Jan 7 • 6M

ഉയരാൻ ബന്ധങ്ങൾ, തളരാനും

1
 
1.0×
0:00
-6:05
Open in playerListen on);
Episode details
Comments

വീടിന്റെ മതിലിനരുകിലായി ഒരു ബോഗൺവില്ല ചെടി നിന്നിരുന്നു. റോസ് നിറത്തിലുള്ള പൂക്കളുമായി വർഷങ്ങൾക്കൊണ്ട് അത് തൊട്ടടുത്തുള്ള തേക്കിലേക്ക് പടർന്നു പന്തലിച്ച് കിടന്നിരുന്നു. വഴിയിലൂടെ പോകുന്നവർക്കെല്ലാം ആഹ്ലാദമേകുന്ന കാഴ്ചയായിരുന്നു നിറയെ പൂക്കളുമായി നിന്നിരുന്ന ബോഗൺവില്ല. പക്ഷേ, കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ തേക്കിന്റെ ഒരു ശിഖരം ഒടിഞ്ഞുവീണത് ബോഗൺവില്ലയുടെ പടർപ്പുകളിലേക്കായിരുന്നു. ഒരു ഇലക്ട്രിക് പോസ്റ്റിനേക്കാളും ഉയരത്തിൽ പടർന്നു പന്തലിച്ചു കിടന്നിരുന്ന ബോഗൺവില്ലയുടെ ശാഖകൾ ഭാരമേറുക കൂടി ചെയ്തതോടെ താഴേക്കൂടി പോകുന്ന ഇലക്ട്രിക് ലൈനിലേക്ക് ചാഞ്ഞു. മഴക്കാലത്ത് അതുവഴി നടക്കുന്നവർക്ക് കയ്യെത്തി തൊടാവുന്ന അവസ്ഥയിലായി. വൈദ്യുതലൈനിൽ തൊട്ടുരുമ്മിയിരുന്നതിനാൽ മഴ നനഞ്ഞു നിൽക്കുന്ന വള്ളിപ്പടർപ്പിൽ തൊടുന്നവർക്ക് ഷോക്കേൽക്കാനുള്ള സാധ്യതയും ഏറി. അതോടെ അത് വെട്ടിമാറ്റാൻ തീരുമാനിച്ചു. മുള്ളുകൾക്കിടയിലൂടെ അരദിവസത്തെ ശ്രമത്തിനൊടുവിലാണ് വള്ളികളായി പടർന്നു നിന്ന ബോഗൺ വില്ല വെട്ടിമാറ്റാനായത്.

നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടും ഒട്ടേറെ കാര്യങ്ങൾ പറഞ്ഞുതരുന്നുണ്ട് ഈ ബോഗൺവില്ല. ഒരു ചെറിയ വള്ളിപ്പടർപ്പുമായി ആരംഭിച്ച ബോഗൺവില്ലയുടെ ജീവിതം പിന്നീട് ഒരു വൻമരത്തിനൊപ്പം ചേർന്നപ്പോൾ വലിയ ഉയരത്തിലേക്കുയരാൻ അത് സഹായകമായി.

നമ്മുടെ ജീവിതത്തിലും ഉയർച്ചകൾ സംഭവിക്കണമെങ്കിൽ മാറ്റം ആവശ്യമാണ്. കാലഘട്ടത്തിന് അനുസരിച്ച് നമ്മുടെ തീരുമാനങ്ങളിൽ, സാഹചര്യങ്ങളിൽ ഒക്കെ മാറ്റം വരണം. കാലഘട്ടത്തിനും അഭിരുചിക്കും കഴിവിനും യോജിച്ച കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥിക്ക് ഭാവിയിലെ ഉയർച്ചയ്ക്ക് അത് സഹായകരമാകും. കാലഘട്ടത്തിന് അനുസരിച്ചുള്ള ബിസിനസ് ചെയ്യുന്നവർക്ക് ബിസിനസിൽ നേട്ടം കൊയ്യാൻ അത് ചാലകശക്തിയാകും. നിങ്ങളുടെ വളർച്ചയ്ക്ക് സ്ഥലംമാറ്റം ആവശ്യമാണെങ്കിൽ അത് നടപ്പാക്കണം. നിങ്ങൾക്ക് ഉയരാൻ സാധിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിങ്ങളുടെ നാട്ടിൽ ഇല്ലെങ്കിൽ അതുള്ള സ്ഥലത്തേക്ക് മാറാൻ തയ്യാറാവണം. പഠിച്ച കോഴ്‌സിന് അനുസരിച്ചുള്ള തൊഴിൽ സാധ്യത ഉള്ള സ്ഥലത്ത് താമസിച്ചാലാണ് നിങ്ങളുടെ കഴിവ് പ്രകടമാക്കാൻ സാധിക്കുന്നത്. സിനിമയിൽ പോലും ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പലരും നഗരപ്രദേശങ്ങളിലേക്ക് താമസം മാറ്റുന്നതിന് കാരണം അവസരങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യമാണ്.

കഴിഞ്ഞ ദിവസം പഴയ ഒരു സുഹൃത്തി നെ കണ്ടു. ചലച്ചിത്ര സാങ്കേതിക വിദഗ്ധന്റെ മാനേജരാണ് അദ്ദേഹം. മിക്കവാറും അദ്ദേഹത്തിനൊപ്പം യാത്രകൾ ഉണ്ടാവും. അതിനാൽ മുമ്പ് താമസിച്ചിരുന്ന ഗ്രാമത്തിൽ നിന്നും എയർപോർട്ടിൽ നിന്നും അധികം ദൂരെയല്ലാത്ത സ്ഥലത്തേക്ക് ഇപ്പോൾ താമസം മാറിയിരിക്കുകയാണ്. ഒപ്പം, ഓരോ കാലഘട്ടത്തിലും നല്ല ബന്ധങ്ങൾ സ്ഥാപിക്കുന്നത് ഉയർച്ചയ്ക്കും സന്തോഷത്തിനും കാരണമാകുമെന്ന് തിരിച്ചറിയുക.

ഉയർന്ന തേക്കിലേക്ക് തന്റെ വള്ളിപ്പടർപ്പുകൾ പടർത്തിയ ബോഗൺവില്ലയ്ക്ക് ആ തേക്കിനൊപ്പം ഉയരാൻ കഴിഞ്ഞു. തന്റെ പൂക്കളാൽ അവിടമാകെ നിറയ്ക്കാൻ കഴിഞ്ഞു.

ദാമ്പത്യജീവിതത്തിലാകട്ടെ, ബിസിനസിലാവട്ടെ പഠനകാലത്തും ജോലിയിലും കർമ്മമേഖലകളിലും രാഷ്ട്രീയത്തിലുമെല്ലാം തിരഞ്ഞെടുക്കേണ്ടത് ശരിയായ വഴിയിലൂടെ ചരിക്കുന്നവരെയാകണം.

അത് നമുക്കും സന്തോഷവും ഉയർച്ചയും സമാധാനവും തരും. വർഷങ്ങൾ കഴിഞ്ഞു. തേക്കിൻ മരത്തിന്റെ ഉത്തുംഗശൃംഗത്തിൽ വിലസി നിന്നിരുന്ന ബോഗൺവില്ല താഴേക്കൂടിപ്പോകുന്ന വൈദ്യുത ലൈനിനെ കണ്ടു. തന്റെ ബന്ധം വൈദ്യുത ലൈനിലേക്കുകൂടി നീട്ടിയതോടെ അതിന്റെ ജീവിതത്തിന്റെ നാശത്തിന് അത് കാരണമായി. വൈദ്യുത കമ്പികളിൽ തൊട്ടുചേർന്നു കിടക്കുന്ന വലിയ ബോഗൺവില്ലയുടെ വള്ളികൾ അതിലേ സഞ്ചരിക്കുന്നവരുടെ ജീവന് ഭീഷണിയായതോടെ അത് മുറിച്ച് മാറ്റപ്പെട്ടു.

നമ്മുടെ ജീവിതത്തിലും ഈശ്വരൻ നമുക്ക് പലവിധത്തിലുള്ള ഉയർച്ചകളും അനുഗ്രഹങ്ങളും നൽകുന്നുണ്ട്. അനുഗ്രഹങ്ങൾ ലഭിച്ചുകൊണ്ടിരിക്കുമ്പോൾ നാം അതിന്റെ മൂല്യം തിരിച്ചറിയുകയോ നന്ദി പ്രകടിപ്പിക്കുകയോ ഇല്ല. എന്നാൽ ഇല്ലാതെ വരുമ്പോൾ നാം അക്കാര്യം ശ്രദ്ധിക്കുകയും അതിനായി തീവ്രമായി ആഗ്രഹിക്കുകയും ചെയ്യും. വർഷങ്ങൾക്കു ശേഷം കുഞ്ഞുങ്ങളുണ്ടാവുമ്പോൾ നാം ദൈവത്തിന് നന്ദി പറയും. എന്നാൽ നമുക്ക് ദൈവം തന്ന കുഞ്ഞുങ്ങളെ ഓർത്ത് നാം എത്രപേർ നന്ദിപറയും. നാം യാത്രചെയ്യാനിരുന്ന ബസ് അപകടത്തിൽപ്പെട്ടപ്പോൾ, നമ്മെ കാത്തുപരിപാലിച്ചതിനേയോർത്ത് നാം ദൈവത്തെ ഓർക്കും. എന്നാൽ ഓരോ ദിവസവും നമ്മുടെ ജീവിതത്തിൽ, യാത്രകളിൽ നമ്മെ കാത്തുപരിപാലിക്കുന്നതിനെ ഓർത്ത് നാം നന്ദിപറയാറുണ്ടോ?

നമ്മുടെ ഉയർച്ചകളിൽ, ബന്ധത്തിൽ, പദവിയിൽ, അംഗീകാരങ്ങളിൽ നാം മതിമറക്കുമ്പോൾ ഇതെല്ലാം തന്ന ദൈവത്തെപ്പോലും മറന്ന് മറ്റു വഴികൾ തേടുമ്പോൾ വൈദ്യുതലൈനെ പ്രണയിച്ച ബോഗൺ വില്ലയുടെ ഗതിയാവും ഉണ്ടാവുക. മദ്യ-മയക്കുമരുന്ന് ഉപയോഗം, തെറ്റായ പരസ്ത്രീ-പരപുരുഷബന്ധങ്ങൾ, ഉത്തരവാദിത്വങ്ങൾ നിറവേറ്റാതെ അലസമായുള്ള ജീവിതം, എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള കുറുക്കുവഴികൾ, സമൂഹത്തിൽ അംഗീകാരം കൂടുതൽ കിട്ടാനുള്ള തെറ്റായ വഴികൾ, കൈക്കൂലി, കോപ്പിയടി, തെറ്റായ ചിന്തകൾ, വഞ്ചന, മായം ചേർക്കൽ, നീതി നിഷേധം, അർഹതയുള്ളത് നൽകാതിരിക്കൽ, നിരപരാധിയുടെ കണ്ണുനീരിന് കാരണമാകുന്നത്.... എല്ലാം തെറ്റായ ദിശയിലേക്കുള്ള നമ്മുടെ വളർച്ചയാണ് സൂചിപ്പിക്കുന്നത്. ഇവ നമ്മുടെ തന്നെ നാശത്തിന് കാരണമാവും.

സമൂഹത്തിൽ ഉയർന്ന സ്ഥാനവും അംഗീകാരവുമെല്ലാം കിട്ടിയ ശേഷമാണ് ഇത്തരം തെറ്റായ വഴികളിലേക്ക് നാം തിരിയുന്നതെങ്കിൽ, വീഴ്ചയുടെ ആഘാതവും വളരെ വലുതാകും. വലിയ മരത്തിൽ നിന്നു വീണാൽ പരുക്കും അതീവഗുരുതരമായിരിക്കും. അതിനാൽ, പദവി, സമ്പത്ത്, ഉയർന്ന വിദ്യാഭ്യാസ യോഗ്യത, പ്രശസ്തി, സൗന്ദര്യം, അംഗീകാരം എന്നിവ ലഭിക്കുമ്പോൾ സമൂഹത്തോടും കുടുംബത്തോടും കർമ്മമേഖലയോടുമുള്ള നമ്മുടെ ഉത്തരവാദിത്തവും പ്രതിബദ്ധതയും മറക്കാതെ പ്രവർത്തിക്കുക. അവിടെ യശസ്സും സന്തോഷവും ഉയർച്ചയും എന്നും നിലനിൽക്കും.