
തുറന്ന് പറച്ചിലുകളിലൂടെ മനോഹരമാകുന്ന റിലേഷൻഷിപ്പ്
Disclaimer: കോവിഡ് 19 സാഹചര്യത്തിൽ സ്റ്റുഡിയോ സംവിധാനമുപയോഗിച്ചുള്ള റെക്കോഡിങ് അസാധ്യമായതിനാൽ മൊബൈൽ ഫോണിലാണ് ഈ പോഡ്കാസ്റ്റ് തയാറാക്കിയിരിക്കുന്നത്.
തുറന്ന് പറച്ചിലുകൾ ജീവിതത്തിന്റെ സന്തോഷകരമായ മുന്നോട്ട് പോക്കിന് ഏറ്റവും പ്രധാനമായ ഒന്നാണ്. പരസ്പരം മനസിലാക്കാനും തമ്മിൽ സഹകരിച്ച് മുന്നോട്ട് പോകാനും ഇത് വളരെയധികം പ്രയോജനകരമാണ്. നമ്മൾ പ്രതീക്ഷിക്കുക പോലും ചെയ്യാത്ത ചെറിയ കള്ളങ്ങളും ഒളിച്ചു വെക്കലുകളും ചിലപ്പോൾ ജീവിതത്തെ വലിയൊരു ദുരന്തത്തിലേക്ക് തന്നെ തള്ളി വിടാം. അതിൽ നിന്ന് തിരിച്ച് വരാൻ നാം ഏറെ ബുദ്ധിമുട്ടനുഭവിക്കേണ്ടതായും വരാം. അങ്ങനൊരനുഭവമാണ് ഈ റിപ്പോർട്ടിൽ പരിശോധിക്കുന്നത്.
കേരളത്തിലെ തന്നെ അറിയപ്പെടുന്ന ഒരു കോളേജിലെ പ്രൊഫസർ. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട മൂന്ന് മക്കൾ. മൂന്ന് പേരെയും ഒരേ പോലെയാണ് അദ്ദേഹം സ്നേഹിക്കുന്നത്. ആ മൂന്ന് പേരിലെ രണ്ടാമത്തെ കുട്ടിയെ കുറിച്ചാണ് സൈക്കോളജിസ്റ് സംസാരിക്കുന്നത്. ആ കുട്ടിക്ക് ലിന്റ എന്ന സങ്കൽപ്പിക പേര് നൽകാം. മൂന്ന് പേരെയും ഒരേപോലെ സ്നേഹിച്ചെങ്കിലും ആ കുട്ടിക്ക് മാത്രം തനിക്ക് ആവശ്യത്തിനുള്ള സ്നേഹം കിട്ടുന്നില്ല എന്ന തോന്നലായിരുന്നു ഉള്ളിൽ. എല്ലാവരിലും കൂടുതൽ ലിന്റയെ അച്ഛൻ സ്നേഹിക്കണം എന്ന ആഗ്രഹമായിരുന്നു അവൾക്ക്. അതിന് ചെറുപ്പം മുതലെ അച്ഛനെ സന്തോഷിപ്പിക്കാൻ ചെയ്യാൻ സാധിക്കുന്നതെല്ലാം ലിന്റ ചെയ്തിരുന്നു. ഏത് വിധേനയും സ്നേഹം നേടിയെടുക്കാൻ അവൾ ശ്രമിക്കുകയും ചെയ്തു.
അങ്ങനെയിരിക്കെ തന്റെ രണ്ട് കുട്ടികളുടെയും കല്യാണം കഴിഞ്ഞു. പിന്നീടാണ് ലിന്റയുടെ കല്യാണം തീരുമാനിക്കുന്നത്. അച്ഛന്റെ ആ ആഗ്രഹത്തിനും ലിന്റ എതിര് നിന്നില്ല. തനിക്ക് പറ്റിയ വരനെ അച്ഛൻ തിരയുന്നതിനിടയിലാണ് തന്റെ അച്ഛന്റെ ആഗ്രഹങ്ങളിലൊന്ന് ലിന്റ ഓർത്തത്. മക്കളുടെ ചെറുപ്പത്തിൽ അദ്ദേഹം തന്റെ കുട്ടികളിൽ ഒരാളുടെ ഭർത്താവിനെ വീട്ടിലേക്ക് ദത്ത് എടുക്കണം എന്ന ആഗ്രഹം പറഞ്ഞിരുന്നു. മക്കൾ മൂന്ന് പേരും പെൺകുട്ടികൾ ആയതിനാൽ അദ്ദേഹത്തിന്റെ ആഗ്രഹത്തെ തെറ്റ് പറയാനും സാധിക്കില്ല. പക്ഷെ അതൊരു നിർബന്ധമായി കണ്ടതുമില്ല. ഒരുപക്ഷെ അതിനെ പറ്റി അയാൾ പോലും മറന്ന് പോയിട്ടുണ്ടാവും എന്ന് വേണം കരുതാൻ. എന്നാൽ ലിന്റയുടെ മനസ്സിൽ അച്ഛന്റെ ആഗ്രഹം വലിയ രീതിയിൽ തന്നെ സ്വാധീനിച്ചു.
അങ്ങനെ ദീർഘനാളത്തെ തിരിച്ചിലിന് ശേഷം ലിന്റയ്ക്ക് അനുയോജ്യനായ ഒരു വരനെ തന്നെ കണ്ടെത്തി. അച്ഛന്റെയും അമ്മയുടെയും ഒറ്റ പുത്രൻ. വീടുമായി വളരെയധികം അറ്റാച്ച്ഡ് ആയ ഒരു മകൻ. വേറെ ദുശ്ശീലങ്ങളൊന്നുമില്ല. നല്ല രീതിയിൽ സമ്പാദിക്കുന്ന വ്യക്തി. വല്യ സംസാരങ്ങളോ സംശയങ്ങളോ ഒന്നും തന്നെ വേണ്ടി വന്നില്ല ആ കല്യാണം ഉറപ്പിക്കാൻ. എന്നാൽ അവിടെ ഉണ്ടായ ഏക പ്രശ്നം ലിന്റയും തന്റെ വരനുമായി തുറന്ന സംസാരങ്ങളൊന്നും വിവാഹത്തിന് മുൻപ് നടന്നില്ല എന്നുള്ളതാണ്. എന്നാൽ ഒരു കുടുംബ ജീവിതത്തിന്റെ താളം തെറ്റാനുള്ള ഏറ്റവും വലിയ പ്രശ്നമായി മാറുകയായിരുന്നു അത്.
അധികം താമസിയാതെ ഇരുവരുടെയും കല്യാണം കഴിഞ്ഞു. ആദ്യത്തെ ഒരാഴ്ച വരന്റെ വീട്ടിൽ താമസിച്ചപ്പോഴേക്കും പ്രശ്നങ്ങളുടെ കെട്ടുകൾ അഴിഞ്ഞു തുടങ്ങി. ലിന്റ അയാളുടെ വീട്ടുകാരുമായി യോജിച്ച് പോകാതെയായി. അവർ തമ്മിലുള്ള ചെറിയ പ്രശ്നങ്ങൾ പതിയെ പതിയെ വലുതായി തുടങ്ങി. അങ്ങനെ ഒരായിരം പ്രശ്നങ്ങൾക്കൊടുവിൽ ലിന്റ തന്റെ ആവശ്യം പറഞ്ഞു " എനിക്ക് ഇവിടെ നിൽക്കാൻ സാധിക്കില്ല. തിരിച്ചു വീട്ടിൽ പോകണം. നിങ്ങളും എന്റെ കൂടെ വരണം. ഇനി നമുക്ക് അവിടെ താമസിക്കാം." ലിന്റയുടെ ഭർത്താവും കുടുംബവും ഞെട്ടലോടെയാണ് ഇത് കേട്ടത്. വീട്ടിലെ ഏക മകനായ തന്നെ ലിന്റയുടെ വീട്ടിലേക്ക് പറിച്ച് നടാൻ ശ്രമിച്ചത് അവർക്കാർക്കും ഉൾകൊള്ളാനായില്ല. അത് മാത്രമല്ല വിവാഹത്തിന് മുൻപ് ഇങ്ങനൊരു മാറ്റത്തെ പറ്റി ആരും പറഞ്ഞതുമില്ല. ഭർത്താവ് ഭാര്യയുടെ വീട്ടിൽ താമസിക്കുന്നതിൽ യാതൊരു മോശവുമില്ല. എന്നാൽ ഈ ആവശ്യം നേരത്തെ പറഞ്ഞ് അത് അംഗീകരിക്കുന്നവരെ സ്വീകരിക്കുക എന്നത് പ്രധാനമാണ്.
പിന്നീട് അവർ തമ്മിലുള്ള ഏതൊരു കാര്യവും വലിയ വഴക്കുകളിലേക്ക് നീങ്ങി. ലിന്റ എത്ര ശ്രമിച്ചിട്ടും തന്റെ വീട്ടിലേക്ക് വരാൻ ഭർത്താവ് സമ്മതിച്ചില്ല. പിന്നീട് നിർബന്ധം കൂടി തുടങ്ങി. അത് വലിയ വഴക്കിലേക്ക് നീങ്ങി. ലിന്റ ഭീക്ഷണിയുടെ സ്വരം വരെ മുഴക്കി തുടങ്ങി. അങ്ങനെ കൈകാര്യം ചെയ്യാവുന്നതിലും അപ്പുറത്തേക്ക് അവരുടെ പ്രശ്നങ്ങൾ വളർന്നു.
ആരും ആരുടേയും മുകളിലല്ല. ഒരാളുടെ സ്വാതന്ത്ര്യത്തിന് മേൽ അവരുടെ ഇഷ്ടമില്ലാതെ കൈകടത്താനും പാടില്ല.
പ്രശ്നങ്ങൾ നിരന്തരമാകാൻ തുടങ്ങിയപ്പോൾ ലിന്റയുടെ ഭർത്താവ് സൈക്കോളജിസ്റ്റിന്റെ സഹായം തേടാൻ തീരുമാനിച്ചു. തുറന്ന് പറച്ചിലുകൾക്ക് ശേഷം അവരുടെ യഥാർഥ പ്രശ്നം എന്താണെന്ന് സൈക്കോളജിസ്റ്റിന് മനസിലായി. തുറന്ന് പറച്ചിലുകൾ ഇല്ലാത്തതാണ് അവരുടെ പ്രശ്നം. ഒരു പക്ഷെ കല്യാണത്തിന് മുൻപ് ലിന്റയുടെ ആവശ്യം ഭർത്താവിനെ അറിയിക്കുകയായിരുന്നെങ്കിൽ അവരുടെ വിവാഹ ജീവിതം ഇത്രയധികം പ്രശ്നത്തിലേക്ക് പോവില്ലായിരുന്നു. ഒരു പക്ഷെ ലിന്റയ്ക്ക് തന്റെ ആഗ്രഹത്തോട് യോജിക്കുന്ന ഒരു ഭർത്താവിനെ കിട്ടുകയും ചെയ്യുമായിരുന്നു.
ഏതൊരു റിലേഷൻഷിപ്പായാലും ചെറിയ പ്രശ്നങ്ങളിലൂടെയാണ് കാര്യങ്ങൾ വഷളായി തുടങ്ങുക. തന്റെ പാർട്ട്ണറിനോട് കാര്യങ്ങൾ തുറന്ന് പറയുകയും പ്രശ്നങ്ങൾക്ക് ഒന്നിച്ച് നിന്ന് പോംവഴികൾ കണ്ടെത്തുകയും ചെയ്താൽ റിലേഷൻഷിപ്പ് സന്തോഷപൂർവ്വം മുന്നോട്ട് കൊണ്ട് പോകാൻ സാധിക്കും. ആരും ആരുടേയും മുകളിലല്ല. ഒരാളുടെ സ്വാതന്ത്ര്യത്തിന് മേൽ അവരുടെ ഇഷ്ടമില്ലാതെ കൈകടത്താനും പാടില്ല. ഇരുവരുടെയും ഇഷ്ടങ്ങളും ആഗ്രഹങ്ങളും ബന്ധം തുടങ്ങുമ്പോൾ തന്നെ പങ്ക് വയ്ക്കുക. അത് ഇരുവർക്കും അംഗീകരിക്കാൻ സാധിക്കുമെങ്കിൽ റിലേഷൻഷിപ്പ് മുന്നോട്ട് കൊണ്ട് പോകുക. അങ്ങനെ തുറന്ന് പറച്ചിലുകളും പങ്കിടലുകളും ഉണ്ടാവുമ്പോൾ ബന്ധങ്ങൾ കൂടുതൽ മനോഹരമാകും