Dec 1, 2021 • 7M

ഭക്ഷണക്രമക്കേടുകളും മനശ്ശാസ്ത്രവും

അദ്ധ്യായം ഒന്ന്

2
1
 
1.0×
0:00
-7:14
Open in playerListen on);
Episode details
1 comment

നമ്മളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിയ്ക്കുന്ന അസാധാരണമായ  ഭക്ഷണരീതികളെയാണ് ‘ഈറ്റിങ് ഡിസോർഡർ’ എന്ന് പറയുന്നത്. പല രീതിയിലാണ് ഈ ക്രമക്കേടുകള്‍ ഒരാളില്‍ പ്രകടമാകുന്നത്. ഈറ്റിങ് ഡിസോർഡർ എന്നത് ഭക്ഷണത്തോട് അമിതമായ ആർത്തിയോ, അല്ലെങ്കിൽ വിരക്തിയോ ആകാം. ചുരുക്കത്തിൽ, ഒരാൾ തന്‍റെ ശരീരത്തിന് വേണ്ടുന്ന അളവിലുള്ള ഭക്ഷണത്തിനേക്കാൾ ഏറെ കഴിക്കുന്നതും വേണ്ടുന്ന അളവിനേക്കാൾ വളരെ കുറവ് കഴിക്കുന്നതും വേണ്ടുന്ന ഭക്ഷണം ഒന്നും തന്നെ കഴിക്കാത്തതും ഈറ്റിങ് ഡിസോർഡറിന്‍റെ പരിധിയിൽ വരും.

 ഒരാളുടെ ഭക്ഷണക്രമത്തിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങള്‍  മാനസികവും വൈകാരികവും പെരുമാറ്റപരവുമായ അവരുടെ അവസ്ഥകളെ ദോഷകരമായി ബാധിയ്ക്കുകയും വ്യക്തിത്വവൈകല്യങ്ങളായി പുറത്ത് പ്രകടമാവുകയും ചെയ്യുമ്പോള്‍പ്പോലും ഗൗരവതരമായി നമ്മള്‍ പരിഗണിയ്ക്കാറില്ല എന്നതാണ് സത്യം. ആര്‍ത്തിയെന്നോ ആക്രാന്തമെന്നോ ഒക്കെ വളരെ നിസ്സാരമായി പേരിട്ട് കളിയാക്കുന്ന ഇത്തരം മാനസികാവസ്ഥകള്‍ നല്ല ശ്രദ്ധയും വേണ്ടിവന്നാല്‍ ചികിത്സയും അര്‍ഹിയ്ക്കുന്ന വൈകല്യങ്ങളാണ്.

ഭക്ഷണക്രമക്കേടുകളെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിനായി പല രാജ്യങ്ങളിലും ഫെബ്രുവരി അവസാന ആഴ്ച മുതൽ മാർച്ച് ആദ്യം വരെയുള്ള ദിവസങ്ങള്‍ National Eating Disorder Awareness Week ആയി ആചരിക്കുന്നുണ്ട്.

സാധാരണയായി,കൗമാരക്കാരായ പെൺകുട്ടികളിലും സ്ത്രീകളിലുമാണ് ആൺകുട്ടികളേക്കാളും പുരുഷന്മാരേക്കാളും ഭക്ഷണക്രമക്കേട് കൂടുതലായി കണ്ടുവരുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്നതാണ് ഇതിന്‍റെ അപകടം.

ഈറ്റിംഗ് ഡിസോർഡർ – വകഭേദങ്ങൾ ഏതൊക്കെയാണ് എന്ന് പരിശോധിയ്ക്കാം.

ബിഞ്ച് ഈറ്റിങ് ഡിസോർഡർ

ബിഞ്ച് ഈറ്റിംഗ് (അമിതമായി ഭക്ഷണം കഴിക്കല്‍)

ശരീരത്തിന് വേണമെങ്കിലും വേണ്ടെങ്കിലും അമിതമായും അപകടകരമായും ഭക്ഷണം കഴിയ്ക്കുന്ന രീതിയാണിത്.മാനസികവും വൈകാരികവുമായ സമ്മര്‍ദ്ദത്തെ നേരിടുന്നതിനുള്ള തന്ത്രമായി ഭക്ഷണം കഴിക്കലിനെ ഉപയോഗപ്പെടുന്ന ഒരുതരം മനോഭാവവും മനശാസ്ത്രവുമാണ് ഇത്തരത്തിലുള്ള ഭക്ഷണരീതി.

ലക്ഷണങ്ങള്‍ എന്തെല്ലാം?

സാധാരണയേക്കാൾ വേഗത്തിൽ ഭക്ഷണം കഴിക്കുന്നു.

വയറുപൊട്ടും എന്ന അസ്വസ്ഥത നിറഞ്ഞ അവസ്ഥവരെ ഭക്ഷണം കഴിക്കുന്നു.

ശാരീരികമായി വിശപ്പ് തോന്നാത്തപ്പോൾപ്പോലും വലിയ അളവിൽ ഭക്ഷണം കഴിക്കുക.

പ്രത്യേകിച്ച് ഭക്ഷണ സമയക്രമം ഒന്നും പാലിക്കാതെ ദിവസം മുഴുവന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിയ്ക്കുന്നു.

തന്‍റെ ഭക്ഷണ ശീലം നിയന്ത്രിക്കാനാകാത്ത തരത്തിലുളളതാണ് എന്ന് തോന്നുകയും അതില്‍ നാണക്കേടനുഭവിക്കുകയും  ചെയ്യുന്നതിനാല്‍ മറ്റുള്ളവരോടൊപ്പം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നു.അതുകൊണ്ട് തന്നെ ഭക്ഷണവുമായി ബന്ധപ്പെട്ടു മറ്റുള്ളവര്‍ക്ക് തമാശയായിത്തോന്നുന്ന പല കാര്യങ്ങളും ഇവര്‍ അറിയാതെ ചെയ്തുപോകുന്നു. ഒറ്റയ്ക്കാകുമ്പോള്‍ കഴിക്കുന്നതിനായി ഭക്ഷണം ഒളിച്ചുവെയ്ക്കുന്നതൊക്കെ ഇത്തരക്കാരുടെ ശീലമാണ്.

മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകുന്ന സമയത്ത്  ഭക്ഷണം കഴിക്കലിലൂടെ മാത്രമാണ് തങ്ങള്‍ക്ക് സ്വസ്ഥത കിട്ടുന്നതെന്ന്  ഇവര്‍ കരുതുന്നു. എന്നാല്‍ ഇത്തരത്തില്‍ അനിയന്ത്രിതമായ തീറ്റയുടെ ഒരു ഘട്ടം കഴിഞ്ഞാല്‍ ഉടനെ അമിതമായി ഭക്ഷണം കഴിച്ചതിന്‍റെ പേരില്‍ അവര്‍ക്ക് സ്വയം മതിപ്പില്ലായ്മയും നിരാശയും  തോന്നുകയും ചെയ്യുന്നു.

എന്താണ് കാരണം?

ബിഞ്ച് ഈറ്റിംഗ് തകരാറിനുള്ള കൃത്യമായ കാരണം അജ്ഞാതമാണ്. എന്നിരുന്നാലും ഇത് സാധാരണയായി വൈകാരികവും മാനസികവുമായ പ്രശ്നങ്ങള്‍ കൂടിച്ചേര്‍ന്നാണ് എന്ന് കരുതപ്പെടുന്നു. ഉത്കണ്ഠാരോഗം,വിഷാദരോഗം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് ബിഞ്ച് ഈറ്റിംഗ് തകരാര്‍ ഉണ്ടായേക്കാം. പ്രതികൂല മാനസികാവസ്ഥകളെ അല്ലെങ്കില്‍ മാനസിക സമ്മര്‍ദ്ദം നിറഞ്ഞ സാഹചര്യങ്ങളെ നേരിടുന്നതിനായി ഭക്ഷണം കഴിക്കലിനെ ഉപയോഗപ്പെടുന്നവര്‍ക്കും ഈ തകരാര്‍ ഉണ്ടാകുന്നതിനുള്ള സാധ്യതയേറെയാണ്.

കുട്ടിക്കാലത്ത് ഉണ്ടായിട്ടുള്ള അനുഭവങ്ങള്‍ക്ക് ഒരു വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്നതിനാല്‍ അത്തരം അനുഭവങ്ങളും ഈ തകരാറിന് കാരണമാകാറുണ്ട്.

നിങ്ങളുടെ എന്തെങ്കിലും തരത്തിലുള്ള നേട്ടങ്ങള്‍ക്ക് പാരിതോഷികമായി മാതാപിതാക്കള്‍ ഭക്ഷണം വാങ്ങിത്തന്നിട്ടുള്ളത്, അല്ലെങ്കില്‍ നിങ്ങള്‍  എന്നെങ്കിലും അത്ര നല്ല മാനസികാവസ്ഥയില്‍ അല്ലാതിരിയ്ക്കുമ്പോള്‍ ആരെങ്കിലും നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഭക്ഷണമോ ചോക്ലേറ്റോ വാങ്ങി തന്നിട്ടുള്ളത് ഒക്കെ പിന്നീട് ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ ഭക്ഷണം ഉപയോഗപ്പെടുത്തുന്ന ഒരു മാനസികാവസ്ഥയിലേക്ക് നിങ്ങളെ നയിച്ചേക്കാം. അതുപോലെ തന്നെ കുട്ടിക്കാലത്ത്  അനുഭവിച്ചിട്ടുള്ള ശാരീരിക പീഡനം, അല്ലെങ്കില്‍ ഉപദ്രവം പോലുള്ള കാര്യങ്ങളും ഈ തകരാറുണ്ടാകുന്നതിന് ഒരു കാരണമായേക്കാം. അതുപോലെ തന്നെ ആത്മാഭിമാനക്കുറവ് പോലുള്ള മനഃശാസ്ത്രപരമായ ഘടകങ്ങളും ചിലരില്‍ ബിഞ്ച് ഈറ്റിംഗ് തകരാര്‍ ഉണ്ടായി വരുന്നതില്‍ വലിയ പങ്ക് വഹിക്കാറുണ്ട്.

പരിഹാരമാര്‍ഗ്ഗവും ചികിത്സയും

ബിഞ്ച് ഈറ്റിംഗ് തകരാറുമൂലം നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന നിസ്സഹായതയും കുറ്റബോധവും അത്യധികം മാനസികസമ്മര്‍ദ്ദം ഉണ്ടാക്കിയേക്കും. എന്നിരുന്നാലും ഇത് ചികിത്സിക്കാവുന്നതാണെന്നതും ശരിയായ പിന്തുണ ലഭിച്ചാല്‍ ഈ ത്വരയെ മറികടക്കാമെന്നതും ഓര്‍ക്കുക. ഒരിക്കല്‍ നിങ്ങളുടെ പ്രശ്നത്തിന് സഹായം തേടിക്കഴിഞ്ഞാല്‍ പിന്നെ ആ ചികിത്സാ പദ്ധതിയില്‍ ഉറച്ചു നില്‍ക്കുകയും നിങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള  പുതിയ വിവരങ്ങള്‍ ഡോക്ടറെ അല്ലെങ്കില്‍ തെറാപ്പിസ്റ്റിനെ സമയാസമയം അറിയിക്കുകയും ചെയ്യുക. ഒരു സുഹൃത്തിനേയോ കുടുംബാംഗത്തേയോ വിശ്വാസത്തിലെടുക്കുകയും മനക്ലേശം ഉണ്ടാകുന്ന സമയത്ത് അവരെ ആശ്രയിക്കാന്‍ ശ്രമിക്കുകയും ചെയ്യുക, അടുത്ത തവണ നിങ്ങള്‍ക്ക് ബിഞ്ച് ഈറ്റിംഗിന് തോന്നുമ്പോള്‍ അവര്‍ നിങ്ങള്‍ക്ക് വലിയ സഹായമായേക്കാം. നിങ്ങള്‍ക്ക് മനസുഖമില്ലായ്മ തോന്നുമ്പോള്‍  പുറത്ത് നടക്കാന്‍ പോകുക, ആരോടെങ്കിലും സംസാരിക്കുക തുടങ്ങിയ എന്തെങ്കിലും പ്രവൃത്തികളിലൂടെ ആ അവസ്ഥയില്‍ നിന്ന് വഴിമാറി നടക്കാന്‍ സ്വയം ശ്രമിക്കുക. മാനസികസൗഖ്യത്തിനുള്ള കാര്യങ്ങളും ധ്യാനവും പരിശീലിക്കുന്നതും മാനസികാവസ്ഥ നിയന്ത്രിക്കാന്‍ നിങ്ങളെ സഹായിക്കും.

മാനസികവും വൈകാരികവുമായ സമ്മര്‍ദ്ദത്തെ നേരിടുന്നതിനുള്ള തന്ത്രമായി ഭക്ഷണം കഴിക്കലിനെ ഉപയോഗപ്പെടുന്ന മനോഭാവത്തെ നേരിടുന്ന മനഃശാസ്ത്രപരമായ തെറാപ്പിയാണ് പ്രധാന ചികിത്സ. കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി, മറ്റുള്ളവരുമായുള്ള  ബന്ധത്തെ ലക്ഷ്യം വെച്ചുള്ള ഇന്‍ര്‍പേര്‍സണല്‍ സൈക്കോതെറാപ്പി, ഡയലക്റ്റിക് ബിഹേവിയറല്‍ തെറാപ്പി തുടങ്ങിയവ ബിഞ്ച് ഈറ്റിംഗ് തകരാര്‍ ചികിത്സിക്കാനായി ഉപയോഗിക്കുന്നു.ആഹാരത്തേയും ശരീരഭാരത്തേയും കുറിച്ച് ആരോഗ്യകരമായ ചിന്ത ഉണ്ടാക്കിയെടുക്കുക, വൈകാരിക പ്രശ്നങ്ങള്‍ മറികടക്കാന്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന അവസ്ഥയെ നേരിടുക, മനക്ലേശത്തിന് കാരണമാകുന്ന സാഹചര്യങ്ങളെ നേരിടുന്നതിന് മികച്ച വഴി കണ്ടെത്താന്‍ സഹായിക്കുക തുടങ്ങിയവയാണ് ഇത്തരം ചികിത്സാരീതിയുടെ ലക്ഷ്യം. ഈ ബിഞ്ച് ഈറ്റിംഗ് മൂലം ശരീരഭാരം വേണ്ടതിലധികം വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ ഭാരം കുറയ്ക്കുന്നതിനുള്ള വഴികള്‍ സ്വീകരിക്കാനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിനായി ആരോഗ്യകരമായ ഒരു നിത്യാഹാരക്രമം പാലിക്കാനും ചികിത്സ സഹായിക്കും.

ബിഞ്ച് ഈറ്റിംഗ് പ്രവണതയ്ക്ക് പ്രേരകശക്തിയാകുന്ന ഏതെങ്കിലും മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഒരാള്‍ക്കുണ്ടെങ്കില്‍ അവ മൂലമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി മരുന്നുകള്‍ നല്‍കിയേക്കും.

നമ്മുടെ ഒരു  സുഹൃത്തോ നിങ്ങള്‍ക്ക് പ്രിയപ്പെട്ട മറ്റാരെങ്കിലുമോ ബിഞ്ച് ഈറ്റിംഗ്  തകരാറിന്‍റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ അവരോട് അതിനെക്കുറിച്ച് സംസാരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരു പക്ഷെ അവര്‍ ദേഷ്യപ്പെടുകയോ ഇത് നിഷേധിക്കുകയോ ചെയ്തേക്കാം. പക്ഷെ അതുകൊണ്ട്  പിന്തിരിയരുത്. അവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയോ അവരോട് ഉച്ചത്തില്‍ സംസാരിച്ച് വായടപ്പിക്കുകയോ ചെയ്യരുത്. അവര്‍ക്ക് സഹായകമായി നില്‍ക്കുകയും അവര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ നിങ്ങളുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക. അവര്‍ മനസ് തുറക്കുകയാണെങ്കില്‍ അവരെ ഉപദേശിക്കാന്‍ ശ്രമിക്കുകയോ അവരുടെ അവസ്ഥയെ ചൊല്ലി അവര്‍ക്ക് കുറ്റബോധം ഉണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്യാതെ ശ്രദ്ധയോടെ അവര്‍ പറയുന്നത് കേട്ടിരിക്കുക മാത്രം ചെയ്യണം. നല്ല ഭക്ഷണ ശീലം, ദിനചര്യ, വ്യയാമം തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ ഒരു ശീലമുണ്ടാക്കിയെടുക്കാന്‍ സഹായിയ്ക്കുക. ഭക്ഷണം, ആഹാരക്രമം,ശരീരഭാരം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സംസാരം ഒഴിവാക്കാനും ശ്രമിക്കുക.