Nov 2, 2021 • 7M

കുട്ടികൾക്ക് നൽകാം പോസിറ്റീവ് ശരീരഭാഷ

1
 
1.0×
0:00
-6:59
Open in playerListen on);
Episode details
Comments

ഓരോ കുട്ടിയുടെയും വളർച്ചയിൽ, മാതാപിതാക്കളും വളർത്തുന്ന വ്യക്തികളും അധ്യാപകരുമെല്ലാം, വാക്കുകൾ കൊണ്ടും വാചികമല്ലാത്ത ശരീരഭാഷകൊണ്ടും കൊടുക്കുന്ന ആശയവിനിമയം നിർണായക സ്വാധീനം ചെലുത്തുന്നു. ശരിയായ ആശയവിനിമയം വാക്കുകളിലൂടെയും ശരീരഭാഷയിലൂടെയും മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്ന കുട്ടി, മികച്ച രീതിയിൽ വളരുകയും ഭാവിയിൽ മികച്ച വഴിയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്നു. അതേസമയം, ആശയവിനിമയത്തിൽ പൊരുത്തക്കേടുകൾ സംഭവിക്കുമ്പോൾ അത് കുട്ടികളുടെ മാനസിക, വ്യക്തിത്വ വളർച്ചയേയും ഭാവിയെ തന്നെ ബാധിക്കുന്നു.

ആശയവിനിമയം നടക്കുന്നത് വാക്കുകൾ കൊണ്ടു മാത്രമല്ല, വാക്കുകൾക്കപ്പുറം നോട്ടം, സ്പർശനം, പുഞ്ചിരി എന്നിവയിലൂടെയും നമ്മൾ ഒരാളോട് സംസാരിക്കുന്നുണ്ട്. ആശയങ്ങൾ കൈമാറുന്നുണ്ട്.

നിങ്ങളുടെ മക്കളെ നിങ്ങൾക്ക് മനസിലാകുന്നുണ്ടെന്ന് അവർക്ക് തിരിച്ചറിയാൻ വാക്കുകൾക്കൊപ്പം വാചികമല്ലാത്ത ശരീരഭാഷയും ആവശ്യമാണ്. വാക്കുകളും ശരീരഭാഷയും ഒരുപോലെ മാച്ച് ചെയ്യുന്നതാണ് ശരിയായ ആശയ വിനിമയം. ഉദാഹരണത്തിന്, ഗുഡ് മോണിംഗ് പറയുമ്പോൾ ഒപ്പം ഊർജസ്വലവും മൃദുവുമായ ശബ്ദവും ഒരു പുഞ്ചിരിയും ഒപ്പം ചേർക്കുക. ഇനി നിങ്ങളുടെ വാക്കും ശരീരഭാഷയും തമ്മിൽ മാച്ച് ചെയ്യുന്നില്ലെങ്കിലോ, അവിടെ കുട്ടി വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നത് നിങ്ങളുടെ ശരീരഭാഷയായിരിക്കും.

ഉദാഹരണത്തിന്, നിങ്ങൾ കുട്ടിയോട് ഒരു ചോദ്യം ചോദിച്ചിട്ട് കുട്ടി ഉത്തരം പറയുമ്പോൾ, നിങ്ങൾ മറ്റെന്തെങ്കിലും കാര്യം ചെയ്യുകയോ മറ്റെവിടേക്കെങ്കിലും നോക്കി നിൽക്കുകയോ ചെയ്താൽ കുട്ടിയുടെ ഉത്തരത്തിൽ നിങ്ങൾക്ക് താൽപര്യമില്ലെന്ന സന്ദേശമായിരിക്കും കുട്ടി സ്വീകരിക്കുക.

പോസിറ്റീവ് ശരീരഭാഷ എന്തിന്?

പോസിറ്റീവായ ശരീരഭാഷയാണ് നിങ്ങൾ പ്രദർശിപ്പിക്കുന്നതെങ്കിൽ അത് നിങ്ങളും നിങ്ങളുടെ കുട്ടിയും മറ്റ് കുടുംബാംഗങ്ങളും സമൂഹത്തിലെ മറ്റ് വ്യക്തികളുമായുള്ള ബന്ധം മെച്ചപ്പെടുത്തും. പുഞ്ചിരി, നോട്ടം, സ്പർശനം എന്നിവയെല്ലാം വഴി വാക്കുകൾക്കപ്പുറം അവരോട് സംസാരിക്കുമ്പോൾ നിങ്ങൾ എത്രമാത്രം അവരെ പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടെന്ന് അവർക്ക് ബോധ്യമാകും. പോസിറ്റീവായ ശരീരഭാഷ ബന്ധങ്ങളെ ഊഷ്മളമാക്കുന്നതിനൊപ്പം കുട്ടിയുടെ മാനസിക, വ്യക്തിത്വ വളർച്ചയ്ക്കും സഹായകമാകും. മറ്റുള്ളവരുമായി എങ്ങനെ ഇടപെടണമെന്നെല്ലാം കുട്ടി പഠിക്കുന്നത് മാതാപിതാക്കളും മറ്റും അവർക്ക് കൊടുക്കുന്ന വാചികവും വാചികമല്ലാത്തതുമായ ശരീരഭാഷയിലൂടെയാണ്. ഉദാഹരണത്തിന് സ്നേഹവും ഊഷ്‌മളതയും പ്രകടിപ്പിക്കുന്ന ശരീരഭാഷയാണ് നിങ്ങൾ മക്കളോട് കാണിക്കുന്നതെങ്കിൽ, സ്നേഹം എങ്ങനെ ശരിയായ രീതിയിൽ പ്രകടിപ്പിക്കാമെന്ന്, അത് കണ്ടു വളരുന്ന കുട്ടികൾ പഠിക്കുന്നു. നിങ്ങൾ ഏതെങ്കിലും കാര്യം ചെയ്യുമ്പോൾ, കുട്ടി അടുത്ത് വരുമ്പോൾ ചെയ്യുന്ന കാര്യം നിർത്തി, കുട്ടിയോട് എന്തിനാ വന്നതെന്ന് ചോദിക്കുകയും കുട്ടിയുടെ കാര്യം ശ്രദ്ധിക്കുകയും ചെയ്യുമ്പോൾ, മറ്റുള്ളവരുടെ കാര്യത്തിലും എങ്ങനെ ശ്രദ്ധയും പരിഗണനയും കൊടുക്കാമെന്ന് കുട്ടി പഠിക്കുന്നു.

അതേസമയം, നിഷേധാത്മകമായ ശരീര ഭാഷയാണ് നിങ്ങളിൽ നിന്നുണ്ടാവുന്നതെങ്കിൽ, കുട്ടിക്കൊപ്പം സമയം ചെലവഴിക്കാൻ നിങ്ങൾക്ക് താൽപര്യമില്ലെന്നും, കുട്ടിയുടെ കൊച്ചു കൊച്ചു കാര്യങ്ങളിൽ നിങ്ങൾക്ക് താൽപര്യമില്ലെന്നുമുള്ള സന്ദേശമാണവിടെ കുട്ടിക്ക് കിട്ടുന്നത്. നമ്മൾ കൊച്ചു കാര്യമെന്നോ, നിസാര കാര്യമെന്നോ ചിന്തിക്കുന്നത് കുട്ടിയെ സംബന്ധിച്ച് വലിയ കാര്യമായിരിക്കുമെന്നോർക്കുക.

കൈ ചെറുതായിട്ടൊന്ന് പോറിയത് നിങ്ങളെ കാണിക്കാൻ കുട്ടി വരുമ്പോൾ, ഇതാണോ വലിയ കാര്യം എന്ന മട്ടിൽ തളളിക്കളയാതെ, അടുത്തു വിളിച്ചിരുത്തി കാര്യങ്ങൾ ചോദിച്ച് ആശ്വസിപ്പിക്കുക.

മാതാപിതാക്കളിൽ നിന്നും തുടർച്ചയായി അവഗണനയുടേതായ നിഷേധാത്മക ശരീരഭാഷ കിട്ടുന്ന കുട്ടികൾക്ക്, ആത്മാഭിമാനം കുറവായിരിക്കും.

തന്റെ തന്നെ വിലയിൽ, മൂല്യത്തിൽ ഇവർക്ക് സംശയമായിരിക്കും.

ശരീരഭാഷ എങ്ങനെ പോസിറ്റീവാക്കാം?

ശരീരഭാഷയും ശബ്ദവും വാചികമല്ലാത്ത ആശയവിനിമയത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്. നിങ്ങൾ പറയുന്ന കാര്യങ്ങൾക്ക് ഊന്നൽ കൊടുക്കാനായി പോസിറ്റീവ് ശരീരഭാഷ ഉപയോഗിക്കാവുന്നതാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.

• കുട്ടികൾ അടുത്ത് വരുമ്പോൾ അവരുടെ കൈകളിലോ, തോളത്തോ പിടിച്ച് സംസാരിക്കുക. അവർ പറയുന്നതോ ചെയ്യുന്നതോ ആയ കാര്യത്തിൽ നിങ്ങൾക്ക് ശ്രദ്ധയുണ്ടെന്ന് ഇതുവഴി അവർ മനസ്സിലാക്കുന്നു.

• കുട്ടികളോടും മറ്റും സംസാരിക്കുമ്പോൾ അവരുടെ മുഖത്ത് നോക്കി സംസാരിക്കുക. നീ എനിക്ക് വിലപ്പെട്ടവനാണെന്നും എന്റെ ശ്രദ്ധ മുഴുവൻ നിനക്ക് തരുന്നുവെന്നുള്ള അർത്ഥമാണ് ഇതുവഴി നൽകുന്നത്.

• തീരെ കൊച്ചുകുട്ടികളുമായി സംസാരിക്കുമ്പോൾ, കുട്ടിയുടെ പൊക്കത്തിനനുസരിച്ച് കുനിഞ്ഞു നിന്ന് സംസാരിക്കുക. കുട്ടികൾക്ക് സുരക്ഷിത ബോധം നൽകാനും നിങ്ങൾ അവർക്കൊപ്പമുണ്ടെന്ന സൂചന നൽകാനും ഇത് സഹായിക്കും.

• കുട്ടികളുടെ ശരീരഭാഷയ്ക്ക് പോസിറ്റീവായ പ്രതികരണം നിങ്ങളുടെ ശരീരഭാഷയിലൂടെ നൽകുക. ഉദാഹരണത്തിന് കുട്ടി നിങ്ങളെ നോക്കി പുഞ്ചിരിച്ചാൽ തിരിച്ചും ചിരിക്കുക. ആകെ സങ്കടപ്പെട്ട് ഇരുന്നാൽ തോളത്തൊക്കെ ഒന്നു തട്ടി, തലോടി, മൂർദ്ധാവിൽ ചുംബിക്കുകയോ തലോടുകയോ ചെയ്തശേഷം എന്തു പറ്റി എന്റെ കുട്ടന് / മോൾക്ക് എന്നോ മറ്റോ ആശ്വാസമേകുന്ന സ്വരത്തിൽ ചോദിക്കുക.

• കുട്ടിയുമായി സംസാരിക്കുമ്പോൾ സന്തോഷകരമായ ശബ്ദത്തിലും ശാന്തമായ ശരീരഭാഷയിലും പ്രസന്നമായ മുഖഭാവത്തിലും സംസാരിക്കുക. കുട്ടി പറയുന്നത് കേൾക്കാൻ പറ്റിയ മൂഡിലാണ് നിങ്ങളെന്ന് ഇത് സൂചിപ്പികുന്നു.

• രാത്രിയിൽ പ്രാർത്ഥനക്കു ശേഷം കുട്ടിയുടെ തലയിൽ കൈവച്ച് അനുഗ്രഹിക്കുക. മൂർദ്ധാവിൽ ചുംബിക്കുകയും ചെയ്യുക. ആത്മീയതയാകുന്ന പാലത്തിൽ ഹൃദയങ്ങളെ ബന്ധിക്കാൻ ഇത് സഹായിക്കും.

• ഭക്ഷണത്തിനിരിക്കുമ്പോൾ, മൊബൈൽ ഫോൺ നോക്കാതിരിക്കുക. കുട്ടികൾ പറയുന്നത് ശ്രദ്ധിച്ച് മറുപടി കൊടുക്കുക.

കുട്ടിയുടെ ശരീരഭാഷ എങ്ങനെ മെച്ചപ്പെടുത്താം?

മാതാപിതാക്കളുടെ ശരീരഭാഷയാണ് കുട്ടി ആദ്യം മാതൃകയാക്കുന്നത്. അതിനാൽ കുട്ടിയെ ഉപദേശിക്കുന്നതിനും തിരുത്തുന്നതിനും മുൻപ് അവ നിങ്ങളുടെ ശരീര ഭാഷയുടെ ഭാഗമാണോയെന്ന് പരിശോധിക്കുക. തെറ്റുകൾ പറഞ്ഞു കൊടുത്ത് തിരുത്തുക.

ഉദാഹരണത്തിന്, മറ്റുള്ളവരോട് സംസാരിക്കുമ്പോൾ വളരെ അടുത്ത് നിന്നാണ് കുട്ടി സംസാരിക്കുന്നതെങ്കിൽ, അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. അക്കാര്യം കുട്ടിയോട് പറഞ്ഞു തിരുത്തുക.

ഉദാഹരണത്തിന്, മറ്റുള്ളവരോട് സംസാരിക്കുമ്പോൾ വളരെ അടുത്ത് നിന്നാണ് കുട്ടി സംസാരിക്കുന്നതെങ്കിൽ, അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. അക്കാര്യം കുട്ടിയോട് പറഞ്ഞ് തിരുത്തുക. ആവശ്യത്തിന് അകലം പാലിച്ച് സംസാരിക്കാൻ നിർദ്ദേശിക്കുക.

ശരീരഭാഷകൊണ്ട് പെരുമാറ്റം നിയന്ത്രിക്കാം.

വാക്കുകൾ ഉപയോഗിക്കാതെ തന്നെ നിങ്ങളുടെ ശരീരഭാഷകൊണ്ട് കുട്ടികളുടെ പെരുമാറ്റത്തെ നിയന്ത്രിക്കാൻ കഴിയും. വലിയ ബഹളമോ ശബ്ദമോ ഉള്ളപ്പോഴും കുട്ടി അൽപം അകലെയായിരിക്കുമ്പോഴും ഇങ്ങനെ ശരീരഭാഷകൊണ്ട് കുട്ടിക്ക് ആശയങ്ങൾ കൈമാറാം. ഉദാഹരണത്തിന്, കളിക്കളത്തിൽ ഒരു സുഹൃത്തിനെ സഹായിക്കുകയോ, സ്റ്റേജിൽ കയറി സമ്മാനം വാങ്ങിക്കുകയോ ചെയ്യുമ്പോൾ കാണാവുന്ന ദൂരത്ത് നിന്ന് പുഞ്ചിരിക്കുകയോ 'തംസ് അപ്' ചിഹ്‌നം കൈവിരൽ കൊണ്ട് കാണിക്കുകയോ ചെയ്യുക. അതുപോലെ കുട്ടി മോശമായ ഒരു കാര്യം ചെയ്താൽ നിങ്ങളുടെ മുഖത്തെ ഭാവമാറ്റത്തിലൂടെയോ, കൈ കൊണ്ട് 'അരുത്' എന്ന ചിഹ്നം കാണിച്ചോ ആ പെരുമാറ്റത്തിന് തടയിടാം.

കുട്ടി അശ്രദ്ധയൊടെയിരുന്നാൽ വ്യക്തമായതും ഉറച്ചതുമായ ശബ്ദത്തിൽ, കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് സംസാരിക്കാം.