Jan 11 • 5M

എന്താണ് ഡിമെൻഷ്യ?

3
5
 
1.0×
0:00
-5:04
Open in playerListen on);
Episode details
5 comments

"ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം. നമ്മൾ ഇപ്പോൾ എവിടെയാ? ഈ വീട് ആരുടെയാ? അച്ചാച്ചൻ എന്തിയേ? എന്റെ പേഴ്സ് എവിടെയാ?" അമ്മച്ചി ഈ ചോദ്യങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഇതിനുള്ള ഉത്തരം പറഞ്ഞാലും ഒരു മണിക്കൂറിനുള്ളിൽ വീണ്ടും ഈ ചോദ്യങ്ങളുമായി വരും.

കുട്ടിക്കാലത്തെ എന്റെ പ്രിയപ്പെട്ട ഓർമ്മകളിൽ ഏറ്റവും മനോഹരമായത് അവരുമൊത്തുള്ള നിമിഷങ്ങളായതിനാൽ എനിക്ക് ഒട്ടും ദേഷ്യം തോന്നാറില്ല. ക്ഷമയോടും സ്നേഹത്തോടും ഞാൻ അവർക്കു ഉത്തരം നൽകിക്കൊണ്ടിരുന്നു. എന്നാൽ ഉത്തരം നൽകുക മാത്രമല്ല ഇതിനുള്ള പ്രതിവിധി എന്ന് എനിക്ക് അറിയാമായിരുന്നു. അവർക്ക് വൈദ്യ സഹായം അത്യാവശ്യമായിരുന്നു. എന്നാൽ കുടുംബത്തിലുള്ളവർക്ക് അമ്മച്ചി വെറുതേ അഭിനയിക്കുന്നു, ചില കാര്യങ്ങൾ നല്ല ഓർമ്മ ആണല്ലോ എന്നൊക്കെയായിരുന്നു അഭിപ്രായം. തുടർച്ചയായുള്ള ചോദ്യങ്ങൾ കേട്ട് മടുത്ത ചിലർ അമ്മച്ചിയോട് തിരിച്ച് ദേഷ്യപ്പെടുന്നത് അവരെ കൂടുതൽ ഉത്കണ്ഠാകുലയാക്കി.

മറവി എന്നുള്ളത് പലപ്പോഴും വളരെ ഉത്കണ്ഠാജനകമായ കാര്യമാണ്. അപ്പോൾ ആളുകൾ ദേഷ്യപ്പെടുമ്പോൾ അവർ ആകെ പരിഭ്രാന്തയാകും. എന്നാൽ ദേഷ്യപ്പെടുന്നവരേയും പറഞ്ഞിട്ട് കാര്യമില്ല. കാരണം എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് അവർക്ക് അറിയില്ല. അറിയാൻ ഒട്ടും ശ്രമിച്ചുമില്ല.

വയോജനങ്ങളോ, ഏതു പ്രായത്തിൽ ഉള്ളവരോ ആയിക്കൊള്ളട്ടെ. നമ്മൾ ചെയ്യേണ്ടത് പെരുമാറ്റങ്ങളും സംഭാഷണങ്ങളും അസാധാരണമായി തോന്നുന്ന സാഹചര്യത്തിൽ, അനുമാനങ്ങൾക്കും നിഗമനങ്ങൾക്കും മുൻപ്, വിദഗ്ധരുമായി സംസാരിക്കുകയും സഹായം തേടുകയും ചെയ്യുക. അവരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾ നിങ്ങളെ അലോസരപ്പെടുത്തിയേക്കാം, എന്നാൽ അവർ അനുഭവിക്കുന്ന സമ്മർദ്ദത്തിന്റെ അളവ് നിങ്ങൾക്കറിയില്ല. അതിനാൽ അനുകമ്പയും ദയയും നർമ്മവും ഉപയോഗിച്ച് അവർക്ക് ജീവിതം എളുപ്പമാക്കുക. പരസ്പരം ദയ കാണിക്കുക!

ഇവിടെ അമ്മച്ചിക്ക് എന്താണ് സംഭവിച്ചതെന്ന് നമുക്കു നോക്കാം. വർഷങ്ങൾക്കു മുൻപ് വന്ന പക്ഷാഘാതം കാരണമുണ്ടായ ഡിമെൻഷ്യയായിരുന്നു അമ്മച്ചിയുടെ ഈ അവസ്ഥയ്ക്കു കാരണം.

എന്താണ് ഡിമെൻഷ്യ?

ഡിമെൻഷ്യ എന്നത് ഒരു പ്രത്യേക രോഗമല്ല, മറിച്ച് ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതോ, ഓർക്കുന്നതിനോ ചിന്തിക്കുന്നതിനോ തീരുമാനങ്ങൾ എടുക്കുന്നതിനോ ഉള്ള കഴിവില്ലായ്മയുടെ പൊതുവായ പദമാണ്. ഡിമെൻഷ്യ കൂടുതലും പ്രായമായവരെ ബാധിക്കുന്നുണ്ടെങ്കിലും, ഇത് സാധാരണ വാർദ്ധക്യത്തിന്റെ ഭാഗമല്ല. ഇത് പല അടിസ്ഥാന അവസ്ഥകളുടേയും, മസ്തിഷ്ക വൈകല്യങ്ങളുടെയും ലക്ഷണമാണ്.

- അൽഷിമേഴ്സ് രോഗം

- വാസ്കുലാർ ഡിമെൻഷ്യ

- ലെവി ബോഡി ഡിമെൻഷ്യ.

-ഫ്രണ്ടൊടെമ്പോറൽ ഡിമെൻഷ്യ

- മിക്സഡ് ഡിമെൻഷ്യ

ഡിമെൻഷ്യ ലക്ഷണങ്ങൾ ?

ഡിമെൻഷ്യയുടെ ലക്ഷണങ്ങൾ വ്യക്തിയെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ അവയിൽ സാധാരണയായി ഇവ ഉൾപ്പെടുന്നു:

- ഓർമ്മശക്തിക്കുറവ്

- ഒരേ ചോദ്യം ആവർത്തിച്ച് ചോദിക്കുന്നു.

- വാക്കുകൾ കണ്ടെത്തുന്നതിനോ മനസ്സിലാക്കുന്നതിനോ ബുദ്ധിമുട്ട്.

- അപരിചിതമായ അന്തരീക്ഷത്തിൽ ആശയക്കുഴപ്പം അനുഭവപ്പെടുന്നു.

- പണവും നമ്പറും കൈകാര്യം ചെയ്യുന്നതിലെ പ്രശ്നങ്ങൾ.

- ഉത്കണ്ഠയും പിൻവലിയലും.

- ചുമതലകൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ബുദ്ധിമുട്ട്.

- മാനസികാവസ്ഥ മാറുന്നു.

- വ്യക്തിത്വവും പെരുമാറ്റത്തിലുള്ള മാറ്റങ്ങളും.

- ഉറക്കത്തകരാറുകൾ.

- അനുചിതമായ തമാശകൾ പോലെയുള്ള സാമൂഹിക അവബോധത്തിലെ മാറ്റങ്ങൾ.

- ഒബ്സസീവ് പ്രവണതകൾ.

രോഗലക്ഷണങ്ങൾ കാലക്രമേണ കൂടുതൽ ഗുരുതരമാകും.

ഡിമെൻഷ്യയുടെ ഘട്ടങ്ങൾ

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഡിമെൻഷ്യയെ ഏകദേശം മൂന്ന് ഘട്ടങ്ങളായി വിഭജിക്കുന്നു.

ആദ്യഘട്ടം

ഈ ഘട്ടത്തിൽ, ഒരു വ്യക്തിക്ക് ഡിമെൻഷ്യ ഉണ്ടെന്ന് തോന്നുന്നില്ല.

അവർ ചിലപ്പോൾ:

- കൂടുതൽ മറവിക്കാരാകും.

- സമയത്തിന്റെ ട്രാക്ക് നഷ്ടപ്പെടും

- പരിചിതമായ സ്ഥലങ്ങളിൽ നഷ്ടപ്പെട്ടതായി തോന്നും.

മധ്യഘട്ടം

ഈ ഘട്ടത്തിൽ ലക്ഷണങ്ങൾ കൂടുതൽ ശ്രദ്ധേയമാവും.

- പേരുകളും സമീപകാല സംഭവങ്ങളും മറക്കുന്നു.

- വീട്ടിലായിരിക്കുമ്പോൾ നഷ്ടപ്പെട്ടതായി തോന്നുന്നു.

- ആശയവിനിമയത്തിലെ ബുദ്ധിമുട്ട്.

- പെരുമാറ്റത്തിലെ മാറ്റങ്ങൾ.

- ആവർത്തിച്ച് ചോദിക്കുന്ന ചോദ്യങ്ങൾ.

വ്യക്തിഗത പരിചരണത്തിനായി സഹായം ആവശ്യമാണ്.

അവസാന ഘട്ടം

ഈ ഘട്ടത്തിൽ, ഒരു വ്യക്തിക്ക് മുഴുവൻ സമയ സഹായം ആവശ്യമാണ്. കാരണം രോഗലക്ഷണങ്ങളുടെ ആഘാതം സാധാരണഗതിയിൽ കൂടുതൽ കഠിനമാകും.

ലക്ഷണങ്ങൾ ചുവടെ പറയുന്നവ ആകാം.

- അവർ എവിടെയാണെന്ന് അറിയാതിരിക്കുക.

- സമയം അറിയാതെ ഇരിക്കുക.

- പ്രിയപ്പെട്ടവരെ തിരിച്ചറിയാൻ ബുദ്ധിമുട്ട്.

- നടക്കാൻ പ്രയാസം തോന്നുന്നു.

- പെരുമാറ്റത്തിൽ മാറ്റങ്ങൾ അനുഭവപ്പെടുക. അതിൽ ആക്രമണം ഉൾപ്പെട്ടേക്കാം.

എത്ര ഭീകരവും വേദനാജനകവുമായ അവസ്ഥയാണല്ലേ പ്രിയപ്പെട്ടവരേപ്പോലും തിരിച്ചറിയാത്ത, സ്വയം ആരാണെന്ന് മനസ്സിലാവാത്ത ആ അവസ്ഥ? നമ്മുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, അല്ലെങ്കിൽ നമുക്ക് തന്നെ ഈ അവസ്ഥ ഉണ്ടായെന്ന് വരാം. ആരംഭഘട്ടത്തിൽ തന്നെ വിദഗ്ധോപദേശം ഈ രോഗത്തിന്റെ കാഠിന്യം കുറയ്ക്കും. അതോടൊപ്പം തന്നെ നമ്മുടെ പ്രിയപ്പെട്ടവരോട് നമുക്ക് കരുണയുള്ളവരായിരിക്കാം. അവരുടെ വേദനകളുടെയും ഭയത്തിന്റെയും ആക്കം കൂട്ടാതിരിക്കാൻ ശ്രമിക്കാം.