Oct 21, 2021 • 12M

തടവിലാക്കപ്പെടുന്ന പെൺമനസുകൾ- സമൂഹത്തിൻ്റെ പങ്കെന്ത്? - ഭാഗം 6

കരിയറും വിവാഹവും; ആശങ്ക ഒപ്പത്തിനൊപ്പം!

Lakshmi Narayanan
Comment
Share
 
1.0×
0:00
-12:20
Open in playerListen on);
Episode details
Comments

ഒരു പെൺകുട്ടിയുടെ കരിയറും വിവാഹവും മാനസികാരോഗ്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? പ്രത്യക്ഷത്തിൽ പരസ്പരം ബന്ധപ്പെടാത്ത വിഷയങ്ങളാണെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല.  പെൺകുട്ടിയുടെ കരിയറും വിവാഹവും മാനസികാരോഗ്യവും പരസ്പരം ഇഴചേർന്നു കിടക്കുന്ന മൂന്നു ഘടകങ്ങളാണ്. എന്നാൽ പലപ്പോഴും ഈ വിഷയം ചർച്ചയാകുന്നില്ല എന്നതാണ് പ്രധാനം. മുപ്പതുകളിലേക്ക് കടക്കുമ്പോഴായിരിക്കും വിവാഹത്തിന് വേണ്ടി മാറ്റിവച്ച തന്റെ കരിയർ തനിക്കുണ്ടാക്കിയ നഷ്ടത്തെപ്പറ്റി ഒരു പെൺകുട്ടി ബോധവതിയാകുക. എന്നാൽ അപ്പോഴേക്കും കുട്ടികളും കുടുംബവുമൊക്കെയായി ഇക്കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യപ്പെടാൻ പോലുമുള്ള അവസ്ഥ ഇല്ലാതെയായിട്ടുണ്ടാകും. ഓരോ ചെറിയ ആവശ്യങ്ങൾക്കും ഭർത്താവിനെ അല്ലെങ്കിൽ കുടുംബാംഗങ്ങളെ ആശ്രയിക്കുന്ന അവസ്ഥ സാവധാനം വിദ്യാസമ്പന്നരായ പെൺകുട്ടികളിൽ കടുത്ത അരക്ഷിതാവസ്ഥയും കുറ്റബോധവും സൃഷ്ടിക്കും. ഈ അവസ്ഥ സാവധാനം നിരാശാബോധത്തിലേക്കും ഡിപ്രഷനിലേക്കും സ്ത്രീകളെ എത്തിക്കാറുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. വിവാഹിതയും തൊഴിൽരഹിതയുമായ അഭ്യസ്തവിദ്യരുടെ കണക്കെടുത്താൽ പത്തിൽ ആറ് സ്ത്രീകളും ഈ പ്രശ്നം അഭിമുഖീകരിക്കുന്നുണ്ട്. പെൺകുട്ടികളുടെ വിവാഹപ്രായം, വിവാഹം, കുട്ടികൾ തുടങ്ങിയ കാര്യങ്ങളിൽ സമൂഹം നടത്തുന്ന അനാരോഗ്യകരമായ ഇടപെടലുകളാണ് ഇത്തരം മാനസിക സമ്മർദ്ദത്തിലേക്ക് പെൺകുട്ടികളെ എത്തിക്കുന്നത്.

വിവാഹം കഴിക്കാൻ നിർബന്ധിച്ചവരൊക്കെ എവിടെ ?

വിവാഹത്തിനായി കരിയർ ഉപേക്ഷിക്കേണ്ടി വരുന്നത് ഒരു പെൺകുട്ടിയുടെ ജീവിതത്തെ എങ്ങനെയെല്ലാമാണ് ബാധിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് കോട്ടയം സ്വദേശിനിയായ മൃദുല മനോജിന്റെ ജീവിതം. ബിടെക്ക് നല്ല മാർക്കോടെ വിജയിക്കുകയും കാമ്പസ് സെലക്ഷനിലൂടെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ലഭിക്കുകയും ചെയ്ത മിടുക്കിയായിരുന്നു മൃദുല. ആ ജോലി വേണ്ടെന്ന് വച്ച് എംടെക്ക് പഠനം തിരഞ്ഞെടുത്തത് മൃദുലക്ക് തന്റെ കരിയറിൽ അത്രയേറെ വിശ്വാസം ഉള്ളത് കൊണ്ടായിരുന്നു.എംടെക്ക് പഠനം രണ്ടാം സെമസ്റ്ററിൽ എത്തി നിൽക്കെയായിരുന്നു വരുണിന്റെ വിവാഹാലോചന വരുന്നത്. എംടെക്ക് കഴിഞ്ഞിട്ട് മതി വിവാഹം എന്നായിരുന്നു മൃദുലയുടെ തീരുമാനം. വീട്ടുകാരും അതിനോട് യോജിച്ചു. എന്നാൽ വിവാഹശേഷവും പഠനം തുടരാമല്ലോ, ഞങ്ങളുടെ ഭാഗത്ത് നിന്നും എതിർപ്പുകൾ ഒന്നുമില്ല എന്ന് വരന്റെ വീട്ടുകാർ പറഞ്ഞതോടെ ബന്ധുക്കളിൽ നിന്നും മറ്റും മൃദുലക്ക് വിവാഹത്തിനായുള്ള സമ്മർദ്ദം തുടങ്ങി.

''പെൺകുട്ടികളുടെ ഭാഗ്യം എപ്പോഴാണ് തെളിയുക എന്നും കെട്ട് പോകുകയെന്നും പറയാനാവില്ല. ഇപ്പോൾ ഒഴിവാക്കുന്ന ഈ വിവാഹാലോചനയെ ഓർത്ത് പിന്നീട് ദുഖിക്കേണ്ടി വരും'' അമ്മൂമ്മയുടെ ഈ വാക്കുകൾ മൃദുലയുടെ അച്ഛന്റെ മനസ് മാറ്റി. മകളുടെ പിടിവാശി വകവയ്ക്കാതെ കല്യാണാലോചനയുമായി അദ്ദേഹം മുന്നോട്ട് പോയി. കാണാൻ ഏറെ സുമുഖനായ വ്യക്തി, പെരുമാറ്റവും ജോലിയും വീട്ടിലെ സാഹചര്യങ്ങളും മികച്ചത് തന്നെ. മൃദുല വിവാഹശേഷം ഹോസ്റ്റലിൽ നിന്ന് പഠനം തുടരുന്നതിനോട് വരുണിന് പൂർണ സമ്മതം. അങ്ങനെ തിരുവനന്തപുരം സ്വദേശിയും കൊച്ചിയിൽ ജോലിയുമുള്ള വരുൺ കോട്ടയം സ്വദേശിയും കോഴിക്കോട് പഠിക്കുകയും ചെയ്യുന്ന മൃദുലയെ വിവാഹം ചെയ്തു. ഇത് വരെ എല്ലാം നല്ലത് തന്നെ. പക്ഷെ പിന്നീടങ്ങോട്ടായിരുന്നു മൃദുലയുടെ ജീവിതത്തിലെ ഏറ്റവും വലിയ ട്വിസ്റ്റുകൾ.

പരസ്പരം ഏറെ സ്നേഹിക്കുന്ന വ്യക്തികളായിരുന്നു വരുണും മൃദുലയും. കൊച്ചിയിലെ ഫ്ലാറ്റിൽ വരുൺ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. കല്യാണം കഴിഞ്ഞിട്ടും ഒറ്റയ്ക്ക് താമസിക്കേണ്ടി വരുന്ന വരുണിന്റെ അവസ്ഥയോർത്ത് മാതാപിതാക്കൾ സ്ഥിരം പരിഭവം പറയാൻ തുടങ്ങി. എന്നാൽ തന്റെ ഭാവിയെക്കുറിച്ചു നല്ല പ്രതീക്ഷയുണ്ടായിരുന്ന മൃദുല അതൊന്നും മുഖവിലയ്ക്ക് എടുത്തില്ല. രണ്ട് വർഷങ്ങൾ കടന്നു പോയി, ആഗ്രഹിച്ച പോലെ എംടെക്ക് പഠനം പൂർത്തിയാക്കി. എന്നാൽ അപ്പോഴേക്കും വരുണും മൃദുലയും തമ്മിൽ മാനസികമായി അകന്നിരുന്നു. ഭാര്യയെ പഠിക്കാൻ വിടാനാണോ കല്യാണം കഴിച്ചത്, എന്തൊരു ദുരവസ്ഥയാണ്? ഇനി ജോലി, റിസർച്ച് എന്നൊക്കെ പറഞ്ഞാൽ ജീവിതം പിന്നെ എന്താകും?, ഒരു നേരത്തെ ആഹാരം ഉണ്ടാക്കിത്തരാൻ പോലും കഴിയാത്ത ഭാര്യ എന്തിനാണ് ? , കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഇല്ലെന്നാ തോന്നുന്നത് തുടങ്ങിയ കുടുംബക്കാരുടെയും നാട്ടുകാരുടെയും അടക്കം പറച്ചിലുകൾ വരുണിനെ ഏറെ അസ്വസ്ഥനാക്കിയിരുന്നു.

അതിനാൽ തന്നെ എംടെക്ക് കഴിഞ്ഞശേഷം കരിയർ പദ്ധതികൾ ചർച്ച ചെയ്യുന്ന മൃദുലയോട് വരുൺ പറഞ്ഞു, ''പഠനവും ജോലിയും മാത്രമല്ല ജീവിതം. ഇത്തരത്തിൽ തുടരാൻ എനിക്ക് ആവില്ല. എന്റെ കുഞ്ഞിനെ എടുക്കണമെന്നും ലാളിക്കണമെന്നും എന്റെ അച്ഛനമ്മമാർക്ക് ആഗ്രഹമുണ്ട്. അവർക്ക് വയസായി വരികയാണ്. എംടെക്ക് കഴിഞ്ഞില്ലേ, ബാക്കിയൊക്കെ പിന്നെ നോക്കാം.''

വരുണിന്റെ ഭാഷയിലെ കാഠിന്യം മനസ്സിലാക്കിക്കൊണ്ട് തന്നെ തുടർപഠനം , ജോലി തുടങ്ങിയ ആഗ്രഹങ്ങൾ മാറ്റിവച്ചുകൊണ്ട് മൃദുല അമ്മയാകാനൊരുങ്ങി. പ്രത്യക്ഷത്തിൽ പ്രശ്നങ്ങൾ ഒന്നും തോന്നുന്നില്ലെങ്കിലും മൃദുലയുടെ ഉള്ളിൽ കടുത്ത സംഘർഷാവസ്ഥയായിരുന്നു. സാഹചര്യത്തിന്റെ സമ്മർദ്ദത്തിൽ അമ്മയാകാനൊരുങ്ങിയ മൃദുല ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. കുഞ്ഞുങ്ങൾ ഉണ്ടായാൽ ഞങ്ങൾ നോക്കും നീ പേടിക്കണ്ട എന്ന് പറഞ്ഞ ആരെയും പിന്നീട് അവിടെ കണ്ടില്ല. കുഞ്ഞുങ്ങളുടെ കാര്യങ്ങളും ജോലി അന്വേഷണവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകാൻ തത്രപ്പാട് പെടുമ്പോഴാണ് വരുണിന് വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിക്കുന്നത്. അതും ആഫ്രിക്കയിലേക്ക്. തന്റെ കരിയറിന് യോജിച്ച ഇടമല്ലെന്നും താൻ വരുന്നില്ല എന്നും പറഞ്ഞ മൃദുലയെ വീട്ടുകാരും നാട്ടുകാരും എതിർത്തു. അവന്റെ കൂടെ നിൽക്കാതെ ഈ രണ്ട് കുഞ്ഞുങ്ങളുമായി നീ എന്ത് ചെയ്യും? വീണ്ടും സമ്മർദ്ദം. അങ്ങനെ മനസില്ലാമനസോടെ കുഞ്ഞുങ്ങളുമായി വിമാനം കയറി.

പിന്നീട് അങ്ങോട്ടുള്ള മൃദുലയുടെ ജീവിതം രണ്ട് കുഞ്ഞുങ്ങൾക്കും ഭർത്താവിനും വേണ്ടിയുള്ളതായിരുന്നു. പുതിയ അന്തരീക്ഷത്തിൽ ജീവിതം പച്ചപിടിപ്പിക്കാൻ ഏറെ പാടുപെട്ടു. ജോലിത്തിരക്കിനിടയിൽ ഭർത്താവ് പലപ്പോഴും മൃദുലയുടെ സ്വപ്നങ്ങളെ അവഗണിച്ചു. ഇതിനിടക്ക് യുട്യൂബ് ചാനൽ തുടങ്ങി തന്റെ അറിവ് ബിടെക്ക് പഠിക്കുന്ന കുട്ടികളിലേക്ക് എത്തിക്കാനുള്ള ശ്രമം നടത്തിയെങ്കിലും കൃത്യമായി വീഡിയോകൾ പോസ്റ്റ് ചെയ്യാൻ വീട്ടിലെ തിരക്കുകൾ കൊണ്ട് കഴിയാതെ വന്നതോടെ ആ ശ്രമം വിജയിച്ചില്ല. ഇപ്പോൾ കുട്ടികൾക്ക് 5  വയസായി. മൃദുലയുടെ കരിയർ എവിടെയും എത്തിയുമില്ല.

''പുറമെ നിന്നും നോക്കുന്ന ഒരു വ്യക്തിക്ക് ഞാൻ സന്തോഷവതിയാണ്. ഭർത്താവ്, കുട്ടികൾ, വിദേശജീവിതം എല്ലാമുണ്ട്. അദ്ദേഹം എന്നെ നല്ലപോലെ നോക്കുന്നുമുണ്ട്. പക്ഷെ അത് മാത്രമല്ലല്ലോ കാര്യം, ഞാൻ ആഗ്രഹിച്ച പോലെ എവിടെയും എത്തിച്ചേരാൻ എനിക്ക് സാധിച്ചില്ല. ഓരോ ചെറിയ ആവശ്യങ്ങൾക്കും ഭർത്താവിനോട് പണം ചോദിക്കുമ്പോൾ അത് എന്നെ വല്ലാതെ തളർത്തുന്നുണ്ട്.എനിക്ക് വിദ്യാഭ്യാസമോ, തൊഴിൽ ചെയ്യാനുള്ള മനസോ ഇല്ലാഞ്ഞിട്ടല്ല, പക്ഷെ മറ്റുള്ളവരുടെ സമ്മർദ്ദത്തിന് വഴങ്ങി കരിയറിനേക്കാൾ പ്രാധാന്യം വിവാഹത്തിന് നൽകി. കല്യാണം കഴിക്കാൻ എന്നെ നിർബന്ധിച്ചവർ ആരും ഈ അവസ്ഥയിൽ എന്റെ കൂടെയില്ല. പലപ്പോഴും സമ്മർദ്ദവും വിഷമവും താങ്ങാൻ കഴിയാതെ ഞാൻ പൊട്ടിക്കരയാറുണ്ട്. അപ്പോൾ എനിക്ക് എന്നോട് തന്നെ ദേഷ്യമാണ്. ഡിപ്രഷൻ സഹിക്കാനാവാതെ മനഃശാസ്ത്രജ്ഞനെ കണ്ടിട്ടുണ്ട്. ഈ  ലോകം മുഴുവൻ എനിക്കായി സമ്മാനിച്ചാലും സ്വന്തമായി വരുമാനം കണ്ടെത്താൻ കഴിയാതെ ഇങ്ങനെ ജീവിക്കേണ്ടി വരുന്നത് എന്നെ സംബന്ധിച്ച് കടുത്ത അപമാനവും വേദനയുമാണ്'' മൃദുല പറയുന്നു.

മറ്റുള്ളവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാതിരിക്കുക

എംഎഡ് പഠനം കഴിഞ്ഞശേഷം ഒരു സ്വകാര്യ സ്‌കൂളിൽ ഇംഗ്ലീഷ് വിഭാഗം എച്ച്.ഓ.ഡി ആയി പ്രവർത്തിക്കുമ്പോഴാണ് പാലക്കാട് സ്വദേശിനിയായ അപർണയുടെ വിവാഹം. ഭർത്താവിന്റെ ഡൽഹിയിലെ ജോലിയും പുതുമോടിയും വീട്ടുകാരുടെ നിർബന്ധവുമൊക്കെ ആയതോടെ അപർണ ജോലി രാജി വച്ച് ഡൽഹിക്ക് പോയി. ഏറെ ശ്രമിച്ചെങ്കിലും അവിടെ ഒരു ജോലി തരപ്പെടുത്താനായില്ല. അതിനിടയിൽ ഒരു മകൾ ജനിച്ചു. ഐടി രംഗത്ത് റിസഷൻ വന്നതോടെ കാര്യങ്ങൾ സമ്മർദ്ദത്തിലായി. ജോലി പോയില്ലെങ്കിലും ഭർത്താവിന്റെ വരുമാനത്തിൽ ഇടിവ് സംഭവിച്ചു. വീട്ടിലെ ചെറിയ ആവശ്യങ്ങൾ പറഞ്ഞാൽ പോലും അദ്ദേഹം ചൂടാകുന്നത് പതിവായി. ജോലി ഇല്ലാത്ത അപർണ ഭാരമാണ് എന്ന രീതിയിൽ വരെയെത്തി ഭർത്താവിന്റെ വാക്കുകൾ. ആ സമയത്താണ് അപർണയുടെ കാൻസർ രോഗിയായ  'അമ്മക്ക് വിദഗ്ധ ചികിത്സ ആവശ്യമായി  വരുന്നത്. ഒറ്റമകളാണ് അപർണ, എന്നിട്ടും ആവശ്യഘട്ടത്തിൽ അമ്മയെയും അച്ഛനെയും സാമ്പത്തികമായി പിന്തുണയ്ക്കാൻ കഴിയാഞ്ഞത് അപർണയെ ഏറെ നിരാശയാക്കി. ചികിത്സക്കിടയിൽ അമ്മയുടെ മരണം കൂടി ആയതോടെ അപർണ മാനസികമായി തളർന്നു. നാട്ടിൽ വരാൻ പോലും ഭർത്താവിനെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു അപർണക്ക്.അതോടെ ഡൽഹി വാസം അവസാനിപ്പിച്ച അപർണ കേരളത്തിൽ ജോലി അന്വേഷിക്കുകയാണിപ്പോൾ. കരിയർ ബ്രേക്ക് ആണ് ഇവിടെയും വില്ലനാകുന്നത്.

കരിയറും വിവാഹവും മുന്നിലേക്ക് വരുമ്പോൾ മുൻപിൻനോക്കാതെ നടത്തുന്ന ചില തിരഞ്ഞെടുക്കലുകൾ, പലപ്പോഴുമത് സമ്മർദ്ദത്തിന്റെയും അമിതവിശ്വാസത്തിന്റെയും ഭാഗമാകാം, അതാണ് ഇത്തരത്തിലുള്ള നിരവധി മൃദുലമാരെയും അപർണമാരെയും സൃഷ്ടിക്കുന്നത്.

ഇനി ഇത്തരം അവസ്ഥകൾ എങ്ങനെയാണ് ഒരു പെൺകുട്ടിയുടെ തുടർജീവിതത്തെയും മാനസികാവസ്ഥയെയും ബാധിക്കുന്നതെന്ന് നോക്കാം...

1. പുതുമോടി കഴിയുന്നതോടെ, ബഹുഭൂരിപക്ഷം ദമ്പതിമാരും യാഥാർഥ്യത്തിലേക്ക് മടങ്ങും. ചെലവ് വർധിക്കുകയാണെന്ന് തിരിച്ചറിയും. കുടുംബത്തിലേക്ക് ഒരു വ്യക്തിയിൽ നിന്ന് മാത്രമായി വരുമാനം വരുമ്പോൾ പല ആഗ്രഹങ്ങളും ആഗ്രഹങ്ങളായി മാത്രം അവശേഷിക്കുന്നു. ഇത് സാമ്പത്തികമായ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. സാമ്പത്തിക സ്വാതന്ത്യം ഇല്ലാതാകുന്നതോടെ, സ്വന്തം കാലിൽ നിൽക്കാൻ ആഗ്രഹിച്ച, അതിനായി പഠിച്ച ഒരു വ്യക്തി മാനസികമായി തളരുന്നു.

2. കാര്യം ഭർത്താവാണെങ്കിലും എല്ലാ ആവശ്യങ്ങൾക്കും അദ്ദേഹത്തിന്റെ മുന്നിൽ കൈനീട്ടേണ്ടിവരുന്നത്, പല സ്ത്രീകളിലും സ്വത്വബോധം ഇല്ലാതാക്കുന്നു. ഇൻഫീരിയർ കോംപ്ലെക്സ് ഉണ്ടാകുകയും ഇത് മാനസികമായ തളർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു.

3. നാലാൾ കൂടുന്നിടത്ത് ബഹുമാനിക്കപ്പെടണം എങ്കിൽ സ്വന്തമായി ജോലിയും വരുമാനവും ആവശ്യമാണ് എന്ന തിരിച്ചറിവ് ഉണ്ടാകുന്ന സമയത്ത്, പലർക്കും കരിയർ കൈവിട്ട് പോയിട്ടുണ്ടാകും. വിവാഹിതയും കുടുംബിനിയും ആയി എന്നതല്ലാതെ താൻ തന്റെ ജീവിതത്തോട് ഒരു വ്യക്തി എന്ന നിലയിൽ നീതി കാണിച്ചില്ല എന്ന തിരിച്ചറിവ് സ്ത്രീകളിൽ ഉണ്ടാക്കുന്ന ട്രോമാ  വളരെ വലുതാണ്.

4 മക്കൾ വളർന്ന് വരുന്നതോടെ, വരുമാനമില്ലാത്തതോടെ സ്വയം ഇല്ലാതായിപ്പോകുന്ന അമ്മമാരുടെ എണ്ണവും വളരെ കൂടുതലാണ്. മക്കൾക്ക് സ്വന്തം ഇഷ്ടപ്രകാരം ഒന്നും വാങ്ങി നൽകാൻ കഴിയാത്ത അവസ്ഥ, മക്കൾ എന്ത് കാര്യത്തിനും അച്ഛനെ മാത്രം പരിഗണിക്കുന്ന അവസ്ഥ, കൂട്ടുകാരുടെ ജോലിയുള്ള അമ്മമാരെ പറ്റി വാചാലരാകുന്ന അവസ്ഥ...ഇതെല്ലം തന്നെ വിവാഹത്തിന്റെ പേരിൽ കരിയർ വേണ്ടെന്നു വയ്ക്കുന്ന സ്ത്രീകളെ മാനസികമായി തളർത്തും.

5.  ഇതിനേക്കാൾ ഭീകരമായ മറ്റൊന്നുണ്ട്, ഒറ്റപ്പെടൽ. ഭർത്താവ് ജോലിക്ക് പോകുകയും കുട്ടികൾ സ്‌കൂളിൽ പോകുകയും ചെയ്‌താൽ സ്ത്രീകൾ അനുഭവിക്കുന്ന അവസ്ഥ. അപ്പോഴാണ് വരുമാനമില്ലായ്മയും കരിയറും സ്വപ്നങ്ങളുമെല്ലാം മനസിലേക്ക് കടന്നു വരുന്നത്. തന്റെ ഒപ്പം പഠിച്ച പലരും ജീവിതത്തിൽ പലവിധ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടും താൻ എവിടെയും എത്തിച്ചേർന്നില്ല എന്ന ചിന്ത ഉണ്ടാക്കുന്ന വേദന വളരെ വലുതാണ്.

സമൂഹത്തിന് എന്ത് ചെയ്യാനാകും?

കരിയറും വിവാഹവും ഒരു പെൺകുട്ടിയുടെ മുന്നിൽ ചോയ്‌സ് ആയി വരുമ്പോൾ ഏറെ നിർണായകം കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള സമൂഹത്തിന്റെ ഇടപെടലുകളാണ്.  കരിയർ ഉപേക്ഷിച്ച് വിവാഹം തെരഞ്ഞെടുക്കാൻ പെൺകുട്ടികളെ നിർബന്ധിക്കാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. വിവാഹം കഴിഞ്ഞാൽ പിന്നെ എല്ലാം അവൻ നോക്കിക്കൊള്ളും എന്ന അബദ്ധചിന്ത പെൺകുട്ടികളുടെ മനസ്സിൽ ഉറപ്പിക്കരുത്. സാഹചര്യങ്ങൾ, വ്യക്തികൾ എന്നിവയെ അടിസ്ഥാനമാക്കി ഇത് മാറും എന്ന് മനസിലാക്കുക. ആൺപെൺ വ്യത്യസമില്ലാതെ സാമ്പത്തിക സ്വാതന്ത്ര്യം പ്രധാനമാണെന്ന് പഠിപ്പിക്കുക. വിവാഹം കഴിഞ്ഞാലുടൻ കുഞ്ഞുങ്ങളുണ്ടാകണം എന്ന ചിന്ത ചോദ്യങ്ങളുടെ രൂപത്തിൽ ദമ്പതിമാരിലേക്ക് നിറക്കാൻ ശ്രമിക്കരുത്. കുഞ്ഞുങ്ങൾ എപ്പോൾ വേണം എന്നത് അവരുടെ സ്വാതന്ത്ര്യമാണ്. അത് ആ വഴിക്ക് വിടുക. സമൂഹത്തിന്റെ ഇടപെടലുകൾ ഒരിക്കലും ഒരു പെൺകുട്ടിയേയും മാനസികമായ അനാരോഗ്യത്തിലേക്ക് തള്ളിവിടാതിരിക്കട്ടെ.

അടുത്തലക്കം; അമ്മയാകേണ്ടത് അവൾ ആഗ്രഹിക്കുമ്പോൾ, നിർബന്ധിത മാതൃത്വം വേണ്ട !