Dec 14, 2021 • 4M

കാർസിനോഫോബിയ

Psy. Swargeeya D P
Comment
Share
 
1.0×
0:00
-4:11
Open in playerListen on);
Episode details
Comments

കുറച്ച് വർഷങ്ങൾ മുൻപ് വരെ നമുക്ക് തീരെ പരിചിതമല്ലാത്തതും, എന്നാൽ അടുത്ത വർഷങ്ങളിലായി സമൂഹത്തിൽ വളരെ സാധാരണമായി കണ്ട് വരുന്നതുമായ ഒരവസ്ഥയാണ് കാർസിനോഫോബിയ.

ക്യാൻസർ രോഗികളുടെ എണ്ണത്തിലുണ്ടായ വലിയ വർധനവിലൂടെ ക്യാൻസർ എന്ന രോഗം ഒരു പരിധി വരെ ഇന്നെല്ലാ വ്യക്തികൾക്കും പരിചിതമായി മാറിയത് കൊണ്ടും എല്ലാ കാലത്തും മനുഷ്യനെ ഏറെ ഭയപ്പെടുത്തുന്നതായത് കൊണ്ടും

കാർസിനോഫോബിയ എന്ന അവസ്ഥ മനുഷ്യരിൽ വേരൂന്നുന്നതിൽ യാതൊരുവിധ അതിശയങ്ങൾക്കും സ്ഥാനം ഇല്ല എന്നതാണ് വാസ്തവം.

മറ്റൊരു വശമെന്തെന്നാൽ, സ്മാർട്ട്ഫോണുകളുടെയും ഗൂഗിളിന്റെയും ഇന്റർനെറ്റ്‌ സേവനങ്ങളുടെയും വളർച്ച നമുക്ക് മുന്നിൽ നിരത്തിയ വളരെ വിശാലമായ ഉത്തരങ്ങളുടെയും മറുപടികളുടെയും ലോകം പല കാര്യങ്ങൾക്കും വ്യക്തത നൽകി പോരുമ്പോഴും അതിനോടൊപ്പം അപ്രതീക്ഷിതമായി വളർന്ന് പടർന്ന് ഇത്തരത്തിലുള്ള ഒരു ഭയവും നമ്മുടെയുള്ളിൽ വേരൂന്നുകയായിരുന്നു.

ആദ്യ ഘട്ടത്തിൽ ഡോക്ടറുടെ സേവനം നേടിയ ശേഷം കൂടുതൽ വ്യക്തതയ്ക്കായി പിന്നീടെപ്പോഴെങ്കിലും ഗൂഗിളിൽ കുറച്ചുമാത്രം അന്വേഷണങ്ങൾ നടത്തിയിരുന്നതാണ് രീതിയെങ്കിൽ, പിന്നീടത് തലവേദനയിലും പല്ലുവേദനയിലും തുടങ്ങി സാധാരണവും രൂക്ഷവുമായ വ്യത്യസ്തങ്ങളായ പ്രശ്നങ്ങൾക്ക് ഡോക്ടറുടെ സേവനം തേടുന്നതിന് മുന്നെ തന്നെ ഗൂഗിൾ സേവനം തേടുന്നതിലേക്ക് മാറി.

അന്വേഷണവും ആകാംക്ഷയും എന്ന ഭാവത്തിൽ നിന്നുമത് ശീലത്തിലേക്കും തുടർന്ന് അതിയായ ഭയത്തിലേക്കും വഴി മാറിതുടങ്ങി. ഒടുവിലത് ആരോഗ്യവസ്ഥയുമായി ബന്ധപ്പെട്ട് ഗൂഗിളിലെ തിരച്ചിലിനൊടുവിൽ ലഭിക്കുന്ന ഉത്തരങ്ങളിൽ കുടുങ്ങി ഡോക്ടറുടെ സേവനം തേടാൻ മടിയ്ക്കുന്ന സാഹചര്യങ്ങളിലേക്ക് എത്തിനിൽക്കുന്നു.

ഇതേ അന്വേഷണരീതിയെ ക്യാൻസറുമായി ബന്ധപ്പെടുത്തിയാൽ ശരീരത്തിന്റെ ഏത് ഭാഗത്തും സംഭവിക്കുന്ന വേദനകളെയും മറ്റ് ആരോഗ്യപ്രശ്നങ്ങളെയും ക്യാൻസർ എന്ന രോഗവുമായി ബന്ധപ്പെടുത്തി ഭയക്കാനാരാഭിക്കുകയും ചെയ്തു.

എന്താണ് കാർസിനോഫോബിയ?

കാർസിനോഫോബിയ എന്നത് എനിക്ക് ക്യാൻസർ രോഗം വരുമോ, അല്ലെങ്കിൽ എന്നിൽ കാൻസർ വളരുന്നുണ്ടോ എന്ന അതിയായ ഭയം ലക്ഷണം ആയിട്ടുള്ള ഒരു തരം ആൻക്സൈറ്റി ഡിസോഡർ (Anxiety disorder) തന്നെയാണ്. അതിയായ ദുഃഖം,  വെപ്രാളം, സ്ട്രസ്സ് എന്ന അവസ്ഥയും കാർസിനോഫോബിയയിലൂടെ കടന്നുപോകുന്ന വ്യക്തിയിൽ കാണാൻ സാധിക്കും.

ക്യാൻസർ എന്ന അവസ്ഥ എന്റെ ജീവിതത്തിൽ ഉണ്ടാകരുതേ എന്ന് മനുഷ്യൻ  ആഗ്രഹിക്കുന്തോറും ക്യാൻസറിനോടുള്ള  ഭയവും,  ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങളോ വേദനയോ ഒക്കെ അതിന്റെ ലക്ഷണങ്ങളാണോ എന്ന് സംശയിക്കുന്ന അവസ്ഥയും ഉണ്ടാകുന്നു. തലച്ചോറിനുള്ളിലോ, ഹൃദയത്തിലോ ഒഴിച്ച് മറ്റേതൊരു ശരീര ഭാഗത്തും ക്യാൻസറുണ്ടാകാം എന്നതുകൊണ്ടുതന്നെ മനുഷ്യ ശരീരത്തിലെ ഏത് ഭാഗത്ത് ഉണ്ടാകുന്ന അസ്വസ്ഥതയും ക്യാൻസറാണെന്ന ഭയത്തിലും സംശയത്തിലേക്കും നയിക്കുന്നു.

ക്യാൻസറിനു സാധ്യതയില്ലായെങ്കിലും ബ്രെയിൻ ട്യൂമർ എന്ന രോഗാവസ്ഥ ഉള്ളതുകൊണ്ട് തന്നെ തലയിലെ വേദനകളെ പൊതുവെ അങ്ങോട്ടേക്ക് ബന്ധപ്പെടുത്താറാണ് പതിവ്.

വളരെ വലിയൊരു ശതമാനം മനുഷ്യർ ദിവസവും ശരീരത്തിന്റെ പല ഭാഗങ്ങളുമായി ബന്ധപ്പെടുത്തി ക്യാൻസർ ലക്ഷണങ്ങൾ ഗൂഗിളിൽ സെർച്ച് ചെയ്യുന്നു.

ദൈനംദിന വ്യക്തിജീവിതത്തിലെ തിരക്കുകളും,  ജോലി ഭാരങ്ങളും,  സ്‌ട്രെസും കൂടുന്നതനുസരിച്ച് ക്യാൻസറോഫോബിയയുടെ സാധ്യതകളും കൂടുന്നു.

കാർസിനോഫോബിയയുടെ പ്രധാന ലക്ഷണങ്ങൾ

* Depression (വിഷാദം)

* Intense fear of developing cancer(കാൻസർ എന്ന അസുഖം ശരീരത്തിൽ വളരുന്നുണ്ടോ എന്ന അതിയായ ഭയം).

* Obsessive over their health. (ആരോഗ്യകാര്യങ്ങളിൽ അമിതമായി ശ്രദ്ധിക്കുക അതല്ലെങ്കിൽ ആരോഗ്യ കാര്യത്തിൽ മാത്രം അനാവശ്യമായ ശ്രദ്ധ കേന്ദ്രീകരിക്കുക)

* Being Reclusive (മറ്റു വ്യക്തികളിൽ നിന്നും അകന്നു മാറി ഏകാന്തത എല്ലായ്പ്പോഴും തിരഞ്ഞെടുക്കുക)

* Fail to carry out their usual function. (എല്ലായ്പ്പോഴും ചെയ്തു വരുന്ന കാര്യങ്ങളിൽ പോലും പരാജയപ്പെടുക)

കാർസിനോഫോബിയ എങ്ങനെ മറികടക്കാം?

കാർസിനോഫോബിയ എന്നത് ഒരു ആൻക്സൈറ്റി പ്രശ്നമോ, ആൻക്സൈറ്റി ഡിസോർഡറോ ആണ് എന്ന് തിരിച്ചറിയുക.

നിങ്ങളുടെ ആൻക്സൈറ്റി പ്രശ്നങ്ങളുടെ തീവ്രതയനുസരിച്ച് ഒരു സൈക്കോളജിസ്റ്റിന്റെയോ സൈക്യാട്രിസ്റ്റിന്റെയോ സേവനം ആവശ്യമാണ് എങ്കിൽ ഒരു മടിയും കൂടാതെ മുന്നോട്ട് പോകുക.

നിങ്ങളെ മാനസികമായി ബുദ്ധിമുട്ടിയ്ക്കുന്ന മറ്റ് പ്രശ്നങ്ങൾ പോലെ തന്നെ കാർസിനൊഫോബിയ മറികടക്കുന്നതിന് സൈക്കോതെറാപ്പികൾ ലഭ്യമാണ്.

ഏത് സമയത്തും സേവനങ്ങൾക്കായി സൈക്കോളജിസ്റ്റിനെ ബന്ധപ്പെടാവുന്നതാണ്.