Jan 19 • 6M

ഭയം തലവേദനയാവുമ്പോൾ

Comment
Share
 
1.0×
0:00
-6:01
Open in playerListen on);
Episode details
Comments

കുറച്ചു നാളുകളായി പന്ത്രണ്ടു വയസ്സുകാരി അഞ്ജലിക്ക് ( സാങ്കല്പിക പേര് ) കടുത്ത തലവേദന അനുഭവപ്പെടാൻ തുടങ്ങിയിട്ട്. തലവേദന കൂടുംതോറും അവളുടെ ആരോഗ്യസ്ഥിതി മോശമാവുന്നതിനോടൊപ്പം മാനസികാവസ്ഥയ്ക്കും മാറ്റം വന്നു തുടങ്ങി. നന്നായി പഠിച്ചിരുന്ന അഞ്ജലിക്ക് തുടർപഠനത്തിലുള്ള ശ്രദ്ധ കുറയാൻ തുടങ്ങി.

കേക്ക് നിർമാണത്തിലും ക്രിക്കറ്റ് കളിയിലും ചിത്രം വരയ്ക്കുന്നത്തിലും മികച്ചു നിന്നിരുന്ന അഞ്ജലി പെട്ടെന്ന് എല്ലാം ഉപേക്ഷിച്ച് ഉൾവലിഞ്ഞു ജീവിക്കാൻ തുടങ്ങി.

അവളുടെ ഈ മാറ്റം അഞ്ജലിയുടെ അച്ഛനെ വല്ലാതെ ഭയപ്പെടുത്തി. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മോശമായതിനെ തുടർന്ന് സ്കൂളിൽ നിന്നും അഞ്ജലിയെ മാറ്റണമെന്ന് വരെ അധികൃതർ അവളുടെ അച്ഛനോട് ആവശ്യപ്പെട്ടു.

" മോൾക്ക് എന്ത് പറ്റിയെന്ന് " ആര് ചോദിച്ചാലും തനിക്ക് തലവേദന സഹിക്കാൻ പറ്റുന്നില്ലെന്ന് മാത്രമേ അവൾ പറയുകയുള്ളൂ. എന്നാൽ ആശുപത്രികളിൽ കാണിക്കുമ്പോൾ അഞ്ജലിക്ക് യാതൊരു കുഴപ്പവുമില്ല. എന്ത് ചെയ്തിട്ടും അവളുടെ തലവേദന മാറുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് അഞ്ജലിയെയും കൊണ്ട് അവളുടെ അച്ഛൻ സൈക്കോളജിസ്റ്റിന്റെ അടുത്തേക്ക് വരുന്നത്.

അഞ്ജലിയുടെ മനസ്സറിയാൻ സൈക്കോളജിസ്റ്റ് ശ്രമിച്ചു. അവൾ ഓരോന്നായി പറഞ്ഞു തുടങ്ങി, അഞ്ജലിയുടെ മാതാപിതാക്കൾ വേർപിരിഞ്ഞു ജീവിക്കുന്നവരാണ്. അവളും അവളുടെ അനിയനും അച്ഛന്റെ ഒപ്പമാണ് താമസിക്കുന്നത്. അഞ്ജലിയുടെ അമ്മക്ക് ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ അവർ മകളെ ധാരാളം ഉപദ്രവിക്കാറുണ്ട്.  അമ്മയുടെ ഇത്തരം പ്രവൃത്തി മക്കളിൽ ഭീതിയുണർത്തി. അമ്മ അവരെ അച്ഛന്റെ കൂടെ വിട്ടിട്ട് അവരുടെ വീട്ടിലേക്ക് പോയി. എന്നാലും ഇടയ്ക്കിടെക്ക് മക്കളെ കാണാൻ അവർ സ്കൂളിലേക്ക് വരുമായിരുന്നു. അമ്മ തങ്ങളെ കാണാൻ സ്കൂളിലേക്കും മറ്റും വരുന്നത് അഞ്ജലിയെ ഒരുപാട് ഭയപ്പെടുത്തി. അവളുടെ വിട്ടു മാറാത്ത തലവേദനയ്ക്ക് പിന്നിൽ ഇതാണെന്ന് സൈക്കോളജിസ്റ്റ് കണ്ടെത്തി. അഞ്ജലിയോട് തന്നെ അവളുടെ വ്യാകുലതകൾ തുറന്ന് പറയാൻ ആവശ്യപ്പെട്ടു,

" അമ്മ അനിയനെ പിടിച്ചു കൊണ്ട് പോകും, അച്ഛനെ പോലീസിനെ കൊണ്ട് പിടിപ്പിക്കും." എന്നവൾ പേടിയോടെ പറയുന്നു. അമ്മ അഞ്ജലിയെ കൊണ്ട് പോകാൻ ഒരുങ്ങിയിരുന്നില്ല, പകരം അവളുടെ കൊച്ചനിയനെ കൊണ്ട് പോകുമെന്ന് പറഞ്ഞ് നിരന്തരം ഭയപ്പെടുത്തുമായിരുന്നു.

അമ്മ പോയതിനു ശേഷം അവൾക്ക് എല്ലാം അവളുടെ അച്ഛനും അനിയനും ആയിരുന്നു. അവരെ പിരിഞ്ഞു ജീവിക്കാൻ അവളെ കൊണ്ട് സാധിക്കുമായിരുന്നില്ല. അപ്പോഴാണ് തന്റെ അനിയനെ കൊണ്ട് പോകുമെന്നുള്ള അമ്മയുടെ ഭീക്ഷണിയും. അതോടെ അവളുടെ കുഞ്ഞു മനസ്സിൽ വളരെ ആഴത്തിൽ മുറിവുണ്ടായി. അത് വലിയ ഉത്കണ്ഠയിലേക്കും വിട്ടു മാറാത്ത തലവേദനയിലേക്കും വഴി വെച്ചു.

പതിനെട്ട് വയസ്സുവരെ അമ്മയുടെ നിയന്ത്രണത്തിലായിരിക്കണം മക്കൾ ജീവിക്കേണ്ടത്, അതിനു വേണ്ടി താൻ കേസ് കൊടുക്കുമെന്നൊക്കെ അമ്മ അവരെ പലപ്പോഴും ഓർമ്മപ്പെടുത്തി കൊണ്ടിരുന്നു. ഇതവളെ കൂടുതൽ തളർത്തി. മാത്രമല്ല, അമ്മ നൽകിയ കേസിനെ തുടർന്ന് അതിൻ്റെ അന്വേഷണത്തിനായി പോലീസ് അവരുടെ വീട്ടിൽ വരുകയുണ്ടായി. തങ്ങളുടെ അച്ഛനെ പോലീസ് അറസ്റ്റ്‌ ചെയ്തു കൊണ്ട് പോകാനാണ് പോലീസ് വന്നിരിക്കുന്നതെന്ന് അഞ്ജലി തെറ്റിധരിച്ചു. തനിക്കും തന്റെ അനിയനും ആകെയുള്ള ആശ്രയം അച്ഛനാണ്. അച്ഛൻ ഇല്ലാതെയാവുമോ? അങ്ങനെ സംഭവിച്ചാൽ തങ്ങൾക്ക് ഉണ്ടാകാവുന്ന തിരിച്ചടികൾ ഓർത്തവൾ ഭയപ്പെട്ടു. ആ പേടി അവളെ കൂടുതൽ ആരോഗ്യപ്രശ്നകളിലേക്ക് നയിച്ചു.

അഞ്ജലിയുടെ ഇത്തരം മാനസിക വ്യാകുലതകൾ മനസ്സിലാക്കിയ സൈക്കോളജിസ്റ്റ് അവളുടെ കുഞ്ഞു മനസ്സിലെ ഭയം മാറുന്നതിനുള്ള തെറാപ്പി നൽകുകയും അവളുടെ ഉള്ളിലെ ഭയമാണ് കടുത്ത തലവേദനയ്ക്ക് കാരണമെന്ന് അവളെ തന്നെ ബോധ്യപ്പെടുത്തുകയും ചെയ്‌തു.

അവളുടെ വിനോദങ്ങളായ ക്രിക്കറ്റ് കളിയും വരയും കേക്ക് നിർമാണവുമെല്ലാം വീണ്ടും തുടരാൻ ആവശ്യപ്പെട്ടു. അത് വഴി അവളുടെ മനസ്സും ചിന്തകളും നിയന്ത്രണത്തിലാവുകയും അവൾ പഠനത്തിലും പഴയപോലെ മികച്ചതാവുകയും ചെയ്തു. മാത്രമല്ല തങ്ങളുടെ അനുവാദവും അവകാശവുമില്ലാതെ തങ്ങളെ കൊണ്ട് പോകാൻ കഴിയില്ലെന്നുള്ള കോടതി വിധി വന്നതോട് കൂടി അഞ്ജലി പൂർണ്ണമായും തലവേദനയിൽ നിന്ന് മുക്തമായി.

ഒരാളുടെ ഉള്ളിൽ ഭയം എത്രത്തോളം ഭീകരമായിട്ടാണ് മാറുന്നതെന്നതിന് അഞ്ജലിയുടെ ജീവിതം ഉദാഹരണമാണ്. അച്ഛനും അനിയനും നഷ്ടപ്പെടുമോ എന്ന ഭയമാണ് അഞ്ജലിക്ക് കടുത്ത തലവേദന ഉണ്ടാക്കിയത്. അത് പോലെ പലരിലും ഇത്തരം ഭയം ഉണ്ടാക്കാറുണ്ട്. അതെല്ലാം പലതരം ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴി തെളിക്കും. ഭയം നമ്മളെ കീഴ്പ്പെടുത്താതെ നോക്കുക. നമ്മുടെ ശാരീരിക പ്രശ്നങ്ങളെ ചികിത്സിക്കുന്നതു പോലെ തന്നെ നമ്മുടെ മാനസിക പ്രശ്നങ്ങളെയും നിർബന്ധമായി ചികിത്സിക്കണം. ഭയത്തെ കൃത്യമായ ഇടപെടലോടെ മറികടക്കാൻ ശ്രമിക്കുക.

A guest post by
Content writer
A guest post by
Content Writer, Podcast Programme Producer
Subscribe to Vishnu