Oct 14, 2021 • 13M

തടവിലാക്കപ്പെടുന്ന പെൺമനസുകൾ- സമൂഹത്തിൻ്റെ പങ്കെന്ത്? - ഭാഗം 5

അവൾ പറക്കട്ടെ, സമൂഹത്തിന്റെ തുറിച്ചു നോട്ടങ്ങളില്ലാതെ!

Lakshmi Narayanan
Comment
Share
 
1.0×
0:00
-12:50
Open in playerListen on);
Episode details
Comments

സ്ത്രീയും പുരുഷനും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും സ്ത്രീ ഇല്ലാതെ പുരുഷനും പുരുഷനില്ലാതെ സ്ത്രീക്കും നിലനില്പില്ലെന്നുമൊക്കെ കാവ്യാത്മകമായി നാം പലയിടങ്ങളിലും കേൾക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ അതാണോ നമ്മുടെ സമൂഹത്തിലെ അവസ്ഥ? ഒരിക്കലുമല്ല, ഒരു പെൺകുഞ്ഞിന്റെ ജനനം മുതൽ വാർധക്യസഹജമായ മരണം വരെ പലഘട്ടങ്ങളിലും അവൾ ലിംഗപരമായ ചേരിതിരിവിന് ഇരയാകുന്നുണ്ട്. ചിലപ്പോളത് ശാസനയുടെയും മുൻകരുതലുകളുടെയും രൂപത്തിലായിരിക്കാം മറ്റ് ചിലപ്പോൾ ഇമോഷനുകൾക്ക് പുറത്താക്കാം. ഏത് വിധത്തിലായാലും ഒരു സ്ത്രീ ആഗ്രഹിക്കുന്ന കാര്യങ്ങൾ അവൾക്ക് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, ലക്ഷ്യത്തിലേക്കെത്താൻ ഇമോഷണൽ ബ്ളാക്ക് മെയിലുകൾ ഉൾപ്പടെയുള്ള ഘടകങ്ങൾ തടസ്സമാകുന്നുണ്ടെങ്കിൽ സ്വപ്നങ്ങളെ കയ്യെത്തിപ്പിടിക്കുന്നതിൽ നിന്നും ബന്ധങ്ങൾ അവളെ വഴിമുടക്കുന്നുണ്ടെങ്കിൽ തീർച്ചയായും അവൾ ലിംഗാധിഷ്ഠിതമായ വേർതിരിവുകൾ നേടിടുകയാണെന്ന് ഉറപ്പിച്ച് പറയാനാകും.

എന്നാൽ എന്തുകൊണ്ടോ ലിംഗാധിഷ്ഠിതമായ വേർതിരിവുകളിൽ ഭൂരിഭാഗവും ജീവിതത്തിന്റെ ഭാഗമായിക്കാണാനും അംഗീകരിക്കാനുമാണ് സമൂഹം ഒരു സ്ത്രീയെ പഠിപ്പിക്കുന്നത്. അതിനാൽ തന്നെ കുടുംബത്തിനകത്ത് നിന്നും ആരംഭിക്കുന്ന, പുറമെയുള്ളവർക്ക് നിസ്സാരമെന്ന് തോന്നുന്ന, അനുഭവിക്കുന്നവർക്ക് ഏറെ വേദനാജനകമായ തരംതിരിവുകൾ എങ്ങും വാർത്തയാകാതെ പോകുന്നു. അതിനാൽ തന്നെ ഇക്കൂട്ടർക്ക് അവർ അർഹിക്കുന്ന നീതി ലഭിക്കുന്നുമില്ല.  ഈ നീതിനിഷേധം വരും തലമുറകളിലേക്കും തുടരുന്നു. അവിടെയാണ് ലിംഗാധിഷ്ഠിതമായ വേർതിരിവുകൾ സമൂഹത്തിന്റെ സമഗ്രമായ വികസനത്തെ എങ്ങനെ പിന്നോട്ട് വലിക്കുന്നു എന്ന ചോദ്യം പ്രസക്തമാകുന്നത്.

ഒരിക്കൽ ഫെമിനിസം സംബന്ധിച്ച ഒരു ചർച്ചക്കിടെ ചലച്ചിത്രതാരം റിമ കല്ലിങ്കൽ തന്റെ ചെറുപ്പത്തിൽ വീട്ടിൽ നിന്നും തനിക്ക് അനുഭവിക്കേണ്ടി വന്ന ലിംഗാധിഷ്ഠിതമായ വേർതിരിവിനെപ്പറ്റി പറയുകയുണ്ടായി. വീട്ടിൽ മീൻ പൊരിച്ചാൽ അതിന്റെ നല്ല ഭാഗം എല്ലായ്പ്പോഴും സഹോദരന് വേണ്ടി 'അമ്മ മാറ്റി വയ്ക്കും എന്നായിരുന്നു റിമ പറഞ്ഞത്. പൊരിച്ച മീൻ കഴിക്കാൻ റിമയ്ക്ക് ആഗ്രഹമില്ലാഞ്ഞിട്ടല്ല. തരില്ല, കാരണം അത് വീട്ടിലെ ആൺകുട്ടിക്കുള്ളതാണ്. ഈ ഒരു ഉദാഹരണത്തെച്ചൊല്ലി സൈബർ ലോകം റിമയെ പരിഹാസംകൊണ്ട് മൂടി. എന്നാൽ അത്ര നിസ്സാരമായി തള്ളിക്കളയേണ്ട ഒരു വിഷയമായിരുന്നില്ല റിമ കല്ലിങ്കൽ മുന്നോട്ട് വച്ചത്. തീന്മേശയിൽ പോലും ഒരു പെൺകുട്ടി നേരിടുന്ന വേർതിരിവിന്റെ നേർസാക്ഷ്യമായിരുന്നു അത്. റിമയുടെ തുറന്നു പറച്ചിലിൽ പരിഹാസച്ചിരിയുമായി വന്ന പുരുഷന്മാർ പലരും വീട്ടിൽ നിന്നും പൊരിച്ച മീൻ ലഭിക്കാൻ 'പ്രത്യേകം ഭാഗ്യം സിദ്ധിച്ചവരായിരുന്നു'. എന്നാൽ റിമയുടെ സാക്ഷ്യം ശരിയാണെന്ന് പറഞ്ഞു മുന്നോട്ട് വന്ന സ്ത്രീകളാകട്ടെ തീൻമേശയിലെ ഈ വേർതിരിവ് അനുഭവിച്ചറിഞ്ഞവരായിരുന്നു. പറഞ്ഞു വരുന്നതിതാണ്, സ്വന്തം വീട്ടിലെ തീന്മേശയിൽ സ്വന്തം സഹോദരന്റെ മുന്നിൽ ഒറ്റപ്പെടൽ അനുഭവിച്ചുകൊണ്ടാണ് ഓരോ പെൺകുട്ടിയുടെയും വേർതിരിവിന്റെ ജീവിതം ആരംഭിക്കുന്നത്. നിസ്സാരമെന്ന് തോന്നുന്ന ഇത്തരത്തിലുള്ള ഒറ്റപ്പെടലുകളാണ് പിന്നീട് വലിയ വലിയ ഡിപ്രഷനുകളിലേക്ക് അവരെ തള്ളിയിടുന്നത്.

പെൺകുട്ടികൾ ആരോടും പറയാതെ പോകുന്ന വേദനകളുടെ, നേടാനാകാതെ പോകുന്ന സ്വപ്നങ്ങളുടെയെല്ലാം പിന്നിൽ ഇത്തരത്തിലുള്ള ലിംഗാധിഷ്ഠിത വേർതിരിവുകൾ ഉണ്ട്.

ഒരു പുതിയ പാഠപുസ്തകത്തിനായി ഞാൻ കൊതിച്ചിട്ടുണ്ട്!

സാമൂഹിക ശാസ്ത്രവിഭാഗം അധ്യാപികയായ ശ്രീലക്ഷ്മിക്ക് തന്റെ ബാല്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ രസകരമായ ഒന്നും തന്നെ ഓർക്കാനില്ല. സർക്കാർ ഉദ്യോഗസ്ഥരായ അച്ഛനമ്മമാരുടെ രണ്ട് മക്കളിൽ ഇളയവളായിട്ടായിരുന്നു ശ്രീലക്ഷ്മിയുടെ ജനനം. ചേട്ടന് ശ്രീലക്ഷ്മിയെക്കാൾ രണ്ട് വയസ് അധികം. ചെറുപ്പത്തിൽ രണ്ട് മക്കളെയും ഒരു പോലെ തന്നെയാണ് നോക്കിയത്. എന്നാൽ സ്‌കൂളിൽ പോകണ്ട സമയം ആയതോടെയാണ് ആൺകുട്ടിക്കും പെൺകുട്ടിക്കും ഇടയിൽ കുടുംബവും സമൂഹവും വരച്ചിരുന്ന അതിർവരമ്പ് താൻ കണ്ട് തുടങ്ങിയതെന്ന് ശ്രീലക്ഷ്മി പറയുന്നു.

''ചേട്ടനെ പഠിക്കാൻ ചേർത്തത് ടൗണിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ആയിരുന്നു. ആലപ്പുഴ ജില്ലയിൽ കുറച്ച് ഉൾപ്രദേശത്താണ് ഞങ്ങളുടെ വീട്. അച്ഛൻ ചേട്ടനെ സ്‌കൂളിലെത്തിക്കാൻ പ്രത്യേകം ഓട്ടോ ഏൽപ്പിച്ചിരുന്നു. ചേട്ടൻ ഒന്നാം ക്ലാസ് കഴിഞ്ഞപ്പോഴാണ് എന്നെ നഴ്‌സറിയിൽ ചേർത്തത്. ചേട്ടന്റെ കൂടെ ഓട്ടോയിൽ പുതിയ യൂണിഫോമൊക്കെയിട്ട് സ്‌കൂളിൽ പോകാമെന്ന എന്ന ആഗ്രഹത്തിന് തടയിട്ട് കൊണ്ട് എന്നെ വീടിനടുത്തുള്ള സർക്കാർ സ്‌കൂളിൽ മലയാളം മീഡിയത്തിലാണ് ചേർത്തത്. ആ സ്‌കൂളിൽ തന്നെ ഇംഗ്ലീഷ് മീഡിയവും ഉണ്ടായിരുന്നു. എന്നാൽ പെൺകുട്ടികളെ വല്യ പഠിത്തം പഠിപ്പിച്ചിട്ട് എന്താ കാര്യമെന്നാണ് അച്ഛൻ അമ്മയോട് ചോദിച്ചത്. അന്നേ ഞാൻ സമരം ചെയ്യാം മിടുക്കിയായിരുന്നു. അതു കൊണ്ട് വീട്ടിലെത്തിയ ഉടൻ വലിയ വായിൽ കരച്ചിൽ തുടങ്ങി. എനിക്ക് ചേട്ടന്റെ സ്‌കൂളിൽ തന്നെ പഠിക്കണം എന്ന വാശിയോടെ ഞാൻ മുന്നോട്ട് പോയി. നിർത്താതെയുള്ള കരച്ചിൽ എന്നെ പനിക്കാരി ആക്കിയതോടെ അച്ഛനും അമ്മയ്ക്കും എന്റെ മുന്നിൽ മുട്ട് മടക്കേണ്ടി വന്നു. അങ്ങനെ ഏഴാം തരാം വരെ ഞാനും ചേട്ടനൊപ്പം ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചു. ഈ വർഷങ്ങളിലത്രയും ഞാൻ പഠിക്കാൻ ഉപയോഗിച്ചത് ചേട്ടന്റെ പഴയ ടെക്സ്റ്റ് ബുക്കുകൾ ആയിരുന്നു. സാമ്പത്തികമായി അച്ഛനും അമ്മയും നല്ല സ്ഥിതിയിൽ ആയിരുന്നു. എന്നിരുന്നാലും ചേട്ടൻ പഠിച്ച, കുത്തിവരച്ചിട്ട ടെക്സ്റ്റ് ബുക്കുകൾ, ചേട്ടന്റെ പഴയ ബാഗ്, ചോറ്റുപാത്രം എന്നിവയൊക്കെയാണ് ഞാൻ ഉപയോഗിച്ചത്. എട്ടാം ക്‌ളാസ് ആയതോടെ അച്ഛൻ എന്നെ പഴയ സർക്കാർ സ്‌കൂളിലേക്ക് മാറ്റി, പ്രായം വന്ന പെൺകുട്ടികൾ നഗരത്തിലേക്ക് എന്നും യാത്ര ചെയ്യുന്നത് ശരിയല്ല എന്നായിരുന്നു ന്യായം.  സത്യം പറഞ്ഞാൽ ഈ വേർതിരിവാണ് എന്നെ വാശിക്കാരിയാക്കിയത്. പഠിച്ച് എന്തെങ്കിലും നേട്ടമുണ്ടാക്കണം എന്ന വാശിയോടെയാണ് ഞാൻ പഠിച്ചത്. ചേട്ടനെ ആഗ്രഹപ്രകാരം എഞ്ചിനീയറിംഗ് പഠനത്തിനായി കേരളത്തിന് പുറത്തേക്ക് വിട്ടപ്പോൾ എന്നോട് അച്ഛൻ പറഞ്ഞത് വൈകിട്ട് 5  മണിക്ക് വീട്ടിൽ എത്താൻ പറ്റിയ വല്ല കോഴ്‌സും ഉണ്ടെങ്കിൽ പഠിച്ചോ എന്നാണ്. എന്റെ പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ട് ഞാൻ പഠിച്ചു. അധ്യാപികയായി. സർക്കാർ സർവീസിൽ കയറി. ഡോക്റ്റർ ആകാൻ ആഗ്രഹിച്ച ഞാൻ ഇന്ന് അധ്യാപികയായി നിൽക്കുമ്പോൾ എനിക്ക് നിരാശാബോധം  ഒട്ടുമില്ല. കാരണം കാലം മാറിയാലും വീട്ടിലെ ഇത്തരം ഇരട്ടത്താപ്പ് നയങ്ങളിൽ, വേർതിരിവുകളിൽ കഷ്ടപ്പെടുന്ന നിരവധി പെൺകുട്ടികൾ എന്റെ ക്ളാസുകളിലുണ്ട്. അവരെ ശബ്ദിക്കാനും പ്രതികരിക്കാനും അവകാശങ്ങൾ ചോദിച്ചുവാങ്ങാനും പഠിപ്പിക്കുന്നതിലാണ് എന്റെ ശ്രദ്ധ. നാളത്തെ തലമുറയിലെ പെൺകുട്ടികളെങ്കിലും രക്ഷപ്പെടണം'' ശ്രീലക്ഷ്മി പറയുന്നു.

ഇത് ശ്രീലക്ഷ്മിയുടെ മാത്രം കഥയല്ല. പഠനരംഗത്തും ജോലിസ്ഥലത്തും എല്ലാം രണ്ടാം തരം പൗരന്മാരായി മുദ്രകുത്തപ്പെടുന്ന ധാരാളമാളുകൾ നമുക്ക് ചുറ്റുമുണ്ട്.എല്ലാവർക്കും ശ്രീലക്ഷ്മിയെ പോലെ ചെറുത്ത് നിൽക്കാനും നല്ലൊരു ജീവിതം നേടിയെടുക്കാനും കഴിയില്ല.  ലിംഗാധിഷ്ഠിതമായ ഈ  വേർതിരിവ് എങ്ങനെ മാനസികനിലയെ ബാധിക്കുന്നു എന്നതിന് മറ്റൊരുദാഹരണമാണ് വീട്ടമ്മയായ വിദ്യയുടെ കഥ. വീട്ടിലെ മൂന്നു മക്കളിൽ മൂത്തയാളായിരുന്നു വിദ്യ. സ്വദേശം കോട്ടയം. ഇളയത് രണ്ടും ആൺകുട്ടികൾ. പഠിക്കാൻ മിടുക്കിയായിരുന്നു വിദ്യ. ഇളയകുട്ടികളാകട്ടെ പഠനത്തിൽ തീരെ താല്പര്യമില്ലാത്തവരും. എന്നിരുന്നാലും ആൺമക്കളെ പഠിപ്പിച്ച് എഞ്ചിനിയർ ആക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം. അതിനാൽ തന്നെ എല്ലാവിധ സൗകര്യങ്ങളോടും കൂടി അദ്ദേഹം ആൺമക്കളെ വളർത്തി. പത്താം ക്ലാസിൽ ഡിസ്റ്റിങ്ഷനോടെ പാസായ വിദ്യ പ്രീഡിഗ്രിക്ക് സയൻസ് ഗ്രൂപ്പാണ് എടുത്തത്. ശ്രീലക്ഷ്മിയെ പോലെ തന്നെ ഒരു ഡോക്റ്റർ ആകുക എന്നതായിരുന്നു മോഹം. എന്നാൽ പ്രീഡിഗ്രിക്കും ഡിസ്റ്റിങ്ഷൻ നേടിയിയിട്ടും തന്റെ ആഗ്രഹം നേടിയെടുക്കാൻ വിദ്യക്ക് ആയില്ല.

ഓ, പെൺകുട്ടികൾ പഠിച്ചിട്ടെന്തിനാ? വല്ല വീട്ടിലും പോകാനുള്ളതല്ലേ എന്ന് പറഞ്ഞുകൊണ്ട് അച്ഛൻ വിദ്യയുടെ കല്യാണം ഉറപ്പിച്ചു. വിവാഹത്തെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ പോലും കണ്ട് തുടങ്ങും മുൻപ് വിദ്യ ഒരു ഭാര്യയായി. ശിഷ്ട ജീവിതം ഭർതൃ വീട്ടിലെ അടുക്കളയിലാണെന്ന് തിരിച്ചറിഞ്ഞ വിദ്യക്ക് ഒരിക്കലും ആ ജീവിതത്തോട് യോജിക്കാനായില്ല. ഭർത്താവെന്ന നിലക്കുള്ള അധികാരം സ്ഥാപിക്കൽ വിദ്യയെ സംബന്ധിച്ചിടത്തോളം ബലാൽസംഗത്തിന് തുല്യമായിരുന്നു. തന്നെക്കാൾ മാർക്ക് കുറഞ്ഞ കുട്ടികൾ തുടർപഠനം നടത്തുന്നത് കണ്ട വിദ്യ മാനസികമായി തകർന്നു. ഡിപ്രഷൻ എന്ന അവസ്ഥയിലേക്ക് വീണുപോയ വിദ്യയെ ഏറെ ചികിത്സകൾക്കൊടുവിലാണ് ഭർത്താവ് തിരികെപിടിച്ചത്.

ഇച്ഛാഭംഗം, അല്ലെങ്കിൽ ആഗ്രഹിച്ചത് നേടാനാകാത്ത അവസ്ഥ ഓരോ വ്യക്തികളിലും ഓരോ തരം പ്രത്യാഘാതങ്ങളായിരിക്കും ഉണ്ടാക്കുക.

വീട്ടിനുള്ളിൽ മാതാപിതാക്കൾ എടുക്കുന്ന തീരുമാനമാണ് ഇതെല്ലാമെങ്കിലും അതിൽ സമൂഹത്തിന്റെ ഇടപെടൽ ധാരാളമാണ്. പെണ്ണ് എപ്പോഴും പുരുഷന് ഒരു പടി താഴെ നില്‍ക്കേണ്ടവളാണ് എന്ന ബോധമാണ് നമ്മുടെ സമൂഹം എപ്പോഴും വെച്ചു പുലര്‍ത്തിയിരുന്നത്. വീട്ടകങ്ങള്‍ എപ്പോഴും നീ ഒരു പെണ്ണാണ് നിനക്കു ഇത്രയൊക്കെയെ ചെയ്യാന്‍ കഴിയൂ എന്ന കല്‍പ്പനകളിലൂടെ ഈ ബോധം കുട്ടിക്കാലത്ത് തന്നെ ഓരോ പെണ്‍കുട്ടിയുടെയും മനസ്സില്‍ ആവര്‍ത്തിച്ച് ഉറപ്പിച്ച് കൊണ്ടിരിക്കും. ഇത് കേള്‍ക്കുന്ന ഓരോ ആണ്‍കുട്ടിയുടെ മനസ്സിലും പെണ്ണ് തനിക്ക് കീഴടക്കാനുള്ള ഇര മാത്രമാണെന്ന ബോധം ഉണ്ടാകുന്നു. ഇത്തരം മൂല്യ ബോധങ്ങളുടെ അടിസ്ഥാനത്തില്‍ തന്നെയാണ് സമൂഹം പെണ്ണിനുള്ള അതിരുകള്‍ നിശ്ചയിക്കുന്നതും. പ്രൈമറി ക്ലാസ്സുകളില്‍ പോലും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും മാറ്റിയിരുത്തി ലിംഗ വിവേചനത്തിന്‍റെ അതിരുകള്‍ സൃഷ്ടിക്കുന്ന ഒരു നാടാണ് നമ്മുടെത്. നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോലും പെണ്‍കുട്ടികള്‍ക്ക് പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ കൊണ്ട് വന്നു കൊണ്ടിരിക്കുന്നു.

ലേഡീസ് ഫസ്റ്റ്

വിദേശരാജ്യങ്ങളെ അനുകരിച്ച് ലേഡീസ് ഫസ്റ്റ് എന്ന ഉപമ സ്ഥാനത്തും അസ്ഥാനത്തും നമ്മൾ പ്രയോഗിക്കുമെങ്കിലും യഥാർത്ഥത്തിൽ ഇവിടെ ലേഡീസ് ഇപ്പോഴും സെക്കണ്ടറിയാണ്. സമൂഹത്തിന്റെ പല തലങ്ങളിലും മാറ്റം വരുന്നുണ്ടെങ്കിലും പൂർണ തലത്തിൽ അത് നിലവിൽ വന്നിട്ടില്ല. സംസ്ഥാനത്ത് മാനസിക രോഗങ്ങള്‍ മൂലം ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ നിരക്ക് (19 ശതമാനം) ദേശീയ നിരക്കിന്റെ ഏതാണ്ട് രണ്ടിരട്ടിയാണ് (എട്ട് ശതമാനം). വിഷാദരോഗം, സ്വഭാവവൈകല്യരോഗങ്ങള്‍ (ഉദാ. ഇമോഷനലി അണ്‍സ്റ്റേബിള്‍ പേഴ്‌സനാലിറ്റി ഡിസോര്‍ഡര്‍), ന്യൂറോസിസ് എന്നീ അവസ്ഥകളുടെ ഒരു പ്രധാന ലക്ഷണം തന്നെ ആത്മഹത്യാചിന്തയാണ്. ശരിയായ രീതിയില്‍ ചികിത്സിച്ചാല്‍ ഇവ മാറ്റിയെടുക്കാവുന്നതേയുള്ളു. സ്ത്രീകളിലധികവും മാനസികസംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവരാണ്. അവര്‍ എപ്പോഴും സുരക്ഷയും സ്‌നേഹപൂർണ്ണമായ പെരുമാറ്റവും ആഗ്രഹിക്കുന്നു. എന്നാൽ ഇതൊന്നും തന്നെ ലഭിക്കാത്ത സ്ഥിതി വിശേഷമാണ് ഇപ്പോൾ നിലവിലുള്ളത്.

സമൂഹത്തിന്റെ ഇടപെടലും മാനസികാരോഗ്യവും

ആൺകുട്ടിയായാലും പെൺകുട്ടിയായാലും അമ്മ ഗർഭം ധരിക്കുന്ന കാലയളവും പ്രസവവേദനയും എല്ലാം ഒരുപോലെയാണ്. പ്രസവശേഷം വളർത്താനെടുക്കുന്ന എഫേർട്ടും ഒരുപോലെ തന്നെ. എന്നാൽ വളർച്ചയുടെ ഏതോ ഘട്ടത്തിൽ ആണും പെണ്ണും സമൂഹത്തിന്റെ കണ്ണിൽ രണ്ടാകുന്നു. പിന്നീട് അവൾക്ക് ചുറ്റും ബന്ധനങ്ങളും വിലക്കുകളുമാണ്. ഈ വിളക്കുകൾക്കെല്ലാം തന്നെ സുരക്ഷയുടെയും ശ്രദ്ധയുടെയും മുഖമാണ് എന്നതാണ് മറ്റൊരു കാര്യം.

1  പെൺകുട്ടികൾ രാത്രി വൈകി സഞ്ചരിക്കരുത്, ഒറ്റയ്ക്ക് സഞ്ചരിക്കരുത്.

2  ആൺ സുഹൃത്തുക്കൾ പാടില്ല, ഇനി ഉണ്ടെങ്കിൽ തന്നെ വിവാഹശേഷം ആ സൗഹൃദം പാടില്ല.

3  മോഡേൺ വസ്ത്രങ്ങൾ ഭർത്താവിന് ഇഷ്ടമാണെങ്കിൽ ധരിച്ചോളൂ.

4 ഇഷ്ടപ്പെട്ട കോഴ്സ് തിരഞ്ഞെടുത്താലും ഇല്ലെങ്കിലും പ്രായം ആയാലുടൻ കല്യാണം .

5  24  വയസ്സായിട്ടും കല്യാണം ആയില്ലെങ്കിൽ എന്തെ കല്യാണം ആകാത്തത് എന്ന ആശങ്ക നിറഞ്ഞ ചോദ്യങ്ങൾ.

6  കല്യാണം കഴിഞ്ഞാൽ ഉടനെ , എന്തേ കുഞ്ഞുങ്ങളാകാത്തത് എന്ന ചോദ്യം.

7 ഒരു കുഞ്ഞായാൽ രണ്ടാമത്തെ കുഞ്ഞിനെപ്പറ്റിയുള്ള ചോദ്യം.

8 ജോലിയുള്ള വ്യക്തിയാണെങ്കിൽ വീട് നോക്കാൻ ആരാ എന്ന കുറ്റപ്പെടുത്തുന്ന ചോദ്യം.

ദിനംപ്രതി ഒരു സ്ത്രീ നേരിടുന്ന ചോദ്യങ്ങളുടെ ലിസ്റ്റ് ഇനിയും ഏറെ വലുതാണ്. ഈ ചോദ്യങ്ങളെല്ലാം തന്നെ പുരുഷനും അവകാശപ്പെട്ടതാണെങ്കിലും അവൻ ആണല്ലേ എന്ന കൺസിഡറേഷൻ പുരുഷന് ലഭിക്കുന്നു. ഇത്തരത്തിൽ ചോദ്യശരങ്ങളുമായി മല്ലിട്ട് , മനസ് മടുക്കാത്ത മുന്നോട്ട് പോകുന്ന സ്ത്രീകൾ മാത്രം ജീവിതത്തിൽ ലക്ഷ്യസ്ഥാനത്തെത്തുന്നു. ബാക്കിയുള്ളവർ പാതിവഴിയിൽ കാലിടറി വീഴുന്നു.

അടുത്തലക്കം : കരിയറും വിവാഹവും; ആശങ്ക ഒപ്പത്തിനൊപ്പം