Dec 21, 2021 • 6M

മാനസ്സികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിസ്സാരമല്ല!

2
 
1.0×
0:00
-5:47
Open in playerListen on);
Episode details
Comments

ആരോഗ്യമെന്നത് മനുഷ്യന്റെ നിലനിൽപ്പിന്റെ തന്നെ ആധാരമാണ്. ശാരീരികമായ ആരോഗ്യം നിലനിർത്തുന്നതിന് ചിട്ടയായതും ആരോഗ്യകരമായതുമായ ആഹാരശൈലിയും ജീവിതശൈലിയും പിന്തുടരേണ്ടതുണ്ടെന്നത് നമുക്കെല്ലാം അറിയാവുന്നതുമാണ്. ഒപ്പം ശാരീരികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും രോഗാവസ്ഥയും എല്ലാ മനുഷ്യന്റെയും ജീവിതത്തിൽ സംഭവിക്കുന്നതും പരിഹരിച്ച് മുന്നോട്ട് പോകേണ്ടതുമാണെന്ന ധാരണ എല്ലാക്കാലത്തും മനുഷ്യനുണ്ടായിട്ടുണ്ട് എന്ന് തന്നെ വേണം പറയാൻ. അത് സ്വന്തം കാര്യത്തിൽ മാത്രല്ല, മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെടുന്ന എല്ലാ ജീവജാലങ്ങളുടെയും കാര്യത്തിൽ മനുഷ്യൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓമനിച്ചു വളർത്തുന്ന മൃഗങ്ങളായാലും, പക്ഷികളായാലും, വൃക്ഷങ്ങളോ മറ്റ് സസ്യങ്ങളോ ആയാലും അതങ്ങനെ തന്നെ!

അതുകൊണ്ട് തന്നെ ശാരീരികമായി ബുദ്ധിമുട്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്കെല്ലാം ഒരു പരിധിവരെ സമൂഹം കൃത്യമായി ചികിത്സ തേടുകയും മറികടക്കുകയും ചെയ്തിട്ടുണ്ട്. പണ്ട് നാട്ടുവൈദ്യത്തിൽ തുടങ്ങി ഇന്നത് മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികൾ വരെ എത്തിനിൽക്കുന്നു. വിവിധങ്ങളും വിശാലവുമായ ചികിത്സാ സൗകര്യങ്ങളുള്ള തുകൊണ്ട് തന്നെ വളരെ സാധാരണ പ്രശ്നങ്ങളിൽ തുടങ്ങി, സാരമായതും, മനുഷ്യശരീരത്തിൽ ഉറങ്ങിക്കിടക്കുന്നതുമായ രോഗങ്ങളെ പോലും കണ്ടെത്തി-ചികിൽസിച്ച് മറികടക്കുന്ന തലങ്ങളിലേക്ക് ശാസ്ത്രം വളർന്നിരിക്കുന്നു.

ഇനി മാനസികാരോഗ്യത്തിലേക്ക് വരാം!

ശാരീരികാരോഗ്യവുമായി ബന്ധപ്പെട്ട് മനുഷ്യന് എത്രമാത്രം ധാരണകളുണ്ടെങ്കിലും, മാനസികാരോഗ്യകാര്യത്തിൽ ഇത്തരത്തിലുള്ള ധാരണകളുടെ അഭാവം വ്യക്തമായി കാണാൻ സാധിയ്ക്കുന്നത് മനുഷ്യൻ പുലർത്തുന്ന അജ്ഞതയുടെയും, അശ്രദ്ധയുടെയും, യഥാസമയത്ത് ചികിത്സ നേടി മറികടക്കുന്നതിനുള്ള ശ്രമങ്ങൾ നടത്താത്തത്തിലൂടെയുമൊക്കെ ആണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യമോ, മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ ആവശ്യമായ തിരിച്ചറിവുകളോ, സ്വീകരിക്കേണ്ട മുൻകരുതലുകളോ, കൗൺസിലിങ്ങും സൈക്കോതെറാപ്പിയും സൈക്യാട്രിക് മരുന്നുകളും ഉൾപ്പെടുന്ന ചികിത്സാരീതിയോ ഒക്കെ വലിയൊരു ശതമാനം മനുഷ്യർക്കും ഇന്നും തീരെ പരിചിതമോ സ്വീകാര്യമോ അല്ല എന്നതാണ് വാസ്തവം.

മാനസ്സികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോടോ രോഗാവസ്ഥയോടോ സമൂഹം കാട്ടുന്ന മനോഭാവം പലപ്പോഴും വളരെ മോശമാണെന്നു തന്നെ പറയാം.

അതിന്റെ ചില ഉദാഹരണങ്ങൾ നമുക്ക് നോക്കാം.

"പിന്നെ…ഡിപ്രഷൻ! നല്ല തല്ലുകൊള്ളാത്തതിന്റെയാണ്. ചുമ്മാതിരുന്ന് ഭക്ഷണം കഴിച്ചാൽ അങ്ങനൊക്കെ തോന്നും. ചുമ്മാ മുറിയടച്ചിരിക്കാതെ പറമ്പിലിറങ്ങി രണ്ട് വാഴ വയ്ക്ക്. "

"അനാവശ്യമായതൊക്കെ ചുമ്മാതിരുന്ന് ചിന്തിച്ച് കൂട്ടിയിട്ട് ആൻക്സിറ്റി ആണ് പോലും. "

"പോസ്റ്റ്‌ പാർട്ടം ഡിപ്രഷൻ! പുതിയ ഓരോ കണ്ടു പിടുത്തങ്ങൾ. എന്റെ അമ്മൂമ്മയ്ക്ക് അച്ഛനുൾപ്പടെ എട്ട് മക്കളുണ്ടായിരുന്ന്. എനിക്ക് ദേ നാലെണ്ണം നമ്മളിതൊന്നും അനുഭവിച്ചിട്ടില്ല. അതുങ്ങള് കല്യാണം കഴിച്ച് ദേ മക്കളൾ ജനിക്കുമ്പോൾ പറയുന്ന് വയ്യാന്നൊക്കെ. പോസ്റ്റ്‌പാർട്ടം ഡിപ്രഷനെന്ന് പേരും. "

"അയ്യോ എന്റെ മോൾക്ക് എന്തൊക്കെയോ പ്രശ്നം. അവൻ പറയുന്നത് അവളുടെ കൂടെ ആരോ ഉണ്ടെന്നാണ്. അവൾക്ക് അയാളെ വ്യക്തമായി കാണമെന്ന്. ഇടയ്ക്കിടയ്ക്ക് അശരീരി പോലെ ആരോ സംസാരിക്കുന്നു എന്ന്. ദേഹത്ത് എന്തോ ഇഴയുന്ന പോലെ ഒക്കെ തോന്നുന്നൂന്ന്. എന്റെ മോൾക്ക് എന്തോ ബാധ കൂടിയെന്നാണ് തോന്നുന്നത്. നമുക്ക് വല്ലോ മന്ത്രവാദിയുടെ അടുത്തോ പള്ളിയിലോ ഒക്കെ കൊണ്ട് പോകാം."

“കുട്ടി ഭയങ്കര കുസൃതിയാ. ഒരു സെക്കന്റ്‌ അവൻ എവിടെയെങ്കിലും അടങ്ങിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. പഠിക്കാൻ വിളിച്ചാൽ പോലും കുഞ്ഞിന് അവിടെ ഇരിക്കാൻ വയ്യ. കയ്യൊക്കെ എന്തൊക്കെയോ വസ്തുക്കളിൽ ചെന്ന് പിടിയ്ക്കുകയാണ്. പറയുന്ന കാര്യങ്ങളിലൊന്നും അവന് തീരെ ശ്രദ്ധയില്ല.”

“നീ വെറുതെ കൊച്ചിനെ കുറ്റം പറയണ്ട. ഈ പ്രായത്തിൽ എല്ലാ പിള്ളേരും ഇങ്ങനെ തന്നെയാ .”

“എന്റെ ഉറക്കം തീരെ ശരിയാകുന്നില്ല. ഉറങ്ങാനേ പറ്റുന്നില്ല. രാത്രിയും പകലും ഉറങ്ങാൻ പറ്റുന്നില്ല. വല്ലാത്തൊരു മാനസികാവസ്ഥയും.”

“നീ ചുമ്മാ ആവശ്യമില്ലാത്തതൊക്കെ പറയാതെ. അവസാനം ചെക്കനെ കിട്ടത്തില്ലാട്ടോ. "

ഇതൊക്കെയാണ് സാധാരണ മാനസികമായി ബുദ്ധിമുട്ടിക്കുന്ന പ്രശ്നങ്ങളോടോ രോഗവസ്ഥയോടോ സമൂഹത്തിന്റെ നിലപാട്.

മറ്റൊരു വശം!

മാനസികമായി ചില പ്രശ്നങ്ങളുണ്ട്. മറികടക്കാൻ എത്രശ്രമിച്ചിട്ടും ഇതുവരെ കഴിഞ്ഞിട്ടുമില്ല. പക്ഷെ സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ ഒന്നും കാണുന്നില്ല. മരിച്ചൊന്നും പോകുന്ന അസുഖമല്ലല്ലോ. അതങ്ങ് മാറിക്കോളും.

ഈ സൈക്യാട്രിക് മെഡിസിനൊക്കെ വല്ല്യ കേടാണെന്നെ. അതൊന്നും കഴിക്കാൻ നിക്കണ്ട.

എന്താണ് ഈ കൗൺസിലിങ്? ഉപദേശമല്ലേ… അതിനെന്തിനാ സൈക്കോളജിസ്റ്റിനു കൊണ്ടുപോയി പൈസ കൊടുക്കുന്നെ…

സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കണ്ടെന്ന് ആരേലുമറിഞ്ഞാൽ പിന്നെ നാണക്കേടാണ്.

ഇവയൊക്കെയാണ് ചികിത്സ നേടുന്നതുമായി ബന്ധപ്പെട്ട പൊതുവായ കാഴ്ചപ്പാടുകൾ.

നിങ്ങളോർക്കുക!

മാനസികമായി നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങളൊന്നും തന്നെ നിസ്സാരങ്ങളല്ല. കൃത്യ സമയത്ത് പരിഹരിക്കപ്പെട്ടില്ലെങ്കിൽ പുറത്ത് കടക്കാൻ കഴിയാത്ത വിധം കുരുക്കിൽപ്പെടുത്തുന്നതാണ് ഭൂരിഭാഗം അല്ലെങ്കിൽ മുഴുവൻ പ്രശ്നങ്ങളും.

മറ്റൊന്ന്, നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾ "മാനസികമായി" മാത്രം ബുദ്ധിമുട്ടിക്കുന്നവയാണെന്നത് വളരെ തെറ്റായ ഒരു ധാരണയാകുന്നു.

ചെറുത് മുതൽ വലുത് വരെയുള്ള മാനസിക പ്രശ്നങ്ങളെല്ലാം തന്നെ ചെറുതും വലുതുമായ ഏറെ ശാരീരിക പ്രശ്നങ്ങൾക്കും കാരണമാകുന്നു എന്നതാണ് സത്യം..

തലവേദനയും, തലകറക്കവും, ഉറക്കക്കൂടുതലും ഉറക്കക്കുറവും, അധികമായ വിശപ്പും ദാഹവും, വിശപ്പും ദാഹവും ഇല്ലായ്മയും, അധികമായ ഹൃദയമിടിപ്പും, അധികമായി ശരീരം വിയർക്കുന്നതും, നാവു വരളുന്നതും മുതൽ നിസ്സാരമെന്ന് തോന്നിക്കുന്ന പല പ്രശ്നങ്ങളും  ആഴമേറിയ പല ആരോഗ്യ പ്രശ്നങ്ങലിലേക്കും എത്തിച്ചെന്നുവരാം.

അമിത അളവിലനുഭവിക്കുന്ന സ്ട്രെസ് രക്തസമ്മർദ്ദമേറുന്നതിനും പ്രമേഹത്തിനും കാരണമാകുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

രക്തസമ്മർദ്ദമേറുന്നതും, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതും ജീവഹാനി വരെ സംഭവിക്കുന്നതിന് കാരണമായേക്കാം.

ഈ ശാരീരിക അസ്വസ്ഥതകൾക്കും രോഗാവസ്ഥകൾക്കുമപ്പുറം സ്വയം ജീവൻ അവസാനിപ്പിക്കുക എന്ന തീരുമാനത്തിലേക്കും മാനസിക ബുദ്ധിമുട്ടുകൾ ഓരോ മനുഷ്യനെയും തള്ളിയിടാം. അതുകൊണ്ട് തന്നെ ശാരീരിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നതു പോലെ നിങ്ങളെ മാനസ്സികമായി ബുദ്ധിമുട്ടിക്കുന്ന പ്രശ്നങ്ങൾക്കും നിർബന്ധമായും ചികിത്സ തേടുക. കൃത്യ സമയത്ത് കൃത്യമായ രോഗനിർണ്ണയത്തിലൂടെയും ചികിത്സാരീതിയിലൂടെയും പ്രശ്നങ്ങൾ മറികടക്കാൻ ശ്രമിക്കുക.

കൂടുതൽ വിവരങ്ങൾക്കും സേവനങ്ങൾക്കും ഏത് സമയത്തും ഒരു സൈക്കോളജിസ്റ്റിന്റെ സേവനം തേടാവുന്നതാണ്.