Dec 30, 2021 • 9M

തടവിലാക്കപ്പെടുന്ന പെൺമനസുകൾ- സമൂഹത്തിന്റെ പങ്കെന്ത്? ഭാഗം - 16

മെനോപോസ് മാസമുറയുടെ അവസാനമാണ്, സ്വപ്നങ്ങളുടെയല്ല!

2
 
1.0×
0:00
-8:45
Open in playerListen on);
Episode details
Comments

ആർത്തവം ആരംഭിക്കുന്നതോടെ ഒരു പെൺകുട്ടി സ്ത്രീ എന്ന തലത്തിലേക്ക് പരിണമിക്കുകയാണ്. ആർത്തവം എന്ന് കേൾക്കുമ്പോൾ നെറ്റിചുളിക്കുകയല്ല, ആർത്തവം ശരീരത്തിലുണ്ടാകുന്ന പോസിറ്റീവ് ആയ മാറ്റങ്ങൾ ആഘോഷിക്കപ്പെടുകയാണ് വേണ്ടത്. ആർത്തവാരംഭത്തോടെ, ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, അവളുടെ തുടർജീവിതത്തിന്റെ ഭാഗമാകുന്നു. കേവലം അമ്മയാകാനുള്ള തയ്യാറെടുപ്പ് മാത്രമല്ല ആർത്തവം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു സ്ത്രീയെ അതിന്റെ പൂർണ്ണതയിലെത്തിക്കുന്ന പലവിധ ശാരീരിക ഹോർമോണുകളുടെയും നിർമ്മിതി ശരീരത്തിൽ ഇക്കാലത്ത് നടക്കുന്നു. പ്രണയം, മാതൃത്വം തുടങ്ങിയ വികാരങ്ങൾ അതിന്റെ എല്ലാ തീവ്രതയോടും കൂടി ആഘോഷിക്കപ്പെടുന്നതും ഇക്കാലത്താണ്.

ഇങ്ങനെയൊരു അവസ്ഥയിൽ ആർത്തവവിരാമത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? മിക്കവർക്കും 45 മുതൽ 55 വയസ്സിനുള്ളിൽ ആർത്തവം നിലയ്ക്കാം. ശരീരത്തിലെ ഹോർമോണുകളുടെ വേലിയേറ്റത്തിന് വിരാമമിട്ടുകൊണ്ട് പെട്ടെന്ന് ഒരു ദിവസം ഹോർമോണുകളിൽ പലതും പ്രവർത്തനം നിർത്തുന്നു. പെട്ടെന്നുള്ള ഈ ഹോർമോൺ പിന്മാറ്റം വലിയ സമ്മർദ്ദമാണ് സ്ത്രീകളുടെ ശരീരത്തിലുണ്ടാക്കുന്നത്. എന്നാൽ ദൗർഭാഗ്യകരമെന്ന് പറയട്ടെ, ആർത്തവവിരാമത്തെ ഇപ്പോഴും ഭാഗ്യമായി നോക്കിക്കാണുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഒരു സ്ത്രീക്ക് ആർത്തവവിരാമമുണ്ടായാൽ, ഹാ... നന്നായി അതങ്ങട് കഴിഞ്ഞുകിട്ടിയല്ലോ എന്ന മറുപടിയാണ് പലർക്കും. എന്നാൽ ആർത്തവിരാമമെന്നത് മാസം തോറുമുള്ള ആ നാല് ദിവസത്തെ വയറുവേദനയോ രക്തസ്രാവമോ മാത്രമല്ല എന്ന തിരിച്ചറിവിലേക്കുള്ള ദൂരം ഏറെ വലുതാണ്.

ആർത്തവം ആരംഭിക്കുന്നത് പോലെ തന്നെ, അനിവാര്യമായ ഒന്നാണ് ആർത്തവ വിരാമം. എന്നാൽ ഇതിന്റെ പ്രായം ഓരോ വ്യക്തിയിലും വിഭിന്നമായിരിക്കും എന്ന് മാത്രം. ആര്‍ത്തവവിരാമത്തിനുശേഷമുണ്ടാകുന്ന ശാരീരിക- മാനസികപ്രക്രിയകള്‍ വളരെ വലുതാണ്. എന്നാല്‍ ആരും പുറത്തുപറയാറില്ല. അതിന് പലരും തയ്യാറുമല്ല. എന്നാല്‍ സ്ത്രീകള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാലഘട്ടമാണിത്.

ഓക്‌സിടോസിൻ പോലുള്ള ഹോർമോണുകളുടെ പിന്മാറ്റമുണ്ടാകുന്ന ഇക്കാലഘട്ടത്തിൽ മാനസികമായും ശാരീരികമായും ഏറെ തളർന്ന അവസ്ഥയിലൂടെയായിരിക്കും സ്ത്രീകൾ കടന്നു പോകുന്നത്.

ഇത് മനസിലാക്കി കൂടെ നിൽക്കുക എന്നത് ഏറെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. ഇക്കാര്യം ഏറ്റവും കൂടുതൽ മനസിലാക്കേണ്ടതും സാമിപ്യം കൊണ്ടും പരിചരണം കൊണ്ടും അടുത്ത് നിൽക്കേണ്ടതും സ്വന്തം ഭർത്താവാണ്. ഭാര്യയെ ഏറ്റവും കരുതലോടെയും സ്‌നേഹത്തോടെയും സമീപിക്കേണ്ടി വരുന്ന കാലഘട്ടം എന്ന നിലക്ക് വേണം ഈ കാലത്തെ നോക്കിക്കാണാൻ.

ചിന്തകളുടെ വേലിയേറ്റങ്ങൾ

ആര്‍ത്തവവിരാമത്തിനുശേഷമുണ്ടാകുന്ന ശാരീരിക- മാനസികപ്രക്രിയകള്‍ വളരെ വലുതാണ്. എന്നാല്‍ ആരും പുറത്തുപറയാറില്ല. അതിന് പലരും തയ്യാറുമല്ല. വ്യത്യസ്തതരം  വികാരങ്ങളുടെ വേലിയേറ്റമാണ് ഇക്കാലഘട്ടത്തിലുണ്ടാകുന്നത്. പെട്ടെന്നുണ്ടാകുന്ന രോഷം, ആത്മസംയമനമില്ലായ്മ, സെക്‌സിനോടു താത്പര്യമില്ലായ്മ, പോസ്റ്റ്പാർട്ടം ഡിപ്രഷന് തുല്യമായ വിഷാദം ഇതൊക്കെ ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍ കാണുന്ന മാറ്റങ്ങളാണ്. തങ്ങളിലെ പ്രത്യുത്പാദനക്ഷമത അവസാനിക്കുന്നുവെന്നു സ്ത്രീ ഭീതിയോടെ മനസിലാക്കുന്ന കാലഘട്ടം. എന്നാൽ ആർത്തവിരാമം പ്രത്യുല്പാദനത്തെ മാത്രമാണ് ബാധിക്കുന്നത് എന്നും ലൈംഗിക ജീവിതത്തെ ബാധിക്കുന്നില്ല എന്നുമുള്ള തിരിച്ചറിവ് പലർക്കും ഉണ്ടാകുന്നില്ല.

അതിനാൽ തന്നെ ആർത്തവ വിരാമം സംഭവിച്ചാൽ സംതൃപ്തമായ ലൈംഗികജീവിതം നയിക്കാനാവില്ല എന്ന് കരുതി ഭർത്താവിൽ നിന്നും പലരും അകൽച്ച കാണിക്കുന്നു. ഇത് സ്വസ്ഥമായ കുടുംബാന്തരീക്ഷത്തെ ബാധിക്കുന്നു. എന്നാല്‍ ഇതിലൊക്കെയുപരി പകുതിയിലേറെ സ്ത്രീകളിലും ആശങ്കയുളവാക്കുന്ന പല മാനസിക- ശാരീരികപ്രശ്‌നങ്ങളും ഈ ഘട്ടത്തില്‍ കണ്ടുവരാറുണ്ടെന്നു പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. മൂഡ് മാറ്റങ്ങൾ പ്രത്യേകിച്ച് വിഷാദരോഗം. ഉറക്കം വരാതിരിക്കുകയോ, ഉറക്കത്തിൽ നിന്ന് വിയർത്തൊലിച്ച് ഉണരുകയോ ചെയ്യും. മെനോപോസിന് ശേഷം ശരീരഭാരം വർധിക്കാൻ സാധ്യതയുണ്ട്.

ചിലപ്പോൾ ഒറ്റയ്ക്കിരുന്നു കരയുക, അകാരണമായ കാര്യങ്ങളിൽ സങ്കടം തോന്നുക, കുടുംബത്തിലെ പ്രിയപ്പെട്ടവരിൽ നിന്നും അകലം പാലിക്കുക തുടങ്ങി നിരവധി പ്രശ്നങ്ങൾ ഇക്കാലഘട്ടത്തിൽ സ്ത്രീകൾ നേരിടുന്നുണ്ട്. അപൂർവം ചിലരിൽ ആത്മഹത്യ പ്രവണത വരെ ഇക്കാലഘട്ടത്തിൽ കാണാൻ കഴിയും. ചില വ്യക്തികളുടെ മനോനില താറുമാറാകുന്നത് മൂലം ഹോർമോൺ ചികിത്സകളും നിരന്തരമായ കൗൺസിലിംഗ് സെഷനുകളും ആവശ്യമായി വരുന്നു.

ശാരീരികപ്രശ്നങ്ങളും ഏറെ

ആര്‍ത്തവവിരാമം സംഭവിച്ച 51 ശതമാനം സ്ത്രീകളെയും വിഷമിപ്പിക്കുന്നത് അവരുടെ ലൈംഗികാവയവങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. മിക്കവരും അതു പുറത്തുപറയാന്‍ മടിക്കുകയും ചെയ്യും. ഗുഹ്യഭാഗങ്ങളിലുണ്ടാകുന്ന ചൊറിച്ചില്‍, വേദന, ദ്രാവകമൊഴുക്ക്, ദുര്‍ഗന്ധം തുടങ്ങിയവയൊക്കെ ഇത്തരക്കാരെ വിഷമിപ്പിക്കുന്ന കാര്യങ്ങളാണ്. ചിലരില്‍ ഇടയ്ക്കിടെയുണ്ടാകുന്ന അനിയന്ത്രിതമായ മൂത്രം പോക്ക്, അനിയന്ത്രിതമായ മാലിന്യമൊഴുക്ക്, വസ്തിപ്രദേശത്തുണ്ടാകുന്ന(പെല്‍വിക്) സ്ഥാനമാറ്റം തുടങ്ങിയവ മാനസിക ബുദ്ധിമുട്ടുകളുമുണ്ടാക്കുന്നു. എന്നാല്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടെങ്കിലും ബഹുഭൂരിപക്ഷം സ്ത്രീകളും ചികിത്സ തേടാറില്ല. ആവശ്യമായ സമയത്ത് കൃത്യമായ ചികിത്സ കിട്ടാതെ വരുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴി വയ്ക്കുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് ആരും തന്നെ പരിഗണിക്കുന്നില്ല എന്ന തോന്നലുണ്ടാകുന്നതും ഇക്കാലത്താണ്. അപൂർവം ചില സ്ത്രീകളിൽ കടുത്ത ലൈംഗിക മരവിപ്പും കാണാറുണ്ട്. ഇത് അകാരണമായ ചിന്തകളുടെയും ആശങ്കകളുടെയും പ്രതിഫലനം കൂടിയാണ്.

തുറന്നു പറച്ചിലുകളും ആവശ്യമായ ചികിത്സ തേടലുമാണ് ഇക്കാര്യത്തിൽ അനിവാര്യം. അടുത്തിടെ  ഹോളിവുഡ്താരം ആഞ്ജലീന ജൂലി തനിക്കുണ്ടാകുന്ന ആര്‍ത്തവവിരാമപ്രശ്‌നങ്ങള്‍ പുറം ലോകവുമായി പങ്കുവയ്ക്കുകയുണ്ടായി. തന്റെ ഓവറി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതിലൂടെ അകാലത്തില്‍ ആര്‍ത്തവവിരാമം വന്നതിനെപ്പറ്റി അവര്‍ പറയുന്നുണ്ട്. ആർത്തവവിരാമശേഷം ജീവിതശൈലിയില്‍ത്തന്നെ മാറ്റം വരുത്താന്‍ പലരും നിർബന്ധിതരാകുന്നു.

അണ്ഡോത്പാദനം നിലയ്ക്കുന്നതോടെ പ്രത്യുൽപ്പാദനശേഷി ഇല്ലാതാവുന്നു. ഈസ്ട്രജൻ ഹോർമോണിന്റെ അഭാവം ചില സ്ത്രീകളിൽ ശാരീരിക–മാനസിക മാറ്റങ്ങൾ ഉണ്ടാക്കാറുണ്ട്. ഇതിനെ ഒരു രോഗമായി കണക്കാക്കേണ്ട കാര്യമില്ല. ശരീരത്തിൽ ഉണ്ടാകുന്ന ഒരു പരിണാമം മാത്രമാണ് ആർത്തവവിരാമം. പെട്ടെന്നു ശരീരത്തിലുണ്ടാകുന്ന ഉഷ്ണം, ത്വക്കിലുണ്ടാകുന്ന ചുവപ്പുനിറവും തടിപ്പും, അമിതവിയർപ്പ്, കടുത്ത ക്ഷീണം, ദേഷ്യം, ഉറക്കക്കുറവ്, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾ ആർത്തവവിരാമത്തോടനുബന്ധിച്ചു സ്ത്രീകളിൽ കാണാറുണ്ട്. ശരീരത്തിലെ ചൂടു വർധിക്കൽ ആർത്തവവിരാമത്തിന്റെ ആദ്യഘട്ടത്തിൽ 60 ശതമാനം സ്ത്രീകളിലും കാണാറുണ്ട്. പെട്ടെന്നുണ്ടാകുന്ന ചൂടും വേദനയും ഏതാനും നിമിഷം നീണ്ടുനിൽക്കും. വർഷങ്ങൾക്കു ശേഷം ഇത് ഭേദമാകും.

ജെനിറ്റോ യൂറിനറി സിന്‍ഡ്രോം ഓഫ് മെനോപോസ് എന്നാണ് ഈ പ്രശ്‌നങ്ങളെ ഡോക്ടര്‍മാര്‍ തരം തിരിച്ചിട്ടുള്ളത്. നോര്‍ത്ത് അമേരിക്കന്‍ മെനോപോസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അമ്പത്തഞ്ചുവയസ് കഴിഞ്ഞ 358 സ്ത്രീകളില്‍ ഗവേഷകര്‍ നടത്തിയ പരീക്ഷണത്തില്‍ 40 ശതമാനം പേരില്‍ ഇതുമൂലം വൈകാരികപ്രശ്‌നങ്ങളുണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തി. 51 ശതമാനം പേരില്‍ ലൈംഗികാവയവ(വജൈനല്‍) പ്രശ്നങ്ങളും ഉണ്ട്. 76 ശതമാനം പേരിലും ലൈംഗികാവയവത്തിലെ പ്രശ്‌നങ്ങള്‍ കാരണം ലൈംഗികജീവിതത്തെ ദോഷകരമായി ബാധിച്ചു. എന്നാൽ ഈ അവസ്ഥകളിലൊന്നും തന്നെ കൃത്യമായ വൈദ്യസഹായം ഇവർ നേടിയുമില്ല.

ശരീരത്തിന് അമിതമായ ചൂട് അനുഭവപ്പെടുക, ആത്രൈറ്റിസ്‌ പോലുള്ള രോഗങ്ങൾ പിടിപെടുക തുടങ്ങിയവ ഈ അവസ്ഥയിലാണ് ഉണ്ടാകുന്നത്. പുതിയ ഒരു ജീവിതത്തിനു സ്ത്രീകളെ ഒരുക്കിയെടുക്കുക എന്നതാണ് ഈ സാഹചര്യത്തിൽ ഏറ്റവും അത്യാവശ്യമായ കാര്യം.  കൂടുതൽ കരുതൽ, സ്നേഹം, പിന്തുണയ്ക്കാനായി ഇപ്പോഴും കൂടെ ഒരാളുണ്ട് എന്ന തോന്നൽ എന്നിവയാണ് ആർത്തവവിരാമത്തിൽ സ്ത്രീകൾക്ക് ആവശ്യം. അല്ലാത്ത പക്ഷം അമിതമായ മാനസിക സമ്മർദ്ദം മറ്റു പല ശാരീരിക പ്രശ്നങ്ങൾക്കും വഴിതെളിക്കും.

സ്ത്രൈണതയുടെ കാവൽ കവചമാണ് ഈസ്ട്രജൻ ഹോർമോൺ.

ചർമകാന്തിയും നഖങ്ങളുടെയും മുടിയുടെയും തിളക്കവും കാത്തുസൂക്ഷിക്കുന്നത് ഈസ്ട്രജൻ ഹോർമോണാണ്. ആർത്തവ വിരാമത്തോടെ ശരീരത്തിൽ ഈസ്ട്രജൻ ഇല്ലാതാകുന്നു. ഇതു ചർമകാന്തിയും ശരീരവടിവും നഷ്‌ടപ്പെടാൻ ഇടയാക്കുന്നു. ഹൃദ്രോഗമുൾപ്പെടെയുളള നിരവധി രോഗങ്ങൾ വരാനുള്ള സാധ്യതയും ഏറെയാണ്.

അടുത്തലക്കം : വിധവ എന്ന ലേബൽ മാനസിക ചൂഷണത്തിന്റെ മറ്റൊരു മുഖമാണ് !