Jan 13 • 11M

തടവിലാക്കപ്പെടുന്ന പെൺമനസുകൾ- സമൂഹത്തിന്റെ പങ്കെന്ത്? ഭാഗം - 18

ഡിവോഴ്സും മാനസികമായ വെല്ലുവിളികളും

 
1.0×
0:00
-10:53
Open in playerListen on);
Episode details
Comments

കേരളത്തിൽ വിവാഹമോചിതരാകുന്ന ദമ്പതിമാരുടെ എണ്ണം വർധിച്ചു വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഉഭയകക്ഷി സമ്മതത്തോടെയുള്ള വിവാഹമോചനങ്ങളുടെ എണ്ണവും കൂട്ടത്തിൽ കൂടുതലാണ്. സാമൂഹികമായും വൈകാരികപരമായും വികാസം പ്രാപിച്ച ഒരു സമൂഹത്തിലേക്കുള്ള യാത്രയായാണ് വർധിച്ചു വരുന്ന വിവാഹമോചനങ്ങളെ നിയമ വിദഗ്ധർ വിലയിരുത്തുന്നത്. പല കാരണങ്ങൾ കൊണ്ടും പരസ്പരം സ്നേഹിച്ചതും സഹകരിച്ചതും മുന്നോട്ട് പോകാൻ കഴിയുന്നില്ല എന്ന് കാണുമ്പോൾ ഉഭയകക്ഷി സമ്മതത്തോടെ വേർപിരിയുന്നു. അതോടെ ഇരു കൂട്ടർക്കും തങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള അവസരവും ലഭിക്കുന്നു. വിവാഹമോചനശേഷം വളരെ ബോൾഡ് ആയി തന്റെ കുടുംബം മുന്നോട്ട് കൊണ്ട് പോകുകയും കരിയറിൽ തിളങ്ങുകയും ചെയ്യുന്ന വനിതകൾ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട്. രണ്ടാമതൊരു വിവാഹം കഴിക്കണമോ വേണ്ടയോ എന്നത് തീർത്തും വ്യക്തിപരമായ ചോയ്‌സ് ആണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സമൂഹത്തിൽ വിവാഹമോചിതയായ ഒരു സ്ത്രീ നേരിടേണ്ടി വരുന്നത് കടുത്ത മാനസിക പീഡനങ്ങളാണ്. വിവാഹമോചിതയുടെ ജീവിതത്തിലേക്കുള്ള സമൂഹത്തിന്റെ ചൂഴ്ന്നു നോട്ടങ്ങൾ തന്നെയാണ് ഇതിനുള്ള പ്രധാന കാരണം.

വിവാഹമോചിതരായ പുരുഷനും സ്ത്രീയും ഒരു പോലെയോ ?

വിവാഹമോചിതരായ സ്ത്രീയെയും പുരുഷനെയും ഒരേ രീതിയിലാണോ നമ്മുടെ സമൂഹം നോക്കിക്കാണുന്നത്? ഒരിക്കലുമല്ല. വിവാഹമോചിതനായ പുരുഷന് സമൂഹത്തിൽ പല പ്രിവിലേജുകളും ഉണ്ട്. നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന പാട്രിയാർക്കിക്കൽ ചിന്തയുടെ ഭാഗമാണ് അത്. ഉഭയകക്ഷി സമ്മതത്തോടെ വിവാഹമോചനം നടന്നാലും സമൂഹം പറയുക അവൻ ഭാര്യയെ ഉപേക്ഷിച്ചു എന്നാണ്. വിവാഹമോചിതയായ സ്ത്രീ അറിയപ്പെടുക, ഭർത്താവ് ഉപേക്ഷിച്ച പെണ്ണ് എന്നും. ഒരു പക്ഷെ, ഭർത്താവ് എന്ന നിലയിൽ ഒരു വ്യക്തിയിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത തരത്തിലുള്ള പീഡനങ്ങൾ എല്ലാം ഏറ്റുവാങ്ങിയ ശേഷം വിജയം പോലെ വിവാഹമോചിതയായ ഒരുവളായിരിക്കും മറുപക്ഷത്ത് നിൽക്കുക. എന്നാലും പ്രയോഗം ഭർത്താവ് ഉപേക്ഷിച്ച പെണ്ണ് എന്നാണ്. വിവാഹം കഴിക്കുക, വിവാഹ മോചനം നേടുക തുടങ്ങിയ കാര്യങ്ങളിലെല്ലാം തന്നെ പരിഗണിക്കേണ്ടതും നടപ്പിലാക്കേണ്ടതും ആത്യന്തികമായി പുരുഷന്റെ തീരുമാനമാണ് എന്ന അലിഖിത നിയമത്തിന്റെ പ്രതിഫലനമാണ് ഇവിടെ കാണുന്നത്.

വിവാഹമോചിതനായ ഒരു പുരുഷനെ സമൂഹം തുടക്കം മുതൽ ഉപദേശിക്കുക ഉടനെ മറ്റൊരു വിവാഹം കഴിക്കാനായിരിക്കും. മുൻഭാര്യ വിവാഹം കഴിക്കും മുൻപ് വിവാഹം കഴിക്കുക, നല്ല ജീവിതം അവളെ കാണിച്ചു കൊടുക്കുക തുടങ്ങിയ ഉപദേശങ്ങളും കൂട്ടത്തിൽപ്പെടും. എന്നാൽ വിവാഹമോചിതയായ ഒരു സ്ത്രീയെ സമീപിക്കുന്നവർ തുടക്കം മുതൽക്ക് നീ ശ്രദ്ധിച്ചിരുന്നെങ്കിൽ നിനക്ക് ഈ വിധി വരില്ലായിരുന്നു എന്ന നിലയ്ക്കുള്ള സംസാരമാണ് തുടങ്ങി വയ്ക്കുക. പുനർവിവാഹത്തെക്കുറിച്ച് പറയില്ല എന്ന് മാത്രമല്ല, കുഞ്ഞുങ്ങൾക്കും കുടുംബത്തിനും വേണ്ടി ജീവിക്കണം എന്ന ഉപദേശമാണ് ലഭിക്കുക. ഇനി കുഞ്ഞുങ്ങൾ ഇല്ലാത്ത ദാമ്പത്യമാണെങ്കിൽ, ഇനി നീ ആർക്ക് വേണ്ടിയാണ് ജീവിക്കുക എന്ന രീതിയിൽ ചോദ്യം മാറും. മാസങ്ങളും വർഷങ്ങളും നീണ്ടു നിൽക്കുന്ന ഒന്നാണ് ഈ ചോദ്യോത്തര പരിപാടി. വിവാഹമോചിതയായ സ്ത്രീ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ടിരിക്കുന്ന സമയത്തിനുള്ളിൽ പുരുഷൻ വിവാഹമോചനത്തിന്റെ ചുറ്റുപാടുകളിൽ നിന്നും പുറത്ത് കടന്നിട്ടുണ്ടാകും. എന്നാൽ സ്ത്രീയെ സംബന്ധിച്ചിടത്തോളം ജീവിതാവസാനം വരെ എന്ന പോലെ ആളുകൾക്ക് അടക്കം പറയാനുള്ള ഒന്നായി വിവാഹമോചിത എന്ന ലേബൽ മാറുന്നു? എന്തു കൊണ്ടാണിത് എന്ന് ചിന്തിച്ചിട്ടുണ്ടോ ? ആൾക്കൂട്ട ആക്രമണങ്ങളുടെ മറ്റൊരു വേർഷനാണിതും.

ആൾക്കൂട്ട ആക്രമണങ്ങൾ ഒരു വ്യക്തിയെ ശാരീരികമായി തളർത്തുമ്പോൾ വിവാഹമോചിതയെ പിന്തുടരുന്ന ചോദ്യങ്ങൾ അവളെ മാനസികമായി തളർത്തുന്നു.

എന്റെ വിവാഹമോചനം നാട്ടുകാരുടെ വിഷയമാകുമെന്ന് ഞാനറിഞ്ഞില്ല !

വിവാഹം കഴിക്കുന്ന പോലെ സുഖമുള്ള കാര്യമല്ല വിവാഹമോചനം നേടിയ ശേഷമുള്ള ജീവിതമെന്നു തന്റെ ജീവിതത്തെ മുൻനിർത്തി പറയുകയാണ് കൊച്ചി സ്വദേശിനിയായ നീനു.

''അച്ഛനമ്മമാർ മാട്രിമണി വഴി കണ്ടെത്തിയ വരനെ തീർത്തും അറേഞ്ച്ഡ് ആയ രീതിയിലാണ് ഞാൻ വിവാഹം കഴിച്ചത്. പെണ്ണ് കാണലിനും വിവാഹത്തിനും ഇടയിൽ ഉണ്ടായിരുന്നത് കൃത്യം 24  ദിവസമായിരുന്നു. ഈ 24  ദിവസം കൊണ്ട് ഒരാളെ എങ്ങനെ വിലയിരുത്താനാണ്. വിവാഹം കഴിഞ്ഞതോടെ ഞങ്ങൾക്കിടയിലുള്ള അഭിപ്രായ വ്യത്യസങ്ങൾ തുടങ്ങി. വിവാഹശേഷമാണ് അദ്ദേഹം ഒരു മദ്യപാനി ആണെന്ന് ഞാൻ അറിയുന്നത്. അതേപ്പറ്റി ചോദിച്ചതോടെ പൊതുവെ ശാന്തസ്വരൂപനായ അദ്ദേഹത്തിൻ്റെ മറ്റൊരു മുഖമാണ് ഞാൻ കണ്ടത്. ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയതോടെ ഇക്കാര്യം ഞാൻ വീട്ടിൽ പറഞ്ഞു. സഹിക്കാനും ഒത്തു പോകാനുമുള്ള നിർദേശമാണ് അവിടെ നിന്നും കിട്ടിയത്. എന്നാൽ എത്ര അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിച്ചാലും കഴിയാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. വികൃതമായ ലൈംഗികചിന്തകൾ, കടുത്ത മൂഡ് സ്വിങ്സ് എന്നിവ അദ്ദേഹത്തോടൊപ്പമുള്ള എന്റെ ജീവിതം ദുസ്സഹമാക്കി. ഒടുവിൽ ഒന്നര വർഷത്തെ ദാമ്പത്യത്തിനു ശേഷം ഞങ്ങൾ വിവാഹമോചിതരായി. അതോടെ എല്ലാം നന്നായി എന്നാണ് ഞാൻ കരുതിയത്. എന്നാൽ എല്ലാം ഒരു തുടക്കം മാത്രമായിരുന്നു. ജീവിക്കാൻ അനുവദിക്കാത്ത ഭർത്താവ് ജീവിതത്തിൽ നിന്നും പോയതോടെ നാട്ടുകാരുടെ മുന്നിൽ ഞാൻ നടപടി ദൂഷ്യം കൊണ്ട് ഭർത്താവ് ഉപേക്ഷിച്ച പെണ്ണായി മാറി.

പിന്നീട് അങ്ങോട്ടുള്ള മൂന്നു വർഷക്കാലം, എന്റെ പുനർവിവാഹം വരെ ഉപദേശങ്ങളുടെ പെരുമഴയായിരുന്നു. വഴിയിൽ വച്ച് പരിചയപ്പെടുന്നവർക്ക് പോലും വിവാഹമോചനത്തിന്റെ കാര്യങ്ങൾ അറിയണം. കാരണം വ്യക്തമാക്കിയാലോ, പിന്നെ ഉപദേശമായി. എന്നെ ദേഹോപദ്രവം ചെയ്ത വ്യക്തിയാകട്ടെ പുണ്യാളനും. ഇതിനിടയിൽ എന്റെ മുൻഭർത്താവ് പുനർവിവാഹം കഴിച്ചു. അതോടെ, അവനു വേറെ പെണ്ണ് കിട്ടി. അപ്പോൾ പ്രശ്നം നിന്റേത് തന്നെ എന്ന നിലക്കായി കാര്യങ്ങൾ. എന്റെ മാതാപിതാക്കൾ പൊതുചടങ്ങുകൾക്ക് പോകാതെയായി. കാരണം അവിടെ എത്തുമ്പോൾ ആദ്യം ചോദിക്കുന്നത് മകളുടെ വിവാഹമോചന കാര്യമാണ്. എത്ര ആവർത്തി പറഞ്ഞാലും വീണ്ടും വീണ്ടും അതെ ചോദ്യം തന്നെ. ഒടുവിൽ അവർ വീട്ടിൽ തന്നെ ഇരിക്കാൻ തുടങ്ങി. ഈ അവസ്ഥ എനിക്കുണ്ടാക്കിയ മെന്റൽ ട്രോമ ചെറുതല്ല. അതിനിടക്ക് വിവാഹമോചിതയാണ് എന്ന ലേബൽ ചൂഷണം ചെയ്യാൻ ഓഫീസിലും ചിലരെത്തി. അസമയത്തെ ഫോൺകോളുകൾ, മെസ്സേജുകൾ അങ്ങനെ ജീവിതം അവിടെയും സുഖകരമല്ലാതെയായി. ഇതിൽ നിന്നെല്ലാമുള്ള രക്ഷ എന്ന നിലയ്ക്കാണ് അടുത്ത സുഹൃത്തുക്കളും വീട്ടുകാരും രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് പറയുന്നത്. വിദേശത്ത് പോകാൻ ആഗ്രഹിച്ച്, അതിനായി തയ്യാറെടുത്തുകൊണ്ടിരുന്ന ഞാൻ ആ ആഗ്രഹങ്ങൾ മാറ്റിവെച്ചാണ് ഐടി ഫീൽഡിൽ തന്നെയുള്ള ആളെ പുനർവിവാഹം ചെയ്യുന്നത്. അദ്ദേഹത്തിൻ്റെ ആദ്യ വിവാഹമായിരുന്നു.

അപ്പോഴും പ്രശ്നനങ്ങൾ അവസാനിച്ചില്ല. പുനർവിവാഹിതയായ ഒരുവൾക്ക് രണ്ടാം കെട്ടുകാരൻ മതി എന്ന വാശി ചിലർക്ക്. വരന്റേത് ആദ്യ വിവാഹമാണ് എന്ന് പറഞ്ഞപ്പോൾ, എങ്കിൽ ഈ ബന്ധം മുൻപേ ഉള്ളതിനാലാവാം വിവാഹമോചനം നടന്നത് എന്നായി. ഒരുവിധത്തിലും ജീവിക്കാൻ സമ്മതിക്കാത്ത അവസ്ഥ. രണ്ടാം വിവാഹത്തിന് ആർഭാടം വേണ്ട എന്ന് പറഞ്ഞവർ വരെയുണ്ട്. സമൂഹത്തെ ഭയക്കണം എന്ന അലിഖിത നിയമം മൂലം പലപ്പോഴും അവരോടൊന്നും പ്രതികരിക്കാൻ കഴിഞ്ഞില്ല. വിവാഹത്തിന് രണ്ട് മാസം ബാക്കി നിൽക്കെ ഞാൻ ഒരു സൈക്യാട്രിസ്റ്റിനെ കാണേണ്ടി വന്നു. അത്രയേറെ മാനസിക സമ്മർദ്ദമാണ് വിവാഹമോചനം നേടി എന്ന ഒറ്റക്കാരണം കൊണ്ട് ഞാൻ അനുഭവിച്ചത്. ഇപ്പോൾ ഞാനും ഭർത്താവും സുഖമായി ജീവിക്കുന്നു. എന്നാലും ഒരിക്കൽ വിവാഹമോചിതയായിരുന്നവളുടെ ഇപ്പോഴത്തെ ജീവിതം എങ്ങനെയാണ് എന്ന് അന്വേഷിക്കാൻ ഒളിക്കണ്ണുകൾ എത്താറുണ്ട്.'' നീനു പറയുന്നു.

ഇത് ഒരു നീനുവിന്റെ മാത്രം അവസ്ഥയല്ല. വിവാഹമോചിതയായാൽ കഴുകാൻ കണ്ണുകളോടെ അവളെ വേട്ടയാടാൻ തയ്യാറായാണ് സമൂഹം നിൽക്കുന്നത്. മംഗളകർമങ്ങളിൽ നിന്നും അകറ്റി നിർത്തുക, ജീവിതത്തെ ഇപ്പോഴും നിരീക്ഷിക്കുക, വിവാഹമോചിതയായ ഒരുവളുടെ എല്ലാക്കാര്യങ്ങളിലും അഭിപ്രായം പറയുക തുടങ്ങി നിരവധി മാനസിക ചൂഷണങ്ങളാണ് നടക്കുന്നത്. മലയാളികൾ എത്രയൊക്കെ പുരോഗമനം പറഞ്ഞ് നടന്നാലും വിവാഹമോചനം നേടിയ സ്ത്രീകളെ അംഗീകരിക്കാൻ കുറച്ച് ബുദ്ധിമുട്ടാണ്.

വിവാഹിതയായ ഒരു സ്ത്രീയ്ക്കോ അമ്മയ്ക്കോ ലഭിക്കുന്ന ഒരു പരിഗണനയും സുരക്ഷിതത്വവും വിവാഹമോചനം നേടിയ സ്ത്രീകൾക്ക് ലഭിക്കുന്നില്ല.

വിവാഹമോചനം നേടിയിട്ടും സ്വന്തം വീട്ടിലേയ്ക്ക് തിരിച്ച് ചെല്ലാൻ കഴിയാത്ത എത്രയോ സ്ത്രീകളുണ്ട് നമുക്കിടയിൽ. എവിടെയെങ്കിലും ഒരു ചെറിയ ജോലിയുമായി ചെറിയൊരു വീടുമെടുത്ത് തനിച്ച് താമസിക്കുന്ന സ്ത്രീകൾ കൂടിവരികയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികൾ ഉണ്ടെങ്കിൽ വീട്ടിൽ ആയയെയോ മറ്റോ നിർത്തി കിട്ടുന്ന ശമ്പളം കൊണ്ട് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുന്നു.

സ്വന്തം വീടുകളിലെ സ്ഥിതിയും വിഭിന്നമല്ല

വിവാഹമോചനം നേടിയാൽ ഒരിക്കലും സ്വന്തം വീട്ടിലേക്ക് കയറിച്ചെല്ലാൻ കഴിയില്ല, മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും താൻ ഒരു ഭാരമാകും എന്ന ഉറപ്പുള്ളതിനാൽ എന്ത് വില കൊടുത്തും വളരെ മോശം നിലയിലുള്ള ഒരു ദാമ്പത്യത്തിൽ തുടരുന്ന സ്ത്രീകളുടെ എണ്ണവും വളരെ കൂടുതലാണ്. ബന്ധുക്കളുടെ കല്യാണമോ അതല്ലെങ്കിൽ കുടുബത്തിൽപെട്ട കുഞ്ഞുങ്ങളുടെ ചോറൂണോ പിറന്നാളോ അത് പോലെ മറ്റ് ആഘോഷങ്ങളോ ഒക്കെ വന്നാലും പോകാറില്ല പലരും. പോയാലും ആളുകളുടെ തുറിച്ച് നോട്ടവും, സഹതാപവുമൊക്കെ കാരണം പലരും കുടുംബക്കാരുമായിപോലും മാനസികമായി അകന്നുപോയിരിക്കുന്നു.

വിവാഹമോചനം നേടുന്ന സ്ത്രീകളെ പിന്തുണയ്ക്കുന്ന കുടുംബങ്ങൾ വളരെ കുറവാണ്.

പെൺകുട്ടികളെ വിവാഹം ചെയ്തയക്കുക എന്നാൽ ഭാരം ഒഴിവാക്കുകയാണ് എന്നാണ് ഇന്നും പലരും വിശ്വസിക്കുന്നത്. അതിന്റെ ബാക്കിപത്രമായി വിവാഹമോചിതരായ സ്ത്രീകളെയും ഭാരമായി കാണുന്നു.

ആൺസുഹൃത്തുക്കൾ പാടില്ല

വിവാഹമോചനം നേടിയ ഒരുവൾക്ക് പുരുഷന്മാരുമായി സൗഹൃദം സൂക്ഷിക്കാൻ ആളുകൾ അനുവദിക്കില്ല. സദാചാരബോധത്തോടെയുള്ള കുറ്റപ്പെടുത്തലുകളും ഉപദേശവും അപ്പോൾ തുടങ്ങും. ജോലിയുടെ ഭാഗമായി പല പുരുഷന്മാരുമായും ഇടപഴകേണ്ടി വരുന്ന സ്ത്രീകൾ ധാരാളമുണ്ട്.  അതോടെ പല കഥകളും മെനഞ്ഞു തുടങ്ങും. ഒരു പുരുഷൻ വീട്ടിൽ വന്നാൽ അടുത്ത വീട്ടിലെ ജനാലകളിലൂടെ ഒളിഞ്ഞുനോട്ടമാണ് അവരെ കാത്തിരിക്കുക. ഭർത്താവ് ഇല്ലാതായത് സൗകര്യമായി എന്ന കുത്ത്‌വാക്കും. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളെക്കുറിച്ച് മോശം പറയുന്നത് കൂടുതലായും സ്ത്രീകളാണെന്നാണ് മനഃശാസ്ത്രജ്ഞർ പോലും പറയുന്നത്.

വിവാഹമോചിതരായ സ്ത്രീകൾ ആരെയും പേടിക്കേണ്ടതില്ല. നിങ്ങളെടുത്ത ചങ്കുറപ്പുള്ള തീരുമാനമാണ് വിവാഹമോചനം. ഇത് മനസിലാക്കാതെയിരിക്കുന്നതാണ് പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. അതിനാൽ സധൈര്യം മുന്നോട്ട് പോകുക.

അടുത്തലക്കം : വയസായ അമ്മെക്കെന്തിനാ ഫോൺ? വർദ്ധക്യമെന്നാൽ കെട്ടിയിടലോ ?