Dec 15, 2021 • 7M

ഭക്ഷണക്രമക്കേടുകളും മനശ്ശാസ്ത്രവും അദ്ധ്യായം മൂന്ന്

ബുളീമിയ നെർവോസ

1
 
1.0×
0:00
-7:19
Open in playerListen on);
Episode details
Comments

ഭക്ഷണം വാരിവലിച്ച് കഴിയ്ക്കുന്ന ബിഞ്ച് ഈറ്റിങ്ങിനും ഭക്ഷണം തീരെ ഒഴിവാക്കുന്ന അനോറെക്സിയ നെര്‍വോസയ്ക്കും ഇടയിലുള്ള  ഭക്ഷണരീതിയിലെ ഒരുതരം ക്രമക്കേടാണ് ബുലീമിയ നേര്‍വോസ.ഈ വൈകല്യമുള്ളവര്‍ കുറഞ്ഞ സമയത്തിനുള്ളിൽ വളരെയധികം ഭക്ഷണം വാരിവലിച്ച് കഴിയ്ക്കുകയും തൊട്ടുപിന്നാലെ സ്വന്തം ഭക്ഷണരീതിയില്‍ കുറ്റബോധവും നാണക്കേടും തോന്നി കഴിച്ച ഭക്ഷണം ഛർദ്ദിച്ചോ,അമിതമായി വ്യായാമം ചെയ്തോ മറ്റു മാർഗങ്ങളിലൂടേയോ പുറത്തുകളയാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇവർ എന്തെങ്കിലും കാരണങ്ങളാല്‍ അസ്വസ്ഥരാകുമ്പോൾ അല്ലെങ്കില്‍ സമ്മര്‍ദ്ദത്തിലാകുന്ന സാഹചര്യമുണ്ടാകുമ്പോള്‍ പലപ്പോഴും പഞ്ചസാര,കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ അടങ്ങിയിരിക്കുന്ന ഉയര്‍ന്ന കലോറിയുള്ള ഭക്ഷണവസ്തുക്കള്‍ വളരെ ചെറിയ കാലയളവിൽ ഉപഭോഗം ചെയ്യുന്നു.

രുചി പോലും അറിയാതെ വളരെ വേഗത്തിലായിരിയ്ക്കും ഇവര്‍ ആഹാരം കഴിയ്ക്കുന്നത് എന്നുള്ളത് ഈ ക്രമക്കേട് മൂലമുള്ള ശാരീരികവും മാനസികവും വൈകാരികവുമായ  അപകടസാദ്ധ്യത കൂട്ടുന്നു.

ബുളീമിയ നെർവോസയുടെ ശാരീരികലക്ഷണങ്ങൾ:

•നിരന്തരമായ ഛർദ്ദി ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് ഡിസോർഡറിന് കാരണമാകുന്നു.

•കടുത്ത നിർജ്ജലീകരണം.

•കൈവിരലുകളുടെ തുമ്പിലും വിരലിന്‍റെ മടക്കുകളിലും മുറിവ് ഉണ്ടായേക്കും. പതിവായി തൊണ്ടയില്‍ സമ്മര്‍ദ്ദം ചെലുത്തി ഛര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിയ്ക്കുന്നത്.

•പല്ലുകളുടെ നിറം മാറ്റം. ഛര്‍ദ്ദിക്കുമ്പോള്‍ വയറ്റിലെ അമ്ലങ്ങള്‍  (ആസിഡുകള്‍) പല്ലില്‍ വന്ന് പറ്റുന്നതുകൊന്ദ് സംഭവിയ്ക്കുന്നത്.

•കൂടെക്കൂടെയുള്ള ഛര്‍ദ്ദിക്കല്‍ കവിള്‍ത്തടത്തിലും  കീഴ്ത്താടിയിലും മറ്റും നീരുകെട്ടുന്നതിന് കാരണമാകും.

•വലിച്ചു വാരിത്തിന്നുകയും അത് പുറന്തള്ളുകയും ചെയ്യുക എന്ന പ്രക്രിയ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്യുന്നതുമൂലം  ശരീരഭാരത്തില്‍ ഇടയ്ക്കിടയ്ക്ക് മാറ്റം വരും.

പെരുമാറ്റപരമായ ലക്ഷണങ്ങള്‍

•മനസ്സുഖമില്ലാതിരിക്കുമ്പോള്‍ ഇവര്‍ വളരെയധികം ഭക്ഷണം കഴിക്കും.

•കുടുംബക്കാരോ സുഹൃത്തുക്കളോ കാണാതിരിക്കാനായി ഇവര്‍ രഹസ്യമായി ഭക്ഷണം കഴിക്കാനുള്ള പ്രവണ പ്രകടിപ്പിച്ചേക്കും.

•ഇവര്‍ ഭക്ഷണം കഴിച്ച ഉടനേ പതിവായി കുളിമുറിയില്‍ പോകുന്നുണ്ടെങ്കില്‍ അത് കഴിച്ച ഭക്ഷണം പുറന്തള്ളാനുള്ള ശ്രമത്തിന്‍റെ സൂചനയായേക്കാം. ഇവര്‍ കഴിച്ചത് ഛര്‍ദ്ദിക്കാന്‍ സ്വയം പണിപ്പെടുന്നുണ്ടാകാം, അല്ലെങ്കില്‍ വയറിളക്കുന്നതിനും മൂത്രം പോകുന്നതിനും മറ്റുമുപയോഗിക്കുന്ന മരുന്നുകള്‍  ദുരുപയോഗം ചെയ്യുന്നുണ്ടാകാം.

•വ്യായാമത്തോട് അമിതമായ താലപ്പര്യം കാണിച്ചുകൊണ്ടിരിക്കും. ഉദാഹരണത്തിന്, പുറത്ത് മഴപെയ്തുകൊണ്ടിരിക്കുകയാണെങ്കില്‍ പോലും ഇവര്‍ ഓടാന്‍ പോകാന്‍ ആഗ്രഹിക്കും.

•ബുളിമിയ കൊണ്ടുള്ള ശാരീരികമായ കുഴങ്ങള്‍ ഗുരുതരമായേക്കാം. എന്നാല്‍ സമയോചിതമായ ചികിത്സ ആ വ്യക്തിയെ അവനവനെക്കുറിച്ച് നല്ലത് തോന്നാനും ആരോഗ്യകരമായ ഭക്ഷണ ശീലം വളര്‍ത്തിയെടുക്കാനും സഹായിക്കും. അതേപോലെ തന്നെ തങ്ങളുടെ ഉത്കണ്ഠയേയും മാനസികസമ്മര്‍ദ്ദത്തേയും വിജയകരമായി നേരിടാനും അവര്‍ പഠിക്കും.

ബുളിമിയയ്ക്ക് എന്താണ് കാരണം?

ഒരു വ്യക്തിയുടെ ജീവിതത്തിലെ വിവിധ ഘടകങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഈ തകരാറുണ്ടാകുന്നത്.മറ്റു ഭക്ഷണക്രമക്കേടുകള്‍ പോലെ തന്നെ ബുളീമിയയും വ്യക്തികളുടെയുള്ളില്‍  ആഴത്തില്‍ വേരോടിയിരിയ്ക്കുന്ന മറ്റ് വൈകാരിക പ്രശ്നങ്ങളെ നേരിടുന്നതിനായി ഉപയോഗപ്പെടുത്തുന്നതാണ്.

മാനസിക സംഘര്‍ഷമുണ്ടാക്കുന്ന സംഭവങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ടെങ്കില്‍ ഇത്തരം വൈകല്യങ്ങളായി പുറത്ത് വന്നേക്കാം.

പ്രിയപ്പെട്ട ആരുടെയങ്കിലും മരണം, ജോലി നഷ്ടപ്പെടല്‍ അല്ലെങ്കില്‍ വിവാഹമോചനം പോലുള്ള കാര്യങ്ങള്‍ ബുളീമിയയ്ക്കുള്ള പ്രേരകശക്തിയായേക്കാം.

ഈ വ്യക്തിക്ക് മാനസികസംഘര്‍ഷത്തെ നേരിടുന്നതിനായി വലിച്ചുവാരി തിന്നാനുള്ള ത്വരയുണ്ടാകുകയും പിന്നീട് അത് പുറന്തളളിക്കൊണ്ട് അങ്ങനെ തിന്നതിന് സ്വയം ശിക്ഷിക്കുകയും ചെയ്യും.

പലപ്പോഴും ലൈംഗികമോ ശാരീരികമോ ആയ ആക്രമണത്തിന്‍റെ ഭൂതകാലം ഇത്തരം ക്രമക്കേടുകള്‍ക്ക് കാരണമാകാം, ശരീരത്തെക്കുറിച്ച് മാധ്യമങ്ങള്‍ പ്രചരിപ്പിയ്ക്കുന്ന വാര്‍പ്പുമാതൃകകളിലൂടെ അല്ലെങ്കില്‍ കൂട്ടുകാരുടെ സമ്മര്‍ദ്ദത്തിലൂടെ ശരീരാകൃതിയെക്കുറിച്ച് രൂപം കൊള്ളുന്ന വികലമായ ധാരണയും ബുളീമിയ ഉണ്ടാകുന്നതില്‍ വളരെ വലിയ പങ്ക് വഹിക്കാറുണ്ട്.

ചില കേസുകളില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നത് ജോലിയെ ബാധിക്കുമെന്ന പേടിയില്‍ നിന്നും ബുലിമിയ ഉണ്ടാകാറുണ്ട്, ഉദാഹരണത്തിന് എയര്‍ ഹോസ്റ്റസുകള്‍,ഫാഷന്‍ മോഡലുകള്‍, നടീനടന്മാര്‍, ജിംനാസ്റ്റുകള്‍ തുടങ്ങിയവരില്‍.

ചിലപ്പോഴൊക്കെ വിഷാദരോഗം, ഉത്കണ്ഠാ രോഗം അല്ലെങ്കില്‍ മറ്റ് വൈകാരിക പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ക്ക് ബുളീമിയ ഉണ്ടായേക്കാം. ആത്മവിശ്വാസവും ആത്മാഭിമാനവും കുറഞ്ഞ ആളുകളായിരിയ്ക്കും ഇത്തരം ഭക്ഷണ ക്രമക്കേടുകള്‍ക്ക് കൂടുതലും വിധേയരാകുന്നത്. കഴിച്ച ഭക്ഷണം പുറത്തു കളയുന്ന പ്രക്രിയ കൊണ്ട് തനിയ്ക്ക് തന്‍റെ ജീവിതത്തിന്‍റെ മേല്‍ നിയന്ത്രണം ഉണ്ടെന്ന തെറ്റായ ധാരണ ഇവര്‍ക്ക് ഉണ്ടാകുന്നു. തനിയ്ക്ക് ചുറ്റുമുള്ള കാര്യങ്ങളെല്ലാം നിയന്ത്രണത്തിന് പുറത്താണെങ്കില്‍ പോലും സ്വന്തം ശരീരവും രൂപവും നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്ന തോന്നലിലൂടെ ഇവര്‍ക്ക് ഒരു പ്രത്യേകമായ ആത്മവിശ്വാസം കൈവരും.

 ബുളീമിയ ഒരു ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. എന്നാല്‍ തക്കസമയത്തു തന്നെ സഹായം തേടുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിനെ പരിപൂര്‍ണമായി മറികടക്കാനാകും.. ചികിത്സയില്‍ പ്രധാനമായി ഉത്കണ്ഠയെയും മാനസിക സംഘര്‍ഷത്തേയും എങ്ങനെ നന്നായി നേരിടാം എന്ന് നിങ്ങളെ പഠിപ്പിക്കുന്നതിനുള്ള കൗണ്‍സിലിംഗ്, തെറാപ്പി എന്നിവ ഉള്‍പ്പെടുന്നു. ചിലപ്പോള്‍ ആന്‍റിഡിപ്രെസെന്‍റ് പോലുള്ള ചില മരുന്നുകള്‍ നിര്‍ദ്ദേശിച്ചേക്കാം.രോഗിയുടെ ശരീരഭാരം ആവശ്യമായതിലും കുറവാണെങ്കില്‍ വിദഗ്ധരുടെ ഒരു സംഘം ആരോഗ്യകരമായ തൂക്കം തിരികെ നേടുന്നതിനും ആരോഗ്യകരമായ ഒരു നിത്യാഹാര ക്രമം പിന്തുടരുന്നതും സഹായിക്കും. നിങ്ങള്‍ എപ്പോഴും നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ചികിത്സയില്‍ പിടിച്ച് നില്‍ക്കണം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അമിതമായി ഭക്ഷണം കഴിക്കാന്‍ (വലിച്ചുവാരി തിന്നാല്‍) ത്വരയുണ്ടായാല്‍ ഉടനേ നിങ്ങളുടെ ഡോക്ടറേയോ സഹായിയേയോ വിവരം അറിയിക്കണം.

ബുളീമിയ ഉള്ള വ്യക്തികള്‍ക്ക് തങ്ങളുടെ പ്രശ്നവുമായി ബന്ധപ്പെട്ട് വലിയ നാണക്കേട് ഉണ്ടായേക്കാം എന്നതിനാല്‍ അവര്‍ അതിനെക്കുറിച്ച് സംസാരിക്കാന്‍ മടിച്ചേക്കാം. എന്നിരുന്നാലും ബുളീമിയ ഒരു വ്യക്തിക്ക് ശാരീരികവും വൈകാരികവുമായി ഗുരുതരമായ തകരാര്‍ ഉണ്ടാക്കാറുണ്ട്. ഒരു പരിചാരകന്‍ എന്ന നിലയ്ക്ക് നിങ്ങള്‍ വളരെയധികം സഹായം നല്‍കേണ്ടതുണ്ട്. അവരെ അവരുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനും ചികിത്സ തേടാനും പ്രോത്സാഹിപ്പിക്കുക. ആദ്യം അവര്‍ ഇഷ്ടക്കേട് കാണിച്ചേക്കാം, എന്നാല്‍ നിങ്ങള്‍ ക്ഷമയോടെ തുടരണം.

ഒന്നിനും നിര്‍ബന്ധിയ്ക്കുകയോ  ഈ തകരാറിന്‍റെ വരുംവരായ്കകളെക്കുറിച്ച് സൂചിപ്പിക്കുകയോ  ചെയ്യരുത്.

ചികിത്സയുടെ ഘട്ടത്തില്‍, രോഗിക്ക് ചുറ്റുള്ള എല്ലാവരും ആരോഗ്യകരമായ ഒരു ഭക്ഷണ ശീലം പാലിക്കുകയും ശരീഭാരത്തേയും രൂപത്തേയും കുറിച്ചുള്ള സംസാരങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം.

ഈ വ്യക്തിയെ ചികിത്സയില്‍ ഉറച്ചു നില്‍ക്കാന്‍ പ്രോത്സാഹിപ്പിക്കുകയും തളര്‍ച്ചയുണ്ടാകുമ്പോളെല്ലാം നിങ്ങള്‍ സഹായത്തിനുണ്ടാകുമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്യുക.

ബുളീമിയയുമായി ജീവിക്കുക എന്നത് അത്യധികം മാനസിക സംഘര്‍ഷമുണ്ടാക്കുന്ന കാര്യമായിരിക്കും. ശാരീരികമായ ബുദ്ധിമുട്ടുകളോടൊപ്പം വൈകാരികമായ സംഘര്‍ഷം കൂടിയുണ്ടാകുന്നത് ഒരു വ്യക്തിയുടെ  മൊത്തത്തിലുള്ള ജീവിതത്തെ ഗുരുതരമായി പരിക്കേല്‍പ്പിക്കും. എന്നിരുന്നാലും ഇതിന് ചികിത്സ സാധ്യമാണ്. സുഖപ്പെടുന്നതിനായി നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് ഒരു  പ്രശ്നമുണ്ടെന്ന കാര്യം സ്വയം അംഗീകരിക്കുകയും സഹായം തേടുകയും ചെയ്യുക എന്നതാണ്. ബുളീമിയയ്ക്കുള്ള ചികിത്സയ്ക്ക് അല്‍പം സമയമെടുത്തേക്കും, അതിനാല്‍ ക്ഷമകാണിക്കുകയും ചികിത്സയോട് സ്ഥിരോത്സാഹം കാണിക്കുകയും   ചികിത്സയിലും  നിത്യാഹാരക്രമത്തിലും ഉറച്ചുനില്‍ക്കുകയും വേണം എന്നത് രോഗമുക്തി നേടുന്നതിന് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഏതെങ്കിലും ഘട്ടത്തില്‍ വല്ലായ്മ തോന്നുകയോ വലിച്ചുവാരി തിന്നാനുള്ള ത്വരയുണ്ടാകുകയോ ചെയ്താല്‍ ആരെയെങ്കിലും സമീപിക്കുകയും അവരോട് സംസാരിക്കുകയും ചെയ്യുക. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്നതിനായി പുറത്ത് ഓടാന്‍ പോകുക, സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും സംസാരിക്കുക എന്നിങ്ങനെയുള്ള ഗുണകരമായ അതിജീവന തന്ത്രങ്ങള്‍ വളര്‍ത്തിയെടുക്കുക.