
ബാധ ഒഴിയാബാധയാവുമ്പോൾ
നാട്ടിലെ അറിയപ്പെടുന്ന, ഭാര്യയും ഭർത്താവും ഒരു കുട്ടിയുമടങ്ങുന്ന സന്തുഷ്ട കുടുംബം. ഭാര്യ ലക്ഷ്മിക്ക് ദൈവവിശ്വാസം ഏറെയുണ്ടെങ്കിലും ഭർത്താവ് ഒരു നിരീശ്വരവാദി ആയിരുന്നു. അവർ തമ്മിലുള്ള ഏക തർക്ക വിഷയം അത് മാത്രമായിരുന്നു എന്നതാണ് വസ്തുത. എല്ലാത്തിലും തുല്യ മനോഭാവം വച്ച് പുലർത്തുന്ന ആ കുടുംബത്തിന്റെ ഏക തർക്കവിഷയത്തിന് കുടുംബത്തിന്റെ മുഴുവൻ താളം തെറ്റിക്കാൻ സാധിക്കുമോ. തർക്കവിഷയം ദൈവമാകുമ്പോൾ അതിനുള്ള സാധ്യതയ്ക്ക് കുറവൊന്നുമുണ്ടാവില്ല...
ആ കാലത്താണ് ലക്ഷ്മി നാട്ടിലെ ഒരു അറിയപ്പെടുന്ന കണിയാനെ കാണാൻ പോകുന്നത്. കണിയാൻ ഏറെ നേരം കവടി നിരത്തിയതിന് ശേഷം ആ ഞെട്ടിപ്പിക്കുന്ന സത്യം തുറന്ന് പറഞ്ഞു "കുടുംബത്തിന്റെ ഭാവി ആകെ താറുമാറായിരിക്കുകയാണ്. എത്രയും വേഗം കുടുംബ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് വേണ്ട സാമ്പത്തിക സഹായം നൽകിയാലെ ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുകയുള്ളു. കുടുംബത്തിന്റെ കാര്യമാണ്, ഉപേക്ഷ വിചാരിച്ചാൽ വലിയ പ്രത്യാഘാതങ്ങളാവും നേരിടേണ്ടി വരിക." കണിയാന്റെ ഈ വാക്കുകൾ ലക്ഷ്മിയുടെ മനസ്സിന്റെ താളത്തിൽ ഉണ്ടാക്കിയ വ്യതിയാനം വളരെ വലുതാണ്. നിരീശ്വരവാദിയായ ഭർത്താവ് രണ്ടോ മൂന്നോ ലക്ഷം രൂപ മുടക്കി അമ്പലം പണിയാൻ തയ്യാറാവില്ല എന്ന കാര്യം ഉറപ്പാണ്. ഇനി ഒരുപക്ഷെ അങ്ങനെ ചെയ്തില്ലെങ്കിൽ കുടുംബത്തിന് മേൽ ശാപം വന്ന് വീഴുമോ എന്ന ഭയവും. ഇത് രണ്ടും ലക്ഷ്മിയുടെ മനസിന്റെ ചുരുളുകൾ ഏറെ സങ്കീർണമാക്കി. എന്നിരുന്നാലും കാണിയാൻ പറഞ്ഞ കാര്യം ഭർത്താവിനോട് പറഞ്ഞു. എന്നാൽ ഇത്രയും പൈസ മുടക്കി കുടുംബ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടത്താൻ അദ്ദേഹം ഒരുങ്ങിയില്ല. ഭർത്താവിന്റെ ഈ കാര്യത്തോടുള്ള അവഗണന ലക്ഷ്മിയെ ഏറെ ദുഃഖത്തിലേക്കും അനാവശ്യ ചിന്തകളിലേക്കും നയിച്ചു. ഭക്തിയിൽ നിന്ന് ഭയത്തിലേക്കുള്ള മാറ്റമായിരുന്നു പീന്നിട് ലക്ഷ്മിക്ക് സംഭവിച്ചത്.
അവിടെ നിന്ന് ആ കുടുംബത്തിന് നേരിടേണ്ടി വന്നത് മാനസിക പ്രശ്നങ്ങൾ മൂലമുള്ള തിരിച്ചടികളായിരുന്നു. ഭാര്യയുടെ ആവശ്യം അനാവശ്യമായി കണ്ട ഭർത്താവിന് മുൻപിൽ അവരുടെ രീതികൾ മാറി തുടങ്ങി. പതുക്കെ പതുക്കെ ലക്ഷ്മി ആരോടും മിണ്ടാതെ ആയി. അവരുടെ മനസ് പിന്നീട് അൺകോൺഷ്യസ് ആവാനും തുടങ്ങി. ആ അൺകോൺഷ്യസ് മൈൻഡ് അവരുപോലുമറിയാതെ പ്രവർത്തിച്ചു തുടങ്ങുകയായിരുന്നു. തന്റെ ശബ്ദം കേൾക്കാതിരുന്ന ഭർത്താവിന്റെ മുൻപിൽ തന്റെ മരിച്ചു പോയ അച്ഛന്റെ ശബ്ദം സംസാരിച്ച് തുടങ്ങി. രീതികളും കർക്കശഭാവവുമെല്ലാം അച്ഛന്റേത് പോലെയാകാൻ തുടങ്ങി. ലക്ഷ്മി സ്വബോധ മനസ് കൈവെടിഞ്ഞു തന്റെ ഭർത്താവിന് മുൻപിൽ ആക്രോംശിച്ചു,
"എന്റെ മകൾ പറയുന്നത് കേട്ടില്ലെങ്കിൽ ഈ കുടുംബം നശിച്ചു വെണ്ണീറാവും".
ഇതെല്ലാം കേട്ട് എന്ത് ചെയ്യണമെന്നറിയാതെ അയാൾ മരവിച്ചു നില്ക്കുകയായിരുന്നു. എല്ലാവരുടെയും തുല്യ ഇടപെടലുകളോടെ മുന്നോട്ട് പോയ ആ കുടുംബം ലക്ഷ്മിയുടെ ഈ അവസ്ഥ കാരണം അക്ഷരാർഥത്തിൽ പകച്ചു നിന്ന് പോയി. അത് പതുക്കെ അവരുടെ കുട്ടിയേയും ബാധിക്കാൻ തുടങ്ങിയിരുന്നു. അമ്മയുടെ ഈ അവസ്ഥ മകനെ ഡിപ്രഷനിലേക്ക് നയിക്കുമെന്ന് കണ്ട ഭർത്താവ് സൈക്കോളജിസ്റ്റിന്റെ സഹായം തേടാൻ തീരുമാനിക്കുകയായിരുന്നു.
ബാധയാണെന്ന് പറഞ്ഞ് പൂജകൾ ചെയ്യാതെ അദ്ദേഹം എടുത്ത ആ തീരുമാനം വളരെ നിർണ്ണായകമായിരുന്നു.
അങ്ങനെ ലക്ഷ്മിയും ഭർത്താവും സൈക്കോളജിസ്റ്റിന്റെ മുൻപിലെത്തി. എന്നാൽ അവിടെയും ലക്ഷ്മി അച്ഛന്റെ സ്വരത്തിൽ ആക്രോശിക്കുകയാണുണ്ടായത്. എന്നാൽ കണ്ടപാടേ ഇത് ഡിസോസിയേറ്റീവ് ഡിസോർഡർ അല്ലെങ്കിൽ കൺവേർഷൻ ഡിസോർഡർ ആണെന്ന് സൈക്കോളജിസ്റ്റിന് മനസിലായി. പതുക്കെ അദ്ദേഹം ലക്ഷ്മിയോട് കാര്യങ്ങൾ ചോദിച്ചറിയാൻ തുടങ്ങി. തന്നെ കേൾക്കാൻ മനസ് കാണിച്ച അദ്ദേഹത്തിന് മുൻപിൽ ലക്ഷ്മിയുടെ ബോധ മനസ് തുറന്ന് പറച്ചിൽ നടത്തി. ഒന്നോ രണ്ടോ ലക്ഷം രൂപ മുടക്കി അമ്പലം പുനരുദ്ധാരണം നടത്തിയാൽ തീരാമായിരുന്ന പ്രശ്നമാണ് ഏറെ സങ്കീർണ്ണമായ മാനസികാവസ്ഥയിലേക്ക് ലക്ഷ്മിയെ എത്തിച്ചതെന്ന് സൈക്കോളജിസ്റ്റിന് മനസിലായി. നീണ്ട് നിന്ന വിശകലനത്തിനും തെറാപ്പിക്കും ശേഷം ലക്ഷ്മി പൂർണ്ണമായും തന്റെ അവസ്ഥയിൽ നിന്ന് പുറത്ത് വന്നു. അതേപോലെ ഈ പ്രശ്നത്തിന്റെ കാരണം ഭർത്താവിനെ പറഞ്ഞ് മനസിലാക്കുകയും ചെയ്തു.
അതെ. ചിലപ്പോഴൊക്കെ ചെറിയ തെറ്റിദ്ധാരണകൾ മാറ്റി വയ്ക്കുന്നതിലൂടെയും ഒരാൾക്ക് മുൻപിൽ മറ്റൊരാൾ കോംപ്രമൈസ് ചെയ്യുന്നതിലൂടെയും തീരാവുന്ന പ്രശ്നങ്ങളാകും പിന്നീട് മനുഷ്യർക്ക് സങ്കീർണമായ മാനസിക പ്രശ്നങ്ങളുടെ വേരുകളാവുക. ഇവിടെ ലക്ഷ്മിയെ ഭയമാണ് കീഴടക്കിയതെങ്കിൽ ആ ഭയം എന്നുന്നേക്കുമായി ഇല്ലാതാക്കാൻ ഭർത്താവിന്റെ ചെറിയ ഒരു അഡ്ജസ്റ്റ്മെൻ്റിന് കഴിയുമായിരുന്നു. എന്നാൽ അയാളുടെ കാർക്കശ്യം ലക്ഷ്മിയുടെ മനസിന്റെ താളം തെറ്റിച്ചു. ഒരു കുടുംബജീവിതത്തിന്റെ അടിത്തറ എന്ന് പറയുന്നത് പരസ്പരം മനസിലാക്കുന്നതാണ്. തന്റെ പങ്കാളിയുടെ ബലഹീനത മനസിലാക്കി അവർക്ക് വേണ്ട പിന്തുണ നൽകിയാൽ ജീവിതം കൂടുതൽ മനോഹരമാകും.