Feb 22 • 5M

മൊബൈൽ/ഇന്റർനെറ്റ്‌ ഗേമിംഗ് അഡിക്ഷൻ

 
1.0×
0:00
-5:23
Open in playerListen on);
Episode details
Comments

(Disclaimer: കോവിഡ് 19 സാഹചര്യത്തിൽ സ്റ്റുഡിയോ സംവിധാനമുപയോഗിച്ചുള്ള റെക്കോഡിങ് അസാധ്യമായതിനാൽ മൊബൈൽ ഫോണിലാണ് ഈ പോഡ്കാസ്റ്റ് തയാറാക്കിയിരിക്കുന്നത്.)

വർഷങ്ങൾക്ക് മുൻപ് ഇന്റർനെറ്റിന്റെ സേവനം ആരംഭംകുറിച്ച കാലം മുതൽ തന്നെ ഇന്റർനെറ്റിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെ കുറിച്ചും ഇന്റർനെറ്റ്‌ ഗെയിമിംഗ് അഡിക്ഷനുകളെ കുറിച്ചും നാം ചർച്ച ചെയ്തു തുടങ്ങിയതാണ്.

എന്നാൽ ഇന്റർനെറ്റ്‌ ജീവിതത്തിന്റെയും ജീവിത രീതികളുടെയും ഭാഗമായിക്കഴിഞ്ഞിരിക്കുന്ന ഈ കാലത്ത്, ആവശ്യമായ അവബോധം നൽകി തിരിച്ചറിവോടുകൂടി പ്രവർത്തിക്കുക എന്നതാണ് ഇത്തരത്തിൽപ്പെട്ട അഡിക്ഷനുകളെ മാറ്റിനിർത്തി ആരോഗ്യകരമായ ഒരു ജീവിതം നയക്കുന്നതിന് മുന്നിൽ ശേഷിക്കുന്ന ഏറ്റവും ഉചിതമായ മാർഗ്ഗം.

എന്നിരുന്നാലും ചെറിയ കുട്ടികളും കൗമാരപ്രായക്കാരും യുവതിയുവാക്കളും ഇന്റർനെറ്റ്/മൊബൈൽ ഗെയിമിന് അടിമപ്പെടുന്നതിന്റെ അളവ്, കാലം മുന്നോട്ട് പോകുന്തോറും ഏറിവരികയാണ്. കോവിഡിന്റെ വരവോടെ ചലനസ്വാതന്ത്ര്യം നിയന്ത്രിക്കപ്പെട്ട ഈ അവസരത്തിൽ ലോകം ഒരുപരിധി വരെ ഇന്റർനെറ്റിലേക്ക് ചുരുങ്ങിയെന്ന് തന്നെ വേണം പറയാൻ. പഠനവും ജോലിയുമൊക്കെ ഇന്റർനെറ്റിന്റെ ലോകത്തേക്ക് പറിച്ചു നടപ്പെട്ടത് തന്നെയാണ് ഇതിന് പിന്നിലെ പ്രധാന വസ്തുത. എന്നാൽ അതോടുകൂടി ഇന്റർനെറ്റ്‌/മൊബൈൽ ഗെയിമിംഗ് അഡിക്ഷൻ വളരെ സങ്കീർണ്ണമായൊരു തലത്തിലേക്ക് കടന്നുവെന്നതാണ് യാഥാർദ്ധ്യം.

ഒരു വാർത്തയിലേക്ക് കണ്ണോടിക്കാം

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി അനുജിത്ത് ഫ്രീഫയർ എന്ന ഗെയിമിന് അഡിക്റ്റായിരുന്നതായി അനുജിത്തിന്റെ അമ്മ മാധ്യമങ്ങൾക്ക് മുന്നിൽ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ആത്മഹത്യ ചെയ്യുന്നതിന് മുൻപുള്ള ദിവസങ്ങളിൽ അനുജിത്ത് ഏകദേശം 20 മണിക്കൂറോളം (24 മണിക്കൂറിൽ) ഗെയിം കളിക്കുന്നതിന് മാത്രമായി ചിലവഴിച്ചിരുന്നു. ആവശ്യത്തിന് ഉറങ്ങുകയോ ഭക്ഷണം കഴിക്കുകയോ പോലും ചെയ്തിരുന്നില്ല. മൊബൈലിൽ ഗെയിം കളിക്കാൻ തുടങ്ങിയ ശേഷം അതിൽ മാത്രമായി അനുജിത്തിന്റെ ശ്രദ്ധ. ഗെയിം കളിക്കുന്നതിനായി വീട്ടിൽ വഴക്ക് കൂടി വിലപിടിപ്പുള്ള മൊബൈൽ ഫോൺ വാങ്ങുകയും ചെയ്തു.

ഇത്രയൊക്കെ സംഭവങ്ങൾ അരങ്ങേറിയിട്ടും അനുജിത്തിന്റെ അമ്മയോ സഹോദരിയോ അനുജിത്തിന്റെ പ്രശ്നങ്ങൾ മറികടക്കാനായി ഒരു സൈക്കോളജിസ്റ്റിന്റെ സേവനം തേടാതിരുന്നത് തികച്ചും നിർഭാഗ്യകരമാണെന്നത് കൂടി ഈ അവസരത്തിൽ ഓർമ്മപ്പെടുത്തട്ടെ. നമ്മുടെ നാട്ടിൽ ഇന്നും മക്കളുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ നിസ്സഹായരായി നിൽക്കുന്ന മാതാപിതാക്കളാണ് ഏറെയും എന്നതാണ് സത്യം.

ഇന്റർനെറ്റ്‌ ഗെയിമിംഗ് അഡിക്ഷൻ എങ്ങനെ തിരിച്ചറിയാം?

● ഒരു ദിവസത്തിന്റെ ഭൂരിഭാഗം സമയത്തും ഗെയിം കളിച്ചുകൊണ്ടിരിക്കുക.

● ഗെയിം കളിക്കുന്നതിനായി ദിനചര്യകളും ഉത്തരവാദിത്തങ്ങളും മാറ്റിവയ്ക്കുക .

● ഗെയിം കളിക്കുന്നതിനായി ഭക്ഷണം ഉപേക്ഷിക്കുക.

● രാത്രിയിലും ഉറങ്ങാതെ ഉണർന്നിരുന്ന് ഗെയിം കളിക്കുക.

● ഗെയിം കളിക്കുന്നതിനായി പ്രിയപ്പെട്ടവരുമൊത്തുള്ള നിമിഷങ്ങൾ (സംഭാഷണം, സന്ദർശനം, വിശേഷദിവസങ്ങളിൽ പങ്കെടുക്കൽ, യാത്രകൾ etc) ഒഴിവാക്കുക.

● എന്തെങ്കിലും കാരണത്താൽ ഗെയിം കളിക്കാൻ സാധിക്കാത്ത സമയങ്ങളുണ്ടെങ്കിൽ അപ്പോഴെല്ലാം ഗെയിമിനെ കുറിച്ച് മാത്രം ചിന്തിക്കുക.

● ഗെയിം കളിക്കാൻ സാധിക്കാത്ത സമയങ്ങളിൽ മറ്റൊരു കാര്യങ്ങളിലും സന്തോഷിക്കാനോ ശ്രദ്ധിക്കാനോ കഴിയാതിരിയ്ക്കുക.

● കൂടുതൽ സന്തോഷത്തിന് ഗെയിമിൽ വിജയങ്ങൾ നേടാൻ മാത്രമുള്ള ശ്രമം നടത്തുക. എന്നാൽ ജയത്തിലും തോൽവിയിലും ഗെയിമിംഗ് നിർത്താതെ വീണ്ടും തുടരുക.

● മുൻപ് ചെയ്യാനിഷ്ടമുണ്ടായിരുന്ന കാര്യങ്ങളെല്ലാം ഉപേക്ഷിച്ച് ഗെയിമിങ്ങിൽ മാത്രം ശ്രദ്ധിക്കുക.

● ഗെയിമിംഗ് ഏതൊക്കെ രീതിയിൽ തന്നെ ബാധിക്കുന്നുവെന്ന് തിരിച്ചറിഞ്ഞിട്ടും ഗെയിം കളിക്കുന്നത് ഒഴിവാക്കാൻ കഴിയാതിരിക്കുക.

● ഗെയിം കളിക്കുന്നതുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കുക. അല്ലെങ്കിൽ സത്യം മറച്ചുവച്ച് നുണ പറയുക.

● ഗെയിം കളിക്കുന്നത് എതിർക്കുന്നവരോട് ശത്രുത തോന്നുക.

ഗെയിമിംഗ് അഡിക്ഷൻ എങ്ങനെ പ്രതിരോധിക്കാം?

ഞാൻ മുൻപ് സൂചിപ്പിച്ച കാര്യം ഒന്നുകൂടി ഓർമ്മിപ്പിക്കട്ടെ, ഇന്റർനെറ്റ്‌ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ ഈ കാലത്ത് ഇന്റർനെറ്റിനെയോ മൊബൈൽ ഫോണിനെയോ കമ്പ്യൂട്ടറിനെയോ ലാപ്ടോപ്പിനെയോ ഒഴിച്ച് നിർത്തി ഒരു ജീവിതരീതി ഒരുപക്ഷെ അസാധ്യം തന്നെയാണ്. പ്രത്യേകിച്ചും നാല് വയസ്സുള്ള കുഞ്ഞങ്ങളുടെ മുതൽ മുകളിലേക്കുള്ള വിദ്യാർഥികളുടെ വിദ്യാഭ്യാസവും, ഒരു വലിയ സമൂഹത്തിന്റെ ജോലി/പ്രൊഫഷൻ മുന്നോട്ട് പോകുന്നത് ഇന്റർനെറ്റിന്റെ സഹായത്തോടെയാകുമ്പോൾ. അതിനാൽ ഇടവേളകളിൽ കളിക്കുന്നു എന്നതിനപ്പുറം ഇന്റർനെറ്റ്‌/മൊബൈൽ ഗെയിമിംഗ് ആസക്തി/അഡിക്ഷൻ എന്ന തലത്തിലേക്ക് ഉയരുന്നത് തടയുക.

മാർഗ്ഗങ്ങൾ

● പഠനാവശ്യങ്ങൾക്കും ജോലിയ്ക്കുമപ്പുറം ഇന്റർനെറ്റിൽ ചെലവഴിക്കുന്ന സമയം കുറയ്ക്കുക.

● ശാരീരികമായ, കായികമായ കാര്യങ്ങൾ ചെയ്യുന്നതിനായി സമയം കണ്ടെത്തുക

(വ്യായാമമോ, കളികളോ, കൃഷിയോ, പൂന്തോട്ടമൊരുക്കലോ ഒക്കെ ആകാം). കായികമായ അദ്ധ്വാനം ശരീരത്തിനും മനസ്സിനും ഉണർവും ഉന്മേഷവുമേകുന്നു.

● ഇന്റർനെറ്റ്‌/മൊബൈൽ ഗെയിം കളിക്കുന്നുവെങ്കിൽ കൃത്യമായ സമയം തീരുമാനിച്ച് ആ സമയത്ത് മാത്രം കളിയ്ക്കുക. സമയം നീണ്ടു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

● ഒഴിവ് സമയങ്ങൾ ചെലവിടുന്നതിനായി രസകരമായ മറ്റുമാർഗ്ഗങ്ങൾ കണ്ടെത്തുക. നിങ്ങളുടെ കഴിവുകൾ പരിപോഷിപ്പിക്കാനും ശ്രമിക്കാം.

● ഗെയിമിന് മാറ്റി വച്ച സമയം നിങ്ങളുടെ ഹോബികൾക്കായി ഉപയോഗിക്കാം.

● എല്ലാ ദിവസവും കഴിയുന്നതും ഒരേ സമയത്ത് ഉറങ്ങാൻ ശ്രമിക്കുക. ആവശ്യത്തിന് ഉറങ്ങുന്നുവെന്ന് ഉറപ്പു വരുത്തുക.

മാതാപിതാക്കളോട്

● നിങ്ങളുടെ മക്കളിൽ എല്ലായിപ്പോഴും ഒരു ശ്രദ്ധ വയ്ക്കുക.

● സ്വഭാവത്തിലും പെരുമാറ്റത്തിലും ജീവിതരീതിയിലുമുള്ള മാറ്റങ്ങൾ തിരിച്ചറിയുക.

● മക്കൾക്ക് നല്ല സുഹൃത്തായിരിക്കാൻ ശ്രമിക്കുക.

● എല്ലാ ദിവസവും അവരോടൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ ശ്രമിക്കുക.

● അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് വരുത്തുക.

● ഏതെങ്കിലുമൊരു തലത്തിൽ അവരുടെ മാറ്റങ്ങളെയും രീതികളെയും കുറിച്ച് സംശയങ്ങളോ ഭയമോ ഉണ്ടാകുന്നുവെങ്കിൽ എത്രയും വേഗം ഒരു സൈക്കോളജിസ്റ്റിന്റെ സേവനം തേടുക.

നിങ്ങൾ പ്രശ്ങ്ങളിലേക്ക് നീങ്ങുന്നുവെന്ന് സ്വയം തിരിച്ചറിഞ്ഞാൽ എത്രയും വേഗം വിശ്വസ്ഥരായ മനുഷ്യരോട് പങ്കുവയ്ക്കുക. ശേഷം അവരുടെ സഹായത്താൽ ഒരു സൈക്കോളജിസ്റ്റിന്റെ സേവനം തേടുക.