Oct 26, 2021 • 9M

പ്രണയരോഗങ്ങൾ

പ്രണയവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അവസ്ഥകളുടെ മന:ശാസ്ത്ര വിശകലനം

Reshmi Radhakrishnan
Comment2
Share
 
1.0×
0:00
-9:28
Open in playerListen on);
Episode details
2 comments

പ്രണയം..ആഹാ...കേള്‍ക്കാന്‍ തന്നെ എന്തൊരു രസം..

പ്രണയത്തെക്കുറിച്ചുള്ള കാല്‍പ്പനിക കവിതകളും വാഴ്ത്തുപാട്ടുകളും ഒക്കെ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്.പക്ഷെ പ്രണയത്തിനും ഒരു ഡാര്‍ക്ക് സൈഡ് ഉണ്ട് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ?

ഓ ഡാര്‍ക്ക് എന്നുപറഞ്ഞ് ഓടാന്‍ വരട്ടെ..അങ്ങനൊരു സൈഡ് ഉണ്ടെന്നു കരുതി പ്രണയം സുന്ദരമല്ലാതാകുന്നില്ല… പ്രണയിക്കാതിരിയ്ക്കാനും ആവില്ല… പ്രണയത്തിന്റെ അത്ര സുന്ദരമല്ലാത്ത ആ മറുവശത്തെക്കുറിച്ചാണ് ഇന്ന് നമ്മള്‍ സംസാരിയ്ക്കുന്നത്.

“ഏതൊരു രോഗത്താലുമുണ്ടായതിലേറെ മരണങ്ങള്‍ പ്രണയംകൊണ്ടു സംഭവിച്ചിട്ടുണ്ട്.” എന്നൊരു ജര്‍മ്മന്‍ പഴമൊഴിയുണ്ട്.

വിവാഹത്തിലാണെങ്കിലും പ്രേമബന്ധത്തിലാണെങ്കിലും, ഒരു പങ്കാളിയുമായി ആത്മാര്‍ത്ഥവും ഗാഢവുമായ പ്രണയമുണ്ടാവുന്നത് മാനസികാരോഗ്യത്തിന് ഏറെ സഹായകവും പല മനോരോഗങ്ങള്‍ക്കുമെതിരെ നല്ലൊരു പ്രതിരോധവും ആണ് എന്ന് മനശാസ്ത്രജ്ഞന്മാര്‍ തന്നെ തെളിയിച്ചിട്ടുണ്ട്… എന്നാല്‍ മറുവശത്ത്, പല മാനസികപ്രശ്നങ്ങളും മനോരോഗലക്ഷണങ്ങളും പ്രണയവുമായി ബന്ധപ്പെട്ടു നിലവിലുണ്ടുതാനും. അവ ഏതൊക്കെയാണ് എന്നൊന്ന് നോക്കാം.

അതാ നോക്കൂ പലവിധ പ്രണയരോഗികള്‍ വന്നു വരിവരിയായി നില്‍പ്പുണ്ട്.

ആദ്യത്തെ കൂട്ടരാണ് പ്രണയത്തെ ഭയക്കുന്നവര്‍

 ‘ഫിലോഫോബിയ’ എന്നാണ് ഈ പ്രണയപ്പേടിയെ വിളിയ്ക്കുന്നത്.വെറൈറ്റി കക്ഷികളാണ്. എന്തെന്നാല്‍ പ്രണയിക്കാന്‍ തന്നെ ഇവര്‍ക്ക് ഭയമാണ്..

പ്രണയവുമായി ബന്ധപ്പെട്ടുള്ള ഫോബിയകള്‍ പലവിധമാണ്.അതിന് ചില കാരണങ്ങളുമുണ്ട്. പ്രണയബന്ധത്തിലെ ഉത്തരവാദിത്തങ്ങളെ അല്ലെങ്കില്‍ പ്രണയമേല്‍പ്പിച്ചേക്കാവുന്ന വൈകാരികാഘാതങ്ങളെ പെരുപ്പിച്ചുകാണുകയും ഭയം കാരണം  ആഴമുള്ള ബന്ധങ്ങളില്‍ നിന്ന്  ഓടിയൊളിക്കുകയും ചെയ്യുന്നവരാണ് ഇവര്‍. പ്രണയത്തിലേര്‍പ്പെടുമ്പോഴോ അതേപ്പറ്റി ചിന്തിക്കുമ്പോള്‍പ്പോലുമോ അവര്‍ക്ക് വെപ്രാളവും നെഞ്ചിടിപ്പും കൈവിറയലുമൊക്കെ അനുഭവപ്പെടാം. പ്രണയത്തിലെങ്ങാനും വീണുപോയേക്കുമോ എന്ന ഭയത്താല്‍  അവര്‍ എതിര്‍ലിംഗക്കാരുമായി അധികം സംസാരിക്കാന്‍പോലും വൈമുഖ്യം കാണിക്കാം. ഒരു ബന്ധത്തില്‍ വല്ല വിധേനയും അകപ്പെട്ടുപോയവരാണെങ്കിലോ പങ്കാളിയോട് വൈകാരിക അകലം സൂക്ഷിക്കുകയും അതിനുവേണ്ടി വൈകാരികതയ്ക്ക് പകരം ലൈംഗികതക്ക് ഏറെ പ്രാമുഖ്യം കൊടുക്കുകയും അത് പിന്നീട് ബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകാന്‍ കാരണമാവുകയും ചെയ്യും.

ചുറ്റുവട്ടങ്ങളിലോ സീരിയലുകള്‍, സിനിമകള്‍ പോലെയുള്ള മാദ്ധ്യമങ്ങളിലോ കണ്ടുശീലിച്ച തരം സംഘര്‍ഷഭരിത ബന്ധങ്ങള്‍ തന്‍റെ ജീവിതത്തിലും സംഭവിച്ചേക്കുമോ, മുന്‍ബന്ധങ്ങളിലെ ദുരനുഭവങ്ങള്‍ ഭാവിയിലും ആവര്‍ത്തിച്ചേക്കുമോ എന്നൊക്കെയുള്ള ആകുലതകളാണ് മറ്റുചിലര്‍ക്ക്. പ്രേമബന്ധങ്ങളെപ്പറ്റി രക്ഷിതാക്കളോ മറ്റുള്ളവരോ  കുത്തിവെയ്ക്കുന്ന വികലചിത്രങ്ങള്‍ ഇത്തരമൊരവസ്ഥയ്ക്ക് കാരണമാവാറുണ്ട്.

“ഓ, നമ്മളെയൊക്കെ ആര് പ്രേമിയ്ക്കാനാ..” എന്ന തരത്തിലുള്ള സ്വയംമതിപ്പുകുറവും ഇത്തരം പ്രണയപ്പേടിയ്ക്ക് കാരണമാകാം.

സ്വന്തം വികാരങ്ങളുടെയും ജീവിതത്തിന്‍റെയും കടിഞ്ഞാണ്‍ മറ്റൊരാള്‍ക്കു കൈമാറിയാല്‍ ശരിയാകുമോ എന്ന ഉള്‍പ്പേടിയും ഫിലോഫോബിയയുടെ കാരണങ്ങളില്‍പ്പെടും.

മറ്റൊരു കാരണം സോഷ്യല്‍ ഫോബിയയാണ്.

സഭാകമ്പം എന്നൊക്കെ പറയില്ലേ… അതുതന്നെ. അതായത് മറ്റുള്ളവരോട് ഇടപഴകുമ്പോള്‍ ഉണ്ടാകുന്ന ഒരു അതിസംഭ്രമമോ അമിതമായ ഉത്ക്കണ്ഠയോ ഒക്കെയാണ് ഇത്. ’ലൌ ഷൈനെസ്’ എന്നാണ് ഈ തോന്നലിന്റെ പേര്. ഇഷ്ടം തുറന്നുപറയുന്നതിനും പ്രണയിക്കുന്നതിനും തടസ്സമാകുന്ന ഒരു പ്രധാന പ്രശ്നമാണിത്. എത്ര ധൈര്യം സംഭരിച്ച് പോയാലും അവരുടെ സാമീപ്യത്തില്‍ ‘എനിക്കൊരു കഴിവുമില്ല, എന്നെയാര്‍ക്കും ഇഷ്ടമാവില്ല’ എന്നൊക്കെയുള്ള ചിന്തകള്‍ വരുന്നതും സര്‍വധൈര്യവും ചോര്‍ന്നുപോവുന്നതും ഇതിന്‍റെ ലക്ഷണമാവാം. പ്രേമം തുറന്നുപറയാന്‍ മുന്‍കയ്യെടുക്കാറുള്ളത് മിക്കപ്പോഴും പുരുഷന്മാരാണ് എന്നതിനാല്‍ ലൌ ഷൈനസ്സ് കൂടുതലായി ബാധിക്കാറുള്ളതും അവരെയാണ്. ചെറുപ്പത്തില്‍ കൂട്ടുകാരുടെ വികൃതികള്‍ക്കും പരിഹാസങ്ങള്‍ക്കും ഇരയായവരിലും പ്രേമത്തിന് കര്‍ശനവിലക്കുള്ള കുടുംബാന്തരീക്ഷം ഉള്ളവരിലും  ഈ പ്രശ്നം  കൂടുതലായി കാണാറുണ്ട്.

ഇനി ഈ പറഞ്ഞ ഫോബിയായുടെ  നേരെ എതിര്‍ഭാഗത്തുള്ള പ്രശ്നമാണ് ലവ് അഡിക്ഷന്‍..

പ്രണയം പക്വമെന്നും അപക്വമെന്നും വേര്‍തിരിയ്ക്കപ്പെട്ടിട്ടുണ്ട്. അപക്വപ്രണയം അല്‍പ്പം അപകടം പിടിച്ചതാണ്. രണ്ടുപേരുടെയും ജീവിതം തന്നെ അവതാളത്തിലാക്കുന്ന ഈ അവസ്ഥയാണ് ‘ലൗ അഡിക്ഷന്‍’. സ്വയംമതിപ്പ് കുറഞ്ഞവരിലും എടുത്തുചാട്ടക്കാരിലും  വിഷാദമോ ഉത്ക്കണ്ഠയോ പോലുള്ള മാനസികപ്രശ്നങ്ങളുള്ളവരിലുമാണ് ഈ പ്രവണതയുള്ളത്. ഇവര്‍ക്ക് പ്രണയത്തിനോട്‌ ഒരുതരം ആക്രാന്തമായിരിയ്ക്കും. ചിന്തകളും പ്രവൃത്തികളും പൂര്‍ണ്ണമായും പങ്കാളിയെ ചുറ്റിപ്പറ്റി നില്‍ക്കും. അവരുടെ ശ്രദ്ധയാകര്‍ഷിയ്ക്കണം എന്നതിനപ്പുറം വേറൊരു ചിന്തയുമില്ലാത്ത അവസ്ഥ. അതോടൊപ്പം പങ്കാളി വിശ്വസ്തയാണോ ഈ ബന്ധം നില നില്‍ക്കുമോ എന്നൊക്കെയുള്ള സംശയങ്ങളും സന്ദേഹങ്ങളും ആയിരിക്കും ഫുള്‍ ടൈം മനസ്സില്‍..

ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിമയായവരുടെ  സമാനമായ പല ലക്ഷണങ്ങളും ലൗ അഡിക്റ്റുകളും കാണിയ്ക്കാറുണ്ട്.

പ്രണയത്തിനായി കൂടുതല്‍ സമയം ചെലവിടുക.ആ ശീലത്തില്‍ നിന്ന്  പിന്മാറാന്‍ ശ്രമിച്ചാലും സാധ്യമല്ലാതെ വരികയും അങ്ങനെത്തന്നെ തുടരാന്‍ ആസക്തിയനുഭവപ്പെടുകയും ചെയ്യുക, ബന്ധങ്ങളിലൊന്നും അല്ലാതിരിക്കുമ്പോള്‍ വല്ലാത്ത ഏകാന്തതയും നൈരാശ്യവും തോന്നുക എന്നിവ ഉദാഹരണങ്ങളാണ്.

പ്രേമത്തെപ്പറ്റി വളരെ സിനിമാറ്റിക്കോ അണ്‍ റിയലിസ്റ്റിക്കോ ആയ സങ്കല്പങ്ങളായിരിയ്ക്കും ഇവര്‍ക്ക് കൂടുതല്‍. മാത്രമല്ല തന്‍റെ താല്‍പ്പര്യങ്ങളോട് പങ്കാളി അനുകൂലമായി പ്രതികരിച്ചില്ലെങ്കില്‍ ഇവര്‍ അപകടകാരികളാവാനും പ്രതികാരബുദ്ധിയോടെ പെരുമാറാനും അതുമല്ലെങ്കില്‍ മറ്റൊരു ബന്ധത്തിലേയ്ക്ക്  നീങ്ങാനും സാദ്ധ്യതയുമുണ്ട്.

പ്രണയനിരാശയും പ്രണയനഷ്ടവും

തേപ്പ് എന്നൊക്കെ തമാശപ്പേരിട്ട് വിളിയ്ക്കുമെങ്കിലും പ്രേമാഭ്യര്‍ത്ഥന തിരസ്ക്കരിക്കപ്പെടുന്നത് എല്ലാവര്‍ക്കും തമാശയൊന്നുമല്ല. മാനസികപ്രശ്നങ്ങള്‍ക്കും ആത്മഹത്യയ്ക്കും കൊലപാതകങ്ങള്‍ക്ക് വരെ കാരണമാകാറുണ്ട്. ആസിഡ് ആക്രമണങ്ങള്‍ ഒക്കെ നമ്മുടെ നാട്ടില്‍ പുതിയ വാര്‍ത്തയല്ല. പ്രണയം നിരസിയ്ക്കപ്പെടുമ്പോള്‍ ഇത്തരം ഗുരുതരമായ മാനസിക ആഘാതങ്ങളിലേയ്ക്ക് പോകാതിരിയ്ക്കാന്‍ ശ്രമിയ്ക്കേണ്ടതുണ്ട്. അതിനുള്ള ചില പൊടിക്കൈകള്‍ പറയാം..

തന്‍റെ കുറവുകളും പിഴവുകളും കൊണ്ടാണ് ഇങ്ങിനെ പറ്റിപ്പോയത് എന്ന അനുമാനത്തിലെത്തി സ്വയം കുറ്റപ്പെടുത്താതിരിക്കുക. പ്രണയം നിരസിക്കപ്പെടുന്നത് ഒരാളുടെ വ്യക്തിപരമായ  പോരായ്മകള്‍കൊണ്ടു തന്നെയാവണമെന്നില്ല, മറ്റേയാളുടെ താല്‍പ്പര്യങ്ങളോ സാഹചര്യങ്ങളോ വ്യത്യസ്തമായതിനാലോ അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന മറ്റു പ്രശ്നങ്ങള്‍ മൂലമോ ആവാമെന്നതും മനസ്സിലാക്കേണ്ടതുണ്ട്.

ആ വ്യക്തിയെപ്പറ്റി സത്യസന്ധമായി  കൂടുതലറിയാന്‍ ശ്രമിയ്ക്കുക.. പ്രണയം കൊണ്ട് കണ്ണുകാണാതിരുന്ന പലതും അപ്പോള്‍ തെളിഞ്ഞുവരും. പോരായ്മകളും ചേരായ്മകളും ദുശ്ശീലങ്ങളുമെല്ലാം ചിലപ്പോള്‍ മനസ്സിലാകും. അപ്പോഴാവും  ഒരു പൂര്‍ണചിത്രം തെളിഞ്ഞുകിട്ടുന്നത്. നഷ്ടപ്പെട്ടത് അത്രയും അമൂല്യമായതൊന്നുമല്ല എന്നൊരു തോന്നലുണ്ടാവും.

ഇതെന്തേ ഇങ്ങനെയായിപ്പോയി? എന്ന ചോദ്യത്തിന് പിന്നാലെ പോവുകയും അതിന് കൃത്യമായ ഒരുത്തരം കിട്ടിയേതീരൂ എന്ന്  ദുര്‍വാശി പിടിയ്ക്കുകയും ചെയ്യാതിരിയ്ക്കുക,

അവര്‍ ചെയ്യുന്ന എല്ലാത്തിനേയും പിന്തുടര്‍ന്ന്  എന്നോട്  ഇപ്പോഴും  താല്പര്യമുണ്ട്  എന്നതിന്‍റെ സൂചനകളായി  ദുര്‍വ്യാഖ്യാനം ചെയ്ത് അതില്‍ അഭിരമിയ്ക്കുകയും ചെയ്യാതിരിക്കുക. ബന്ധത്തകര്‍ച്ചകളെ അഭിമുഖീകരിച്ച് തന്നെ അതിജീവിക്കാം.

പ്രണയം നിരസിയ്ക്കപ്പെട്ടാല്‍ അല്ലെങ്കില്‍ പ്രണയബന്ധം തകര്‍ന്നുപോയാല്‍ മനസ്സിന്റെ പിടിവിട്ടു പോകുന്നവരുണ്ട്. ബന്ധത്തകര്‍ച്ചയുടെ ആഘാതം കുറയ്ക്കാന്‍ കരകയറാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. അത്ര എളുപ്പമല്ല. എങ്കിലും സമയമെടുത്ത് ശ്രമിച്ചാല്‍ സാദ്ധ്യമാണ്.

അവരെ ഓര്‍മ്മപ്പെടുത്തുന്ന വസ്തുവകകളില്‍നിന്നു കഴിവതും ഒഴിഞ്ഞുനില്‍ക്കുക. പഴയ കത്തുകളും ഫോട്ടോകളുമൊക്കെ തിരിച്ചുംമറിച്ചും നോക്കി ഓര്‍മകളെ സജീവമാക്കി നിര്‍ത്താതിരിക്കുക.

ആ ബന്ധത്തിനുണ്ടായിരുന്ന പത്തു പോരായ്മകള്‍ മനപ്പൂര്‍വ്വം കണ്ടുപിടിയ്ക്കുക — ബന്ധം അത്ര സ്വപ്നസമാനമൊന്നുമായിരുന്നില്ല എന്ന തിരിച്ചറിവ് ദു:ഖത്തിന് ആയാസം തരും.

മനസ്സിലേക്ക് ആവര്‍ത്തിച്ച് തള്ളിക്കയറി വന്നു  സങ്കടപ്പെടുത്തിക്കൊണ്ടിരിയ്ക്കുന്ന ചിന്തകള്‍ ശരിക്കും അടിസ്ഥാനമുള്ളവയോ എന്ന് സ്വയമോ വിദഗ്ദ്ധസഹായത്തോടെയോ പരിശോധിച്ചു മനസ്സിലാക്കുക.

മുന്നോട്ടുള്ള ജീവിതത്തില്‍ പ്രാധാന്യം കല്‍പ്പിയ്ക്കാനുള്ള കാര്യങ്ങള്‍ തിരിച്ചറിയുക. അവ കൈവരിക്കാന്‍ ശ്രമം തുടങ്ങുക.

ആ വ്യക്തിയെ നിത്യജീവിതത്തിലോ സോഷ്യല്‍ മീഡിയയിലോ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുകയോ പിന്തുടരുകയോ ചെയ്യാതിരിയ്ക്കുക.

അവരെ കാണിച്ച് കൊടുക്കാം,ഒരു പാഠം പഠിപ്പിയ്ക്കാം എന്നൊക്കെയുള്ള  ഉദ്ദേശവുംവെച്ച് ഉടനടി മുന്നും പിന്നും നോക്കാതെ മറ്റൊരു ബന്ധത്തിലേക്ക്  എടുത്തുചാടാതിരിക്കുക.

മനോവേദനയ്ക്ക് പരിഹാരംതേടി പുകവലിക്കാനോ മദ്യപിക്കാനോ അമിതമായി ആഹാരം കഴിക്കാനോ തുടങ്ങാതിരിക്കുക. പകരം ഒഴിവുനേരങ്ങളിലൊക്കെ സന്തോഷപ്രദമായ വല്ല കാര്യങ്ങളിലും മുഴുകുക. വ്യായാമം ചെയ്യുക. വിഷമങ്ങള്‍ ഒന്നു മയപ്പെട്ട ശേഷം, വ്യക്തിത്വത്തിലോ ജീവിതരീതികളിലോ എന്തെങ്കിലും പരിഷ്കരണങ്ങള്‍ നടത്തുന്നതു ഗുണകരമാവുമെന്നു തോന്നുന്നെങ്കില്‍ അതിനു ശ്രമിക്കുക.

എല്ലാത്തിനുമപ്പുറം കുടുംബാംഗങ്ങളിലോ സുഹൃത്തുക്കളിലോ ആരെങ്കിലും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നുവെങ്കില്‍ നമ്മള്‍ അവരെ ചേര്‍ത്തു പിടിയ്ക്കുക. ജീവിതം മുന്നോട്ടുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കൂടെ നില്‍ക്കുക.

മനോരോഗങ്ങളുടെ ഔദ്യോഗികപട്ടികകളില്‍ ഈ പ്രണയരോഗങ്ങള്‍  കാണപ്പെടില്ല.എങ്കിലും നിരന്തരമായി പ്രണയശ്രമങ്ങളില്‍ പരാജയപ്പെടുന്നവര്‍ വിദഗ്ദ്ധാഭിപ്രായം തേടുന്നത് നന്നാവും. ബാല്യകാലത്തെ ചില അനുഭവങ്ങള്‍ കാരണം തന്നെ സ്നേഹിക്കാനേ കൊള്ളില്ല എന്നൊരു മുന്‍വിധി മനസ്സില്‍ക്കിടക്കുകയും പെരുമാറ്റങ്ങളില്‍ പ്രതിഫലിക്കുകയും പങ്കാളികളെ അകറ്റുന്നതിനു നിമിത്തമാവുകയും ചെയ്യാം. ഇത്തരം പ്രവണതകളെ തിരിച്ചറിഞ്ഞു പരിഹരിക്കാന്‍ മനശ്ശാസ്ത്രചികിത്സകളാല്‍ കഴിഞ്ഞേക്കും. അന്തര്‍സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും വികലമായ പ്രണയസങ്കല്‍പ്പങ്ങള്‍ തിരുത്തിയെഴുതാനും പ്രണയത്തിലുള്ള വിശ്വാസവും ജീവിതത്തോടുള്ള പ്രതീക്ഷയും നഷ്ടപ്പെടുത്താതെ മുന്നോട്ടുപോകാനും മനശ്ശാസ്ത്രചികിത്സ കൊണ്ടുപകരിക്കും. വിഷാദമോ ഉത്ക്കണ്ഠയോ പരിഹരിക്കാന്‍ മരുന്നുകളും ആവശ്യമാവാം.ഇങ്ങനെയൊക്കെ പ്രണയത്തകര്‍ച്ചയെ അതിജീവിച്ച് കരകയറി പുതിയ പ്രതീക്ഷകളുമായി നീങ്ങുമ്പോള്‍ ഇതേ ആളുകള്‍ തന്നെ പാടും ‘ഇത്ര  മധുരിയ്ക്കുമോ പ്രേമം ഇത്ര കുളിരേകുമോ...’ എന്ന്...