Nov 26, 2021 • 13M

അച്ഛൻ അറിയാൻ - ഭാഗം 22

ഒറ്റക്കണ്ണൻ ആകണമോ?

George Koshy
Comment
Share
 
1.0×
0:00
-12:35
Open in playerListen on);
Episode details
Comments

സമീപ കാലത്ത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് നടത്തിയ ഒരു പ്രസ്താവന, മാധ്യമങ്ങളെല്ലാം  വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. താൻ ഉടനെ തുടങ്ങാൻ പോകുന്ന ഒരു യൂട്യൂബ് ചാനലിനെ പറ്റിയുള്ള നയവിശദീകരണം ആയിരുന്നു അത്. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ചാനൽ നയം സ്വാതന്ത്രമായിരിക്കും. രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ഠിതവും. വസ്തുതകൾ നേരോടെ തുറന്നു കാട്ടും. ഒരിക്കലും ഒറ്റക്കണ്ണനാകില്ല. രണ്ട് കണ്ണും തുറക്കും.

അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോ പിന്നെ ചെയ്ത കാര്യങ്ങളോ ഒന്നും നമ്മുടെ ചിന്താവിഷയമല്ല. പക്ഷെ ഈ പ്രസ്താവനയിലെ ഒരു വാചകം ശ്ലാഘനീയമാണ്. ഒരിക്കലും ഒറ്റക്കണ്ണനാകില്ല എന്ന പ്രതിജ്ഞാവാചകം. മനുഷ്യസമൂഹത്തിന്റെ ഏറ്റവും വലിയ ഒരു പ്രശ്നത്തിലേക്കാണ് അദ്ദേഹം വിരൽ ചൂണ്ടിയത്. നമ്മുടെ കാഴ്ചപ്പാടുകൾ മിക്കപ്പോഴും  ഏകപക്ഷീയം - ഒറ്റക്കണ്ണിലൂടെയുള്ള കാഴ്ച, ആയിപ്പോകുന്നു എന്നതാണ് ആ പ്രശ്‍നം.

രണ്ട് കണ്ണും തുറന്നു കാര്യങ്ങളെ വിശദമായി  കാണാൻ നമുക്ക് കഴിയണം. 360 Degree View എന്നും സമഗ്ര വീക്ഷണം എന്നുമൊക്കെ പറയാറുണ്ട്.

ഈ പ്രസ്താവന മാതാപിതാക്കളുടെ കാര്യത്തിൽ വളരെ ശ്രദ്ധേയമാണ്. പല മാതാപിതാക്കളും മക്കളുടെ കാര്യത്തിൽ ഒറ്റക്കണ്ണന്മാർ ആയി പോകാറുണ്ട്. കുട്ടികൾ എപ്പോഴും നമ്മുടെ കൂടെ നിൽക്കുന്നവരല്ലല്ലോ. നമ്മോടൊപ്പം ഉള്ളതിനേക്കാൾ അധികം സമയം അവർ ബാഹ്യലോകത്തിലായിരിക്കും ചെലവഴിക്കുക. അവിടെ അവരുടെ നടപടികളും വാക്കുകളും പെരുമാറ്റ രീതികളും മറ്റും പൂർണമായും ശരിയാകണമെന്നില്ല. അവർക്കുണ്ടായ പരാജയങ്ങളെ പറ്റി നാം അറിയുമ്പോൾ ഒറ്റക്കണ്ണന്മാർ ആയി തീരാറുണ്ടോ എന്ന് സ്വയം ചോദിക്കുന്നത് നന്നായിരിക്കും.

കുട്ടികൾ ചെയ്യുന്ന തെറ്റുകൾ പല മാതാപിതാക്കന്മാരുടെയും  ശ്രദ്ധയിൽ പെടാറില്ല. കണ്ടാൽ തന്നെ അവയെ മനപ്പൂർവം മൂടിവെക്കാനോ അവഗണിക്കാനോ അവർ  ശ്രമിക്കും. അതും സാധിച്ചില്ലെങ്കിൽ, അവരുടെ അരുതുകളെ ന്യായീകരിക്കും. മക്കളോട് ചെയ്യുന്ന ഏറ്റവും വലിയ പാതകം ആണത്.

ഒരു പഴയ സംഭവകഥ പറയാം. സാം ഹൈസ്‌കൂളിൽ എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും സാമാന്യം നല്ല സിനിമാഭ്രാന്ത് അവനുണ്ടായിരുന്നു. ക്ലാസ് കട്ട് ചെയ്തു ഇടയ്ക്കിടെ  സിനിമയ്ക്കു പോകും. ഒരിക്കൽ മാറ്റിനിക്ക് കയറിയപ്പോൾ, തന്റെ ഒരു അയൽക്കാരൻ സാമിനെ കണ്ടു. വീഴാതെ കെട്ടാതെ അയാൾ വൈകാതെ തന്നെ ഈ കാര്യം സാമിന്റെ പിതാവ് ജോൺ സാറിനെ അറിയിച്ചു. പക്ഷെ ജോൺ സാർ അത് വിശ്വസിക്കാൻ കൂട്ടാക്കിയില്ല. മറ്റാരെയെങ്കിലും ആയിരിക്കും അയാൾ കണ്ടതെന്നായിരുന്നു ജോൺ സാറിന്റെ വാദം. ഞാൻ സാമിനെ തന്നെയാണ്  കണ്ടതെന്ന് അയാൾ തീർത്തു പറഞ്ഞപ്പോൾ മകനോട് ചോദിക്കാമെന്ന് ജോൺ സാർ പറഞ്ഞു.

വൈകിട്ട് സ്‌കൂൾ വിട്ടു വന്നപ്പോൾ സാം ചോദ്യം ചെയ്യപ്പെട്ടു. താൻ പിടിക്കപ്പെട്ടേക്കാം എന്ന് ബോധ്യമായെങ്കിലും സാം വിദഗ്ദ്ധമായി ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

" ഞാൻ തിയേറ്ററിന്റെ അടുത്ത് പോയി എന്നത് ശരിയാണ്. പക്ഷെ, തിയേറ്ററിന്റെ വെളിയിൽ ഇരുന്നു കച്ചവടം നടത്തുന്ന ഒരു സാധു സ്ത്രീയുടെ അടുത്ത് നിന്നും നെല്ലിക്ക വാങ്ങാനാണു പോയത്” എന്നായിരുന്നു സാമിന്റെ വിശദീകരണം. ഇത് ജോൺ സാറിന് തൃപ്തികരമായിരുന്നു താനും. മേലിൽ തന്റെ മകനെ കുറിച്ച് അനാവശ്യം പറഞ്ഞു നടക്കരുതെന്നാണ് ജോൺ സാർ അയൽക്കാരനോട് പറഞ്ഞത്. ജോൺ സാർ ഒറ്റക്കണ്ണൻ ആയിരുന്നു. ഏകപക്ഷീയമായി മാത്രമാണ് അദ്ദേഹം കാര്യങ്ങളെ കാണാൻ തയ്യാറായത്. മകൻ വഴി പിഴച്ചു പോയില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

നമ്മുടെ മക്കളെപ്പറ്റിയുള്ള കാര്യങ്ങൾ  സമൂഹം മുഴുവൻ അറിഞ്ഞു കഴിഞ്ഞു മാത്രമേ പൊതുവെ നമ്മുടെ ശ്രദ്ധയിൽപ്പെടാൻ ഇടയുള്ളൂ എന്ന് അച്ഛന്മാർ മനസ്സിലാക്കണം. മാത്രമല്ല, കാര്യങ്ങളുടെ ചെറിയ ഒരു ശതമാനം മാത്രമേ നമ്മുടെ കാതിൽ എത്തുകയുള്ളൂ. ചുറ്റുമുള്ളവർ അടക്കം പറഞ്ഞു ആസ്വദിക്കുന്നുണ്ടാവും. നാം അതറിയണമെന്നില്ല. അറിയുമ്പോൾ തന്നെ വളരെ ഭാഗികമായ അറിവായിരിക്കും അത്. അതിനെ ലാഘവത്തോടെ കാണുകയോ നീതീകരിക്കാൻ ശ്രമിക്കുകയോ ചെയ്യാൻ ശ്രമിച്ചാൽ, വൈകാതെ കാര്യങ്ങൾ പിടിവിട്ടു പോയെന്നു വരാം.

സമൂഹത്തിൽ ശ്രദ്ധേയമായ ഒരു സ്ഥാനവും മാനവും ഉള്ള ആളായിരുന്നു ഷെരീഫ്. ഉന്നതമായ ഒരു സർക്കാർ പദവി വഹിക്കുന്ന വ്യക്തി. തിരക്കിനിടയിൽ മകൻ സുബൈർ സ്‌കൂളിലും നാട്ടിലും ചെയ്തു കൂട്ടിയ കാര്യങ്ങൾ ശ്രദ്ധിക്കാൻ അദ്ദേഹത്തിന് നേരമില്ലായിരുന്നു. ഉമ്മയ്ക്ക്  സഹായമാകാൻ വേണ്ടി സുബൈറിന് ഒരു മോട്ടോർസൈക്കിൾ വാങ്ങി കൊടുത്തിരുന്നു. പതിമ്മൂന്നു വയസ്സ് മുതൽ, ലൈസെൻസില്ലെങ്കിലും , സുബൈർ വണ്ടി ഓടിച്ചു തുടങ്ങി. വണ്ടി കമ്പം വല്ലാതെ വർധിച്ചു. അത്തരം ചില കൂട്ടുകാരെയും തനിക്കു ലഭിച്ചു. സുബൈറിന്റെ പോക്ക് ശരിയല്ലെന്ന് പലരും ഷെരീഫിനോട് സൂചിപ്പിച്ചിരുന്നു. എങ്കിലും അതൊന്നും വിലക്കാൻ ആ പിതാവ് തയ്യാറായില്ല.

വർഷങ്ങൾ കഴിഞ്ഞു. ആലുവാപ്പുഴയിലൂടെ  ധാരാളം വെള്ളം ഒഴുകിപ്പോയി.  ഒരു വലിയ  വാഹന മോഷണക്കേസിൽ പ്രതിയായി പിടിക്കപ്പെട്ട മകന്റെ ഫോട്ടോ പത്രത്തിൽ അച്ചടിച്ച് വന്നപ്പോഴാണ് ഷെരീഫിന്റെ രണ്ടാമത്തെ കണ്ണും തുറക്കപ്പെട്ടത്.

മക്കളുടെ കുറ്റങ്ങൾ നാമായിരിക്കും ഏറ്റവും ഒടുവിൽ അറിയുന്നത് എന്നും, ഭാഗികമായി മാത്രമേ അറിയാൻ സാധ്യതയുള്ളൂ എന്നും ഓരോ അച്ഛനും മനസ്സിലാക്കണം.

കണ്ണ് രണ്ടും തുറന്നു ജാഗ്രതയോടെ ഇരിക്കുവാൻ തയ്യാറാകുകയും വേണം. അല്ലെങ്കിൽ കുടുംബത്തിനും സമൂഹത്തിനും വിനാശകാരികളായ ഒരു തലമുറ രൂപം കൊള്ളുകയാവും ഫലം.

ഇനി ചിത്രത്തിന്റെ മറുവശം.

മക്കളെക്കുറിച്ചു ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട പാതി കേൾക്കാത്ത പാതി ചാടി വീണു ശിക്ഷണ നടപടികളിലേക്ക് പ്രവേശിക്കുന്നവരുണ്ട്. അതും അപകടകരമാണ്. കാള പെറ്റെന്ന്  ആയിരിക്കും കേട്ടത്. ഉടനെ കയർ എടുക്കാൻ തുനിയണമോ? തിടുക്കത്തിനിടയിൽ ഒറ്റക്കണ്ണന്മാരോ ഒറ്റച്ചെവിയൻമാരോ ആയി പോകുന്നത് കൊണ്ട് , കാളക്കു  പ്രസവിക്കാൻ ആവില്ല എന്ന് നാം മറന്നു പോകാം. കേട്ടതെല്ലാം സത്യമാകണമെന്നില്ല. പലരും വാർത്തകൾ കൈമാറുമ്പോൾ തൊങ്ങലും പൊടിപ്പും ചേർക്കാറുണ്ട്. സ്വന്തം കയ്യിൽ നിന്നും ചിലതു കൂട്ടിച്ചേർത്തില്ലെങ്കിൽ ഒരു കുറവ് പോലെ.

മക്കളുടെ കാര്യം അന്യരിൽ നിന്നറിയുമ്പോൾ അത് പൂർണ്ണഗൗരവത്തോടെ പരിഗണിക്കുമ്പോൾ തന്നെ, മക്കളുടെ ഭാഷ്യം കേൾക്കാൻ അച്ഛൻ തയ്യാറാകണം. എന്നിട്ട് അത് ശാന്തമായി വിലയിരുത്തണം.  കറുത്തതെന്തോ ശർദ്ധിച്ചത് പിന്നീട് കാക്ക ആയിപ്പോയതാവാം.         

കാർത്തിക ഇപ്പോൾ MSc ക്ക് പഠിക്കുകയാണ്. പഠനത്തിൽ സാമാന്യം മിടുക്കി. പക്ഷെ ഇടയ്ക്കിടെ വല്ലാതെ ഭയചകിതയാകുന്നു. ഉള്ളം കൈ വിയർക്കുന്നു. ഒറ്റയ്ക്ക് എവിടെയെങ്കിലും പോകേണ്ടി വന്നാൽ അവൾ തളർന്നു പോകും. ആ പ്രശ്നവുമായാണ് കാർത്തികയെ മനഃശാസ്ത്രഞ്ജന്റെ അടുത്ത് കൊണ്ട് വന്നത്. പത്തു വർഷം മുൻപ് നടന്ന ഒരു സംഭവത്തിലേക്ക് ഒരു ഫ്ലാഷ്ബാക്ക് പോയിട്ടാണ് പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്താൻ കഴിഞ്ഞത്.

അന്ന് കാർത്തിക ഏഴാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. വൈകിട്ട് സ്‌കൂൾ വിട്ടു മടങ്ങി വീട്ടിലേക്കു പോകാൻ ബസ് കത്ത് നിൽക്കുകയായിരുന്നു അവൾ. ബൈക്കിൽ വന്ന ഒരു കൗമാരക്കാരൻ, ഈ കുഞ്ഞു സുന്ദരിയുടെ അടുത്ത് വണ്ടി നിർത്തിയിട്ടു, ഒരു കത്ത് ബലമായി പിടിച്ചേല്പിച്ചു. അതൊരു പ്രേമലേഖനമായിരുന്നു. അവൾ വല്ലാതെ ഭയന്ന് കരഞ്ഞു പോയി. വല്ല വിധേനയും വീട്ടിലെത്തിയ കാർത്തിക ഒട്ടും വളച്ചു കെട്ടില്ലാതെ കാര്യങ്ങളെല്ലാം അച്ഛനോട് തുറന്നു പറഞ്ഞു. പക്ഷെ അച്ഛൻ ഒറ്റക്കണ്ണൻ ആയിരുന്നു. ആരോ പറഞ്ഞു അയാൾ ഇതിനോടകം കാര്യങ്ങൾ അറിഞ്ഞിരുന്നു. അയാളുടെ നോട്ടത്തിൽ കാർത്തിക ആണ് കുറ്റക്കാരി. "നീ കണ്ണും കയ്യും കാണിച്ചിട്ടായിരിക്കും അവൻ കത്ത് തന്നത്. എന്നിട്ടു ഇപ്പോൾ വല്യ പരിശുദ്ധ ചമയുന്നോ" എന്ന് ചോദിച്ചു അയാൾ മകളെ പൊതിരെ തല്ലി. കുറെ ദിവസത്തേക്ക് സ്‌കൂളിൽ പോകുന്നത് തടഞ്ഞു മുറിയിൽ അടച്ചു പൂട്ടിയിടുകയും ചെയ്തു.  ഇത് കാർത്തികക്കു .വലിയ ഷോക്ക് ആയിപ്പോയി. കാര്യങ്ങൾ സത്യസന്ധമായി അച്ഛനോട് പറയുമ്പോൾ ആശ്വസിപ്പിക്കും എന്ന പ്രതീക്ഷ ആയിരുന്നു അവൾക്കുണ്ടായിരുന്നത്. പക്ഷെ നേരെ വിപരീതം ആയിരുന്നു ഫലം. തന്റെ വശം വിശദമായി പറയാൻ അവളെ അനുവദിച്ചില്ല, പറഞ്ഞത് വിശ്വസിക്കാനും  അച്ഛൻ കൂട്ടാക്കിയില്ല.  മകളാണ് കുറ്റക്കാരി എന്ന ഒരു ധാരണ എങ്ങനെയോ മനസ്സിൽ കടന്നു കൂടിയ പിതാവ് ചെയ്തു കൂട്ടിയതിന്റെ തിക്തഫലം ഇപ്പോഴും കാർത്തിക അനുഭവിക്കുകയാണ്.

ഏതു സാഹചര്യത്തിലും സംയമനം   വിടാതെ, വിചിന്തനങ്ങളും വിലയിരുത്തലുകളും ഏകപക്ഷീയമാകാതെ, കാര്യങ്ങളെ അഭിമുഖീകരിക്കുവാൻ   അച്ഛന് കഴിയണം.

ഒരു പ്രതിസന്ധിയിൽ കൂടെ മകൻ കടന്നു പോകുമ്പോൾ, കാര്യങ്ങളെല്ലാം തുറന്നു പറയുവാൻ അവനെ പ്രോത്സാഹിപ്പിക്കണം. അതിനുള്ള സ്വാതന്ത്ര്യം അവനുണ്ടെന്നു, മകൻ തിരിച്ചറിയണം. പ്രശ്നങ്ങളെ അവൻ ഒറ്റയ്ക്ക് നേരിടേണ്ടതില്ല എന്നും, സഹായിക്കാനാണ് അച്ഛൻ ഉള്ളതെന്നും താൻ അതിനു സന്നദ്ധൻ ആണെന്നും കുട്ടി മനസ്സിലാക്കണം. പക്ഷെ സത്യസന്ധത കൈവെടിയരുതെന്നും  മകൻ ഗ്രഹിക്കേണ്ടതുണ്ട്. കേൾക്കുന്നതും അറിയുന്നതുമായ കാര്യങ്ങളെ സമയമെടുത്ത് വിലയിരുത്തി മാത്രമേ അച്ഛൻ അന്തിമ തീരുമാനം എടുക്കുവാൻ പാടുള്ളു.

ലോകത്തിലെ നീതിന്യായവ്യവസ്ഥിതി ഉരുത്തിരിഞ്ഞു വന്നത് ഹീബ്രൂ ജനതയുടെ അദ്ധാത്മിക നേതാവായിരുന്ന മോശെയുടെ ന്യായ പ്രമാണങ്ങളിൽ നിന്നുമാണ്. അതിൽ നിന്നും രൂപം കൊണ്ട യെഹൂദ കോടതിയായ സെൻഹെദ്രിൻ പാലിച്ചിരുന്ന ഒരു ചട്ടം ഇപ്രകാരമായിരുന്നു. ഒരു വ്യക്തിയെ വിസ്തരിക്കുമ്പോൾ, അയാൾ മരണ ശിക്ഷക്ക് യോഗ്യനാണെന്നു കോടതിക്ക് ബോധ്യപ്പെട്ടാൽ, ഒരു കാരണവശാലും അന്ന് തന്നെ അന്തിമവിധി പ്രഖ്യാപിക്കരുത്. 24  മണിക്കൂറുകളുടെയെങ്കിലും  ഇടവേള നൽകണം.  വൈകാരികമായി തീരുമാനം എടുക്കാതിരിക്കാനും ഒരു പുനർവിചിന്തനം ആവശ്യമെങ്കിൽ ചെയ്യുവാനും വേണ്ടിയാണ് ഈ ഇടവേള നൽകിയിരുന്നത്.

അച്ഛൻ മക്കളുടെ കാര്യത്തിൽ കടുത്ത ശിക്ഷ നടപടിയിലേക്കു പ്രവേശിക്കും മുൻപേ, വികാരം കെട്ടടങ്ങാൻ കുറെ സമയം സ്വയം അനുവദിക്കുന്നത് അനിവാര്യമാണ്.  വികാരത്തിന്റെ മേൽ വിചാരവും വിവേകവും നിയന്ത്രണം എടുക്കട്ടെ. ചുരുക്കത്തിൽ, മാതാപിതാക്കൾ മക്കളുടെ കാര്യത്തിൽ ഒരിക്കലും ഒറ്റക്കണ്ണന്മാരാകരുത്. രണ്ട് കണ്ണും തുറന്നു തന്നെ ജാഗ്രതയോടെ ഇരിക്കണം. കണ്ണുണ്ടായാൽ പോരാ,, കാണണം...