻ ജോലിയും സമ്പാദ്യവും അതിലൂടെയുള്ള ആധിപത്യവുമായി മുന്നേറുന്നു. അതുകൊണ്ടു തന്നെ ഒരു കുഞ്ഞ് എന്നത് പുരുഷന്‍റെ കരിയർ ട്രാക്കിൽ ഒരു തടസ്സമേയല്ല. ഈ ചിന്താഗതി ആണ് ആദ്യം മാറേണ്ടത്.

വിവാഹത്തിന്റെയും പ്രത്യുത്പാദനത്തിന്റെയും കാര്യത്തിൽ ലൈംഗിക പ്രായപൂർത്തി മാത്രമാണ് നമ്മുടെ നാട്ടിൽ പലരും  ഇന്നും മുഖവിലക്കെടുക്കുന്നത്.

എന്നാൽ സ്ത്രീയുടെയും പുരുഷന്റെയും കാര്യത്തിൽ ഇത് ഒരുപോലെ അല്ലതാനും. പതിനെട്ട്‌ വയസ്സായ പെൺകുട്ടിയെ വിവാഹം കഴിച്ചു കൊടുക്കാൻ തയ്യാറാവുന്ന മാതാപിതാക്കളാരും ഇരുപത്തിയൊന്ന് വയസ്സായ ആൺമക്കളെ വിവാഹം കഴിപ്പിക്കാറില്ല.

ആൺകുട്ടികൾക്ക് അവർക്ക് ഇഷ്ടമുള്ള കരിയറിന് അനുസരിച്ചു ഉന്നത വിദ്യാഭ്യാസം സാദ്ധ്യമാവുമ്പോൾ പെൺകുട്ടികൾക്ക് പഠിക്കാൻ തിരഞ്ഞെടുത്തു കൊടുക്കുന്നതും, അനുവാദം കൊടുക്കുന്നതും അമ്മയാകാനും ജോലി ചെയ്യാനും ഒരേ പോലെ സാധിക്കുന്ന, അല്ലെങ്കിൽ ബാലൻസ് ചെയ്യാൻ കഴിയുന്ന കരിയറുകളാണ്. അമ്മയാകാൻ ഇഷ്ടമില്ലാത്ത ഒരുവളെ ആ അവസ്ഥയിലേക്ക് തള്ളിയിടുന്നത് അങ്ങേയറ്റം ദ്രോഹമാണ്. കടുത്ത മാനസിക വിഭ്രാന്തിയിലേക്ക് അമ്മയെ തള്ളിയിടുകയും കുഞ്ഞിനെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന കാര്യമാണിത്.

തനിക്ക് അമ്മയാകാൻ താല്പര്യമില്ലെന്ന് ഒരുവൾ പറഞ്ഞാൽ അതിനുള്ള മറുപടി ശാരീരികോപദ്രവമോ ഉപദേശമോ അല്ല. അവളെ കേൾക്കാൻ തയ്യാറാകുക. എന്താണ് അത്തരമൊരു തീരുമാനത്തിലേക്ക് അവളെ നയിക്കുന്ന ഘടകം എന്ന് അറിയുക. തിരുത്തപ്പെടേണ്ട ധാരണകളോ, അകാരണമായ ഭയമോ ആണെങ്കിൽ വിവാഹത്തിന് മുൻപ് തന്നെ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടുക.അതല്ല, മാതൃത്വത്തിനോട് താല്പര്യമില്ലാത്ത മനസും പ്രകൃതവും ആണെങ്കിൽ ആ തീരുമാനത്തെ ഉൾക്കൊള്ളുക., അവരെ അവരായിരിക്കാൻ അനുവദിക്കുക.

അടുത്തലക്കം : പോസ്റ്റ് പാർട്ടം ഡിപ്രഷൻ കെട്ടുകഥയല്ല , അംഗീകരിക്കണം ഈ ഹോർമോൺ ചാഞ്ചാട്ടത്തെ