(Disclaimer: കോവിഡ് 19 സാഹചര്യത്തിൽ സ്റ്റുഡിയോ സംവിധാനമുപയോഗിച്ചുള്ള റെക്കോഡിങ് അസാധ്യമായതിനാൽ മൊബൈൽ ഫോണിലാണ് ഈ പോഡ്കാസ്റ്റ് തയാറാക്കിയിരിക്കുന്നത്.)
"എത്ര സമയം ഇരുന്നു പഠിച്ചാലും അവനു നല്ല മാർക്ക് കിട്ടുന്നില്ല. ഞാൻ അവനു നല്ല ഒരു ടൈംടേബിള് ആക്കി കൊടുത്തിട്ടുണ്ട്. അങ്ങനെ ഇരുന്നു പഠിച്ചിട്ടും മാർക്ക് കിട്ടുന്നില്ലന്നെ." പലപ്പോഴായി കേൾക്കാറുള്ള ഒരു പരിവേദനമാണ്. പഠിക്കുന്ന സമയവും മാർക്കും തമ്മിൽ കാര്യമായ ബന്ധം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല! പക്ഷെ ഇത് പലരും ഓർക്കാറില്ല. അവനു ഭയങ്കര മടിയാണ്...ഒട്ടും ബുദ്ധിയില്ല… അവനേം കൊണ്ട് ഞാൻ നാണംകെട്ടു എന്നൊക്കെ പറയുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.
പഠനവൈകല്യം, പഠിപ്പിക്കുന്ന അധ്യാപകരോട് ഉള്ള താത്പര്യക്കുറവ്, ചില പ്രത്യേക വിഷയങ്ങളോട് ഉള്ള താത്പര്യമില്ലായ്മ ഇവയൊക്കെ പഠനത്തെയും പഠന രീതിയെയും സ്വാധീനിക്കാം. കാര്യമറിയാതെ പലപ്പോഴും പ്രതീക്ഷയുടെ അമിതഭാരം വെച്ച് കുട്ടികളെ ശ്വാസംമുട്ടിക്കുമ്പോൾ അവർക്ക് എന്ത് കൊണ്ടാണ് പഠിക്കാൻ സാധിക്കാതെ വരുന്നത് എന്ന് മനസിലാകാതെ പോകുന്നു. ഒരു പക്ഷെ അത് മനസിലാക്കിയാൽ അവർക്ക് വേണ്ട രീതിയിൽ പിന്തുണ നൽകിയാൽ അവരെ കൈപിടിച്ച് ഉയർത്താൻ എളുപ്പമാണ്.
കുട്ടികൾക്കു എന്തേലും തരത്തിൽ ഉള്ള പഠനവൈകല്യം ഉണ്ടോ എന്ന് തിരിച്ചറിയേണ്ടതും പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ്.
പഠനവൈകല്യം ഉണ്ടെങ്കിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററിന്റെ സഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.
പഠനവൈകല്യം ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്. കാര്യങ്ങളെ മനസിലാക്കാനും, വിവരങ്ങളെ വേർതിരിക്കാനും, ഓർമ്മിച്ചെടുക്കാനുമുള്ള തലച്ചോറിന്റെ കഴിവിനെ ബാധിക്കുന്ന ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ് പഠനവൈകല്യം. പഠനവൈകല്യമുള്ള ഒരു കുട്ടിക്ക് വായന, എഴുത്ത്, സംസാരിക്കൽ, കേൾക്കൽ, ഗണിതശാസ്ത്ര ആശയങ്ങൾ മനസ്സിലാക്കൽ, പൊതുവായ ധാരണ എന്നിവയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാം.
ഡിസ്ലെക്സിയ, ഡിസ്പ്രാക്സിയ, ഡിസ്കാൽക്കുലിയ, ഡിസ്ഗ്രാഫിയ തുടങ്ങിയ ഒരു കൂട്ടം വൈകല്യങ്ങൾ പഠന വൈകല്യങ്ങളിൽ ഉൾപ്പെടുന്നു.
കുട്ടി ബലഹീനനോ മടിയനോ ആണെന്ന് പഠനവൈകല്യം സൂചിപ്പിക്കുന്നില്ല എന്നുള്ളത് നമ്മൾ തിരിച്ചറിയേണ്ടി ഇരിക്കുന്നു. പഠനത്തിൽ, അല്ലെങ്കിലും ഏതെങ്കിലും ഒരു വിഷയത്തിൽ ആയിരിക്കണം അവർ പുറകിൽ. അർഹിക്കുന്ന പിന്തുണ ലഭിച്ചാൽ അവരെ തീർച്ചയായും ഉയർത്തികൊണ്ടുവരാൻ എളുപ്പമാണ്.
അതോടൊപ്പം തന്നെ മനസിലാക്കേണ്ട മറ്റൊരു കാര്യം ചില കുട്ടികൾ സാവധാനത്തിൽ പഠിക്കുന്നവരാണ്. അവർ സമയം എടുത്ത് പഠിക്കുന്നതിൽ താൽപ്പര്യം ഉള്ളവരായിരിക്കും. മറ്റു ചില കുട്ടികൾ ആവട്ടെ, ചില പഠനരീതികളോട് താത്പര്യം ഇല്ലാത്തവർ ആയിരിക്കും. ഒരു പുതിയ ഭാഷ പഠിക്കുക എന്നുള്ളത് ഇഷ്ടമില്ലാത്ത കുട്ടികൾ ഉണ്ടാവാം, അല്ലെങ്കിൽ സ്പോർട്സിലോ മറ്റ് ഔട്ട്ഡോർ പ്രവർത്തനങ്ങളിലോ താൽപ്പര്യമില്ലായിരിക്കാം. ഈ ആട്രിബ്യൂട്ടുകൾ കുട്ടിയുടെ താൽപ്പര്യങ്ങളെ സൂചിപ്പിക്കുന്നു, പഠന വൈകല്യത്തെ സൂചിപ്പിക്കുന്നില്ല എന്നുള്ളതും മനസിലാക്കേണ്ട വസ്തുതയാണ്.
ശാരീരിക വളർച്ചയിലോ, അടിസ്ഥാന വിജ്ഞാനവും മോട്ടോർ കഴിവുകളും നേടിയെടുക്കുന്നതിലെ എന്തെങ്കിലും കാര്യമായ കാലതാമസമോ വിടവുകളോ പഠന വൈകല്യത്തിന്റെ അടയാളമായിരിക്കാം. പഠനവൈകല്യം ഉണ്ടോ എന്ന് ഉറപ്പിക്കാൻ ഗവേഷണം ചെയ്തതും തെളിയിക്കപ്പെട്ടതുമായ ടെസ്റ്റുകളുടെയും വിലയിരുത്തലുകളുടെയും ഒരു പരമ്പര തന്നെ നടത്തേണ്ടതുണ്ട്. ഇതിനായി ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സഹായം തേടാൻ ഉപേക്ഷ വിചാരിക്കരുത്.
കുട്ടികളെ മനസിലാക്കി, അവരുടെ കഴിവുകളെയും, താൽപ്പര്യങ്ങളെയും, രീതികളെയും മനസിലാക്കിയാൽ തീർച്ചയായും അവർക്ക് ഏറ്റവും അനുയോജ്യമായ പഠനാന്തരീക്ഷം ഉണ്ടാക്കി കൊടുക്കാൻ സാധിക്കും. നിങ്ങൾ ആഗ്രഹിക്കുന്ന മാർക്ക് അവർക്കു ലഭിച്ചില്ലെങ്കിലും, അവർ ആഗ്രഹിക്കുന്ന, അവർക്കു ശോഭിക്കാൻ സാധിക്കുന്ന മേഖലയിൽ അവർ നിലയുയർപ്പിക്കും, വളരും! അത് തന്നെ അല്ലെ പ്രാധാന്യം?