മലയാളത്തിലെ ഒരു മുഖ്യധാരാപ്പത്രത്തിന്റെ റസിഡന്റ് എഡിറ്റർ ഇന്നലെ എനിക്കൊരു സന്ദേശം അയച്ചു. "വളരെ പ്രാധാന്യമുള്ളതും അപ്പോൾ തന്നെ അതിലോലവുമായ ഒരു വിഷയമാണ് താങ്കൾ ഇപ്പോൾ കൈകാര്യം ചെയ്യുന്നത്, അഭിനന്ദനങ്ങൾ,"എന്നായിരുന്നു ആ സന്ദേശം. ശരിയാണ്. ഈ വർത്തമാനം തെല്ലു ഗൗരവമുള്ളതാണ്. അതിലോലമാണ്. അപ്പോൾ തന്നെ സ്ഫോടനാത്മകവും. അതുകൊണ്ടാണ് മൂന്നു ലക്കങ്ങളിലായി നമ്മൾ ഈ വിഷയം ചർച്ച ചെയ്യുന്നത്.
ഒട്ടു മിക്ക മാതാപിതാക്കളെയും മഥിക്കുന്ന ഒരു വിഷയം. അപ്പോൾ തന്നെ പുറത്തു പറയാൻ ബുദ്ധിമുട്ടുള്ള ഒരു വിഷയവുമാണിത്.
ഇക്കഴിഞ്ഞ ദിവസം ഒരു കുട്ടിയോട് സംസാരിക്കാൻ ഇടയായി. അവൻ ഒരു രസത്തിനു വേണ്ടി, ഏതോ ഒരു സിനിമയിലെ ഇറോട്ടിക് രംഗങ്ങൾ ഫോണിൽ തേടിപ്പോയതാണ്. എന്നാൽ ഫോണിലെ നിർമ്മിത ബുദ്ധി, കുട്ടിയുടെ താല്പര്യങ്ങൾ പെട്ടെന്ന് മണത്തറിഞ്ഞു. പിന്നെ അവൻ ഫോൺ തുറക്കുമ്പോൾ ഒക്കെയും പോർണോഗ്രഫിക് കാഴ്ചളുടെ നിർദ്ദേശങ്ങൾ ആണ് സ്ക്രീനിൽ പോപ്പ് അപ്പ് ചെയ്യുന്നത്. പിന്നീട് ഒരു പ്രളയമായിരുന്നു. അങ്ങനെയാണ് അവൻ കുടുങ്ങിപ്പോയത്. ഇതേ അനുഭവമുള്ള നിരവധി കുട്ടികളുണ്ട്.
ഇത്തരക്കാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് നമ്മൾ പറഞ്ഞു കൊണ്ടിരുന്നത്.
പോർണോഗ്രഫിയിൽ കുടുങ്ങിപ്പോകുന്ന കുട്ടികൾക്ക് ഇനി ഒരു മോചനമില്ല എന്ന് കരുതേണ്ടതില്ലെന്നും, തങ്ങൾ ഏതു പ്രതിസന്ധിയിലും അവനോടൊപ്പം ഉണ്ടെന്ന വിശ്വാസം കുട്ടിയിൽ രൂഢമൂലമാക്കണമെന്നും നമ്മൾ കഴിഞ്ഞ ലക്കത്തിൽ ചിന്തിച്ചു. ഇനി എന്താണ് ചെയ്യാനുള്ളത്?
നിങ്ങളുടെ വൈകാരികാവസ്ഥ വിലയിരുത്തുക
പോർണോഗ്രഫിക്ക് കുട്ടി അടിമയാണെന്ന് അറിയുമ്പോൾ നിങ്ങൾക്കു സങ്കടവും കോപവും ലജ്ജയും ഭയവും ഒക്കെ തോന്നാം. അത് സ്വാഭാവികമാണ്. ചില അച്ഛന്മാർ പൊട്ടിത്തെറിക്കും. ചിലർ തീവ്ര നിലപാടുകളിലേക്കൊക്കെ പോയെന്നു വരാം. അതെല്ലാം ഒഴിവാക്കേണ്ടതാണ്. അല്ലെങ്കിൽ കുട്ടി പ്രതിരോധിക്കുവാൻ തുനിയും. സ്ഥിതി വിവര കണക്കുകൾ നോക്കി വിലപിക്കേണ്ട ആവശ്യവും ഇല്ല.
പകരം വളരെ സംയമനത്തോടെ കുട്ടിയോടൊപ്പം ഒരു തുറന്ന സംഭാഷണത്തിലേക്കു പ്രവേശിക്കുക എന്നതാണ് നാം അപ്പോൾ ചെയ്യേണ്ടത്. ആരോഗ്യപരമായ ലൈംഗികതയും അതിന്റെ ആവശ്യകതയും തന്നെയാണ് സംഭാഷണത്തിൽ വിഷയമാക്കേണ്ടത്. ഇതിനു വേണ്ടി അച്ഛൻ ചില തയ്യാറെടുപ്പുകൾ നടത്തണം. ഇനി പറയുന്ന കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നത് നന്ന്.
ചെയ്യേണ്ടതും അല്ലാത്തതുമായ കാര്യങ്ങൾ
എന്താണ് സംഭവിക്കുന്നതെന്നും, ഈ അവസ്ഥയിലേക്ക് അവൻ എങ്ങനെയാണ് എത്തിപ്പെട്ടതെന്നും കുട്ടിയോട് വ്യക്തമായി ചോദിച്ചറിയുക. നന്മതിന്മകൾ തിരിച്ചറിയാൻ കഴിയുന്ന പ്രായമെത്തും മുൻപേ ഇതിലേക്ക് വഴുതിവീണു പോയവരുണ്ട്. സിബി മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ലൈംഗിക ചിത്രങ്ങളുടെ കാഴ്ചക്കാരനായത്. അവധിക്കാലത്തു അമ്മയുടെ വീട്ടിൽ പോയപ്പോൾ ഒരു പ്രിയപ്പെട്ട ചേട്ടൻ - അന്ന് പത്താം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു ആ ബന്ധു - ചില ലൈംഗിക ദൃശ്യങ്ങൾ മൊബൈലിൽ കാണിച്ചു കൊടുത്തു. എന്നിട്ട് അത് പോലെ ചെയ്യാൻ സിബിയോടാവശ്യപ്പെട്ടു. അതിന്റെ ഗൗരവം ഒന്നും തിരിച്ചറിയാൻ ആവുമായിരുന്നില്ല അന്ന് ആ ചെറു ബാലന്. പക്ഷെ അതൊരു തുടക്കമായിരുന്നു.
സ്വന്തം താൽപ്പര്യങ്ങൾക്കു വിരുദ്ധമായി അയല്പക്കത്തെ മുതിർന്ന വ്യക്തിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട്, ക്രമേണ അതിന് അടിമകളായി തീർന്ന കുട്ടികളുണ്ട്. കൂട്ടുകാരുടെ സമ്മർദ്ദത്തിന് വശംവദരായി പോർണോഗ്രഫിക്ക് ഇരയാകുന്നവരുണ്ട്. ശ്രദ്ധക്കുറവുള്ള മാതാപിതാക്കളുടെ ശാരീരികബന്ധം അബദ്ധവശാൽ നേരിട്ട് കണ്ട്, വഴി തെറ്റിപ്പോയ കുട്ടികളുമുണ്ട്. കുട്ടി എങ്ങനെ ഇതിൽ വന്നു പെട്ടു എന്നത് മനസിലാക്കുക എന്നതാണ് ഒന്നാമത്തെ കാര്യം.
പോർണോഗ്രഫിയുമായുള്ള കുട്ടിയുടെ ബന്ധം ഇതിനോടകം എത്രമാത്രം ആഴത്തിൽ പോയി എന്നാണ് അടുത്തതായി മനസ്സിലാക്കേണ്ടത്. ചിലർ ഇതിലേക്ക് എത്തിപ്പെട്ടതേ ഉള്ളായിരിക്കാം. മറ്റു ചിലർ വർഷങ്ങളായി ഇതിൽ അഭിരമിക്കുന്നവർ ആയിരിക്കാം. പ്രശ്നത്തിന്റെ തീവ്രത അനുസരിച്ചാണ് ചികിത്സാമാർഗവും നിശ്ചയിക്കേണ്ടത്.
ഈ ഘട്ടത്തിൽ നിങ്ങൾ കുട്ടിയോടൊപ്പം ഉണ്ടെന്നു ഉറപ്പു നൽകുക. പ്രശ്നത്തിൽ നിന്നും പുറത്തു വരാൻ അവനെ സഹായിക്കുമെന്നും വെളിപ്പെടുത്തുക.
ആരോഗ്യപരമായ സെക്സിനെ പറ്റിയും കുടുംബ ജീവിതത്തിൽ അതിനുള്ള മഹനീയ സ്ഥാനത്തെ പറ്റിയും പറഞ്ഞു മനസിലാക്കുക.
സ്ഥാനം തെറ്റിയ ഉമിനീർ
ദഹനപ്രക്രിയയിൽ അതുല്യമായ ഒരു സ്ഥാനമാണ് ഉമിനീരിനുളളത്. എങ്കിലും, അത് വായുടെ വെളിയിലേക്കു ഒലിച്ചിറങ്ങിയാൽ, ആ കാഴ്ച അത്ര സുഖകരമായിരിക്കില്ലല്ലോ. അന്യനൊരാളുടെ ഉമിനീർ നമ്മുടെ കാലിലേക്ക് വീണാൽ പിന്നെ പറയുകയും വേണ്ട. എത്ര അരോചകവും അറപ്പുളവാക്കുന്നതുമാണത്. കുട്ടി മനസ്സിലാക്കേണ്ട മറ്റൊരു പാഠമാണിത്. ലൈംഗികതയും അതായിരിക്കേണ്ട സ്ഥാനത്ത്, മനോഹരവും പ്രയോജനകരവുമാണ്. എന്നാൽ കുടുംബത്തിന്റെ അതിർ വരമ്പിന് പുറത്തേക്കു പോകുമ്പോൾ അത് അസ്വാരസ്യം ഉളവാക്കും.
കുടുംബജീവിതത്തിലെ മൂന്നു പ്രധാനഘടകങ്ങളിൽ ഒന്ന് മാത്രമാണ് ലൈംഗികത. പങ്കാളികൾ തമ്മിലുള്ള സമർപ്പണവും അഭിനിവേശവുമാണ് മറ്റു രണ്ട് ഘടകങ്ങൾ.
ഇക്കാര്യങ്ങളും കുട്ടി മനസ്സിലാക്കണം.
ഇതര ലിംഗത്തിലുള്ളവരോടുള്ള ആകർഷണം മോശമായ കാര്യമൊന്നുമല്ല. ബന്ധങ്ങൾ സ്ഥാപിക്കുന്നതിനെ സഹായിക്കുന്ന ക്രിയാത്മകമായ ഒരു കാര്യം തന്നെയാണത്. അതിനെ നാശോന്മുഖമാക്കരുത് എന്നു മാത്രം.
ഒരു പരാജയമോ ഒരു വീഴ്ചയോ ഒന്നിന്റെയും അവസാനമല്ല. ഇത് വളർച്ചയിലേക്കും പക്വതയിലേക്കുമുള്ള വികാസത്തിനായി ഒരു വഴിത്തിരിവായി തീർക്കാവുന്നതേയുള്ളു.
ഇത്തരം സാഹചര്യങ്ങളിൽ, സ്നേഹവും കരുതലും മേമ്പൊടിയിട്ടുള്ള അനൗപചാരിക സംഭാഷണമേ കുട്ടിയുമായി പാടുള്ളു. അല്ലാതെ കുട്ടിയുടെ മുൻപിൽ ഘോരഘോരം പ്രസംഗിക്കാൻ കിട്ടുന്ന അവസരമായി ഇതിനെ കാണരുത്. ശബ്ദമുയർത്തി പ്രകോപനപരമായി ആജ്ഞകൾ കൊടുക്കാനും ശ്രമിക്കരുത്. അവരിൽ പലരും വല്ലാത്ത നിരാശയിലൂടെയും മാനസികാഘാതത്തിലൂടെയും കടന്നു പോകുകയാവാം. അപ്പോൾ ആക്രോശം, കൂടുതൽ അസ്വസ്ഥതകൾ സൃഷ്ടിക്കാനേ കാരണമാകുകയുള്ളു.
ക്രിയാത്മകമാക്കുക
കുട്ടികളുടെ ഊർജം ക്രിയാത്മകമായ മറ്റു ചിലതിലേക്കു തിരിച്ചു വിടുക എന്നതാണ് ഇനിയുമൊരു പ്രധാന കാര്യം. ശരീരത്തെയും മനസ്സിനെയും കൂടുതൽ ചടുലമായ കർമ്മങ്ങളിൽ പങ്കെടുപ്പിക്കുക. അവർക്കു ഇഷ്ടമുള്ള, എന്നാൽ ഇതിനു മുൻപ് വേണ്ടത്ര വ്യാപരിക്കാൻ കഴിയാതിരുന്ന മേഖലകൾ ഉണ്ടെങ്കിൽ, ശ്രദ്ധ അതിലേക്കു മെല്ലെ തിരിച്ചു വിടുന്നത് നന്നായിരിക്കും.
സാമാന്യം നന്നായി പാടുന്ന കുട്ടിയായിരുന റൂബിൻ. സ്കൂളിലെ ആസ്ഥാനഗായകൻ… അവന്റെ കഴിവിൽ പലരും റൂബിനെ അനുമോദിച്ചു. ക്രമേണ അനുമോദനവും അടുപ്പവും ആരാധനയും വഴി വിട്ട ചില ബന്ധങ്ങളിലേക്ക് വഴി മാറിപ്പോയി. എന്നാൽ ഭാഗ്യത്തിന്, ഏറെ വൈകുന്നതിന് മുൻപേ ഇക്കാര്യം ചില അഭ്യുദയകാംഷികളുടെ ശ്രദ്ധയിൽ പെട്ടു. റൂബിന് ഗിറ്റാർ പഠിക്കണമെന്നും സംഗീതസംവിധാനം ചെയ്യണമെന്നും താല്പര്യമുണ്ട് എന്ന് അറിയാമായിരുന്ന ഒരു അധ്യാപകൻ, വളരെ പെട്ടെന്ന് ഇടപെടുകയും, റൂബിനെ ഒരു സംഗീത സ്കൂളിൽ ചേർക്കുകയും ചെയ്തു. അവന്റെ അഭിനിവേശം പിന്നെ സംഗീതത്തോടായി. സായാഹ്നങ്ങൾ സംഗീതസാന്ദ്രങ്ങളായി. വെറുതെ ഇരുന്നു, മനസ്സ് പിശാചിന്റെ പണിപ്പുര ആക്കുവാൻ അവനു തെല്ലും സമയം കിട്ടിയില്ല. അധ്യാപകന്റെ തക്ക സമയത്തെ ഇടപെടൽ റൂബിന് വളരെ സഹായകരമായി. വീട്ടിൽ വരുമ്പോഴും അടഞ്ഞ മുറിയിൽ ഒറ്റയ്ക്ക് ഇരിക്കുന്ന പ്രവണത റൂബിൻ ഒഴിവാക്കി. വീടിന്റെ സിറ്റിംഗ് റൂമിൽ ഇരുന്നു തന്നെ അന്നന്ന് പഠിച്ച സംഗീത പാഠങ്ങൾ അവൻ അഭ്യസിക്കുവാൻ തുടങ്ങി. അതും അധ്യാപകന്റെ നിർദ്ദേശം ആയിരുന്നു. രഹസ്യാത്മകതക്കുള്ള അവസരങ്ങൾ നന്നേ കുറഞ്ഞു വന്നതോടു കൂടെ അവന്റെ സാമൂഹ്യവ്യാപാരങ്ങളും കൂടി വന്നു.
സംഗീതം ഇഷ്ടപ്പെടുന്ന, ചില നല്ല പഴയകാല സുഹൃത്തുക്കളുമായി ബന്ധം പുനഃസ്ഥാപിക്കുവാനും റൂബിൻ മറന്നില്ല. താൻ കമ്പോസ് ചെയ്യുന്ന സംഗീതം അവർക്കു അയച്ചു കൊടുക്കുവാനും ചർച്ച ചെയ്യുവാനും തുടങ്ങി. ഏറെ വൈകാതെ റൂബിന്റെ ഒരു ആൽബം പ്രകാശനം ചെയ്യപ്പെടും എന്നാണ് അറിയുന്നത്.
പൊർണോഗ്രഫിയുടെ പിടി മുറുകി കൊണ്ടിരിക്കവേ, മകനെ അതിൽ നിന്നും മോചിപ്പിക്കുവാൻ വേണ്ടി വീട്ടിൽ തന്നെ ഒരു ഷട്ടിൽ ബാഡ്മിന്റൺ കോർട്ട് തുടങ്ങിയ ഒരു സുഹൃത്തെനിക്കുണ്ട്. മകന്റെ കായികഊർജം പ്രവഹിക്കുവാൻ മറ്റൊരു ചാൽ തുറന്നു കൊടുക്കുകയായിരുന്നു ആ പിതാവ്. സായാഹ്നങ്ങളിൽ അവർ ഒരുമിച്ചായി കളിയും ചിരിയും ചർച്ചയുമെല്ലാം. ക്രമേണ അവന്റെ ശ്രദ്ധ പോർണോഗ്രഫിയിൽ നിന്നും വഴുതി മാറി. ഊർജപ്രവാഹം മറ്റൊരു വഴിയിലൂടെ സജീവമായപ്പോൾ കുട്ടി കൂടുതൽ കർമ്മോൽസുകനാകുകയും ചെയ്തു.
ചിലപ്പോൾ വളരെ വൈകി മാത്രമായിരിക്കും അച്ഛൻ കുട്ടിയുടെ പ്രശ്നത്തെ പറ്റി അറിയുന്നത്. അങ്ങനെ ഒരു സംഭവം എന്റെ ഓർമയിലുണ്ട്. മകന്റെ വഴി മാറിയുള്ള പ്രയാണത്തെക്കുറിച്ചു അറിഞ്ഞപ്പോൾ, പ്രശ്നവും അതിന്റെ പരിഹാരവും തന്റെ വരുതിയിൽ നിൽക്കുന്നതല്ലെന്നു പിതാവിന് മനസ്സിലായി. ഈ ഘട്ടത്തിൽ അദ്ദേഹം സ്വയം ചികിത്സ ആരംഭിക്കാതെ മകനോടൊപ്പം ഒരു കൗൺസിലറുടെ അടുത്തേക്ക് പോയി.
അത് ശരിയായ ഒരു തീരുമാനം ആയിരുന്നു താനും. ഈ പ്രശ്നത്തിൽ ഒരു അച്ഛന് ചെയ്യാൻ കഴിയുന്നതിനു ഒട്ടേറെ പരിമിതികളുണ്ട്. ശാസ്ത്രീയമായ മാർഗങ്ങളിലൂടെ കാര്യങ്ങളെ നേരിടേണ്ടി വരുമ്പോൾ, അതിനു യോഗ്യനായ ഒരു മനഃശാസ്ത്രഞ്ജന്റെ അടുത്തേക്ക് പോകുവാൻ ഒട്ടും മടിക്കരുത്.