Dec 22, 2021 • 7M

വിഷാദ രോഗത്തിന്റെ കാർമേഘം നിറയുമ്പോൾ

Dr Sebin S Kottaram
Comment
Share
 
1.0×
0:00
-6:49
Open in playerListen on);
Episode details
Comments

അടുത്ത കാലത്താണ് രമ്യയുടെ പെരുമാറ്റത്തിൽ മാറ്റം കണ്ടു തുടങ്ങിയത്. എപ്പോഴും മുറിയടച്ച് ഒരിടത്തിരിക്കും. മുഖത്താകട്ടെ ആകെയൊരു ശോകഭാവവും. നേരത്തേ രാവിലെ ബാഡ്മിന്റൺ കളിക്കാനായി പോകുമായിരുന്നു. രമ്യക്ക് ഏറെ ഇഷ്ടവുമാണ് ബാഡ്മിന്റൺ കളിക്കാൻ. എന്നാൽ ഇപ്പോൾ അതിനോടും താൽപര്യമില്ല. ഏതെങ്കിലും പാർട്ടിക്കോ മറ്റോ ഫ്രണ്ട്സ് വിളിച്ചാലും എന്തെങ്കിലും ഒഴിവുകഴിവ് പറഞ്ഞൊഴിയും. രാത്രിയിലാകട്ടെ, ശരിക്ക് ഉറക്കവുമില്ലെന്ന് രമ്യയുടെ അമ്മ പറഞ്ഞു. പ്രമുഖ കമ്പനിയിലെ മാർക്കറ്റിങ് ഉദ്യോഗസ്ഥയായിരുന്നു രമ്യ. കോവിഡ് കാലഘട്ടത്തിൽ രമ്യക്ക് ജോലി നഷ്ടപ്പെട്ടു. പല ജോലിക്കും ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല. പതിയെ പതിയെ രമ്യയുടെ ഊർജ്ജസ്വലതയുമെല്ലാം കുറഞ്ഞു. ആരോടും അധികം മിണ്ടാട്ടമില്ലാതായതോടെയാണ് സൈക്കോളജിസ്റ്റിന്റെ അടുക്കൽ കൊണ്ടുവരുന്നത്. രമ്യയിൽ ഇപ്പോൾ കാണുന്നത് വിഷാദ രോഗത്തിന്റെ ലക്ഷണമാണെന്ന് രമ്യയുടെ മാതാപിതാക്കളോട് സൈക്കോളജിസ്റ്റ് വ്യക്തമാക്കി.

എന്താണ് വിഷാദരോഗം?

ഒരാളുടെ ചിന്തകളേയും പ്രവൃത്തികളെയും മോശമായി ബാധിക്കുന്ന അവസ്ഥയാണ് വിഷാദരോഗം. വിഷാദരോഗമുള്ളവർ ഒരിക്കൽ ഏറെ ഇഷ്ടപ്പെട്ടിരുന്നവയോടു പോലും താൽപ്പര്യമില്ലാത്തവരായിത്തീരും. ദീർഘനാളത്തേക്ക് സങ്കടാവസ്ഥയിൽ ആയിരിക്കുന്നതും വിഷാദരോഗമുള്ളവരിൽ കാണാം. ഇത് പിന്നീട് വൈകാരിക, ശാരീരിക പ്രശ്നങ്ങളിലേക്കും നയിക്കാം.

വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ

• കൂടുതൽ സമയവും സങ്കടപ്പെട്ടിരിക്കൽ. വിഷാദം നിറഞ്ഞ മുഖഭാവം

• വിശപ്പില്ലായ്മ / അമിത വിശപ്പ്

• ഉറക്കക്കുറവ് / അമിത ഉറക്കം

• ഊർജ്ജസ്വലതയിലായ്മ, ക്ഷീണം

• ഭാരക്കുറവ് / അമിതഭാരം

• ലക്ഷ്യമില്ലാതെ ഓരോന്ന് ചെയ്യൽ. ഉദാഹരണത്തിന്, ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും നടക്കുക. ഒരിടത്തിരിക്കാനുള്ള പ്രയാസം, അസ്വസ്ഥത മുതലായവ.

• വളരെ സാവധാനത്തിലുള്ള ശരീര ചലനങ്ങൾ

• സ്വയം ഒന്നിനും കൊള്ളാത്ത വ്യക്തിയായി തോന്നുക.

• കുറ്റബോധം അനുഭവപ്പെടുക

• തീരുമാനങ്ങളെടുക്കാനുള്ള പ്രയാസം

• ശ്രദ്ധിക്കാനുള്ള ബുദ്ധിമുട്ട്

• നിരാശ

• അമിതമായ കരച്ചിൽ

• അമിത ദേഷ്യം

• മരണചിന്ത, ആത്മഹത്യാ പ്രവണത

ഈ ലക്ഷണങ്ങൾ രണ്ടാഴ്ചയെങ്കിലും പ്രകടിപ്പിച്ചാൽ വിഷാദരോഗമായി കണക്കാക്കാം. തൈറോയ്ഡ് പ്രശ്നങ്ങൾ, ബ്രെയ്ൻ ട്യൂമർ, വൈറ്റമിൻ കുറവ് എന്നിവയുള്ളവരിലും ചിലപ്പോൾ സമാനമായ ലക്ഷണങ്ങൾ കണ്ടെന്നു വരാം. അതിനാൽ, മറ്റു പ്രശ്നങ്ങളില്ലെന്നുറപ്പു വരുത്തിയ ശേഷമായിരിക്കണം വിഷാദരോഗമാണോയെന്ന് നിശ്ചയിക്കാൻ. മുതിർന്നവരിൽ പതിനഞ്ചിൽ ഒരാളെ, ഓരോ വർഷവും വിഷാദം ബാധിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ആറിൽ ഒരാൾ ജീവിതത്തിൽ എപ്പോഴെങ്കിലും വിഷാദത്തിൽപ്പെട്ടിരിക്കാമെന്നും പഠനത്തിൽ പറയുന്നു. വിഷാദം ഏതു സമയത്തുമുണ്ടാകാം. പക്ഷേ കൂടുതലും ടീനേജിന്റെ അവസാന ഘട്ടത്തിലും ഇരുപതുകളുടെ മധ്യത്തിലുമാണ് കാണപ്പെടുന്നത്. പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ് വിഷാദരോഗം കാണപ്പെടുന്നത്. ചില പഠനങ്ങൾ പറയുന്നത്, സ്ത്രീകളിൽ മൂന്നിൽ ഒന്നും അവരുടെ ജീവിതകാലത്ത് വലിയ വിഷാദം അനുഭവിക്കുന്നതായാണ്.

സങ്കടാവസ്ഥയും വിഷാദവും പലപ്പോഴും ഒന്നായി തോന്നാമെങ്കിലും രണ്ടും വ്യത്യസ്തമാണ്. വിഷാദരോഗമുള്ളവരിൽ സങ്കടാവസ്ഥയുണ്ടാകാം. സാധാരണ പ്രിയപ്പെട്ടവരുടെ മരണം, ജോലി നഷ്ടം മുതലായവ ആളുകളെ സങ്കടാവസ്ഥയിലേക്ക് തള്ളി വിടാറുള്ളത് സ്വാഭാവികമാണ്. സാധാരണ സങ്കടാവസ്ഥയിൽ വേദന നിറഞ്ഞ വികാരങ്ങൾ കൂടിയും കുറഞ്ഞുമിരിക്കുന്നു. ലോകത്തു നിന്നും വേർപെട്ടു പോയവരുടെ നല്ല ഓർമ്മകൾ ഇടയ്ക്കിടെ കടന്നുവന്നു കൊണ്ടിരിക്കും. എന്നാൽ വിഷാദാവസ്ഥയിൽ, മൂഡും താൽപര്യവും രണ്ടാഴ്ചയിലേറെ കൂടുതൽ സമയവും താഴ്ന്ന നിലയിലായിരിക്കും. സങ്കടാവസ്ഥയിലും ആത്മാഭിമാനം ഉണ്ടായിരിക്കും. എന്നാൽ വിഷാദാവസ്ഥയിൽ താൻ ഒന്നിനും കൊള്ളാത്ത വ്യക്തിയാണെന്ന ചിന്തയായിരിക്കും മുന്നിൽ നിൽക്കുക.

വിഷാദാവസ്ഥയിലും സങ്കടാവസ്ഥയിലും മരണത്തേക്കുറിച്ചുള്ള ചിന്തകൾ വരാമെങ്കിലും വ്യത്യസ്ത രീതിയിലായിരിക്കും. സങ്കടാവസ്ഥയിൽ വേർപിരിഞ്ഞ പ്രിയപ്പെട്ടവരുമായി ഒരുമിക്കുന്നത് സ്വപ്നം കാണുമെങ്കിൽ വിഷാദാവസ്ഥയിൽ തനിക്കു തന്നെ വിധിയില്ലെന്നോ, വിഷാദാവസ്ഥയേ തരണം ചെയ്യാൻ കഴിയുന്നില്ലെന്നോയുള്ള ചിന്തയിൽ സ്വന്തം ജീവിതം തന്നെ അവസാനിപ്പിക്കാൻ ആലോചിച്ചേക്കാം.

ചിലയാളുകളിൽ വിഷാദാവസ്ഥയും സങ്കടാവസ്ഥയും ഒരുമിച്ചു വരാറുണ്ട്.

പ്രിയപ്പെട്ടവരുടെ മരണം, ജോലിനഷ്ടം, ശാരീരിക പീഡനം, വലിയ ദുരന്തങ്ങൾ എന്നിവയൊക്കെ വിഷാദത്തിലേക്ക് നയിക്കാം. സങ്കടാവസ്ഥയും  വിഷാദവും ഒരുമിച്ചു വരുമ്പോൾ, വിഷാദമില്ലാതെയുള്ള സങ്കടത്തേക്കാൾ, തീവ്രമായ സങ്കടമായിരിക്കും ഉണ്ടാവുക.

സ്ത്രീകളിൽ

വിഷാദരോഗം പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ ഇരട്ടിയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. സ്ത്രീകളിൽ പ്രത്യേകമായി കാണപ്പെടുന്ന വിഷാദ രോഗ ലക്ഷണങ്ങൾ.

• ഉത്കണ്ഠ

• മൂഡ് മാറുന്ന അവസ്ഥ

• ക്ഷീണം

• നെഗറ്റീവ് ചിന്തകൾ

പുരുഷൻമാരിൽ

അമിത മദ്യപാനികളിലും ദേഷ്യക്കാരിലുമാണ് പുരുഷൻമാരിൽ വിഷാദ രോഗത്തിന് സാധ്യത ഏറെയുള്ളത്.

ലക്ഷണങ്ങൾ

• കുടുംബത്തിൽ നിന്ന് അകലുക. പൊതു പരിപാടികൾ ഒഴിവാക്കുക.

• ഇടവേളയില്ലാതെ ജോലി ചെയ്യുക.

• ജോലിയിലെയും കുടുംബ ജീവിതത്തിലെയും ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ പ്രയാസപ്പെടുക.

• മറ്റുള്ളവരുമായുള്ള ബന്ധത്തിൽ അമിത നിയന്ത്രണമോ, മോശം ഭാഷയോ ഉപയോഗിക്കുക.

വിദ്യാർത്ഥികളിൽ

കൗമാരക്കാരായ വിദ്യാർത്ഥികളിലും വിഷാദരോഗം കാണാറുണ്ട്. പുതിയ സ്ഥലം, കോളജ്, സ്കൂൾ, കോഴ്സ് എന്നിവയിലേക്ക് മാറുമ്പോൾ പുതിയ സാഹചര്യത്തെ നേരിടാനുള്ള പ്രയാസവും പുതിയ സാഹചര്യവുമുണ്ടാക്കുന്ന ഉത്കണ്ഠയും മാനസിക സമ്മർദ്ദവും മറ്റും വിഷാദത്തിലേക്ക് നയിക്കാം.

ലക്ഷണങ്ങൾ

•പഠനത്തിലുള്ള ശ്രദ്ധക്കുറവ്

• ഉറക്കക്കുറവ് / അമിത ഉറക്കം

• ഭക്ഷണത്തോട് അമിത താൽപര്യം / താൽപര്യക്കുറവ്

• പൊതു പരിപാടികൾ ഒഴിവാക്കൽ

വിഷാദ രോഗത്തിലേക്ക് നയിക്കുന്നവ

• പാരമ്പര്യ ഘടകങ്ങൾ, ഉദാഹരണത്തിന് രണ്ട് സമജാത ഇരട്ടകളിൽ ഒരാൾക്ക് വിഷാദമുണ്ടെങ്കിൽ അടുത്തയാൾക്ക് വിഷാദം വരാൻ 70% സാധ്യതയുണ്ട്.

• തലച്ചോറിലെ ചില രാസവസ്തുക്കളിലെ വ്യത്യാസങ്ങൾ വിഷാദ ലക്ഷണങ്ങളിലേക്ക് നയിക്കാം.

വ്യക്തിത്വം : ആത്മാഭിമാനം കുറവുള്ളവർ, പെട്ടെന്ന് മാനസിക സമ്മർദ്ദമുണ്ടാകുന്നവർ, നെഗറ്റീവ് ചിന്താഗതി വച്ചു പുലർത്തുന്നവർ എന്നിവർക്ക് വിഷാദമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പാരിസ്ഥിതികം: എപ്പോഴും വഴക്കും മറ്റും കാണുന്നവർ, അവഗണന നേരിടുന്നവർ, ശാരീരിക-മാനസിക ദുരുപയോഗത്തിനിരയായവർ, കൊടും ദാരിദ്ര്യം എന്നിവ ചിലരെ വിഷാദത്തിലേക്ക് നയിക്കാം.

• അമിത മദ്യപാനം, ഗുരുതര രോഗങ്ങൾ, ഉറക്കക്കുറവ്, കഠിനമായ വേദന, പാർക്കിൻസൺസ് രോഗം, വൈറ്റമിൻ ഡി യുടെ അപര്യാപ്തത എന്നിവയും വിഷാദത്തിന് കാരണമാകും.

ചികിത്സ

വിഷാദരോഗം ചികിൽസിച്ചും ഭേദമാക്കാവുന്നതാണ്. വിഷാദരോഗമുള്ളവരിൽ 80-90 % ആളുകളും ചികിത്സയോട് നന്നായി പ്രതികരിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നവരാണ്.

ആന്റി ഡിപ്രസന്റ് മരുന്നുകൾ, വിഷാദ രോഗമുള്ളവരുടെ ലക്ഷണങ്ങളിൽ, ആദ്യ ഒന്നു രണ്ടാഴ്ച്ചക്കുള്ളിൽ മാറ്റം വരുത്തിത്തുടങ്ങും. കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി പോലെയുള്ള സൈക്കോ തെറാപ്പിയും ഒപ്പം നൽകാറുണ്ട്. വിഷാദാവസ്ഥയിലുള്ളവരുടെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. ഒപ്പം തെറ്റായ ചിന്താഗതികളെ തിരുത്തി, ശരിയായ പെരുമാറ്റത്തിലേക്ക് നയിക്കാൻ സഹായിക്കുകയും ചെയ്യുന്നു. വളരെ അടുത്ത ബന്ധമുള്ളവർക്കായി ഫാമിലി അഥവാ കപ്പിൾ തെറാപ്പിയും ഫലപ്രദമാണ്.