Nov 24, 2021 • 9M

വിശാലമായ ലോകത്തേക്കൊരു ചുവട് വയ്പ്പ്: ആദ്യമായ് കലാലയത്തിലേക്ക്-II

2
 
1.0×
0:00
-8:33
Open in playerListen on);
Episode details
Comments

കലാലയത്തിലേക്ക് ചുവട് വയ്ക്കുന്ന കാലത്ത് മുന്നിൽ വന്നെത്തുന്ന സന്തോഷങ്ങളോടൊപ്പം നേരിടാനിടയുള്ള സമ്മർദ്ദങ്ങൾ/ബുദ്ധിമുട്ടുകൾ എന്നിവയെ തിരിച്ചറിയുന്നതിനുള്ള ശ്രമം നമ്മൾ തുടങ്ങിയിരുന്നു. അതിന്റെ തുടർച്ചയെന്നോണം അടുത്ത തലത്തിൽ നേരിടാനിടയുള്ളവയിലേക്കും മറികടക്കാനുള്ള മാർഗ്ഗങ്ങളിലേക്കും കൂടുതൽ ശ്രദ്ധിക്കാം. ഈ കാലങ്ങളിൽ വിദ്യാർഥികൾ പിന്നീടേണ്ട വഴികൾ കൂടുതൽ സുഗമമാകട്ടെ!

നേരിടാനിടയുള്ള ബുദ്ധിമുട്ടുകളും മറികടക്കാനുള്ള മാർഗ്ഗങ്ങളും

●       റിലേഷൻഷിപ്പ് പ്രോബ്ലംസ്/ പ്രിയപ്പെട്ട ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങൾ.

സ്നേഹബന്ധങ്ങളും, സൗഹൃദങ്ങളും, പ്രണയങ്ങളുമൊക്കെ സംഭവിക്കുന്ന പ്രായമായതിനാൽ തന്നെ ഈ സ്നേഹബന്ധങ്ങളിൽ പലപ്പോഴും മുറിവുകളും പ്രശ്നങ്ങളുമുണ്ടാകാനുള്ള സാദ്ധ്യതയും ഏറുന്നു. എന്നാൽ സ്നേഹഹബന്ധങ്ങളിലും സൗഹൃദങ്ങളിലും പ്രണയങ്ങളിലും മാത്രമല്ല കുടുംബ ബന്ധങ്ങളിലും (അച്ഛൻ, അമ്മ, സഹോദരങ്ങൾ, മറ്റ് പ്രിയപ്പെട്ടവർ എന്നിവരുമായും) വിള്ളലുകൾ വീഴാൻ ഇടയുള്ള ഒരു കാലം കൂടിയാണ് ഇതെന്നതാണ് യാഥാർഥ്യം.

എങ്ങനെ മറികടക്കാം: ഏത് ബന്ധങ്ങളിലും വസ്തുതകളെയും പ്രശ്നങ്ങളെയും കൃത്യമായി മനസ്സിലാക്കി മാത്രം പ്രതികരിക്കാൻ ശ്രമിക്കുക. നിലനിൽക്കുന്ന പ്രശ്നങ്ങൾ എല്ലാം തന്നെ പോസ്സിബിളായ വഴികൾ കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കുക. എടുത്തു ചാട്ടം ഒഴിവാക്കുക. ഒരു പ്രശ്നമുണ്ടായാൽ എതിർ വശത്ത് നിൽക്കുന്ന വ്യക്തിയുടെ ഭാഗത്ത് നിന്നുകൂടി കാര്യങ്ങളെ നോക്കിക്കാണാൻ ശ്രമിക്കുക. ബന്ധങ്ങൾക്കിടയിൽ സംഭവിച്ചു പോയ പ്രശ്നത്തിന്റെ പേരിൽ പരിഹരിക്കപ്പെട്ടാലും ഇല്ലെങ്കിലും  മനസ്സിൽ വൈരാഗ്യം സൂക്ഷിക്കാതിരിക്കുക. അനാവശ്യമായ വാശികൾ ഒഴിവാക്കുക.

മാതാപിതാക്കൾ നിങ്ങളുടെ പേർസണൽ കാര്യങ്ങളിൽ കടന്ന് കയറുന്നു എന്ന് നിങ്ങൾക്ക് പലപ്പോഴും തോന്നുന്ന കാലമാണ്. ഈ പ്രായത്തിലുള്ള കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളും സ്വഭാവ വൈകല്യങ്ങളുമൊക്കെ നിങ്ങൾക്ക് സംഭവിച്ചാലോ എന്ന് ഭയന്നാണ് പലപ്പോഴും മാതാപിതാക്കൾ ഈ കടന്ന് കയറ്റം നടത്താറുള്ളത്.  എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങൾ എതിർദിശയിലേക്ക് സഞ്ചരിക്കാറുണ്ട്. പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ വ്യക്തി ജീവിതത്തെ കുറിച്ച് അവരിലും ആത്മവിശ്വാസം പകരാൻ ശ്രമിക്കുക. അതിലൂടെ അവരുടെ പിരിമുറുക്കങ്ങൾ ഇല്ലാതാകുകയും നിങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഇല്ലാതാകുകയും ചെയ്യും.

●       നിരാശകൾ/ഡീസപ്പോയിന്റ്മെന്റുകൾ മാനസികമായി തളർത്തുന്ന കാലം!

വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അവർക്ക് പ്രിയമേറിയ എല്ലാ തലങ്ങളിലും അവസരങ്ങൾ ഏറെ ലഭിക്കുന്ന കാലമായതിനാൽ തന്നെ നഷ്ടങ്ങൾ മൂലമുണ്ടാകുന്ന നിരാശകളുടെ (ഡീസപ്പോയിൻമെന്റ്സ്) എണ്ണവും ആഴവും ഏറുന്നു. അതിൽ പഠനവും, കലയും, കായികവും, സൗഹൃദങ്ങളും പ്രണയവും ഒക്കെ പെടുന്നു.

എങ്ങനെ മറികടക്കാം: കഠിനമായി പരിശ്രമിക്കുക. ആത്മവിശ്വാസത്തോടെ നേരിടുക. എന്നിട്ടും പരാജയം നേരിടുന്ന കാര്യങ്ങളിൽ കൂടുതൽ പരിശ്രമം ആവശ്യമാണെന്ന് തിരിച്ചറിയുക. വീണ്ടും പരിശ്രമിക്കുക. നിരാശ ഒരിക്കലും പരിഹാരമല്ലെന്ന് തിരിച്ചറിയുക. വിജയങ്ങളിൽ സന്തോഷിക്കുക. അഹങ്കരിക്കാതിരിക്കുക. നമുക്ക് അസാധ്യമായ, അനുയോജ്യമല്ലാത്ത കാര്യങ്ങളെ തിരിച്ചറിഞ്ഞ് പിന്മാറാനുള്ള വിവേകം കാട്ടുക. സ്വയം പിന്മാറുന്നതും തോറ്റ് പിന്മാറേണ്ടി വരുന്നതും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. സ്വയം  പിന്മാറുന്നതിൽ നിരാശയ്ക്കോ വൈരാഗ്യത്തിനോ സ്ഥാനമില്ലാതാകും.

●       ആത്മവിശ്വാസവും അപകർഷതാബോധവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ!

വ്യത്യസ്ത തലങ്ങളിലേക്ക് ആഴത്തിൽ സ്വയം നോട്ടമെറിയുന്ന കാലമാണ്. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ ഭാഷയിൽ കുറവുകകളെന്ന് പട്ടികപ്പെടുത്തിയിട്ടുള്ളവയിൽ തങ്ങളും ഉണ്ട് എന്ന തോന്നലിൽ ഉള്ളിൽ അപകർഷതാബോധം വളർന്നു വരാം. സൗന്ദര്യത്തിലും, ജീവിതനിലവാരത്തിന്റെ കാര്യത്തിലും, കഴിവുകളിലുമൊക്കെ ഊന്നിയ അപകർഷതാബോധം പലപ്പോഴും ആത്മവിശ്വാസത്തെ വളരെ ആഴത്തിൽ മോശമായി ബാധിക്കുന്നതിലൂടെ, ‘ഒന്നിനും കൊള്ളാത്തവൻ അല്ലെങ്കിൽ ഒന്നിനും കൊള്ളാത്തവൾ’ എന്ന നിഗമനത്തിൽ സ്വയം എത്തുന്നു. ഒടുവിൽ നല്ല പ്രകടനങ്ങൾ ഒന്നും തന്നെ കാഴ്ച വയ്ക്കാൻ കഴിയാതെ തോറ്റ് പിന്മാറുന്ന കൗമാരവും കലാലയ ജീവിതത്തിന്റെ ഭാഗങ്ങളാണ്.

എങ്ങനെ മറികടക്കാം: ഓർക്കുക- നിങ്ങൾക്ക് നിങ്ങളാകാനാണ് കഴിയുക. കാഴ്ചയിലും, പ്രവർത്തിയിലും, കഴിവുകളിലും, സ്നേഹത്തിലുമൊക്കെ നിങ്ങൾ നിങ്ങൾ തന്നെയാകുന്നു. നിങ്ങളാകാൻ മറ്റാർക്കും ഒരിക്കലും സാധിക്കുന്നതല്ല. ഉള്ളിലെ നന്മയും, പരിശ്രമങ്ങളും, കഴിവുകളും, കഠിനപ്രയത്നങ്ങളുമാണ് ജീവിതവിജയം നിശ്ചയിക്കുന്നത്. എന്തൊക്കെ നിങ്ങളിൽ ഏറെയുണ്ട് എന്ന് മാത്രം നോക്കുക. ഇല്ലായ്മയിലേക്ക് നോക്കി വേദനിക്കാതെ ധൈര്യമായി മുന്നോട്ട് പോകുക. നിങ്ങളുടെ മുതൽക്കൂട്ടായ, നിങ്ങളിലേറെയുള്ള കഴിവുകളെ വികസിപ്പിക്കുക. മികച്ച പ്രകടനം കാഴ്ച വയ്ക്കുക. വിജയം നിങ്ങളുടെ കൂടെയുണ്ടാകും.

●       വഴിതെറ്റുന്ന സൗഹൃദങ്ങൾ!

സമപ്രായത്തിലും പ്രായത്തിനതീതമായതുമായ സൗഹൃദങ്ങൾ ഏറെയുണ്ടാകുന്ന കാലമായതുകൊണ്ട് തന്നെ സൗഹൃദങ്ങളിലൂടെ തെറ്റായ വഴിയിൽ സഞ്ചരിക്കാനുള്ള സാധ്യതയും ഏറുന്നു. കൂടെ ആളുണ്ടെന്ന, കൂട്ടുകാരുണ്ടെന്ന ധൈര്യത്തിൽ അരുതാത്തത് പലതും ചെയ്തുവെന്ന് വരാം. ചിലപ്പോഴെങ്കിലും അനാവശ്യസ്ഥലങ്ങളിൽ സുഹൃത്തുക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന അമിത പ്രോത്സാഹനങ്ങൾ തെറ്റിലേക്കും അബദ്ധങ്ങളിലേക്കും വീണ്ടുവിചാരമില്ലാതെ തിരിയാൻ കാരണമാവാം. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സാഹസികമായ കാര്യങ്ങൾ ചെയ്യുന്നതിൽ ഈ പ്രായത്തിലെ കുട്ടികളുടെ സൗഹൃദങ്ങൾ മുന്നിട്ടിറങ്ങുന്നത്.

എങ്ങനെ മറികടക്കാം:  സൗഹൃദങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എപ്പോഴും ശ്രദ്ധിക്കുക. ചെയ്യാൻ സാധിക്കുന്ന വസ്തുതകൾക്കൊപ്പം ചെയ്യാൻ പാടില്ലാത്തവയെക്കുറിച്ചും കൃത്യമായി മനസ്സിലാക്കുക. കൂട്ടത്തിൽ നിന്ന് വഴിതെറ്റി സഞ്ചരിക്കാൻ ശ്രമിക്കുന്ന വ്യക്തിയെയും ഒറ്റപ്പെടുത്താതെ കാര്യങ്ങൾ കൃത്യമായി ധരിപ്പിച്ച് ചേർത്ത് നിർത്താം. എന്നാൽ തെറ്റായ വഴിയിൽ സഞ്ചരിക്കില്ല എന്ന് സ്വയം തീരുമാനമെടുക്കുക. നിങ്ങളുടെ ‘ക്രിട്ടിക്കൽ തിങ്കിങ്’ കൂടുതലായി ഉപയോഗപ്പെടുത്തേണ്ട സ്ഥലമാണ് ഇത്. മുന്നിലേക്ക് കടന്ന് വരുന്ന ഏതൊരു സാഹചര്യത്തിലും എടുത്ത് ചാട്ടം ഒഴിവാക്കി അനന്തരഫലങ്ങളെ കുറിച്ച് കൂടി കൃത്യമായി മനസ്സിലാക്കി മാത്രം പ്രവർത്തിയ്ക്കുക.

●       ദുശീലങ്ങൾ/സബ്സ്റ്റൻസ് അഡിക്ഷൻ കൂടാതെ മറ്റ് അഡിക്ഷനുകൾക്കുള്ള സാധ്യതയും ഏറുന്നു.

മദ്യപാനം, പുകവലി, എന്നിവയോടൊപ്പം മറ്റ് നിരവധി അനാരോഗ്യകരമായ വസ്തുക്കളുടെ ഉപയോഗത്തിനും അഡിക്ഷൻ/അടിമപ്പെടൽ എന്നിവ സംഭവിക്കുന്നതിനും സാധ്യതയേറുന്നു. ആകാംക്ഷകളും, സൗഹൃദങ്ങളും പലപ്പോഴും പഠനത്തിൽ നിന്ന് വഴിതിരിഞ്ഞ് പുകവലി, മദ്യപാനം മുതലായ ദുശീലങ്ങളിലേക്കും അഡിക്ഷനുകളിലേക്കും കൊണ്ടെത്തിക്കുന്നു. ഒപ്പം സോഷ്യൽ മീഡിയ അഡിക്ഷൻ, സ്ക്രീൻ അഡിക്ഷൻ, ഇന്റർനെറ്റ്‌ ഗെയിമിംഗ് അഡിക്ഷൻ മുതലായ ഇന്നത്തെ കാലത്തിൻറെ വളരെ സാധാരണമായത് എന്ന നിലയിലുള്ള  അഡിക്ഷനുകളിലേക്കും വഴിതിരിയുന്നു.

എങ്ങനെ മറികടക്കാം: ദുശീലങ്ങൾ ആരോഗ്യത്തിന് നല്ലതല്ല എന്നറിയാത്തത് കൊണ്ടല്ല പലരും ദുശീലങ്ങളിലേക്ക് കടക്കുന്നത്. എല്ലാ ദുശീലങ്ങളുടെയും അഡിക്ഷനുകളുടെയും തുടക്കം ഒരു പരിധി വരെ ആകാംക്ഷയും, ഒന്ന് ഉപയോഗിച്ച് നോക്കിക്കളയാം എന്ന ചിന്തയും, സമയം കളയുന്നതിനുള്ള വഴിയും, കൂട്ടുകാരുമൊത്തുള്ള നിമിഷങ്ങൾ കൊഴുപ്പിക്കുന്നതിനുള്ള മാർഗവുമൊക്കെയാണ്. പിന്നീടാണ് അഡിക്ഷൻ എന്ന അവസ്ഥയിലേക്ക് ഇവയ്ക്കൊക്കെ രൂപമാറ്റം സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ അമിതമായി ഇത്തരത്തിലുള്ള എന്തെങ്കിലും പ്രവർത്തിയിലേർപ്പെടാനുള്ള ചിന്തയും താൽപ്പര്യവുമുണ്ടാകുകയോ ആരെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ ഒന്ന് ശ്രമിച്ചു കളയാം എന്ന രീതി ഉപേക്ഷിക്കുക. എന്തെങ്കിലും പ്രത്യേക അഡിക്ഷനുകളുണ്ടാക്കുന്ന വസ്തുക്കളുടെ ഉപയോഗത്തിൽ നിന്നും വിട്ട് നിൽക്കുക. സ്വയം കഴിയാത്ത പക്ഷം ഡോക്ടറുടെ സേവനം തേടുക.

●       ലൈംഗികതയുമായി ബന്ധപ്പെട്ട ആകുലതകളും, ഭയങ്ങളുമേറുന്നു.

ലൈംഗികമായുള്ള ആകുലതകളും ഭയങ്ങളും കുത്തിയൊഴുകുന്ന പ്രായമാണ്. പലപ്പോഴും ഇവയൊന്നും പരിഹരിക്കപ്പെടാതെ ഉള്ളിൽ ശേഷിക്കുകയും. എന്നാൽ കാലം മുന്നോട്ട് പോകുന്തോറും ഉത്തരങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ഹോർമോണുകളിൽ ഉണ്ടാകുന്ന മാറ്റങ്ങളും ആകാംക്ഷകളും പലപ്പോഴും അശ്ലീല സൈറ്റുകളിലേക്കും, അശ്ലീല വീഡിയോ അഡിക്ഷനിലേക്കും കൊണ്ടെത്തിക്കുന്നു. പിന്നീട് ഇതിനൊക്കെ തുടർച്ചയെന്നോണം കണക്കില്ലാത്ത തരത്തിൽ സ്വയംഭോഗം ചെയ്യുകയും സ്വയംഭോഗത്തിന് അടിമപ്പെട്ട് പഠനത്തിലും മറ്റൊന്നിലും ശ്രദ്ധിക്കാൻ കഴിയാതെ കുടുങ്ങിപ്പോകുന്ന തലത്തിലേക്ക് കാര്യങ്ങൾ എത്തിപ്പെടുകയും ചെയ്യുന്നു.

പരിഹാരം: ലൈംഗികതയുമായി ബന്ധപ്പെട്ട ആകുലതകളും, ഭയങ്ങളും ഏറുന്ന കാലത്തിലൂടെയാണ് ഈ പ്രായത്തിൽ ഓരോ കുട്ടിയും കടന്ന് പോകുന്നത്. മുന്നോട്ട് പോകുന്തോറും നിങ്ങളുടെ സംശയങ്ങൾ ഓരോന്നും ദൂരീകരിക്കപ്പെടുന്നതാണ്. സംശയ നിവാരണത്തിന് ഗൂഗിളിന്റെ സേവനം തീർച്ചയായും തേടാവുന്നതാണ്. പക്ഷെ നിങ്ങൾ വിവരങ്ങൾ സെർച്ച് ചെയ്യുന്ന വെബ്സൈറ്റ് നിലവാരം ഉള്ളതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നിങ്ങളുടെ സംശയങ്ങൾ നിലവാരമില്ലാത്ത ഉത്തരങ്ങളിലേക്ക് എത്തിച്ചേരുന്നത് പലപ്പോഴും ഇങ്ങനെയുള്ള സെർച്ചുകളിൽ നിന്ന് ലഭിക്കുന്ന നിലവാരമില്ലാത്ത ഉത്തരങ്ങളിലൂടെയാണ്. ഗൂഗിൾ മാത്രമല്ല പല യൂട്യൂബ് വിഡിയോകളും ഇങ്ങനെ നിലവാരമില്ലാത്ത കണ്ടന്റുകൾ പങ്ക് വയ്ക്കാറുണ്ട്. സ്വയംഭോഗാസക്തി(സ്വയംഭോഗം അഡിക്ഷൻ) പോലെ വളരെ സ്വകാര്യത നിറഞ്ഞ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സൈക്കോളജിസ്റ്റിന്റെ സേവനം തേടവുന്നതാണ്.

ഈ കാലഘട്ടത്തിലൂടെ നിങ്ങൾ കടന്ന് പോകുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട വിഷയങ്ങളാണ് കഴിഞ്ഞ രണ്ട് ലേഖനങ്ങളിലായ് പങ്ക് വച്ചിട്ടുള്ളത്. ഇതോടൊപ്പം കഴിഞ്ഞ കാലങ്ങളിൽ നിന്ന് തുടങ്ങി ഇപ്പോഴും തുടരുന്ന പ്രശ്നങ്ങളും നിങ്ങൾക്കുണ്ടാവാം. ഏത് സമയത്തും നിങ്ങളുടെ കോളേജിൽ ലഭ്യമായിട്ടുള്ള കൗൺസിലറുടെയോ അതല്ലായെങ്കിൽ ഒരു സൈക്കോളജിസ്റ്റിന്റെയോ സേവനം പ്രശ്നപരിഹാരത്തിനായി നിങ്ങൾക്ക് തേടാവുന്നതാണ്.