
തടവിലാക്കപ്പെടുന്ന പെൺമനസുകൾ- സമൂഹത്തിൻ്റെ പങ്കെന്ത്? ഭാഗം - 11
നീ ഒരു പെൺകുഞ്ഞിന്റെ 'അമ്മയാണ് മറക്കണ്ട ! എന്തിനാണീ താക്കീത് ?
നാട്ടിൻപുറത്തൊക്കെ ഒരു ചൊല്ലുണ്ട്, പെണ്ണുകെട്ടിയാൽ കണ്ണ് കെട്ടി, കുഞ്ഞുണ്ടായാൽ വായും കെട്ടി എന്ന്. ഈ ചൊല്ലിലെ ആദ്യഭാഗത്തിനു വലിയ പ്രസക്തിയില്ലെങ്കിലും രണ്ടാം ഭാഗം വളരെ പ്രസക്തമാണ്. പ്രത്യേകിച്ച് പെൺകുഞ്ഞുങ്ങളുടെ അമ്മമാരെ സംബന്ധിച്ച്. പ്രസവമുറിയുടെ വാതിൽക്കൽ ആകാംക്ഷയോടെ കാത്ത് നിൽക്കുന്ന ബന്ധുക്കളുടെ നിര, നഴ്സ് ലേബർ റൂമിൽ നിന്നും പുറത്തെത്തിയാൽ ഉടൻ ചോദിക്കുന്ന ചോദ്യം 'ആൺകുഞ്ഞാണോ പെൺകുഞ്ഞാണോ ' എന്നതാണ്. മോനാണോ മോളാണോ ജനിച്ചതെന്ന് അറിയാനുള്ള താല്പര്യം മാത്രമാണിതെന്ന് കരുതരുത്. പെൺകുഞ്ഞാണെങ്കിൽ ഉപദേശങ്ങളുടെ പെരുമഴക്കാലമാണ് വരാൻ പോകുന്നത്. ഏയ്... ഇന്നത്തെ കാലത്ത് അങ്ങനെയെല്ലാമുണ്ടോ എന്ന് പലർക്കും സംശയം തോന്നിയേക്കാം. എന്നാൽ സ്നേഹത്തിൽ ചാലിച്ച വാക്കുകൾക്കിലൂടെ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്ന സമ്മർദ്ദം പലപ്പോഴും കുഞ്ഞിന്റെ അമ്മമാത്രമാണ് അറിയുന്നത്.
''എനിക്ക് മൂന്നു മക്കളാണ്. മൂത്തത് ആൺകുട്ടിയും രണ്ടാമത്തെത് ഇരട്ട പെൺകുട്ടികളുമാണ്. മോനെ പ്രസവിച്ച സമയത്ത് എല്ലാവരും എന്നോട് വന്നു പറഞ്ഞത്, ആഹാ കോളടിച്ചല്ലോ, ആൺകുഞ്ഞാണല്ലോ എന്നാണ്. മകനെ ഡേ കെയറിൽ ഏൽപ്പിച്ച് ആറാം മാസം മുതൽ ഞാൻ ജോലിക്ക് പോകുമായിരുന്നു. ആർക്കും ഒരു പരാതിയുമില്ല. എന്നാൽ പെണ്മക്കൾ ജനിച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ഞാൻ ഏറെ ആഗ്രഹിച്ചതാണ് ഞങ്ങൾക്ക് ഒരു മകൾ വേണമെന്നത്. എനിക്കിപ്പോഴും ഓർമയുണ്ട് കുഞ്ഞുങ്ങളെ കാണാനായി എത്തിയ ഒരു അമ്മായി പറഞ്ഞത്, ഈശ്വരാ ഇരട്ടപെൺകുഞ്ഞുങ്ങൾ, അപ്പൊ ഇരട്ടി ചെലവാണ് എന്ന്. പെൺകുഞ്ഞുങ്ങളെ ജനിക്കുമ്പോൾ തന്നെ വീടിന്റെ ബാധ്യതയായാണ് കാണുന്നത്. ആ കാഴ്ചപ്പാടിൽ മാറ്റം വരാതെ ഒന്നും ശരിയാകാൻ പോകുന്നില്ല. എന്റെ പെണ്മക്കളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും സമൂഹത്തിന്റെ ഈ ഇടപെടൽ ഞാൻ കണ്ടു. മോനെ ഡേ കെയറിൽ ആക്കി ഞാൻ ജോലിക്ക് പോയിരുന്നതു പോലെ പെണ്മക്കളെ ആക്കി പോകാൻ സമ്മതിച്ചിരുന്നില്ല. പെൺകുഞ്ഞുങ്ങളാണ്, ഇങ്ങനെ കണ്ടയിടത്തൊക്കെ ആക്കി പോകാൻ എങ്ങനെ തോന്നുന്നു നിനക്ക് ? നീ ഒരമ്മയല്ലേ ? എന്നൊക്കെയായിരുന്നു ചോദ്യം. കേൾക്കുമ്പോൾ ശ്രദ്ധകൊണ്ടാണ് എന്നൊക്കെ തോന്നുമെങ്കിലും പെൺകുഞ്ഞുങ്ങളെ നോക്കാനുള്ള ചുമതല അമ്മയ്ക്കാണ് എന്ന് പറയാതെ പറയുകയാണ് ചെയ്യുന്നത്. ഈ ബാഹ്യ ഇടപെടൽ മൂലം എനിക്ക് ജോലി രാജിവച്ച് കുഞ്ഞുങ്ങളെ നോക്കി വീട്ടിൽ ഇരിക്കേണ്ട അവസ്ഥ വന്നു'' തിരുവനന്തപുരം സ്വദേശിനിയും ഹെൽത്ത്കെയർ പ്രൊഫഷണലുമായ നീന പറയുന്നു.
പെൺകുഞ്ഞുങ്ങൾക്ക് വേണ്ടത് അമ്മയുടെ സംരക്ഷണമല്ലേ?
ഒരു പെൺകുഞ്ഞിന്റെ അമ്മയായാൽ വായകെട്ടി എന്ന് പറയുന്നത് വെറുതെയല്ല, സമൂഹത്തിലെ പുരോഗമനപരമായ ഒരു കാര്യത്തിലും പിന്നീട് അവൾക്ക് അഭിപ്രായം പറയാൻ അവകാശമില്ല. രണ്ട് പേര് പ്രണയിച്ചു വിവാഹം ചെയ്തതിനെ അനുകൂലിച്ചാൽ അപ്പോൾ വരും ഉപദേശം, 'ഹാ....നീയും വളർത്തുന്നുണ്ടല്ലോ ഒന്നിനെ, അനുഭവിക്കുമ്പോൾ പഠിച്ചോളും'. എന്നാൽ സമൂഹത്തിൽ ഒരു പെൺകുട്ടി കയ്യെത്തിപ്പിടിക്കുന്ന നേട്ടങ്ങൾക്കൊപ്പം ആരും ഇത്തരം ഉപമകളുമായി എത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും അച്ഛന്റെയും അമ്മയുടെയും സംരക്ഷണം ഒരു പോലെ ആവശ്യമാണ്. എന്നാൽ ജനിച്ചത് പെൺകുഞ്ഞാണെങ്കിൽ അതിനെ നോക്കേണ്ട ഉത്തരവാദിത്വം അമ്മയുടേത് മാത്രമായി മാറുകയാണ്. വീട്ടിൽ നിന്നും കുഞ്ഞുങ്ങളില്ലാതെ ഒന്ന് മാറി നില്ക്കാൻ കഴിയാത്ത അവസ്ഥയാണ് ഈ അടിച്ചേൽപ്പിക്കപ്പെടുന്ന ഉത്തരവാദിത്തബോധത്തിലൂടെ ഇല്ലാതാകുന്നത്.
അച്ഛൻ നോക്കിയാലും അമ്മ നോക്കിയാലും ഒരു പോലെ തന്നെയെന്ന് പറഞ്ഞു കുഞ്ഞിനെ വീട്ടുകാരെ ഏൽപ്പിച്ചു പോകാനായുള്ള ധൈര്യം ബഹുഭൂരിപക്ഷം അമ്മമാർക്കും ഇല്ല എന്നതാണ് വാസ്തവം.
അമ്മയ്ക്ക് മാത്രമേ കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ കഴിയൂ എന്നതിനാൽ കുഞ്ഞിന്റെ പരിചരണവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ എല്ലാം തന്നെ അമ്മമാരിൽ അടിച്ചേൽപ്പിക്കുന്നു. സ്നേഹത്തോടെ ഈ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന അമ്മമാരുണ്ട്. എന്നാൽ കൈമാറി എടുക്കാൻ പോലും ഒരാളെ കിട്ടാത്ത അവസ്ഥ ഭീകരമാണ്.
ആറ് പെൺമക്കളെയും ഡോക്റ്റർമാരാക്കിയ അമ്മ
സമൂഹം എത്രതന്നെ പുരോഗമിച്ചെന്നു പറഞ്ഞാലും ആൺപെൺ വേർതിരിവ് പ്രകടമാണ്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഈ വേർതിരിവുണ്ടാകുമ്പോൾ അനുഭവിക്കേണ്ടി വരുന്നത് അമ്മമാരാണ്. എന്നാൽ സമൂഹം എന്ത് തന്നെ പറഞ്ഞാലും പെൺമക്കൾക്ക് വേണ്ടി നിലകൊള്ളാൻ തീരുമാനിക്കുക എന്നത് വലിയ ഒരു ഉത്തരവാദിത്തമാണ്. അത്തരത്തിൽ ഇച്ഛാശക്തിയുള്ള ഒരമ്മയാണ് സൈന. ഒന്നിന് പുറകെ ഒന്നായി ആറ് പെണ്മക്കൾ ജനിച്ചു വീണപ്പോൾ നാട്ടുകാർ ഈ അമ്മയുടെ മുഖത്ത് നോക്കി സഹതാപത്തോടെ ചിരിച്ചു. എല്ലാത്തിനെയും കെട്ടിച്ചയക്കേണ്ടേ? എന്ന് പരിതപിച്ചു. വർധിച്ചു വരുന്ന ചെലവുകളെക്കുറിച്ചോർത്ത് പരിഭവം പറഞ്ഞു. എന്നാൽ ഈ അമ്മ ഇത്തരം നല്ല ഭാഷയിൽ പൊതിഞ്ഞ 'കുത്തുവാക്കുകളെ' ചിരിച്ചുകൊണ്ടാണ് നേരിട്ടത്.
അഞ്ചാം ക്ലാസ് വിദ്യാഭ്യാസമാണ് സൈനയ്ക്ക് ഉള്ളത്. അച്ഛന്റെ പെങ്ങളുടെ മകന് അഹമ്മദ് കുഞ്ഞഹമ്മദ് കുട്ടിയെയാണ് സൈന വിവാഹം ചെയ്തിരുന്നത്. വളരെ ചെറിയ പ്രായത്തിലേ നടന്ന വിവാഹമായിരുന്നു. മദ്രാസില്‍ ബിസിനസ് ആയിരുന്നു സൈനയുടെ ഭര്‍ത്താവിന്. ആദ്യ മകള്‍ ജനിച്ചപ്പോള്‍ അഹമ്മദ് ഖത്തറിലേക്ക് പോയി. ചെറു പ്രായത്തില്‍ കുടുംബിനി ആയതിന്റെ അങ്കലാപ്പും പരിഭ്രമവും മാറി പതിയെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ സൈന ഏറ്റെടുത്തു. നാട്ടുകാർ ആറ് പെണ്മക്കളെ നോക്കി കഷ്ടം പറഞ്ഞെങ്കിലും സൈനയ്ക്ക് ഒരിക്കലും പെണ്‍കുട്ടികള്‍ ആയിപ്പോയല്ലോ എന്ന ചിന്ത ഉണ്ടായിരുന്നില്ല. മാത്രമല്ല അതൊരു ഭാരമായും തോന്നിയില്ല. മക്കളെ നന്നായി പഠിപ്പിക്കണമെന്നും അവര്‍ നന്നായി പഠിക്കണമെന്നും മാത്രമായിരുന്നു സൈനയുടെ ആഗ്രഹം. മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവികൊടുക്കാതിരുന്നതിനാൽ ഈ അമ്മയുടെ ആറ് മക്കളും ഇന്ന് ഡോക്റ്റർമാരാണ്. മക്കൾക്ക് എല്ലാവർക്കും നല്ല വിദ്യാഭ്യാസം നൽകണം എന്നത് മാത്രമായിരുന്നു ഈ അമ്മയുടെ ആഗ്രഹം അത് സഫലമാക്കാൻ കഴിയുകയും ചെയ്തു.
എന്നാൽ സൈനയെ പോലെ 'അയ്യോ പെൺകുഞ്ഞാണോ' എന്ന ചോദ്യത്തെ സധൈര്യം നേരിടാൻ എല്ലാ അമ്മമാർക്കും കഴിയാറില്ല എന്നതാണ് വാസ്തവം. അമിതമായ ചോദ്യം ചെയ്യപ്പെടലുകളും ഉപദേശങ്ങളും അമ്മമാരിൽ, പ്രത്യേകിച്ച് പ്രസവാനന്തര കാലഘട്ടത്തിൽ ഉണ്ടാക്കുന്ന സമ്മർദ്ദം വളരെ വലുതായിരിക്കും. അതിന്റെ കൂടെയാണ് പെൺകുഞ്ഞായത് കഷ്ടമായല്ലോ എന്ന തരത്തിലുള്ള ചോദ്യങ്ങൾ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ഇത്തരത്തിലുള്ള അവസ്ഥയെന്നത് പ്രത്യേകം ശ്രദ്ധിക്കണം. പലപ്പോഴും തിരിച്ചു പറയാനോ ഇത്തരക്കാർക്ക് ചുട്ടമറുപടി കൊടുക്കാനോ ഉള്ള അവസരം പല സ്ത്രീകൾക്കും ഉണ്ടാകുന്നില്ല.
വസ്ത്രധാരണത്തിൽ ശ്രദ്ധിച്ചേ തീരൂ, പെണ്ണല്ലേ ?
''പെൺകുഞ്ഞിന്റെ അമ്മയായതോടെ എനിക്കും പലവിധ നിയന്ത്രണങ്ങളും വന്നു. എന്നാൽ ഞാൻ അതൊന്നും അനുസരിച്ചില്ല എന്നതിനാൽ തന്നെ എനിക്ക് എന്റെ മോളുടെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്നുണ്ട്. ഞാൻ മോഡേൺ വസ്ത്രധാരണ രീതികൾ ഇഷ്ടപ്പെടുന്ന ആളാണ്. എന്നാൽ ഇത് ദഹിക്കാത്ത നിരവധിയാളുകൾ എനിക്ക് ചുറ്റുമുണ്ട്. അവരെല്ലാം എനിക്കൊരു പെൺകുഞ്ഞു ജനിക്കാനായി കാത്തിരിക്കുകയായിരുന്നു. പ്രസവശേഷം ഞാൻ വെസ്റ്റേൺ വസ്ത്രങ്ങൾ ധരിച്ചപ്പോൾ, എനിക്ക് കിട്ടിയ ആദ്യ ഉപദേശം പെറ്റ പെണ്ണല്ലേ കുറച്ച് അടക്കവും ഒതുക്കവുമെല്ലാം വേണം എന്നതായിരുന്നു. പിന്നീട് പലതവണ ഞാൻ വസ്ത്രധാരണ രീതിയുടെ പേരിൽ ചോദ്യം ചെയ്യപ്പെട്ടു. പെൺകുഞ്ഞാണ് വളർന്നു വരുന്നതെന്ന് മറക്കണ്ട, എന്ന രീതിയിലുള്ള ഉപദേശമായിരുന്നു കിട്ടിയതിൽ ഏറിയ പങ്കും. ഇവരെല്ലാം കൂടി പറഞ്ഞു പറഞ്ഞു പെൺകുഞ്ഞിനെ വളർത്തുക എന്നത് ബോംബ് സൂക്ഷിക്കുന്നത് പോലെ ശ്രമകരമായ ഒരു കാര്യമാക്കി മാറ്റുകയാണ്. എന്റെ അഭിപ്രായത്തിൽ ഒരു പെൺകുഞ്ഞു ജനിക്കുന്നതോടെ രണ്ട് വ്യക്തികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കാനാണ് സമൂഹം ശ്രമിക്കുന്നത്. ഒന്ന് ജനിച്ചു വീണ കുട്ടിയുടെ, രണ്ട് അമ്മയുടെ.'' എറണാകുളം സ്വദേശിനിയും ഐടി സ്പെഷ്യലിസ്റ്റുമായ രോഹിണി പറയുന്നു.
ഓ പെൺകുട്ടികൾ പഠിച്ചിട്ടെന്തിനാ?
ഈ ചോദ്യം തുറന്നങ്ങു ചോദിച്ചാൽ അപരിഷ്കൃതനാകുമോ എന്ന ഭയം ഉള്ളതിനാൽ, ഈ ചോദ്യത്തെ നല്ല വാക്കുകളിലൂടെ ഒളിച്ചു കടത്താനാണ് പലരും ശ്രമിക്കുന്നത്. പതിനെട്ടോ പത്തൊൻപതു വയസ് തികഞ്ഞാൽ ഉടനടി ചോദ്യം വരും, 'മോൾക്ക് കല്യാണം ഒന്നും നോക്കുന്നില്ലേ?' ആ ചോദ്യം ഒരു ട്രാപ്പ് ആണ്. അതിനിർത്തുടർന്നെത്തുന്ന ചോദ്യങ്ങളും പറച്ചിലുകളും ഏകദേശം ഇത് പോലെയാണ്.... ' നല്ല ആലോചന ഒത്ത് വന്നാൽ നടത്തിയേക്കണം, കല്യാണം കഴിഞ്ഞും പഠിക്കാമല്ലോ, അല്ലേൽ തന്നെ ഇപ്പോൾ പഠിച്ചു ജോലി വാങ്ങേണ്ട ആവശ്യമൊന്നും ഇല്ലല്ലോ, പെൺകുട്ടികൾ അധികം പഠിച്ചാലേ ചെക്കനെ കിട്ടാൻ ബുദ്ധിമുട്ടാകും, വയസ് കൂടിയാൽ പിന്നെ കല്യാണം നടക്കില്ല' ഇത്തരം സ്ത്രീ വിരുദ്ധ സ്റ്റേറ്റ്മെന്റുകളുടെ ഇടയിൽ നിന്ന് വേണം ഒരു സ്ത്രീക്ക് തന്റെ മകളുടെ ഇഷ്ടങ്ങൾക്ക് കൂട്ട് നിൽക്കാനും അവളെ വളർത്താനും. ഇനി മകൾക്ക് പ്രണയമുണ്ടെങ്കിലോ അവളുടെ വരനെ അവൾ സ്വയം തെരഞ്ഞെടുത്തെങ്കിലോ അത് ഒരു അപരാധമായിക്കണ്ട്, അമ്മ ആ കുറ്റം ഏറ്റെടുക്കണം. വളർത്തുദോഷം എന്ന പേരിൽ അമ്മയെ കുറ്റപ്പെടുത്താൻ തന്നെയാണ് സമൂഹം ശ്രമിക്കുക.
ഇതെല്ലാം കേൾക്കുമ്പോൾ നിസ്സാരമായി തോന്നാം, എന്നാൽ കാര്യങ്ങൾ വിചാരിച്ചത്ര നിസ്സാരമല്ല. ഒരു പെൺകുഞ്ഞിന്റെ അമ്മയാകുക എന്നതിലൂടെ വലിയ ഒരു കടമ്പ കടക്കാൻ കൂടി തയ്യാറാകേണ്ട അവസ്ഥയാണ് സ്ത്രീകൾക്ക്. ഈ അവസ്ഥ മാറാത്തിടത്തോളം സ്ത്രീകൾ അവരുടെ ജീവിതത്തിൽ ഏറ്റെടുക്കുന്ന സമ്മർദ്ദങ്ങൾ വർധിച്ചു വരികതന്നെ ചെയ്യും.
അടുത്തലക്കം: തൊഴിലിടങ്ങളിലെ കടന്നു കയറ്റങ്ങൾ നിശബ്ദം സഹിക്കുമ്പോൾ