Jan 27 • 11M

തടവിലാക്കപ്പെടുന്ന പെൺമനസുകൾ- സമൂഹത്തിന്റെ പങ്കെന്ത്? ഭാഗം - 20

സമൂഹം എന്തും പറയട്ടെ! തുറന്നു പറയാം, ചികിത്സ നേടാം

Lakshmi Narayanan
Comment
Share
 
1.0×
0:00
-11:11
Open in playerListen on);
Episode details
Comments

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത് ഷെയിൻ നിഗം, രേവതി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി വന്ന സിനിമയാണ് ഭൂതകാലം. അടുത്തിടെ റിലീസ് ആയ ഈ ചിത്രം ഒരു ഹൊറർ ത്രില്ലർ വിഭാഗത്തിൽപെട്ട സിനിമയാണെന്ന് ഒരു വിഭാഗം ജനങ്ങൾ വിധി എഴുതുമ്പോഴും സിനിമ മുന്നോട്ട് വയ്ക്കുന്ന 'ക്ലിനിക്കൽ ഡിപ്രഷൻ' എന്ന അവസ്ഥയെയും അതിന്റെ രൂപാന്തരത്തെയും മാനസികാരോഗ്യത്തിന്റെ അപര്യാപ്തത എങ്ങനെയാണ് വ്യക്തിജീവിതങ്ങൾ ഇല്ലാതാക്കുന്നത് എന്ന വസ്തുതയെയും മനസിലാക്കണം. ഇല്ലാത്ത കാഴ്ചകൾ കാണുക, അകാരണമായ ഭയം, ആരോ പിന്തുടരുന്നുണ്ട് എന്ന തോന്നൽ, വിഷാദം തുടങ്ങിയ പല അവസ്ഥകളുടെ സമ്മിശ്ര രൂപമാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. അവരുടെ ഭൂതകാലത്തിലെ ദുരനുഭവങ്ങളിൽ നിന്നുമാണ് മാനസികാരോഗ്യം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് ആശയും മകൻ വിനുവും എത്തുന്നത്.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് ഒന്ന് രണ്ട്‌ കാര്യങ്ങൾ വളരെ കൃത്യമായി സിനിമ പറയുന്നുണ്ട്. ക്ലിനിക്കൽ ഡിപ്രഷനിലൂടെ കടന്ന് പോകുന്ന ആ അമ്മയ്ക്ക് വേണ്ടത് ഇടയ്ക്ക് നിന്നുപോകാത്തവിധം തുടർച്ചയായ മരുന്നുകളും (Follow Up) ചികിത്സയുമായിരുന്നു. എന്നാൽ ആശുപത്രിയിൽ തന്റെ പ്രശ്‌നങ്ങൾ അറിയാമായിരുന്ന ഡോക്ടർ നിന്ന നിൽപ്പിൽ സ്ഥലംമാറി പോയെന്നറിയുമ്പോൾ അവർക്കുണ്ടാകുന്ന ഒരു അന്ധാളിപ്പുണ്ട്. ഈ അവസ്ഥ മാനസികരോഗത്തിന് ചികിത്സതേടുന്ന പലരും ഇത്തരത്തിലുള്ള അവസ്ഥകളിലൂടെ കടന്നു പോകാറുണ്ട്.  മാനസിക പ്രശ്‌നമുള്ള ഒരാളുടെ കൂടെ നിൽക്കുന്ന, അവർക്കൊപ്പം കഴിയുന്ന ആളുകളെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് പലപ്പോഴും സാഹചര്യങ്ങൾ തെളിയിക്കാറുണ്ട്.വളരെ നോർമൽ ആയ ഇവർ മെല്ലെ മെല്ലെ രോഗിയുടെ അതേ അവസ്ഥയിലേക്ക് വഴുതി വീഴുന്നത് പല കേസുകളിലും കാണാം. ശ്രദ്ധിച്ചില്ലെങ്കിൽ ഉറപ്പായും നാളെ അവരിൽ ചിലരും ഈ രോഗത്തിനടിമകളായേക്കാം. ഒരു പക്ഷെ ചിത്രത്തിലെ ഷെയിൻ നിഗത്തിൻ്റെ കഥാപാത്രമായ വിനുവിനെ ബാധിച്ചത് അമ്മയിൽ നിന്നും കടം കൊണ്ട മാനസിക പ്രശ്നങ്ങളാകാം. എന്നും രാത്രി കേൾക്കുന്ന അമ്മയുടെ കരച്ചിൽ വിനുവിന്റെ മനസ്സിനെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന് കാണിച്ച്‌ തരുന്ന പല മുഹൂർത്തങ്ങളും സിനിമയിലുണ്ട്‌.

തന്നെ കൗൺസിലിംഗിന് കൊണ്ട് പോകാൻ വീട്ടുകാർ ശ്രമിക്കുന്നു എന്ന് വിനു തന്റെ കാമുകിയോട് പറയുമ്പോൾ, അവളുടെ മാറുന്ന മുഖഭാവം വ്യക്തമാക്കുന്നത് വാനസികരോഗങ്ങളോടും മാനസികരോഗികളോടും സമൂഹം കാണിക്കുന്ന മാറ്റിനിർത്തൽ മനോഭാവമാണ്. എന്താണ് മനഃശാസ്ത്ര വിഷയങ്ങളോടുള്ള സമൂഹത്തിന്റെ സമീപനമെന്ന് വ്യക്തമായി കാണിച്ചു തരികയാണ് ഭൂതകാലം എന്ന ഈ ചിത്രം.

ഈ സിനിമ അവസാനിക്കുന്നിടത്ത് നിന്നെങ്കിലും  മനഃശാസ്ത്ര ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ച് നാം ചിന്തിച്ചു തുടങ്ങണം.

ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യം എന്ന് മനസിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

പലപ്പോഴും മാനസികമായി ഒരാൾ നല്ല അവസ്ഥയിലല്ല എന്ന് പറയുമ്പോൾ സമൂഹം അത് മടി, അലസത, കള്ളം എന്നിവയൊക്കെയായിട്ടാണ് വിലയിരുത്തുന്നത്.  മാനസികാരോഗ്യക്കുറവ് എന്നത് വളരെ വലിയ ഒരു സത്യമാണ്. ശരീരഭാഗങ്ങളെ അസുഖങ്ങൾ ബാധിക്കുന്നത് പോലെ തലച്ചോറിനെയും ചില രോഗങ്ങൾ ബാധിക്കുന്നു. സാധാരണ ജീവിതം നയിക്കാൻ സാധ്യമല്ലാത്ത വിധം മാനസികപ്രശ്‌നങ്ങൾ തലച്ചോറിനെ ബാധിക്കാൻ സാധ്യതയുണ്ട്. ഈ ഘട്ടത്തിൽ ചികിത്സ അനിവാര്യമാണ്. ചികിത്സ വൈകിക്കുന്നതാണ് ഇവിടെ അപകടം. മാനസിക പ്രശ്‌നങ്ങൾ ഓരോരുത്തരേയും ബാധിക്കുന്ന രീതികൾ വ്യത്യസ്തങ്ങളാണ്. മാനസിക രോഗത്തിന് ചികിത്സ ആവശ്യമുണ്ടെന്നുമുള്ള കാര്യം അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. കൃത്യമായ വിദഗ്ദ്ധ ചികിത്സ ഇല്ലാതെ മാനസികരോഗം മാറില്ല.

ഉപദേശവും പൂജകളും കൊണ്ട് പൊറുതി മുട്ടിയ ദിനങ്ങൾ

മാനസികാരോഗ്യക്കുറവിനെ സമൂഹം തെറ്റായി വിലയിരുത്തുന്നതിന്റെയും കൃത്യമായ ചികിത്സ ലഭ്യമാക്കാത്തതിന്റെയും ഇരയാണ് കൊച്ചി സ്വദേശിനിയായ മീര. തനിക്ക് ആവശ്യമായ ചികിത്സ ആശുപത്രികളിൽ നിന്നുതന്നെ ശാസ്ത്രീയമായി നേടണം എന്ന് മനസിലാക്കിയിടത്തായിരുന്നു മീരയുടെ ജീവിതത്തിലേക്കുള്ള മടക്കം.

''28  വയസ്സുള്ളപ്പോഴാണ് എന്റെ ഭർത്താവ് മരിക്കുന്നത്. അന്ന് ഞാൻ അഞ്ചു മാസം ഗർഭിണിയായിരുന്നു. ഞങ്ങൾ ഒരുമിച്ചു സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടാണ് അദ്ദേഹം മരിക്കുന്നത്. ഞാൻ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായി. എനിക്ക് എന്റെ ഗർഭസ്ഥശിശുവിനെയും നഷ്ടമായി. സത്യം പറഞ്ഞാൽ ഭർത്താവിന്റെ അവസാനയാത്രയിൽ പങ്കെടുക്കാനോ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കാനോ എനിക്ക് കഴിഞ്ഞില്ല. അതെനിക്കുണ്ടാക്കിയ ട്രോമാ വളരെ വലുതായിരുന്നു. പതിയെ പതിയെ ഞാൻ ശാരീരികമായ ആരോഗ്യം വീണ്ടെടുത്തു എങ്കിലും മാനസികമായി ഞാൻ ഏറെ തകർന്ന അവസ്ഥയിലായിരുന്നു. ആർക്ക് വേണ്ടി ജീവിക്കണം, എന്തിനു വേണ്ടി ജീവിക്കണം തുടങ്ങി ചിന്തകൾക്കൊപ്പം ഭർത്താവിന്റെയും ഗർഭാവസ്ഥയിൽ നഷ്ടപ്പെട്ട കുഞ്ഞിന്റെയും ഓർമ്മകൾ എന്നെ വേട്ടയാടി. എന്റെ കൂടെ അവരും ഉണ്ടെന്ന തോന്നൽ എന്നിൽ ശക്തമാകാൻ തുടങ്ങി. ഈ അവസ്ഥയിലും സഹതാപം ചൊരിഞ്ഞു ആശ്വസിപ്പിക്കാനും ഭാവിയെപ്പറ്റി ഉപദേശിക്കാനും മറ്റൊരു കല്യാണത്തെപ്പറ്റി ചിന്തിക്കണം എന്ന് പറയാനുമൊക്കെ ചുറ്റും ആളുകൾ ഉണ്ടായിരുന്നു. ഇതെനിക്ക് നൽകിയ മാനസിക പിരിമുറുക്കം ചെറുതല്ല. ദിവസങ്ങൾ കഴിയുംതോറും ഞാൻ ഡിപ്രഷൻ എന്ന അവസ്ഥയിലേക്ക് വീണു. എത്ര ഉപദേശിച്ചിട്ടും എനിക്ക് മാറ്റമില്ല എന്ന് കണ്ടപ്പോൾ ബന്ധുക്കൾ വരെ പറഞ്ഞു എന്റെ അലസതയാണ് കാരണമെന്ന്. തുടർന്ന് എനിക്കായി ക്ഷേത്രങ്ങളിൽ അവർ പൂജകൾ നടത്തി, ബന്ധുക്കളിൽ പലരും ഉപദേശവുമായി വന്നു. ഈ അവസ്ഥ അപകടമാണെന്ന് ഏതോ ഒരു നിമിഷത്തിൽ എനിക്കും തോന്നിത്തുടങ്ങി. എനിക്ക് വേണ്ടത് മനസ് തുറന്നു സംസാരിക്കാൻ ഒരാളെയായിരുന്നു. എന്റെ തോന്നലുകളെല്ലാം ഞാൻ എന്റെ അടുത്ത സുഹൃത്തിനോട് തുറന്നു പറഞ്ഞു. അവളുടെ സഹായത്തോടെ ഞാൻ നല്ലൊരു സൈക്യാട്രിസ്റ്റിനെ അടുക്കലെത്തി. ഡിപ്രഷന്റെ രണ്ടാം ഘട്ടത്തിൽ എത്തിയ എനിക്ക് മരുന്നുകളുടെ പിന്തുണയും തുടർച്ചയായ കൗൺസിലിംഗുകളും ലഭിച്ചപ്പോൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞു. എന്നാൽ എന്റെ ചികിത്സയുടെ ഒരു ഘട്ടത്തിൽ പോലും വീട്ടുകാരിൽ നിന്നും പിന്തുണയുണ്ടായിരുന്നില്ല.മകൾ മാനസികരോഗത്തിന് ചികിത്സതേടുന്നത് കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നാണ് അവർ വിശ്വസിച്ചത്.''മീര തന്റെ അനുഭവങ്ങൾ തുറന്നു പറയുന്നു. മീരയുടെ അനുഭവം ഒറ്റപ്പെട്ട ഒന്നല്ല.

പലകുടുംബങ്ങളും ഇന്നും കരുതുന്നത് മാനസിക പ്രശ്നമെന്നാൽ പുറത്ത് പറയാൻ പാടില്ലാത്ത ഒന്നാണ് എന്നാണ്.

സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടാണ് ഇത്തരം പ്രശ്നങ്ങൾക്ക് പിന്നിൽ. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അഞ്ചിൽ ഒരാൾവീതം മാനസികരോഗം അനുഭവിക്കുന്നവരാണ് എന്നതാണ് വസ്തുത. ഇതിൽ ചിലർക്ക് ചികിത്സ നൈവാര്യമായി വരുന്നു. മാനസികരോഗം ആർക്ക് വേണമെങ്കിലും വരാവുന്നതാണ്. പണ്ടുണ്ടായിരുന്നതിനേക്കാള്‍ വേഗത്തിലാണ് ഇപ്പോൾ മാനസികരോഗം ആളുകളിൽ കണ്ടുവരുന്നത്. ഭൂരിപക്ഷം മാനസികരോഗങ്ങളും വളരെ നേരത്തെതന്നെ തിരിച്ചറിഞ്ഞാൽ വേഗത്തിൽ ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും. കൃത്യമായ ചികിത്സയും പരിചരണവുമാണ് ഇതിനാവശ്യം. ബന്ധുക്കളും സുഹൃത്തുക്കളും മാതാപിതാക്കളും നൽകുന്ന പരിചരണവും സ്‌നേഹവും കരുതലും അനുസരിച്ചാണ് മാനസികരോഗ ചികിത്സയുടെ ഫലപ്രാപ്തി. മാനസികരോഗം ഒരിക്കലും ചികിൽസിച്ചു ഭേദമാക്കാൻ കഴിയില്ലെന്ന ധാരണയാണ് പലപ്പോഴും മാനസിക രോഗികളോടുള്ള വിമുഖതയ്ക്ക് പിന്നിൽ. ഒരു വ്യക്തിയുടെ സാമൂഹിക, ജനിതക, മാനസിക, പാരിസ്ഥിതിക, ശാരീരിക, ജീവശാസ്ത്രപരമായ ഘടകങ്ങളുടെ മാറ്റം കൊണ്ടാണ് മാനസികരോഗങ്ങൾ ഉണ്ടാകുന്നത്.

മാനസികരോഗമെന്നാൽ ആക്രമണകാരിയാകുക എന്നല്ല

സമൂഹത്തിന്റെ വിവിധശ്രേണികളിൽ മാനസികരോഗം വിലയിരുത്തപ്പെടുന്നത് ഏത് നിമിഷവും ആക്രമണകാരിയായ നിൽക്കുന്ന ഒരു വ്യക്തിയുടെ ഭാവത്തോടെയാണ്. എന്നാൽ ഇത് തീർത്തും തെറ്റായ ധാരണയാണ്. സ്കീസോഫ്രീനിയ, ബൈപോളാർ ഡിസോർഡർ, ഡിപ്രഷൻ തുടങ്ങിയ പല അവസ്ഥകളിലും രോഗി തീർത്തും അന്തർമുഖനായി തന്നിലേക്ക് തന്നെ ചുരുങ്ങിപ്പോകാനുള്ള സാധ്യതകൾ വളരെ  കൂടുതലാണ്. അക്രമങ്ങൾക്ക് ഒരാളുടെ മാനസികനിലയുമായി കാര്യമായ ബന്ധമില്ല. സാധാരണ മനുഷ്യർക്കുള്ള അക്രമവാസന മാത്രമാണ് മാനസികരോഗം ബാധിച്ചവർക്കുമുള്ളത്, അത് അവരോട് എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. മാനസികരോഗം ബാധിച്ചവർ സ്വയം അപകടപ്പെടുത്താനാണ് സാധ്യത കൂടുതൽ. സാമൂഹിക, ജനിതക, പാരിസ്ഥിതിക, ശാരീരിക, ജീവശാസ്ത്രപരമായ ഘടകങ്ങളുടെ മാറ്റം കൊണ്ടാണ് മാനസികരോഗങ്ങൾ ഉണ്ടാകുന്നത്.

മാനസികരോഗത്തിന് ഒരിക്കലും നിങ്ങളുടെ മനോബലവുമായി ബന്ധമില്ല.

ഏത് തരത്തിലുള്ള മനുഷ്യരെയും മാനസികരോഗം ബാധിക്കാം.മനസിനെ നിയന്ത്രിച്ച് മാനസികരോഗത്തിൽനിന്ന് രക്ഷപ്പെടാം എന്നത് തെറ്റായ ചിന്തയാണ്. ചികിത്സ തന്നെയാണ് അനിവാര്യമായ ഘടകം.ചികിത്സയും കൗൺസിലിങ്ങും ഭൂരിപക്ഷ മാനസികരോഗ ചികിത്സയുടെയും പ്രധാനഘടകങ്ങളാണ്.

ഭാവി ജീവിതം

മാനസികരോഗമുള്ള ഒരു വ്യക്തിക്ക് ജീവിതത്തിൽ മുന്നേറ്റമില്ല എന്നത് തെറ്റായ ധാരണയാണ്. ഒരു വ്യക്തിക്ക് മാനസിക രോഗം ഉണ്ട് എന്നതിന് അയാള്‍ക്ക് സ്വതന്ത്രവും സജീവവുമായ ഒരു ജീവിതം നയിക്കാന്‍ കഴിവില്ലായിരിക്കും എന്നര്‍ത്ഥമില്ല. ഇത് സൂചിപ്പിക്കുന്നത് ആ വ്യക്തി വൈകാരികമായി എളുപ്പത്തില്‍ പരിക്കേല്‍ക്കുന്ന ഒരവസ്ഥയിലാണെന്നും കുറച്ചുകാലത്തേക്ക് അയാള്‍ക്ക് സഹായം ആവശ്യമായി വന്നേക്കാമെന്നും മാത്രമാണ്. കൃത്യമായ  പിന്തുണയും ഉചിതമായ ചികിത്സാ പദ്ധതിയും ഉണ്ടെങ്കില്‍ അവര്‍ക്ക്  അവരുടെ ആരോഗ്യം തിരിച്ചുപിടിക്കാനും രോഗം വരുന്നതിന് മുമ്പുണ്ടായിരുന്നതുപോല തന്നെയുള്ള  ഒരു സാധാരണ ജീവിതം നയിക്കാനും  കഴിയും. രോഗത്തിന്റെ തീവ്രത കുറയുന്നതിനനുസരിച്ച് അഭിരുചിക്ക് അനുസരിച്ചുള്ള ജോലികളിൽ പ്രവേശിക്കാൻ കഴിയും എന്നതിൽ സംശയമില്ല. താത്കാലികമായ ഒരു രോഗാവസ്ഥ എന്ന നിലയിൽ കണ്ടുവേണം ചികിത്സ ആരംഭിക്കാൻ.

വിഷാദം (ഡിപ്രഷന്‍): അകാരണമായ നിരാശ, തളര്‍ച്ച, ദൈനംദിന കാര്യങ്ങളില്‍ ഉത്സാഹം നഷ്ടമാവുക, വിശപ്പില്ലായ്ക, ഉറക്കക്കുറവ്, ജീവിതത്തില്‍ പ്രത്യാശയില്ലാതാവുക.

ഒബ്‌സസ്സീവ് കമ്പല്‍സീവ് ഡിസോര്‍ഡര്‍ (ഒ.സി.ഡി.): അനാവശ്യ ചിന്തകളും പേടികളും സംശയങ്ങളും നിരന്തരം അലട്ടുക, കഴുകുവാനും കുളിക്കുവാനുമൊക്കെ ഏറെ സമയം വേണ്ടിവരിക.

ഡെല്യൂഷണല്‍ ഡിസോര്‍ഡര്‍ (സംശയരോഗം): ജീവിത പങ്കാളിക്ക് പലരോടും അടുപ്പമുണ്ട്, തനിക്ക് ഏറെ ശത്രുക്കളുണ്ട്, ഏതോ മാരകരോഗം തന്നെ ബാധിച്ചിട്ടുണ്ട് എന്നൊക്കെയുള്ള ദൃഢവിശ്വാസങ്ങള്‍, ഒരു തെളിവുമില്ലാതെയും വെച്ചുപുലര്‍ത്തുക.

പാനിക് ഡിസോര്‍ഡര്‍: അമിതമായ പേടി, നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, കൈകാല്‍ വിറയല്‍ തുടങ്ങിയവ, ഒരു പ്രകോപനവുമില്ലാത്തപ്പോഴും, ഇടയ്ക്കിടെ അനുഭവപ്പെടുക.

മുകളിൽ പറഞ്ഞതു പോലെ വിവിധതരത്തിൽ മാനസികരോഗാവസ്ഥകൾ ഒരു വ്യക്തിയിൽ വരാം. അകറ്റി നിർത്തൽ, ചികിത്സ നിഷേധിക്കൽ എന്നിവ ഒരിക്കലും ഒരു പരിഹാരമാർഗ്ഗമല്ല. കൃത്യമായ സമയത്ത് ചികിത്സ ലഭ്യമാക്കുന്നതിലൂടെ വളരെ വലിയ ഒരു പ്രശ്നത്തെ നിസാരമായി പരിഹരിക്കാൻ ഒരുപക്ഷെ കഴിഞ്ഞേക്കാം.