Mar 30 • 9M

മഴവില്ലിനെ ഏതിർക്കുന്ന സമൂഹം.

പ്രശസ്ത സൈക്കോളജിസ്റ്റ് ജോൺ ജേക്കബിന്റെ കേസ് സ്റ്റഡികളിലൂടെ.

Nithin raj vv
Comment
Share
 
1.0×
0:00
-8:33
Open in playerListen on);
Episode details
Comments

ഇരുപത്തൊമ്പത് വയസുള്ള ഒരു യുവാവ് ഒട്ടും ഉറക്കം കിട്ടാത്ത സാഹചര്യത്തിൽ ഒരു മനഃശാസ്ത്രജ്ഞനെ സമീപിക്കുന്നു. നമ്മുക്കവനെ അനൂപ് എന്നു വിളിക്കാം.

ഗൾഫിലാണ് അനൂപ് ജോലി ചെയ്യുന്നത്. നാട്ടിൽ പോയിട്ട് നാല് വർഷമായി. ലീവ് കിട്ടിയാലും താൻ നാട്ടിൽ പോവാതെ ഗൾഫിൽ തന്നെ നിൽക്കും. മാതാപിതാക്കൾ വീട്ടിലേക്ക് വരാൻ നിർബന്ധിക്കുമ്പോൾ എന്തെങ്കിലും ഒഴിവുകഴിവ്‌ പറയും. കാരണം എന്തെന്ന് അറിയാൻ സൈക്കോളജിസ്റ്റ് ശ്രമിച്ചു.

നാട്ടിലേക്ക് വന്നാൽ വീട്ടുകാർ കല്യാണത്തിന് നിർബന്ധിക്കും. അതിന് വേണ്ടി സമ്മർദ്ദം ചെലുത്തും. തനിക്ക് അത് താങ്ങാൻ കഴിയില്ലെന്ന് അനൂപ് പരിഭ്രാന്തിയോടെ പറഞ്ഞു.

"എന്ത് കൊണ്ടാണ് കല്യാണക്കാര്യം പറയുമ്പോൾ ഭയപ്പെടുന്നത് ? " സൈക്കോളജിസ്റ്റ് ചോദിച്ചു.

തനിക്ക് എതിർലിംഗത്തിനോട് യാതൊരു വിധ ആകർഷണവും തോന്നുന്നില്ലെന്ന് അനൂപ് തുറന്ന് പറഞ്ഞു.

"വീട്ടിലെ മുതിർന്ന മകനാണ് ഞാൻ. അത് കൊണ്ട് തന്നെ എത്രയും വേഗം എന്നെ കെട്ടിക്കാനുള്ള ഒരുക്കത്തിലാണ് അച്ഛനും അമ്മയും. എന്റെ ഈ സാഹചര്യം ഞാൻ എങ്ങനെയാണ് വീട്ടിൽ പറയുക..? അവർ എന്നോട് ഏത് രീതിയിലായിരിക്കും പെരുമാറുക ? " അനൂപ് ഇത് പറയുമ്പോൾ അവന്റെ മാനസികാവസ്ഥ സൈക്കോളജിസ്റ്റിന് ഊഹിക്കാവുന്നതായിരുന്നു.

അനൂപ് പഠിക്കാൻ മിടുക്കാനായിരുന്നു. ആഗ്രഹിച്ച കോഴ്സ് പഠിക്കാനും അതിനനുസരിച്ചുള്ള ജോലിയും അവന് കിട്ടി. മാതാപിതാക്കളുടെ നിരന്തരമായുള്ള സമ്മർദത്തിന് വഴങ്ങി നാല് വർഷത്തിന് ശേഷമാണ് അനൂപ് നാട്ടിലേക്ക് വന്നത്.

എല്ലാം അവൻ മാതാപിതാക്കളോട് തുറന്നു പറയുമായിരുന്നു. എന്നാൽ ഈ കാര്യം പറയാൻ അവൻ ഭയപ്പെട്ടു. അത് കൊണ്ട് തന്നെ വീട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുമ്പോൾ തനിക്ക് സത്യം തുറന്ന് പറയാൻ കഴിയുമായിരുന്നില്ല. ഇതോടെ അവന് ഉറക്കം നഷ്ടപ്പെട്ടു. തുടർന്ന് എന്തെങ്കിലും ഒരു വഴി കണ്ടെത്താനാണ് നാട്ടിലെത്തിയ ഉടനെ അവൻ സൈക്കോളജിസ്റ്റിനെ കാണുവാൻ എത്തിയത്.

"വീട്ടുകാർക്ക് വേണ്ടി വേണമെങ്കിൽ തനിക്ക് കല്ല്യാണം കഴിക്കാം, പക്ഷെ ഒരു പെൺകുട്ടിയെ സ്നേഹിക്കാനും അവളുമായി ജീവിതം പങ്കിടാനും തനിക്ക് കഴിയില്ല. അറിഞ്ഞു കൊണ്ട് ഒരു പെൺകുട്ടിയെ ചതിക്കാനും എനിക്ക് പറ്റില്ലാ. അതു പോലെ എല്ലാം തുറന്നു പറയാനും ധൈര്യമില്ല." അനൂപ് വളരെ ടെൻഷനോടെയാണ് പറഞ്ഞത്. ഒരു വഴിയും കാണാത്തത് കൊണ്ട് ആത്‍മഹത്യ ചെയ്താലോ എന്നു വരെ അവന് തോന്നി. അനൂപിന് സ്ത്രീകളോട് ആകർഷണം തോന്നാറില്ല. പക്ഷെ സ്ത്രീ സൗഹൃദങ്ങൾ ധാരാളമുണ്ട്. അനൂപിന്റെ വളർന്നു വന്ന സാഹചര്യത്തിൽ അവന്റെ മനസ്സിനെ വലിയ രീതിയിൽ ബാധിച്ച എന്തോ ഒരു കാര്യമുണ്ടെന്ന് സൈക്കോളജിസ്റ്റ് മനസ്സിലാക്കി.

അവന്റെ ഹിസ്റ്ററി അനൂപ് തന്നെ തുറന്നു പറഞ്ഞു, അവന് പന്ത്രണ്ടോ പതിമൂന്നോ വയസ്സ് പ്രായമുണ്ടായിരുന്ന സമയത്ത്‌ ക്രിസ്തുമസായി ബന്ധപ്പെട്ട് പള്ളിയിൽ ഒരു നാടകം കളിക്കാൻ പേര് കൊടുക്കുന്നു. അതിനായി എന്നും വൈകുന്നേരങ്ങളിൽ നാടക പരിശീലനത്തിനായി അനൂപ് പോകുമായിരുന്നു. നാടകം പഠിപ്പിക്കാൻ വന്ന അധ്യാപകൻ അനൂപിനോട് ലൈംഗികപരമായി മോശം പെരുമാറ്റം കാണിച്ചു തുടങ്ങി. എന്നാൽ അനൂപിന് അത് തിരിച്ചറിയാനുള്ള ബോധം അന്നുണ്ടായിരുന്നില്ല. ഒരിക്കൽ ആ അധ്യാപകൻ നാടക പരിശീലനത്തിന് എത്തിയ അനൂപിനെ ലൈംഗികമായി പീഡിപ്പിക്കുന്നു. മാനസികമായി തളർന്ന അനൂപ് ഈ കാര്യം ആരോടും പറഞ്ഞില്ല. പിന്നീടും അധ്യാപകൻ നാടക പരിശീലനത്തിന് വീണ്ടും വിളിച്ചുവെങ്കിലും അനൂപ് പോവാൻ തയ്യാറായില്ല. എന്നാൽ കുറച്ചു നാളുകൾക്കുള്ളിൽ അനൂപിന്റെ അയൽക്കാരനും അവനെ ശാരീരികമായി പീഡനത്തിന് ഇരയാക്കി. ഈ രണ്ട് സംഭവങ്ങളും അവന്റെ കുഞ്ഞു മനസ്സിനെ മോശമായി ബാധിച്ചു.

അതിന് ശേഷം അവൻ വളർന്നു വരുന്ന സാഹചര്യമനുസരിച്ച് എതിർലിംഗത്തോടുള്ള താൽപ്പര്യം കുറയുകയാണ് ഉണ്ടായത്. ചെറുപ്പത്തിൽ ഇത് പോലെയുള്ള അനുഭവങ്ങൾ നേരിടുന്ന പലരിലും പിന്നീട് ഇത്തരം മാറ്റങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ജനിതകപരമായിട്ട് അല്ലാതെ എതിർലിംഗത്തോട് ആകർഷണം തോന്നാതിരിക്കാൻ ഇത്തരം അനുഭവങ്ങൾ കാരണമാകുന്നു.

അനൂപിന്റെ വീട്ടുകാരെ സൈക്കോളജിസ്റ്റ് വിളിച്ചു വരുത്തിയ ശേഷം അവൻ അനുഭവിച്ചതെല്ലാം അവരോട് തുറന്ന് പറഞ്ഞു. അതിന്റെ ഫലമായി അനൂപിന് എതിർ ലിംഗത്തോടുള്ള ആകർഷണക്കുറവും അവരെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. മാതാപിതാക്കൾ ഈ കാര്യം എങ്ങനെയാണ് സ്വീകരിക്കുകയെന്ന ടെൻഷൻ സൈക്കോളജിസ്റ്റിന് ഉണ്ടായിരുന്നു. എന്നാൽ അനൂപിന്റെ മാനസികാവസ്ഥ മനസ്സിലാക്കാൻ അവന്റെ വീട്ടുകാർക്ക് കഴിഞ്ഞതാണ് പ്രധാനം. കാരണം, സ്വവർഗ്ഗാനുരാഗം എന്നത് 'പ്രകൃതിവിരുദ്ധമാണെന്നും' അല്ലെങ്കിൽ ഒരു 'രോഗാവസ്ഥയാണെന്നും' ഉള്ള കാഴ്ചപ്പാട് ഇന്ന് പലർക്കുമുണ്ട്. ഒരേ ലിംഗത്തിലുള്ളവർ തമ്മിലുള്ള ലൈംഗികമോ പ്രണയപരമോ ആയ ആകർഷണമാണ് സ്വവർഗ്ഗാനുരാഗം അഥവാ സ്വവർഗ്ഗലൈംഗികത. ഒരാളുടെ ലൈംഗികത അയാളുടെ സ്വാതന്ത്രമാണെന്ന് തിരിച്ചറിവ് നമ്മുക്കുണ്ടായിരിക്കണം. എന്നാൽ സാധാരണമല്ലാത്ത എന്തിനെയും രോഗമായി കാണുന്ന നമ്മുടെ സമൂഹം

സ്വവർഗ്ഗാനുരാഗത്തെയും മോശമായി ചിത്രീകരിക്കുന്നുവെന്ന് പറയുന്നവരുണ്ട്. അവർ ഓർക്കണം, സ്വവർഗ്ഗാനുരാഗവും സാധാരണമാണ്. മറ്റുള്ളവർ എന്ത് കരുതുമെന്ന് വിചാരിച്ച് താനൊരു സ്വവർഗ്ഗാനുരാഗിയാണെന്ന് പറയാൻ പോലും ഒരാൾ ഭയപെടുന്നു.

ഇന്നത്തെ സമൂഹത്തിൽ തലതാഴ്ത്തി നടക്കേണ്ടി വരുന്ന സാഹചര്യമാണ് സ്വവർഗഗാനുരാഗികൾക്കുള്ളത്. അവരുടെ പ്രണയത്തെ ' കഴപ്പ് ' എന്ന പേരിട്ട് കളിയാക്കുന്നവരും കുറ്റപ്പെടുത്തുന്നവരും ഏറെയാണ്. സ്വന്തം കുടുംബത്തിൽ പോലും അടിച്ചമർത്തപ്പെടുകയാണ് ഇവർ. എന്നാൽ കുറച്ചു നാളുകളായി വലിയ രീതിയിലുള്ള മാറ്റങ്ങൾ സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്നു. മറ്റുള്ളവർക്ക് വേണ്ടി തന്റെ സ്വത്വം മറച്ചു വയ്ക്കുന്നത് എന്ത് കൊണ്ടാണ് എന്ന തിരിച്ചറിവ് പലർക്കും ഉണ്ടാകുന്നു. തന്റെ സ്നേഹം, പ്രണയം, സ്വാതന്ത്ര്യം, വ്യക്തിത്വം സെക്സ് എന്തിനാണ് മറച്ചു വയ്ക്കുന്നത്..? പലരും തുറന്ന് പറയാൻ മടി കാണിക്കുമ്പോൾ മറ്റു ചിലർ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി മുന്നോട്ട് ഇറങ്ങുന്നു. സമൂഹത്തെയും സദാചാര ആക്രമണങ്ങളെയും ചോദ്യം ചെയ്ത് തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നു.

ഇവിടെ അനൂപ് എന്നത് ഒരാളല്ല, പകരം ഇതേ മാനസികാവസ്ഥ അനുഭവിക്കുന്ന കുറെ പേരുടെ ഒരു മുഖം മാത്രമാണ് അനൂപ്. നമുക്ക് ചുറ്റും ധാരാളം അനൂപുമാർ ഉണ്ട്. സ്വന്തം വ്യക്തിത്വം ഉള്ളിലൊളിപ്പിച്ചു മറ്റൊരാളായി ജീവിക്കുന്ന കുറെയേറെ പേർ. സമൂഹം നമ്മുടെയൊക്കെയുള്ളിൽ കുത്തി നിറച്ച അഴുക്കു പുരണ്ട ചില പൊതുബോധങ്ങളാണ് ഇതിന് കാരണം.

സമൂഹത്തിന്റെ വെല്ലുവിളികളെ മറികടന്ന് ചരിത്രം സൃഷ്ടിക്കുന്ന സ്വവർഗഗാനുരാഗികൾ കേരളത്തിലുണ്ട്.

തങ്ങളുടെ പൊള്ളുന്ന അനുഭവങ്ങളെ മുന്നോട്ടുള്ള പാതയാക്കി മാറ്റിയവരാണ് അവർ. ഇവിടെ അനൂപ് തന്റെ മാനസികമായി താൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് വെളിപ്പെടുത്തിയപ്പോൾ അത് കേൾക്കാനും അതിനെ അംഗീകരിക്കാനും അവന്റെ മാതാപിതാക്കൾക്ക് കഴിഞ്ഞു. അവൻ അതുവഴി സമൂഹത്തെ നേരിടാനും ഒരുങ്ങി. അവന്റെ ഇഷ്ടത്തിനും സ്വാതന്ത്ര്യത്തിന് അനുസരിച്ചു ജീവിക്കാൻ അവനെ വീട്ടുകാർ സമ്മതിച്ചു. അവന്റെ ശരീരത്തിൽ ഉണ്ടായിരുന്ന അദൃശ്യ ചങ്ങല അവിടെ ഇല്ലാതെയായി. ഇതോടെ അനൂപിന്റെ ടെൻഷനും പേടിയും കുറഞ്ഞു. നല്ലപോലെ ഉറക്കം കിട്ടാനും സമാധാനം അനുഭവിക്കാനും കഴിഞ്ഞു.

സ്വന്തം ലൈംഗികത തീരുമാനിക്കാനുള്ള ആണിന്റെയും പെണ്ണിന്റെയും അവകാശം ഇന്നും നിലനിൽക്കുന്നു. അത് പോലെ സ്വന്തം സെക്സ് തുറന്ന് പറയാനുള്ള ധൈര്യം കാണിക്കുകയും വേണം. സമൂഹം ആദ്യം തള്ളി പറയുമായിരിക്കും. എന്നാൽ ഒരിക്കൽ നിങ്ങളായിരുന്നു ശരിയെന്ന് അവർ തിരിച്ചറിയും. എല്ലാം ഉള്ളിലൊതുക്കി കഴിയുന്നത് നിങ്ങളെ മാനസികമായി തളർത്തുന്നതിനും ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. പ്രായപൂർത്തിയായ സ്വവർഗാനുരാഗികൾ വിവാഹം കഴിക്കാനും ഒരുമിച്ചു ജീവിക്കാനും തീരുമാനിച്ചാൽ അതിനെ പിൻതുണച്ചില്ലെങ്കിലും മറ്റൊരു കണ്ണിൽ കൂടെ കാണാതെയിരിക്കുക. വിമർശനങ്ങൾ ഉണ്ടാകും, എന്നാലും അതിനെല്ലാം ഊർജമാക്കി മാറ്റണം.

ജീവിതം നിങ്ങളുടെതാണ്, അത് നിങ്ങളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ആയിരിക്കണം.

Read Huddle in the new Substack app
Now available for iOS

A guest post by
Content writer