2022 മാർച്ച് 20 മുതൽ 26 വരെ, അന്തർദേശീയ തലത്തിൽ കൗമാര ആരോഗ്യവാരമായി ആഘോഷിക്കുകയാണ്. (International Adolescent
Health Week). അതുകൊണ്ട് ഇന്നത്തെ ചിന്ത ആ വഴിക്കാവാം.
ഒരു കുട്ടി കൗമാരത്തിന്റെ കടമ്പകൾ കടക്കുമ്പോൾ ഒട്ടേറെ അവസ്ഥാന്തരത്തിനു വിധേയനാകുന്നുണ്ട്. ബാല്യത്തിൽ നിന്നും പ്രായപൂർത്തിയിലേക്കുള്ള ഒരു സംക്രമണഘട്ടമാണിത്. മാനസികമായും ശാരീരികമായും ഒട്ടേറെ വ്യതിയാനങ്ങൾ അവനു സംഭവിക്കുന്നുണ്ട്. ആശ്രിതത്വത്തിൽ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു കുതിപ്പിന്റെ കാലം.... ലോകത്തെ മുഴുവൻ ഗ്രസിച്ച ഒരു മഹാമാരിയുടെ പൂർവ്വാനുഭവങ്ങൾ പിന്നിട്ടു, ജീവിതം പുതിയ അനുഭവങ്ങളിലേക്ക് പദമൂന്നുന്ന നാളുകളാണല്ലോ ഇവ. അതുകൊണ്ട് തന്നെ കൗമാരക്കാരന്റെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കു, പണ്ടെന്നത്തേക്കാൾ ഒട്ടേറെ സവിശേഷതകൾ ഉണ്ട്. മാതാപിതാക്കളുടെ സമസ്തശ്രദ്ധയും അനിവാര്യമായ ഒരു സമയമാണിത് എന്ന് മറക്കരുത്.
കൗമാരത്തെ പൊതുവെ മൂന്നു കാലഘട്ടങ്ങളായി തരം തിരിക്കാറുണ്ട്.
1. പ്രാരംഭ കൗമാരം. പതിനൊന്നു മുതൽ പതിന്നാലു വയസ്സ് വരെയുള്ള കാലഘട്ടത്തെയാണ് ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്.
2. മധ്യ കൗമാരം. പതിനഞ്ചു വയസ്സ് മുതൽ പതിനേഴു വരെയുള്ള കാലം.
3. ഉത്തര കൗമാരം. പതിനെട്ടു മുതൽ ഇരുപത്തിയൊന്ന് വരെയാണ് ഈ കാലയളവ്.
അവിടെയുമല്ല ഇവിടെയുമല്ല
ഭാഷയിൽ ഒരു പ്രയോഗമുണ്ട്. ഇല്ലത്തു നിന്നിറങ്ങി; ഒട്ടു അമ്മാത്തെത്തിയതുമില്ല. ഏതാണ്ട് അതേ അവസ്ഥയാണ് കൗമാരക്കാർക്കും ഉള്ളത്. കുട്ടിത്തത്തോടു വിട പറഞ്ഞു, എന്നാലൊട്ടു മുതിർന്നവനായതുമില്ല. ദീപുവിന്റെ അനുഭവം അത്തരമൊന്നാണ്. കുഞ്ഞമ്മയുടെ കല്യാണം പ്രമാണിച്ചു ദീപു മാതാപിതാക്കളോടൊപ്പം തലേന്നു തന്നെ അമ്മവീട്ടിൽ എത്തിയിരുന്നു. വിരുന്നു വന്ന കുട്ടികളെല്ലാം കൂടെ കണ്ണുപൊത്താം കളിയിലേർപ്പിട്ടിരിക്കുകയാണ്. അവരോടൊപ്പം കളിക്കാൻ ദീപു ചെന്നപ്പോൾ കുട്ടികൾ പറഞ്ഞു, "ഞങ്ങൾ പിള്ളേരല്ലേ കളിക്കുന്നത്. ഏട്ടൻ വല്യ ആളുകളുടെ കൂടെ പൊക്കോ.." അങ്ങനെ ദീപു മുതിർന്നവർ കൂടിയിരുന്നു ചർച്ച ചെയ്യുന്നിടത്തേക്കു ചെന്നു. അപ്പോൾ വന്നു അടുത്ത നിർദ്ദേശം: "ഞങ്ങൾ പ്രായമുള്ളവർ സംസാരിക്കുന്നിടത്തു നിനക്കെന്താണ് കാര്യം. പോയെ, എഴുന്നേറ്റു പോയെ. പോയി പിള്ളേരുടെ കൂടെ കളിക്ക്." ദീപു അങ്ങനെ ത്രിശങ്കു സ്വർഗ്ഗത്തിലായി.
താൻ കുട്ടിയുമല്ല, എന്നാൽ മുതിർന്നവനുമല്ല, എങ്കിൽ പിന്നെ താനാരാണ്? സ്വന്തം സ്വത്വത്തിനു നേരെ മുഖം ചുളിച്ചു നോക്കുന്ന പ്രായമാണ് കൗമാരം എന്ന് പറയുന്നത്. കൗമാരക്കാരുടെ ഈ മാനസികാവസ്ഥ ശരിയാം വണ്ണം തിരിച്ചറിഞ്ഞു അവരെ പിന്തുണക്കുവാൻ മാതാപിതാക്കൾക്ക് കഴിയണം. വളരെ സവിശേഷത ഉള്ള അനിതര സാധാരണമായ ഒരു കാലമാണിത് എന്നും അവരെ ബോധ്യപ്പെടുത്തണം.
ഒട്ടേറെ മേഖലകളിലുള്ള വളർച്ചയും വികാസവും ഈ മൂന്നു ഘട്ടങ്ങളിൽ സംഭവിക്കുന്നുണ്ട്. അവയിൽ ചിലതിനെ പറ്റി നമുക്ക് നോക്കാം.
1. ശാരീരിക വികാസം.
മിക്ക കുട്ടികളും മധ്യകൗമാരം എത്തും മുൻപേ ശാരീരികമായി വളർച്ചയുടെ സുപ്രധാനമായ ഒരു പടവ് താണ്ടിയിട്ടുണ്ടാവും. ഈസ്ട്രജനും പ്രോജെസ്റ്ററോണും ടെസ്റ്റസ്റ്റാറോണും ഉൾപ്പെടെയുള്ള ഹോർമോണുകൾ കർമ്മനിരതമാകുന്നതു ഈ കാലഘട്ടത്തിലാണ്. പെൺകുട്ടികൾ ഋതുമതികൾ ആയിത്തീരും. ആൺകുട്ടികളിൽ പ്രത്യുൽപാദന ഹോർമോണുകൾ ഉല്പാദിപ്പിക്കപ്പെടും. ശരീരത്തിന്റെ രൂപഭാവങ്ങളിൽ മാറ്റമുണ്ടാവും. പെൺകുട്ടികളിലെന്നതു പോലെ അത്ര പ്രകടമല്ല ആൺകുട്ടികളിലെ മാറ്റം. എന്നാൽ ആൺകുട്ടികളുടെ ശബ്ദത്തിൽ പൗരുഷം കടന്നു വരും. ശബ്ദനാളം കൂടുതൽ വലുതാവുകയും ഘനമുള്ളതാകുകയും ചെയ്യുന്നത് കൊണ്ടാണീ ശബ്ദമാറ്റം സംഭവിക്കുന്നത്. കൗമാരത്തിന്റെ അവസാന ഘട്ടത്തിൽ എത്തുമ്പോഴേക്കും ഇപ്രകാരമുള്ള ശാരീരിക വളർച്ച ഏറെക്കുറെ പൂർണമായിക്കഴിയും. പ്രായപൂർത്തിയായ ഒരു മുതിർന്ന വ്യക്തിയുടെ പൊക്കവും തൂക്കവുമൊക്കെ ഇതിനോടകം കുട്ടി ആർജ്ജിച്ചിട്ടുണ്ടാവും. അടുത്ത തലമുറയ്ക്ക് ജന്മം കൊടുക്കുവാൻ വേണ്ട സവിശേഷതകളിൽ പലതും സ്വായത്തമായി കഴിയും. ഈ വളർച്ചയിലേക്കുള്ള ഒരു അന്തരാളഘട്ടമാണ് കൗമാരം.
2. ബൗദ്ധിക വികാസം.
തങ്ങളുടെ ചുറ്റുവട്ടങ്ങളിലുള്ള ലോകത്തു മാത്രം കണ്ണ് നട്ടു കൊണ്ടായിരിക്കും കൗമാരത്തിലേക്ക് കുട്ടികൾ കടക്കുക. ശരി അല്ലെങ്കിൽ തെറ്റ്, അത്ഭുതകരം അല്ലെങ്കിൽ ഭീകരം... എന്നിങ്ങനെയുള്ള മൂർത്തമായ ആശയങ്ങൾ മാത്രമേ അവരിൽ ഉണ്ടാവുകയുള്ളു. ഇതിനിടെയിൽ ഒരു മധ്യവർത്തി നയം അവർക്കില്ല. ഇന്നിന്റെ ലോകത്തിലാണ് അവർ ജീവിക്കുന്നത്. വർത്തമാന കാലത്തിനപ്പുറത്തേക്കു കണ്ണുകൾ അയക്കാൻ അവർക്കു വലിയ താല്പര്യം ഇല്ല. ചെയ്യുന്ന കാര്യങ്ങളുടെ ദൂരവ്യാപകമായ ഭവിഷ്യത്തുകളോ നേട്ടങ്ങളോ അവർ ചിന്തിക്കാറുമില്ല.
എന്നാൽ കൗമാരത്തിന്റെ അവസാന നാളുകളിലേക്ക് വരുമ്പോൾ, ഓരോ സാഹചര്യങ്ങളുടെയും ദുർഗ്രഹമായ അവസ്ഥകളെപ്പറ്റി ബോധവാനാകുകയും, ഭാവിയിലേക്ക് നോക്കാൻ തയ്യാറാകുകയും ചെയ്യും. കുഴഞ്ഞു മറിഞ്ഞ പല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ ഈ സമയത്തു അവനു സാധിക്കും. അന്യർ എങ്ങനെ കാര്യങ്ങളെ കാണുന്നു എന്ന് ചിന്തിക്കാൻ തുടങ്ങും. തത്വശാസ്ത്രങ്ങൾ, രാഷ്ട്രീയം, സാമൂഹ്യ പ്രശ്നങ്ങൾ എന്നിവയിൽ താല്പര്യം ജനിക്കും. ഒട്ടു മിക്ക രാഷ്ട്രീയ പാർട്ടിക്കാരും അവരുടെ വിദ്യാർത്ഥി വിഭാഗങ്ങളിലേക്ക് കുട്ടികളെ വല വീശുന്നത് ഈ കാലയളവിലാണ്. പക്ഷെ അനുഭവജ്ഞാനം വളരെ പരിമിതമാണല്ലോ. അതുകൊണ്ട് തന്നെ, അബദ്ധത്തിൽ ചാടാനും ഏറെ സാധ്യതയുണ്ട്.
3. സാമൂഹ്യ വികാസം.
കൗമാരകാലത്തു മാതാപിതാക്കളുമായും, സ്നേഹിതരുമായും ഒക്കെയുള്ള കുട്ടിയുടെ ഇടപെടലുകളിൽ കാതലായ മാറ്റം വരുന്നതായി കാണാം.
ബാല്യത്തിൽ മാതാപിതാക്കളെ അനുകരിക്കാൻ മുതിരുന്ന കുട്ടി, പക്ഷെ കൗമാരത്തിൽ എത്തുമ്പോൾ. സ്വന്തം വ്യതിരിക്തത രൂപപ്പെടുത്തുന്ന തിരക്കിലായിരിക്കും. താൻ ആരാണെന്നും , സമൂഹത്തിൽ തന്റെ സ്ഥാനം എവിടെയാണെന്നും കണ്ടെത്താനുള്ള തത്രപ്പാടിലാണ് അവൻ.
വീട്ടിലും പുറത്തും കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ അവൻ സജ്ജനാണ്. മാതാപിതാക്കൾ ഈ സവിശേഷത പ്രയോജനപ്പെടുത്തണം . പുത്തൻ അനുഭവങ്ങൾക്കായി പുതിയ സാഹസിക പരീക്ഷണങ്ങൾ നടത്താനും കുട്ടിക്ക് മടിയില്ല. അങ്ങനെയാണ് പലതരം ലഹരികൾക്കു അവൻ കൗമാരത്തിൽ അടിമയാകുന്നതു.
ഓരോ കുട്ടിയുടെയും സാമൂഹ്യ വികാസത്തിന്റെ തോതിൽ വ്യത്യാസമുണ്ടാവും. വളർന്നു വരുന്ന സാഹചര്യങ്ങളുടെയും, കാണുന്ന മാതൃകകളുടെയും, അനുഭവങ്ങളുടെയും ഒക്കെ അടിസ്ഥാനത്തിലാണ് സാമൂഹ്യ ബോധം രൂപപ്പെടുന്നത്. കുട്ടി ഒരു മുതിർന്ന സ്വതന്ത്ര വ്യക്തിത്വത്തിലേക്കുള്ള പ്രയാണത്തിലാണ് ഇപ്പോൾ.
കൗമാരം എന്നത് കൊടുംകാറ്റിന്റെയും കൊടിയസമ്മർദ്ദങ്ങളുടെയും കാലഘട്ടം എന്നാണ് പൊതുവെ നിർവചിക്കപ്പെടുന്നത്.
4. മസ്തിഷ്ക വികാസം.
ബാഹ്യമായ വികാസവും വളർച്ചയും നമ്മുടെ ദൃഷ്ടിയിൽ പെടും. എന്നാൽ നമ്മുടെ ശ്രദ്ധയിൽ പെടാത്ത ആന്തരികദർശനത്തിലും, വളരെ വിപുലമായ വികാസം ഇക്കാലത്തു ഉണ്ടാകും. ബാല്യവുമായി താരതമ്യപ്പെടുത്തുമ്പോൾ മസ്തിഷ്കത്തിനും ശ്രദ്ധേയമായ വളർച്ച ഉണ്ടാകും. കൗമാരത്തിൽ എടുക്കുന്ന സാഹസികമായ പല തീരുമാനങ്ങൾക്കും പിന്നിൽ ഈ മസ്തിഷ്ക വികാസം ഒരു കാരണമായി പറയപ്പെടുന്നു. അത്രയും കാലം കണ്ടതിന്റെയും കേട്ടതിന്റെയും അടിസ്ഥാനത്തിൽ അവൻ ഒരു മൂല്യബോധം സ്വയം സൃഷ്ടിച്ചെടുക്കും. തെറ്റിനും ശരിക്കും തന്റേതായ നിർവ്വചനങ്ങൾ രൂപീകരിക്കും. ഒട്ടേറെ ചോദ്യങ്ങൾ ശരമെഴും പോലെ തൊടുക്കുന്ന സമയം കൂടിയാണിത്. സംശയങ്ങൾ ഉന്നയിക്കുമ്പോൾ ന്യായയുക്തമായ മറുപടികൾ ലഭിച്ചില്ലെങ്കിൽ കുട്ടി അസ്വസ്ഥനായെന്നു വരം. ഒരു പക്ഷെ കുട്ടിയുടെ സംശയങ്ങൾക്ക് മാതാപിതാക്കൾക്ക് മറുപടി അറിയത്തില്ലെങ്കിൽ അത് തുറന്നു സമ്മതിക്കുന്നതായിരിക്കും നല്ലതു.
5. വ്യക്തി ബന്ധങ്ങളിലെ വികാസം
വ്യക്തിബന്ധങ്ങൾ സ്ഥാപിച്ചെടുക്കുന്നതിൽ ഏറ്റവുമധികം വ്യഗ്രത ഉള്ള ഒരു കാലമാണിത്.. കുടുംബാംഗങ്ങളുമായുള്ള ബന്ധത്തിൽ അല്പം പിന്നോക്കം പോയെന്നു വരം. എന്നാൽ സമപ്രായക്കാരുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാവും. ഈ സമയത്തെ സ്നേഹിതന്മാർ ആരൊക്കെയാണെന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കുന്നത് നന്നാണ്. കാരണം സ്വഭാവ രൂപീകരണത്തിൽ ചങ്ങാതികളുടെ പങ്കു വലുതാണ്. അപ്പർ പ്രൈമറി സ്കൂളിൽ നിന്നും ഹൈസ്കൂളിലേക്കും ഒരു അയല്പക്കത്തെ നിന്നും അച്ഛന്റെ സ്ഥലം മാറ്റം മൂലം മറ്റൊരു അയല്പക്കത്തേക്കുമൊക്കെ മാറിപ്പോകുമ്പോൾ രൂപം കൊള്ളുന്ന പുതിയ പുതിയ ബന്ധങ്ങൾ നിർണ്ണായകമാണ്. മനസ്സ് പ്രണയാതുരമാകുന്ന കാലമാണെങ്കിലും, ഈ നാളുകളിൽ രൂപം കൊള്ളുന്ന ബന്ധങ്ങൾ സ്ഥായിയാകാനുള്ള സാധ്യത താരതമ്യേന വിരളമാണ്. ലൈംഗിക പരീക്ഷണങ്ങളിൽ ഏർപ്പെടുവാനുള്ള താല്പര്യവും ഉണ്ടാകും. വിചാരത്തേക്കാൾ വികാരം ഒരു ചുവടു മുൻപിൽ നിൽക്കുന്നു എന്നതൊരു അപകടമാണ്.
കൗമാരം എന്നത് കൊടുംകാറ്റിന്റെയും കൊടിയസമ്മർദ്ദങ്ങളുടെയും കാലഘട്ടം എന്നാണ് പൊതുവെ നിർവചിക്കപ്പെടുന്നത്. എന്നാൽ ശരിയായി വഴി കാട്ടുന്നതിലൂടെ കൗമാരകാലത്തെ അനുഗ്രഹീതമാക്കി മാറ്റാൻ കഴിയും. ഇക്കാര്യത്തിൽ മാതാപിതാക്കളുടെ പങ്കു നിർണ്ണായകമാണ്? അക്കാര്യം നമുക്ക് അടുത്ത എപ്പിസോഡിൽ ചിന്തിക്കാം.