Oct 19, 2021 • 6M

ബുള്ളിയിങ്ങിനെ എങ്ങനെ മറികടക്കാം?

2
 
1.0×
0:00
-6:17
Open in playerListen on);
Episode details
Comments

നമ്മളിൽ ഒരുവിഭാഗം മനുഷ്യർ ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ അനുഭവിച്ചു വന്നിട്ടുള്ള, ഇപ്പോഴും നമുക്ക് ചുറ്റുമുള്ള പല വ്യക്തികളും അനുഭവിക്കുന്ന, നമ്മുടെ സമൂഹത്തിൽ പ്രായഭേദമന്യേ കണ്ടുവരുന്ന ഒരു മോശം  പ്രവണതയാണ് ‘ബുള്ളിയിങ്ങ്’.

സൈബർ ഇടങ്ങളിൽ പലപ്പോഴും നിങ്ങൾ കേട്ടിട്ടുള്ള ഒരു പ്രയോഗമാകാം ‘സൈബർ ബുള്ളിയിങ്ങ്’. ബുള്ളിയിങ്ങ് എന്നതിന്റെ സൈബർ ഇടത്തിന്റെ വശമാണ് സൈബർ ബുള്ളിയിങ്ങ്.

ഒരു വ്യക്തിയുടെ സന്തോഷത്തെയും, മാനസികാരോഗ്യത്തെയും പൂർണ്ണമായും തകർക്കാൻ കഴിയുന്ന, മുന്നോട്ടുള്ള ജീവിതത്തിൽ പ്രതീക്ഷയറ്റ് ജീവിക്കുന്നതിലേക്ക് നയിക്കുന്ന ബുള്ളിയിങ്ങ് എന്താണെന്ന് അറിയാനും മറികടക്കാനും ഒരു ശ്രമം നടത്താം.

എന്താണ് ബുള്ളിയിങ്ങ്?

ഒരു വ്യക്തിയുടെ നേർക്കുണ്ടാകുന്ന ശാരീരികമായ ബലപ്രയോഗം, വേദനിപ്പിക്കുന്ന വിധത്തിലുള്ള കളിയാക്കൽ, തരം താഴ്ത്തൽ, അടിച്ചമർത്തൽ, ആധിപത്യം കാട്ടി മാനസികമായി മുറിപ്പെടുത്തൽ എന്നിവയൊക്കെ ചേരുന്നതാണ് ബുള്ളിയിങ്ങ്.

സാധാരണ രീതിയിൽ അൽപ്പം കൂടി വിവരിക്കുന്നതിനായി ഒരു എക്സാമ്പിൾ ചേർക്കാം.

മെലിഞ്ഞ ശരീരപ്രകൃതമുള്ള ഒരു കൗമാരപ്രായക്കാരനായ വിദ്യാർത്ഥി കോളേജ് ഗ്രൗണ്ടിലൂടെ നടക്കുമ്പോൾ, ഒറ്റയ്ക്കോ കൂട്ടമായോ വന്ന മറ്റ് ചില വിദ്യാർഥികൾ (സമപ്രായക്കാരോ, സീനിയേഴ്‌സോ ആകാം) ആ കുട്ടിയെ, “ടാ നീർക്കോലി” എന്ന് ആക്രോശിച്ച്, “നിനക്ക് നിന്റെ വീട്ടിൽ കഴിക്കാനൊന്നും തരാറില്ലേ” എന്ന് കളിയാക്കി, ദയനീയമായി തലകുനിച്ച് നിൽക്കുന്ന അവന്റെ താടിമേലൊന്ന് തട്ടി, തല ഉയർത്തി നോക്കിയ അവനോട് “എന്താടാ നോക്കിപ്പേടിപ്പിക്കുന്നെ” എന്ന് വീണ്ടും ആക്രോശിച്ച് മാനസികമായും ശാരീരികമായും വേദനപ്പിച്ചുകൊണ്ട് സന്തോഷം നേടുന്ന അവസ്ഥയാണ് ബുള്ളിയിങ്ങ്.

ഒരുപക്ഷെ ഇത് നിങ്ങളുടെ പലരുടെയും ജീവിതത്തിൽ കഴിഞ്ഞ കാലങ്ങളിൽ എപ്പോഴെങ്കിലും ഇങ്ങനെ തന്നെയോ, മറ്റൊരു വിധത്തിലോ ഈ ആനുഭവം ഉണ്ടായിരുന്നെന്നിരിക്കാം. ചിലരുടെ ജീവിതത്തിൽ ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നതുമാവാം.

ഈ വിധത്തിലുള്ള ബുള്ളിയിങ്ങിന് ഇരയാക്കപ്പെടുന്ന വ്യക്തികളിൽ പലതരത്തിലുള്ള ട്രോമകൾക്കും ഇത് കാരണമാകാറുണ്ട്. അതു കൊണ്ട് തന്നെയാണ് ബുള്ളിയിങ്ങിനെ മറികടക്കേണ്ടത് അത്യാവശ്യമായ കാര്യമാകുന്നത്.

എങ്ങനെ മറികടക്കാം?

●        ബുള്ളിയിങ്ങിന് പിന്നിൽ വ്യത്യസ്തങ്ങളായ കാരണങ്ങളാണ് ഉള്ളത്. അതുകൊണ്ട് തന്നെ ബുള്ളിയിങ്ങ് ചെയ്യുന്ന വ്യക്തിയുടെ/വ്യക്തികളുടെ മനോനിലയാണ് ഇത്തരമൊരു പ്രവണതയ്ക്ക് കാരണം, അല്ലാതെ ഒരിക്കലും ഇരയാക്കപ്പെടുന്ന വ്യക്തിയുടെ/വ്യക്തികളുടെ കുറവുകൾ അല്ല ബുള്ളിയിങ്ങിന് ആധാരം എന്ന് ആദ്യം തിരിച്ചറിയുക.

●        സുരക്ഷിതമായ ഒരു സാഹചര്യത്തിലാണ് നിങ്ങളെങ്കിൽ, അതായത് ചുറ്റും മറ്റു വ്യക്തികളും ആൾക്കൂട്ടങ്ങളും ഉള്ളതിനാൽ ബുള്ളിയിങ്ങ് ചെയ്യുന്ന വ്യക്തിക്ക് നിങ്ങളെ ശാരീരികമായി ഉപദ്രവിക്കാൻ സാധിക്കുകയില്ല- നിങ്ങൾ ആവശ്യത്തിന് സുരക്ഷിതരാണ് എന്ന് തോന്നുന്ന അവസരങ്ങളിൽ, ബുള്ളിയിങ്ങ് ചെയ്യുന്ന വ്യക്തിയോട് കൃത്യമായി സമാധാനപരമായി പ്രതികരിക്കുക.

കാരണം ബുള്ളിയിങ്ങ് ചെയ്യുന്ന വ്യക്തികൾ പലപ്പോഴും ധരിക്കുന്നത് ഇരകളാക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതികരിക്കുന്നതിനുള്ള ധൈര്യമോ കഴിവോ ഇല്ല എന്നതാണ്. അതുകൊണ്ട് തന്നെ നിങ്ങൾ കൃത്യമായി പ്രതികരിക്കുന്നത് ഭാവിയിൽ ഇതേ സാഹചര്യം ഇതേ വ്യക്തിയിൽ നിന്ന് ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.

●        ഏത് അവസരത്തിൽ നിങ്ങൾ ബുള്ളിയിങ് അനുഭവിച്ചാലും അധികാരസ്ഥാനങ്ങളിലിരിക്കുന്ന വ്യക്തികളോട് പരാതിപ്പെടാൻ ശ്രമിക്കുക. ഉദാഹരണമായി നിങ്ങൾ സ്കൂളിൽ വെച്ച് ബുള്ളിയിങ്ങ് അനുഭവിക്കുകയാണെങ്കിൽ അല്ലെങ്കിൽ കോളേജിൽ വച്ച് ബുള്ളിയിങ്ങ് അനുഭവിക്കുകയാണ് എങ്കിൽ നിങ്ങളുടെ അധ്യാപകരോടോ പ്രിൻസിപ്പലിനോടോ പരാതിപ്പെടാൻ ശ്രമിക്കുക. അതല്ലെങ്കിൽ മാതാപിതാക്കളുടെ സഹായത്തോടുകൂടി തന്നെ ഒരു പരാതി നൽകി പ്രതികരിക്കാൻ ശ്രമിക്കുക. കാരണം നിയമവിരുദ്ധമായ പ്രവൃത്തിയാണ് ബുള്ളിയിങ്ങ്. അതുകൊണ്ട് തന്നെ ബുള്ളയിങ്ങിന് ഇരയാക്കപ്പെട്ടാലും പ്രതികരിക്കാതെ മുന്നോട്ടു പോകുന്നത് നിങ്ങളും കൂടുതൽ വ്യക്തികളും വീണ്ടും ഇരകളാക്കപ്പെടാനും, അതേ തുടർന്ന് മാനസിക സംഘർഷങ്ങളിൽപ്പെടാനും കാരണമാകുന്നു.

●        നിങ്ങളോ നിങ്ങളുടെ കുറവുകളോ അല്ല ബുള്ളിയിങ്ങിന് കാരണം എന്ന ചിന്ത എപ്പോഴും മനസ്സിൽ വയ്ക്കുക. ഈ സാഹചര്യം നിങ്ങളിൽ ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കങ്ങളെ കൂടെകൂട്ടാതെ മറികടക്കുന്നതിനായി നിങ്ങൾക്ക് മാനസികസന്തോഷം നൽകുന്ന പ്രവൃത്തികളിൽ ഏർപ്പെടുക.

1.     വ്യായാമം ചെയ്യുക

2.     ഹോബീസിൽ ഏർപ്പെടുക

3.     ഉല്ലാസകരമായ എന്ത്‌ പ്രവൃത്തികളും ചെയ്യാം.

4.     ശാരീരികമായി ഉന്മേഷം നൽകുന്ന കളികളിൽ/ഗെയിമുകളിൽ ഏർപ്പെടുക.

5.     നല്ല സൗഹൃദങ്ങൾ വളർത്തുക.

6.     മാതാപിതാക്കളോടോ ഏറ്റവും അടുപ്പമുള്ള വിശ്വസ്തരായ വ്യക്തികളോടോ നിങ്ങളുടെ മനസ്സിനെ ബുദ്ധിമുട്ടിയ്ക്കുന്ന സാഹചര്യം തുറന്നു സംസാരിക്കുക.

●        ബുള്ളിയിങ്ങ് നൽകുന്ന മാനസിക ബുദ്ധിമുട്ടുകളും പിരിമുറുക്കങ്ങളും മൂലം സ്വയം ഒറ്റപ്പെട്ട് ഒഴിഞ്ഞുമാറി തനിയെ സമയം ചെലവിടുന്ന രീതിയിൽ നിന്ന് പുറത്ത് കടക്കുക.

●        ബുള്ളിയിങ്ങ് എന്നത് ഒരു വലിയ വിഭാഗം മനുഷ്യരെ ബുദ്ധിമുട്ടിച്ചിട്ടുള്ള, ഇപ്പോഴും ബുദ്ധിമുട്ടിക്കുന്ന പ്രശ്നമാണെന്ന് തിരിച്ചറിയുക. മറികടന്ന് വിജയം നേടിയവരുടെ ജീവിതത്തിലേക്ക് നോക്കുക. ഉയർച്ചകൾ എങ്ങനെ നേടിയെടുക്കാമെന്ന് തിരിച്ചറിഞ്ഞ് ധൈര്യമായി മുന്നോട്ടു പോവുക.

ഇതിനൊക്കെ ശേഷവും മറികടക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടെങ്കിൽ ഒരു സൈക്കോളജിസ്റ്റിന്റെ സേവനം തേടുക.