Dec 8, 2021 • 7M

ഭക്ഷണക്രമക്കേടുകളും മനശ്ശാസ്ത്രവും അദ്ധ്യായം രണ്ട്

അനോറെക്സിയ നെർവോസ:

Reshmi Radhakrishnan
Comment1
Share
 
1.0×
0:00
-7:19
Open in playerListen on);
Episode details
1 comment

സ്ത്രീകളെയും പുരുഷന്മാരെയും ബാധിക്കുന്ന ഭക്ഷണ ക്രമക്കേടാണ് അനോറെക്സിയ നെർവോസ. ശരീരഭാരത്തെക്കുറിച്ചുള്ള വികലമായ ധാരണകളാല്‍ അപകടകരമായ രീതിയില്‍ ഭക്ഷണം ഒഴിവാക്കി അമിതമായി മെലിയാന്‍ ശ്രമിയ്ക്കുന്ന മാനസികാവസ്ഥയാണ് അനോറെക്സിയ നെര്‍വോസ. അസാധാരണമാംവിധം കുറഞ്ഞ ശരീരഭാരവും ഭാരം കൂടുന്നതിനെക്കുറിച്ചുള്ള തീവ്രമായ പേടിയും ശരീരാകൃതിയെക്കുറിച്ചുള്ള തെറ്റായ ധാരണകളുമാണ് ഈ തകരാറിന്‍റെ ചില സ്വഭാവ സവിശേഷതകള്‍.

പലരും തെറ്റിദ്ധരിയ്ക്കുന്നതുപോലെ ഒരു വ്യക്തി മനപ്പൂര്‍വ്വം തെരഞ്ഞെടുത്തിരിക്കുന്ന ജീവിതശൈലിയല്ല ഇത്.

വൈകാരികമായ സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള ഒരു വ്യക്തിയുടെ ശേഷിയില്ലായ്മ മൂലവും അവനവന്‍റെ  രൂപത്തെക്കുറിച്ചുള്ള വികലമായ ധാരണമൂലവും സ്വന്തം ശരീഭാരത്തെക്കുറിച്ച് അത്യധികമായ ആശങ്കയുണ്ടാവുകയും ആ ഭയത്തെ മറികടക്കാന്‍ ആരോഗ്യപരമല്ലാത്ത ഭക്ഷണശീലങ്ങള്‍ പിന്തുടരുകയും ചെയ്യുന്നു എന്നതാണ് ഇവരുടെ പ്രത്യേകത.

ചിലര്‍ വളരെ കുറച്ച് മാത്രം ഭക്ഷണംകഴിക്കും. ചിലര്‍ ആവശ്യത്തിനു കഴിക്കുമെങ്കിലും അതിനേക്കാള്‍ കൂടുതല്‍ കലോറി ചെലവഴിച്ച് വ്യായാമം ചെയ്യും. രണ്ടും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു.

ശരീരഭാരം കുറയുന്നതും മെലിയുന്നതും സ്വന്തം  പ്രശ്നങ്ങളെ നേരിടാന്‍ തങ്ങളെ സഹായിക്കുമെന്ന്  ഇത്തരക്കാര്‍  വിശ്വസിക്കുന്നു. ഈ അവസ്ഥ കൈവരിക്കുന്നതിന് വേണ്ടി ആദ്യമാദ്യം കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരാന്‍ തുടങ്ങുന്നു. തുടക്കത്തില്‍ പതിവായി ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നു, അല്ലെങ്കില്‍ കുറച്ചു കഴിയുമ്പോള്‍  ദിവസങ്ങളോളം ഭക്ഷണം ഒഴിവാക്കിത്തുടങ്ങുന്നു. ഭക്ഷണം കഴിക്കുമ്പോഴാകട്ടെ വളരെ കുറച്ച് മാത്രം കഴിക്കുന്നു എന്നുമാത്രമല്ല അതുപോലും ഇവരില്‍ പ്രത്യേകതരം കുറ്റബോധമുണ്ടാക്കുകയും ചെയ്യുന്നു. പയ്യെപ്പയ്യെ ഇത്തരം ചിന്തകള്‍ ഇവരെ കീഴടക്കുന്നു. ഭക്ഷണത്തോട് വിരക്തി കൂടുന്നു. അവരുടെ ശരീരഭാരം അവരുടെ പ്രായത്തിലും ഉയരത്തിലും ഉള്ള ഒരാള്‍ക്ക് ഉണ്ടാകേണ്ട സാധാരണ ഭാരത്തേക്കാള്‍ കുറഞ്ഞുപോകുന്നു..

അനോറെക്സിയയുടെ ലക്ഷണങ്ങള്‍ എന്തെല്ലാം ?

അനോറെക്സിയയുടെ  ലക്ഷണങ്ങൾ ഒറ്റരാത്രികൊണ്ട് പ്രത്യക്ഷപ്പെടുന്നതല്ല. പകരം, രോഗലക്ഷണങ്ങൾ പലപ്പോഴും ഒരു നീണ്ട കാലയളവിൽ വികസിയ്ക്കുന്നു. ചിലപ്പോള്‍ ഒരു പാറ്റേൺ രൂപപ്പെടാൻ വർഷങ്ങൾ എടുത്തെന്നിരിയ്ക്കും.

അനോറെക്സിയയുള്ള ആളുകള്‍ അവരുടെ ശീലങ്ങളും പെരുമാറ്റവും കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും മറച്ചുവയ്ക്കാന്‍ ശ്രമിച്ചേക്കാം. എന്നിരുന്നാലും ഒരു വ്യക്തിയ്ക്ക് അനോറെക്സിയ ഉണ്ടെങ്കില്‍ അയാളില്‍ ശാരീരികവും പെരുമാറ്റപരവുമായ നിരവധി ലക്ഷണങ്ങള്‍ അയാള്‍ പോലുമറിയാതെ പ്രകടമായിരിക്കും.

ശാരീരികമായ ലക്ഷണങ്ങള്‍

•അനീമിയ

•അസാധാരണമായ ഹൃദയ താളം.

•അസ്ഥി ക്ഷതം (ഓസ്റ്റിയോപൊറോസിസ്), ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

•പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ കുറയുന്നു.

•മലബന്ധം, ശരീരവണ്ണം, ഓക്കാനം തുടങ്ങിയ ദഹനനാളത്തിന്‍റെ പ്രശ്നങ്ങൾ.

•കിഡ്നി പ്രശ്നങ്ങൾ

•ശരീരം മെലിയല്‍

•തലകറക്കവും ക്ഷീണവും

•അകാരണമായ തണുപ്പ്

•മുടി നേര്‍ത്തതാകാനും കൊഴിയാനും തുടങ്ങുക.

•ചര്‍മ്മവരള്‍ച്ച

•സ്ത്രീകള്‍ക്ക് ആര്‍ത്തവ ക്രമക്കേട്.

പെരുമാറ്റത്തില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍

•ഭാരത്തെക്കുറിച്ചും ഭക്ഷണത്തിലെ കലോറികളെക്കുറിച്ചുമുള്ള അമിതമായ ചിന്ത. ഈ വ്യക്തി  ആവര്‍ത്തിച്ച് തന്‍റെ ശരീരഭാരം പരിശോധിക്കുകയും കണ്ണാടിയില്‍ ശരീരത്തിന്‍റെ ആകൃതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യും.

•ഭക്ഷണം കഴിച്ചെന്നോ, ഇപ്പോള്‍ വിശക്കുന്നില്ല എന്നോ പറഞ്ഞ് കുടുംബത്തിനും കൂട്ടുകാര്‍ക്കും ഒപ്പം ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും.

•സമൂഹത്തില്‍ നിന്നും പിന്‍വലിഞ്ഞ് നില്‍ക്കലും മുന്‍കോപവും വര്‍ദ്ധിക്കുകയും ചെയ്യും.

•ശരീരഭാരം കുറയ്ക്കുന്നതിനായി കഠിനമായി വ്യായാമം ചെയ്യലും മെലിയാനുള്ള ഔഷധങ്ങളുടെ  വര്‍ദ്ധിച്ച ഉപയോഗവും.

•വിഷാദം, ഉത്കണ്ഠ

•മദ്യപാനാസക്തി

•സ്വയം മുറിവേൽപ്പിക്കൽ

•ആത്മഹത്യാ ചിന്തകൾ

എന്താണ് അനോറെക്സിയ നെർവോസയ്ക്ക് കാരണം?

ജനിതകകാരണങ്ങള്‍ തുടങ്ങി വ്യത്യസ്തമായ  മാനസിക-സാമൂഹിക-വൈകാരിക സാഹചര്യങ്ങള്‍ വരെ ഈ പ്രത്യേക മാനസികാവസ്ഥയ്ക്ക് കാരണമാകാം. തികഞ്ഞ ശരീരത്തിനായുള്ള നിരന്തരമായ  അധിനിവേശവും ഭക്ഷണത്തെക്കുറിച്ചുള്ള അനാരോഗ്യകരമായ വീക്ഷണവുമാണ് മറ്റൊരു കാരണം.

എല്ലാം കിറുകൃത്യമായിരിക്കണം എന്ന പെര്‍ഫക്ഷനിസവും അതിവൈകാരികതയും വ്യക്തികളെ ഈ അവസ്ഥയിലേക്ക് നയിച്ചേക്കാം. ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് തച്ചോറിലെ 'സെറോട്ടോണിന്‍' ഇതില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെന്നാണ്. സ്കൂളില്‍ തങ്ങളുടെ ശരീരഭാരത്തെ /വണ്ണത്തെ ആരെങ്കിലും കളിയാക്കുകയോ മറ്റോ ചെയ്തിട്ടുണ്ടെങ്കില്‍ കുട്ടികളില്‍ മെലിയാനുള്ള അതിയായ മോഹം ഉണ്ടായി വന്നേക്കാം. ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ക്കിടയില്‍ കൂട്ടുകാരികളില്‍ നിന്നുള്ള സമ്മര്‍ദ്ദം ചിലരില്‍ അനോറെക്സിയ ഉണ്ടാകുന്നതിന് ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. ഇന്നത്തെ ലോകത്ത് സമൂഹവും മാധ്യമങ്ങളും അനോറെക്സിയ ഉണ്ടാക്കുന്നതില്‍ ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്.

സൗന്ദര്യമെന്നത് മെലിഞ്ഞ ശരീരത്തോടൊപ്പം ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണെന്ന അടിസ്ഥാനരഹിതമായ പ്രചരണവും വിശ്വാസവും ചെറുപ്പക്കാരുടെ മനസുകളെ പിടികൂടുകയും അവരെ സ്വയം പട്ടിണിക്കിടാന്‍ തയ്യാറാകുന്ന മാനസികാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്.

അനോറെക്സിയ ശരീരത്തേയും മനസിനേയും ബാധിക്കുന്നു, അതിനാല്‍ വ്യക്തിയുടെ മാനസിക-ശാരീരിക-സാമൂഹിക സാഹചര്യങ്ങള്‍ വിലയിരുത്തി വിശകലനം ചെയ്ത് വേണം ചികിത്സാപദ്ധതിയും ക്രമീകരിയ്ക്കാന്‍. അതുകൊണ്ട് തന്നെ അനോറെക്സിയക്കുള്ള ചികിത്സയ്ക്ക് മൂന്നു ഭാഗങ്ങളുണ്ട് :

ഒന്നാമതായി-  ഈ വ്യക്തിക്ക് ഭക്ഷണം കഴിക്കലിലെ തകരാര്‍ മൂലം എന്തെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്നം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ആദ്യം ചികിത്സിക്കണം.

രണ്ടാമതായി- ആരോഗ്യകരമായ ശരീരഭാരം വീണ്ടെടുക്കുന്നതിനായി അവര്‍ക്ക്  പോഷകസംബന്ധമായ ചികിത്സ കൊടുക്കണം. അതുപോലെ തന്നെ ഈ തൂക്കം നിലനിര്‍ത്തുന്നതിനായി അവര്‍ക്ക് പോഷകാഹാരം സംബന്ധിച്ച അറിവ് നല്‍കുകയും വേണം.

മൂന്നാമതായി- ഇവര്‍ക്ക് തൂക്കം കൂടുന്നതിനെക്കുറിച്ചുള്ള  പേടി അകറ്റുന്നതിനായി കൗണ്‍സിലിംഗും തെറാപ്പിയും വേണ്ടി വരും.

ഈ ചികിത്സകളെല്ലാം വിദഗ്ധരുടെ ഒരു സംഘം ഒരേ കാലത്ത്  തന്നെ ചെയ്യും. പല കേസുകളിലും കുടുംബവും ചികിത്സയില്‍ പങ്കാളികളാകാറുണ്ട്.

അനോറെക്സിയ ഉള്ള വ്യക്തിയെ പരിചരിക്കല്‍

നിങ്ങള്‍ക്ക് അറിയാവുന്ന ആരെങ്കിലും അനോറെക്സിയയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു എങ്കില്‍ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് ചികിത്സ നേടണം എന്ന കാര്യം അവരെ ബോധ്യപ്പെടുത്തുക എന്നതാണ്. നിങ്ങള്‍ വളരെ സൗമ്യതോടെയും ക്ഷമയോടേയും വേണം ഇത് ചെയ്യാന്‍, കാരണം ഈ പ്രശ്നം അനുഭവിക്കുന്നവര്‍ അത് നിഷേധിക്കാനും കടുത്ത രീതിയില്‍ ചെറുത്തുനില്‍ക്കാനും സാധ്യതയുണ്ട്. അവരെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യരുത്. നിങ്ങളുടെ ഉത്കണ്ഠകള്‍ സൗമ്യമായി അവരെ അറിയിക്കുകയും നിങ്ങള്‍ അവര്‍ക്കുവേണ്ടി അവരുടെ കൂടെ ഉണ്ടാകുമെന്ന് അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുക. നിങ്ങളുടെ കുടുംബാംഗത്തിന് അനോറെക്സിയ ഉണ്ടെങ്കില്‍ മറ്റ് കുടുംബാംഗങ്ങളെല്ലാം ഭക്ഷണം കഴിക്കലില്‍ ഒരു ആരോഗ്യകരമായ ശീലം പുലര്‍ത്തുന്നുണ്ടെന്ന് നിങ്ങള്‍ ഉറപ്പാക്കണം. ഇത് തകരാറുള്ള വ്യക്തിക്ക് ചികിത്സാ ഘട്ടത്തില്‍ ഒരു മാതൃക എന്ന നിലയ്ക്ക് വളരെ സഹായകരമാകും.

അനോറെക്സിയക്കുള്ള ചികിത്സ ഏറെ നാള്‍ നീണ്ടുപോയേക്കാം, അതിനാല്‍ നിങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന  ചികിത്സയിലും നിത്യാഹാരക്രമത്തിലും പോഷകാഹാര പദ്ധതിയിലും  ഉറച്ചു നില്‍ക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. കൂട്ടുകാരില്‍ നിന്നും കുടുംബക്കാരില്‍ നിന്നും സ്വയം വിട്ടുനില്‍ക്കാന്‍ ശ്രമിക്കരുത്.  നിങ്ങളെ സഹായിക്കുന്ന ആളുകളോടൊത്ത് സമയം ചെലവഴിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ സൗഖ്യം നല്‍കുകയും നിങ്ങളെക്കുറിച്ച് മതിപ്പു തോന്നാന്‍ സഹായിക്കുകയും ചെയ്യും. അനോറെക്സിയയെക്കുറിച്ച് വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് നിങ്ങളുടെ തൂക്കം കൂടുന്നു എന്ന ഭീതി ഒരു തകരാറിന്‍റെ ലക്ഷണം മാത്രമാണെന്ന് മനസിലാക്കാന്‍ നിങ്ങളെ സഹായിക്കും. ഇടയ്ക്കിടയ്ക്ക് സ്വന്തം തൂക്കം നോക്കാനുള്ള ഒരു തോന്നല്‍ നിങ്ങള്‍ക്കുണ്ടായേക്കാം, അതിനെ കഴിയുന്നത്ര ചെറുത്തുനില്‍ക്കുക. നിങ്ങളെ പരിചരിക്കുന്നവരെ വിശ്വസിക്കുകയും അവരോട് തുറന്ന മനസ്ഥിതി പുലര്‍ത്തുകയും ചെയ്യുക. ചികിത്സയുടെ ഘട്ടത്തില്‍ ഇത് നിങ്ങളെ വളരെയധികം സഹായിക്കും.