Disclaimer: കോവിഡ് 19 സാഹചര്യത്തിൽ സ്റ്റുഡിയോ സംവിധാനമുപയോഗിച്ചുള്ള റെക്കോഡിങ് അസാധ്യമായതിനാൽ മൊബൈൽ ഫോണിലാണ് ഈ പോഡ്കാസ്റ്റ് തയാറാക്കിയിരിക്കുന്നത്.
പഠനത്തോടൊപ്പം ജോലിയും ചെയ്യാം. പഠനം കഴിഞ്ഞാല്‍ യു.കെയില്‍ തന്നെ ജോലിയും ഉറപ്പാക്കാം എന്ന ലക്ഷ്യത്തോടെയാണ് രാധിക ബ്രിട്ടനിലെ കോളേജില്‍ പിജിക്ക് ചേര്‍ന്നത്. ഒരു സെമസ്റ്ററിലെ ട്യൂഷന് ഫീസ് മാത്രം 12 ലക്ഷം രൂപ. സെമസ്റ്റര്‍ ഫീസ് മുന്‍കൂറായി അടയ്ക്കണം. ആദ്യ സെമസ്റ്ററിലെ ക്ലാസ് തുടങ്ങുന്നതിനു മുന്‍പായി കോളജിന്റെ അംഗീകാരം സര്‍ക്കാര്‍ റദ്ദാക്കിയ വാര്‍ത്തയെത്തി. അതോടെ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. ഇനി ഒരേ ഒരു മാര്‍ഗ്ഗം, മറ്റു കോളജുകളിലേക്ക് ടി.സി. വാങ്ങി മാറുകയാണ്. അവിടെ വീണ്ടും ട്യൂഷന് ഫീ അടയ്ക്കണം. അംഗീകാരം നഷ്ടപ്പെട്ട കോളജില്‍ നിന്ന് അടച്ച ഫീസ് തിരികെ വാങ്ങാമെന്ന പ്രതീക്ഷയും വൈകാതെ പൊലിഞ്ഞു. കുറേനാള്‍ പിന്നാലെ നടന്നിട്ടും പ്രയോജനമൊന്നും കിട്ടാതെ വന്നതോടെ ആദ്യത്തെ കോളജില്‍ അടച്ച 12 ലക്ഷം രൂപ ഉപേക്ഷിച്ചു. പുതിയ കോളജില്‍ ചേരാന്‍ വീണ്ടും ആദ്യ സെമസ്റ്ററിന് 12 ലക്ഷം രൂപ അടയ്ക്കേണ്ടിവന്നു. ഭക്ഷണത്തിനും താമസത്തിനും വണ്ടിക്കൂലിക്കും വേറെ പണമുണ്ടാക്കണം. ഇടയ്ക്ക് ചെറിയ പാര്‍ട് ടൈം ജോലി ചെയ്ത് അക്കാര്യം പരിഹരിക്കാമെന്നാണ് വിചാരിച്ചത്. അപ്പോഴാണ് അവിടെയും നിയന്ത്രണമുള്ള കാര്യം അറിഞ്ഞത്. ആഴ്ചയില്‍ നിശ്ചിത മണിക്കൂര്‍ മാത്രം വിദ്യാര് ത്ഥികള് പാര്‍ട് ടൈം ജോലി ചെയ്യുമ്പോള്‍ ടാക്സ് ഇളവുണ്ട്. കൂടുതല്‍ സമയം ജോലി ചെയ്ത് കൂടുതല്‍ പണമുണ്ടാക്കാമെന്ന് വിചാരിച്ചാല്‍ പഠനം ഉഴപ്പും, ഒപ്പം കൂടിയ ഇന്‍കം ടാക്സും അക്കൗണ്ടില്‍ നിന്ന് പിടിക്കും. ജോലി ചെയ്യുന്നതിനുള്ള പ്രതിഫലവും അക്കൗണ്ടിലൂടെയാണ് ട്രാന്‍സ്ഫര്‍ ചെയ്യുന്നത്. ഫലത്തില്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നതുകൊണ്ട് കാര്യമായ പ്രയോജനമില്ല. ഏറ്റവൂം കൂടുതല്‍ പണം ചെലവാകുന്നത് ദിവസേനയുള്ള യാത്രക്കായാണ്.
അവസാനം അന്‍പതു ലക്ഷത്തോളം രൂപമുടക്കി യുകെയിലെ കോളജില്‍ പിജി കോഴ്സ് കഴിഞ്ഞെങ്കിലും അവിടെ നല്ല ജോലിയൊന്നും ലഭിച്ചില്ല. കാരണം ഏതൊരു ജോലിക്കും പ്രഥമ പരിഗണന യൂറോപ്യന്‍ യൂണിയനിലുള്ളവര്ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളിലുള്ളവര് തന്നെ ജോലിക്കായി ധാരാളമായി എത്തുന്നതിനാല്‍ മറ്റു വിദേശികള്‍ക്ക് സാധ്യത കുറയുന്നു. അതോടെ കോഴ്സ് കഴിഞ്ഞ് അധികം വൈകാതെ നാട്ടിലേക്ക് മടക്കം.
നാട്ടിലെത്തിയാലോ വിദേശത്തെ കോഴ്സിനേക്കാള്‍ വ്യക്തിഗത പെര്‍ഫോമന്‍സിനും സ്ഥാപനങ്ങള്‍ പ്രാമുഖ്യം നല്കുന്നതിനാല് ഫലത്തില്‍ വിദേശഡിഗ്രികൊണ്ട് അധിക നേട്ടമൊന്നുമില്ല.
മറ്റൊന്ന് ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ വിദേശത്തെ കോളജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യമാണ്. ഇവിടുന്നെല്ലാം ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്നത്. ഇവരില്‍ ഭൂരിഭാഗവും മെച്ചപ്പെട്ട ജോലി ലഭിക്കാതെ ഇന്ത്യയിലേക്ക് മടങ്ങുകയാണ് പതിവ്.
വിദേശത്ത് സ്ഥിരം ജോലി സ്വപ്നം കണ്ട് പഠിക്കാന്‍ പോകുന്നവരുടെ എണ്ണത്തിലും കഴിഞ്ഞവര്‍ഷം ഗണ്യമായ കുറവ് രേഖപ്പെടുത്തി.
അമേരിക്കയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20% കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ശ്രദ്ധിക്കേണ്ടവ
1.വിദേശത്ത് പഠനത്തിനായി സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മികച്ച അക്കാദമിക് നേട്ടം കൈവരിച്ച പ്രശസ്ത യൂണിവേഴ്സിറ്റികള്‍ തന്നെ തിരഞ്ഞെടുക്കുക. അത്ര പ്രശസ്തമല്ലാത്ത കോളജുകളില്‍ ചേരുമ്പോഴാണ് ചിലപ്പോള്‍ സര്‍ക്കാര്‍ അവയുടെ അംഗീകാരം റദ്ദാക്കുന്നതുള്‍പ്പെടെ നടപടികള്‍ വഴി അടച്ച ഫീസുള്‍പ്പെടെ നഷ്ടപ്പെടുന്ന സ്ഥിതി സംജാതമാവുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കാതെ വരുമ്പോഴാണ് കോളേജുകള്‍ക്ക് അംഗീകാരം നഷ്ടമാവുന്നത്.
2.വിദേശത്ത് കോഴ്സ് തിരഞ്ഞെടുക്കുമ്പോള്‍ അവിടെ ജോലി സാധ്യതയുള്ള കോഴ്സ് ഏതെന്ന് മനസിലാക്കി തീരുമാനമെടുക്കുക.
3.പഠനത്തിനായി മുഴുവന്‍ സമയവും പ്രയോജനപ്പെടുത്തുക. അതല്ലാതെ ഉള്ള സമയം പത്തുകാശുണ്ടാക്കാം എന്നു ചിന്തിച്ച് കോളജില്‍ പോകേണ്ട സമയം കൂടി പാര്‍ട്ട്ടൈം ജോലിക്കായി പോയാല്‍ കോഴ്സ് കഴിയുമ്പോള്‍ തിരികെ പോരേണ്ടി വരുമെന്ന് മാത്രമല്ല, കോഴ്സില്‍ പരാജയപ്പെടാനും സാധ്യതയുണ്ട്. നാട്ടിലെത്തിയ ശേഷം വിദ്യാഭ്യാസ വായ്പയെടുത്തതിന്റെ പ്രിന്‍സിപ്പല്‍ എമൗണ്ടും പലിശയും അടച്ചു തീര്‍ക്കേണ്ടതുമുണ്ട്. അതിനാല്‍ ലക്ഷ്യം മറക്കാതിരിക്കുക.
4.ഏതൊരു രാജ്യത്തും സാധാരണക്കാരുണ്ട്. അവിദഗ്ധ തൊഴിലുകള്‍ ചെയ്യുന്നവരാണവര്‍. ഓസ്ട്രേലിയായിലും മറ്റും പഠിക്കുന്ന വിദ്യാര്‍ത്ഥികളുമായി തദ്ദേശീയരില്‍ ചിലര്‍ അനിഷ്ടകരമായി പെരുമാറുന്നതിനു കാരണം, അവരുടെ തൊഴിലവസരം നഷ്ടപ്പെടുന്നതും ശമ്പളം ഗണ്യമായി കുറയുന്നതുമാണ്. കുറഞ്ഞ വേതനത്തില്‍ പാര്‍ട്ട്ടൈം ജോലിക്ക് വിദേശ വിദ്യാര്‍ത്ഥികളെ ലഭിക്കുമ്പോള്‍ അവിദഗ്ധ തൊഴിലാളികള്‍ കൂടുതലുള്ള മേഖലയായ ഭക്ഷണശാലകള്‍, ഗ്യാസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ തദ്ദേശീയരായവര്‍ക്ക് തൊഴിലവസരവും വേതനവും കുറയുന്നു. ഇത് വിദേശി വിദ്യാര്‍ത്ഥികളോടുള്ള അതൃപ്തിക്ക് ഒരു കാരണമാണ്.
5.ബാങ്കുകള്‍ വാരിക്കോരി വായ്പ തരും എന്ന് കണ്ട് വലിയ തുകയെടുത്ത് കടക്കെണികളില്‍ വീഴാതിരിക്കുക. ഇത് തിരിച്ചടയ്ക്കേണ്ടതാണെന്ന് ഓര്‍ക്കുക. വിദേശജോലി സ്വപ്നം കണ്ട് വിദേശത്ത് കോഴ്സ് ചെയ്തശേഷം അവിടെ ജോലി കിട്ടാതെ തിരിച്ച് നാട്ടിലെത്തിയ നല്ലൊരു ശതമാനം പേര് വായ്പയുടെ പലിശയടക്കാന്‍ പോലും ഇപ്പോള്‍ പാടുപെടുകയാണ്.
6. ഇവിടെ വേണ്ടത്ര വികസിക്കാത്തതും എന്നാല്‍ വിദേശത്ത് പഠനസൗകര്യങ്ങളും ഉയര്‍ന്ന നിലവാരവുമുള്ള കോഴ്സുകള്‍ ചെയ്യുന്നത് നിങ്ങളുടെ കരിയറിലെ ഉയര്‍ച്ചയ്ക്ക് സഹായിക്കും. പി.എച്ച്.ഡി. /പോസ്റ്റ് ഡേക്ടറല് ഫെലോഷിപ്പുകളും വിദേശത്തെ മികച്ച യൂണിവേഴ്സിറ്റികളില്‍ ചെയ്യുന്നത് ഭാവി സുരക്ഷിതമാക്കാന്‍ ഉപകരിക്കും. അതിനാല്‍ തീരുമാനങ്ങള്‍ ശ്രദ്ധയോടെ എടുക്കാം. സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാം.