Dec 3, 2021 • 15M

അച്ഛൻ അറിയാൻ ഭാഗം - 23

കുഞ്ഞുമക്കൾ കൂട്ട് കെട്ടുമ്പോൾ...

1
 
1.0×
0:00
-14:39
Open in playerListen on);
Episode details
Comments

"ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട" എന്ന് പറയാറുണ്ട്. സുഹൃത്തുക്കളുടെ  പ്രസക്തിയെ വെളിപ്പെടുത്തുന്ന  ഒരു പ്രസ്താവനയാണിത്. സുഹൃത്ത് എന്ന് പറഞ്ഞാൽ തന്നെ നല്ലഹൃദയം ഉള്ളവൻ എന്നാണർത്ഥം. സ്നേഹിതന്റെ നന്മ ലാക്കാക്കി ശരിയായ ഇടപാടുകൾ നടത്തുന്നവൻ ആണ് നല്ല ചങ്ങാതി.

മനുഷ്യൻ ഒരു സാമൂഹ്യജീവി ആയതിനാൽ, ശൈശവത്തിൽ തന്നെ കൂട്ടുകെട്ടുകൾ ഉണ്ടാക്കുവാനുള്ള ശ്രമം ഓരോരുത്തരും തുടങ്ങും.

ബാല്യത്തിൽ ഒരു കുട്ടി തന്റെ മാതാപിതാക്കളുമായും സ്വന്തം സഹോദരങ്ങളുമായും ഉള്ള ബന്ധം രൂപീകരിച്ചതിനു ശേഷം ഏറെ വൈകാതെ തുടക്കം കുറിക്കുന്ന ഒന്നാണ് പുറത്തുള്ളവരുമായുള്ള സൗഹൃദം. ബാല്യകാല സൗഹൃദങ്ങൾക്ക് വളരെ വലിയ പ്രാധാന്യം ഉണ്ട്. എത്ര മുതിർന്നാലും നമ്മൾ ആരും തന്നെ നമ്മുടെ ബാല്യകാലസുഹൃത്തുക്കളെ മറക്കാൻ ഇടയില്ല. സ്‌കൂൾ പരിസരത്തു അവരെ കണ്ടപ്പോൾ  ഉണ്ടായിരുന്ന ആവേശം, ഒരുമിച്ചു കളിച്ചത്, വഴക്കുണ്ടാക്കിയത്, പിണങ്ങിയത്, കലപില കൂട്ടിയത്, കുസൃതികൾ ഒപ്പിച്ചത്, തമാശ പറഞ്ഞു പൊട്ടിച്ചിരിച്ചത്  എന്ന് വേണ്ട മനോഹരമായ ആ നാളുകൾ ആരും തന്നെ മറക്കാൻ ഇടയില്ല.

സഹപാഠികൾ ഒരുമിച്ചുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഇന്ന് വളരെ സജീവമാകുന്നതിന്റെ കാരണം തിളക്കമുള്ള ആ നാളുകളുടെ ഓർമ്മയാണ്.

'ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം' എന്നാണ്  കവി ഓ.എൻ.വി,  ആ മോഹത്തിന് അക്ഷരരൂപം നൽകി അവതരിപ്പിച്ചത്.

ദീർഘിക്കുന്ന സ്വാധീനം

മുതിർന്നു കഴിഞ്ഞാലും, പണ്ടത്തെ സുഹൃത്തുക്കൾ നമ്മുടെ ജീവിതത്തിലെ നിർണ്ണായക സ്വാധീനശക്തികൾ തന്നെയാണ്, ഒരു പക്ഷെ പണ്ടത്തേക്കൾ ഉപരിയായി പ്രശ്നങ്ങൾ പങ്കു വയ്ക്കാൻ, ഉപദേശങ്ങൾ ആരായാൻ, മതിമറന്നു ചിരിക്കാൻ, പഴയകാലത്തേക്കു ഒന്ന് തിരികെ പോകാൻ, നേട്ടങ്ങൾ അഭിമാനത്തോടെ പങ്കു വെക്കാൻ... നമ്മുടെ സ്വത്വം ശരിക്കും വെളിപ്പെടുന്നത് സ്നേഹിതരുടെ സംഘത്തിലാണ്. അതുകൊണ്ട്  തന്നെ ബാല്യ കൗമാര കാലങ്ങളിൽ രൂപപ്പെടുന്ന സുഹൃദ് ബന്ധം വളരെ പ്രധാനപ്പെട്ടതാണ്.

കുട്ടികളുടെ വളർച്ചയുടെ നാളുകളിൽ, അവരുടെ സാമൂഹികവും വൈകാരികവുമായ വികാസത്തിന്, നല്ല സൗഹൃദം അനിവാര്യമാണ്. സാമൂഹിക ശേഷി, പരോപകാരവാസന, ആത്മാഭിമാനം, ആത്മവിശ്വാസം എന്നിവയെല്ലാം ചങ്ങാത്തങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. തങ്ങളെക്കുറിച്ചു തന്നെ പഠിക്കുവാനും തങ്ങളുടെ വ്യക്തിത്വത്തെ തിരിച്ചറിയാനും കൂട്ടുകാർ സഹായിക്കുന്നു എന്നും പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. കൗമാരകാലത്തിലെ സ്നേഹിതർ, വ്യക്തിത്വവികസന മേഖലയിലെ  വെല്ലുവിളികളെ നേരിടുവാൻ സഹായമാകും.

സൗഹൃദബന്ധങ്ങൾ വൈകാരികമായ വികാസത്തിന് മാത്രമല്ല, ശാരീരിക / ആരോഗ്യ വർദ്ധനവിനും  സഹായകരമാണ്.

കൂട്ടുകാരുമൊത്തു കളികളിലും വിനോദങ്ങളിലും ഏർപ്പെടുന്ന കുട്ടികൾ കായികമായി മെച്ചപ്പെട്ട അവസ്ഥയിൽ വളരുന്നതായാണ് മനസ്സിലാക്കപ്പെടുന്നത്. ചുരുക്കത്തിൽ ഒരു വ്യക്തിയുടെ സമ്പൂർണ വികാസത്തിന് നല്ല സ്നേഹിതർ ചെലുത്തുന്ന സ്വാധീനം വളരെ നിർണ്ണായകമാണ്.

ഇനി അതിന്റെ മറുവശം. ചങ്ങാതി നന്നെങ്കിൽ കണ്ണാടി കാണുന്നത് പോലെയാണ് എങ്കിൽ, ചങ്ങാതി നന്നല്ലെങ്കിൽ പൊട്ടക്കണ്ണാടി കാണുന്നതിന് തുല്യമാകും. സത്യവുമായി ഒരു ബന്ധവുമില്ലാത്ത വികൃത ചിത്രങ്ങളാവും കാണാൻ കഴിയുക. മാത്രമല്ല, അത്തരക്കാരുമായുള്ള സമ്പർക്കം  കുട്ടിയെ ഭാവിയിൽ പലതരം പ്രശ്നങ്ങളിലേക്ക് തള്ളി വിടുകയും ചെയ്യും. അതുകൊണ്ട് നല്ല കൂട്ടുകാരെ തെരഞ്ഞെടുക്കാൻ അച്ഛൻ മകനെ സഹായിക്കുകയും, ശരിയായ ദിശയിൽ ആ  ബന്ധം പുരോഗമിക്കുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. പ്രീ സ്‌കൂൾ കാലത്തു തന്നെ ഈ പരിശീലനം ആവശ്യവുമാണ്.

ബാലപാഠങ്ങൾ

സത്യത്തിൽ സുഹൃദ് സമ്പാദനം ഒരു കലയാണ്. ചില കുട്ടികൾ ഇത് സ്വയം വികസിപ്പിച്ചെടുക്കുന്നവരാണ്. മറ്റു ചിലർക്ക് ഈ പാഠങ്ങൾ അച്ഛന്മാർ ചൊല്ലി കൊടുക്കണം. മാതാപിതാക്കൾ തങ്ങളുടെ സ്നേഹിതരുമായി പെരുമാറുന്നത് എങ്ങനെയെന്ന്  കാണുന്നതിലൂടെയാണ്  കുട്ടികൾ പല പാഠങ്ങളും പഠിക്കുവാൻ ഇടയാകുന്നത്.

ഇളംപ്രായത്തിൽ തന്നെ ക്രിയാത്മകമായ ചില സാമൂഹിക കഴിവുകൾ വികസിപ്പിക്കുവാൻ നല്ല സ്നേഹബന്ധങ്ങൾ സഹായകരമാകും.  സാമൂഹിക ജീവിതത്തിലെ ഓരോ സാഹചര്യങ്ങളിലും, ശരിയായി പെരുമാറുവാനുള്ള കഴിവിനെയാണ് സാമൂഹിക കഴിവുകൾ എന്ന് പറയുന്നത്.  പങ്കുവെക്കുക, അന്യരുടെ വികാരങ്ങൾ കണക്കിലെടുക്കുക, അന്യർ പറയുന്നത് കേൾക്കുക, അവരുമായി ആശയവിനിമയം നടത്തുക എന്നിവയൊക്കെ യഥാവിധി  പ്രവർത്തിപഥത്തിൽ കൊണ്ട് വരുവാൻ കുട്ടിക്ക് കഴിയണം. അതിനു ധാരാളം അവസരങ്ങൾ സൃഷ്ടിച്ചു കൊടുക്കേണ്ടതുണ്ട്. നിരവധി ആളുകളുമായി ഇടപഴകുവാൻ സാഹചര്യങ്ങൾ  നൽകണം. (ഇപ്പോഴത്തെ കോവിഡ് പശ്ചാത്തലത്തിൽ സാദ്ധ്യതകൾ വിരളമാണെന്നു വിസ്മരിക്കുന്നില്ല)   

കുട്ടികളുടെ താല്പര്യങ്ങൾക്കും അഭിരുചികൾക്കും പുതിയ മേച്ചിൽപുറങ്ങൾ കണ്ടെത്താൻ വഴിയൊരുക്കുക എന്നതാണ് സൗഹൃദങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്ന ഒരു കാര്യം. സമാനമായ താല്പര്യങ്ങൾ ഉള്ളവരെ തിരിച്ചറിയുവാൻ നമ്മൾ കുട്ടിയെ സഹായിക്കണം.  ചിത്രകല, എഴുത്തു, നീന്തൽ, വായന, നൃത്തം, കായിക വിനോദം, സംഗീതം, സ്റ്റാമ്പ് ശേഖരം, കരകൗശലം, പൂന്തോട്ട നിർമ്മാണം ... അങ്ങനെയങ്ങനെ പലതരം താല്പര്യങ്ങൾ ഉള്ളവരായിരിക്കും കുട്ടികൾ. സമാനചിന്താഗതിക്കാരുമായുള്ള ചങ്ങാത്തം, കുട്ടികളുടെ താല്പര്യങ്ങളെ ഉദ്ദീപിപ്പിക്കുവാൻ സഹായിക്കും.

നല്ല സുഹൃത്താകുവാൻ പഠിപ്പിക്കുക

മൂന്ന് വയസ്സാകുമ്പോഴേക്കും മിക്ക കുട്ടികളും ചങ്ങാത്തം സ്ഥാപിക്കാൻ പഠിക്കും. പ്ലേ സ്‌കൂളിലും  മറ്റും  ആരുമായൊക്കെ സ്നേഹത്തിലാകണമെന്ന് അവൻ അപ്പോഴേക്കും തീരുമാനിക്കും. നാം വയസ്സിൽ എത്തുമ്പോഴേക്കും, തങ്ങളുടെ സുഹൃത്തുക്കൾ എന്നും  മറ്റു കുട്ടികൾ  എന്നും വ്യവഛേദിച്ചു അവർ മനസ്സിലാക്കി കഴിഞ്ഞിരിക്കും.

ചിലർ പെട്ടെന്ന് സൗഹൃദങ്ങൾ ഉണ്ടാക്കുന്നവരാണ്. എന്നാൽ മറ്റു  ചിലരാകട്ടെ, ഇക്കാര്യത്തിൽ അല്പം മെല്ലെപ്പോക്കുകാരായിരിക്കും.  വളരെ ആലോചനക്ക് ശേഷമേ അവർ സ്നേഹിതരെ തെരെഞ്ഞെടുക്കുകയുള്ളൂ.   

ദൈനംദിന ജീവിതത്തിൽ ഒരു നല്ല കൂട്ടുകാരൻ ആകുന്നതെങ്ങനെ എന്ന് അച്ഛൻ മകനെ പഠിപ്പിക്കേണ്ടതുണ്ട്. ചില മാർഗങ്ങൾ  സൂചിപ്പിക്കാം. വീടുകളിൽ സ്വന്തം സഹോദരങ്ങളുമായിട്ടുള്ള കളിവേളകൾ ഇതിനുള്ള ആദ്യ കളരികളാവട്ടെ. 

ജിമ്മും ടിമ്മും  ഇരട്ടകുട്ടികളാണ്. കളിവേളയിൽ ഇരുവർക്കും ഒരേ കളിപ്പാട്ടം വേണം. അവർ അതിനുവേണ്ടിയുള്ള പിടിവലിയിലായി. അപ്പോഴാണ് അവരുടെ പിതാവ് ടൈറ്റസ് കാര്യത്തിൽ ഇടപെട്ടത്.   അദ്ദേഹം ഒരു നിർദ്ദേശം വെച്ചു : "രണ്ട് പേരും ആ കളിപ്പാട്ടം മാറി മാറി ഉപയോഗിച്ചാലോ." കുട്ടികൾക്ക് അത് സ്വീകാര്യം ആയിരുന്നു. ആദ്യം ആരുടെ ടേൺ എന്നതും പ്രശ്നമാകാം. ഇവിടെയും പിതാവിന്റെ ഇടപെടൽ ആവശ്യമാണ്. വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാകുന്നവരെ പ്രത്യേകം അഭിനന്ദിക്കുകയും വേണം.  

കുട്ടികൾ ഒത്തു കൂടുമ്പോൾ കളിക്കുവാൻ വിവിധ സാധ്യതകൾ -  options. അവർക്കു നൽകാവുന്നതാണ്. ഉദാഹരണത്തിന്, "ബിൽഡിംഗ് ബ്ലോക്‌സ് ഉപയോഗിച്ച് കളിക്കുന്നോ അതോ കാർ ഓടിച്ചു കളിക്കുന്നോ" എന്ന് അവരോടു ചോദിക്കാം. അവർ ഒരു തീരുമാനത്തിൽ എത്തുമ്പോൾ നല്ല വാക്കുകൾ പറഞ്ഞു പ്രോത്സാഹിപ്പിക്കുക. " നിങ്ങൾ ഒരുമിച്ചു ബിൽഡിംഗ് ബ്ലോക്‌സ് കളിക്കാൻ തീരുമാനിച്ചത് നന്നായി. വെരി ഗുഡ്" എന്ന് പറയാം. 

കൂട്ടുകാർ വരുമ്പോൾ നിങ്ങളുടെ മകന്റെ സ്പെഷ്യൽ  കളിപ്പാട്ടങ്ങൾ ഉണ്ടെങ്കിൽ,  വേണമെങ്കിൽ എടുത്തു മാറ്റി വെക്കുന്നത് ഉചിതമാണ്. തുടക്കത്തിൽ തന്നെ ഉണ്ടാകാൻ സാധ്യതയുള്ള ഒരു തർക്കം അങ്ങനെ ഒഴിവാക്കാം. കുറെ കഴിഞ്ഞു കുട്ടിയുടെ  മനസ്സ് കൂടുത വിശാലമായി എന്ന് തോന്നുമ്പോൾ ആ കളിപ്പാട്ടവും പുറത്തെടുക്കാം. കളിക്കുന്ന കുട്ടികളുടെ അടുത്ത് തന്നെ അച്ഛൻ ഉണ്ടാവേണ്ടതും ആവശ്യമാണ്, തുടക്കത്തിൽ. കളിക്കൂട്ടുകാരുമായി മകന്  വേണ്ടത്ര പരിചയവും സൗഹൃദവും  ഉണ്ടാകുന്നത് വരെ മതി ഈ സാന്നിധ്യം. ക്രമേണ നിങ്ങൾക്ക് ദൂരേക്ക് മാറാം. എങ്കിലും ഒരു കണ്ണ് അവിടെ ഉണ്ടായിരിക്കുന്നത് നല്ലതാണ്.

കുട്ടികളുടെ  കളി  കൈ  വിട്ടു  പോകരുത്. കളി പരുക്കൻ ആയാൽ അച്ഛൻ ഇടപെടുക തന്നെ വേണം.   

കളികൾക്ക് ഒരു  നിശ്ചിത സമയം മാറ്റി വെക്കണം. കളിസമയം കൂടിയാൽ  ക്ഷീണം വർധിക്കും. അപ്പോൾ  കുട്ടികളുടെ സ്വഭാവം പരുക്കനാകും. പരസ്പരം സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടാകുകയും ചെയ്യും. വീണ്ടും കളിക്കണം എന്ന് എല്ലാവർക്കും ഒരു  തോന്നൽ ഉള്ളപ്പോൾ തന്നെ കളി അവസാനിപ്പിക്കുന്നതാണ് നല്ലതു. കൂട്ടുകാരെ നാളെയും കാണണമെന്ന താല്പര്യം അപ്പോൾ ഉണ്ടാകുമല്ലോ. 

നിങ്ങൾ പ്ലാൻ ചെയ്തിരുന്നത് പോലെ കുട്ടികളുടെ കളികൾ എല്ലായ്‌പോഴും അത്ര സുഗമമാവണമെന്നില്ല.

കളിക്കിടെ ഒരു കുട്ടി പെട്ടെന്ന് അധികം കാരണമൊന്നും ഇല്ലാതെ തന്നെ പ്രകോപിതൻ ആയെന്നു വരാം. എന്നാൽ ശബ്ദം ഉയരുകയോ പരസ്പരം കൈവെക്കുകയോ ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടാവുന്നതിനു മുൻപ് തന്നെ നിങ്ങളുടെ ഇടപെടൽ ഉണ്ടാവണം. "നിങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉന്തുകയും തള്ളുകയും ചെയ്യരുത്. അത് രണ്ട് പേർക്കും പ്രയാസമുണ്ടാക്കും" എന്നിങ്ങനെ പിതാവിന്റെ നിലപാട് വ്യക്തമായി  പറഞ്ഞു കൊടുക്കണം.

ഒറ്റക്കിരിക്കുന്നവർ

ചില കുട്ടികൾ ലജ്ജാശീലമുള്ളവരോ ആകാംക്ഷ ഉള്ളവരോ ആയിരിക്കാം. മഞ്ഞുരുകാൻ മനഃപൂർവമായി  ഒരവസരം സൃഷ്ടിക്കുകയാണ് അപ്പോൾ വേണ്ടത്. ചിലപ്പോൾ ഒന്നിലധികം കുട്ടികൾ ഒരുമിച്ചു ഇരിക്കുമ്പോഴും ചിലർ ഒറ്റയ്ക്ക് സ്വന്തം കളിയിൽ ഏർപ്പെടുന്നത്  കാണാം. ഇതിൽ നമ്മൾ അധികം ബേജാറാവേണ്ട. ഒരുമിച്ചുള്ള കളികളെ പറ്റി അവർ പഠിച്ചു വരുന്നതേയുള്ളൂ എന്ന് മനസ്സിലാക്കിയാൽ മതി.  എന്നാൽ ബാല്യത്തിന്റെ പരിധി വിട്ടു കഴിഞ്ഞിട്ടും കുട്ടി കൂട്ടുകൂടുന്നതിൽ വിമുഖത കാണിച്ചാൽ ശ്രദ്ധിക്കണം. ചിലപ്പോൾ എന്തോ കാരണത്താൽ അവൻ കൂട്ടുകെട്ടിൽ  ഭയം ഉള്ളവനായിരിക്കാം.  അത്തരം കുട്ടികളോട് പ്രത്യേകം ഇടപെട്ടു ഭയകാരണങ്ങൾ കണ്ടെത്തി പരിഹാരം ഉണ്ടാക്കേണ്ടതുണ്ട്. പ്രത്യേകതരം കോച്ചിങ്ങും സാമൂഹിക ശേഷീ പരിശീലനവും ചിലപ്പോൾ ആവശ്യമായി വന്നേക്കാം.

മറ്റുള്ള കുട്ടികളോട് സംസാരിക്കാൻ നിങ്ങളുടെ മകൻ മടി കാണിക്കുന്നെങ്കിൽ,  അവനോടൊപ്പം കൂടുതൽ സമയം ഇരുന്നു നിങ്ങൾ സംസാരിക്കുക. അവനു താല്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുക. കൂട്ടുകാരോട് സംസാരിക്കാനുള്ള അവന്റെ പ്രയാസം അങ്ങനെ മെല്ലെ മാറിക്കിട്ടും.

നീന്തൽ ഇഷ്ടമുള്ള ഒരു കുട്ടിയായിരുന്നു സുദീപ്. പക്ഷെ നീന്തൽ പരിശീലന കേന്ദ്രത്തിലെ ആൾകൂട്ടം അവനു ശ്വാസം മുട്ടുളവാക്കുമായിരുന്നു. അത് കൊണ്ട് അവന്റെ പിതാവ് ചെയ്തതെന്തായിരുന്നോ? മറ്റെല്ലാവരും വരും മുൻപേ അയാൾ സുദീപിനെയും കൊണ്ട് പരിശീലന കേന്ദ്രത്തിൽ പോകും. കുറെ സമയം പിന്നിടുമ്പോഴേക്കും അവിടുത്തെ അന്തരീക്ഷം സുദീപിനു OK  ആകും. അങ്ങനെ  പരിശീലനം തുടരുന്നതിനിടെ മറ്റു കുട്ടികൾ ഓരോരുത്തരായി ക്രമേണ വന്നു തുടങ്ങും. ഇതിനിടെ സുദീപ് കുറെ ആത്മധൈര്യം കൈവരിക്കുകയും ചെയ്യും. ഇങ്ങനെ ചില ദിവസങ്ങൾ പിന്നിട്ടപ്പോൾ  ആ പ്രശ്‍നം പരിഹരിക്കപ്പെട്ടു. സൗഹൃദ പ്രശ്നങ്ങൾ ഒഴിവാക്കുവാൻ  ഇങ്ങനെ പല മാർഗങ്ങളും ഉണ്ട്.

ഇണങ്ങിയും പിണങ്ങിയും

ബാല്യകാല സൗഹൃദങ്ങളിൽ ഉയർച്ചതാഴ്ചകൾ  സർവസാധാരണമാണ്. ചിലപ്പോൾ നിങ്ങളുടെ കുട്ടി സ്നേഹിതനുമായി പിണങ്ങിയിട്ടാവും വീട്ടിലെത്തുക. അത് അവന്റെ പിന്നീടുള്ള കാര്യങ്ങളെ എല്ലാം ബാധിക്കും. 

സ്നേഹബന്ധത്തിൽ മിക്കപ്പോഴും വാദപ്രതിവാദങ്ങൾ ഉണ്ടാവാം. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായേക്കാം. പക്ഷെ  ഇത് മനസ്സിലാക്കുവാനും ഉൾക്കൊള്ളുവാനും കുട്ടികൾക്ക് വളരെ പ്രയാസം നേരിടാം. നമ്മുടെ നോട്ടത്തിൽ ആ പ്രശ്നങ്ങൾ  വെറും ബാലിശം ആയിരുന്നിരിക്കാം. എങ്കിലും അവരുടെ വൃണപ്പെട്ട വികാരങ്ങളെ നാം ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്യണം. അല്ലെങ്കിൽ കുട്ടി തകർന്നു പോകാം. തെല്ലു സമയമെടുത്തു പ്രശ്‍നം വിശദമായി മനസ്സിലാക്കാൻ തയ്യാറാവുകയാണ് ഇത്തരം ഘട്ടത്തിൽ ആദ്യം ചെയ്യേണ്ടത്. മകന് എന്താണ് ഈ സാഹചര്യത്തിൽ അനുഭവപ്പെട്ടതെന്നും കൂട്ടുകാരന് എങ്ങനെയാവാം അനുഭവപ്പെട്ടതെന്നും അവനോടു തന്നെ ചോദിച്ചു മനസിലാക്കുക. തുടർന്ന് പ്രശ്നപരിഹാരത്തിനുള്ള ചില മാർഗങ്ങൾ  പറഞ്ഞു കൊടുക്കുകയും അത് ചെയ്യുവാൻ മകനെ പ്രേരിപ്പിക്കുകയും വേണം.

കുട്ടികൾ കൂട്ടുകെട്ടുകൾ ഉണ്ടാക്കുമ്പോഴും അത് വളർത്തി കൊണ്ട് വരുമ്പോഴും, മാതാപിതാക്കന്മാരുടെ ഒരു കണ്ണ് അവിടെ ഉണ്ടായിരിക്കണം എന്ന് ചുരുക്കം.