Nov 9, 2021 • 6M

ആംഗർ മാനേജ്മെന്റിന്റെ ആവശ്യകത

1
 
1.0×
0:00
-6:17
Open in playerListen on);
Episode details
Comments

എന്താണ് ദേഷ്യം/കോപം അഥവാ ആംഗർ?

ദേഷ്യം/കോപം അഥവാ ആംഗർ എന്നത് ഒരു മനുഷ്യന്റെ മറ്റ് വികാരങ്ങളോടൊപ്പം തന്നെ അടയാളപ്പെടുത്തേണ്ട വളരെ സാധാരണമായൊരു വികാരം തന്നെയാകുന്നു.

പലപ്പോഴും വ്യത്യസ്തങ്ങളായ കാരണങ്ങളോട് (ഒരു വ്യക്തിയോടോ, ഒന്നിൽ കൂടുതൽ വ്യക്തികളോടോ, സാഹചര്യങ്ങളോടോ) സംഭവിക്കുന്ന ഒട്ടും സുഖകരമല്ലാത്ത മാനസികാവസ്ഥയിലുള്ള പ്രതികരണമാണ് ദേഷ്യം.

സാധാരണയായി നിരാശയുടെയും, തോൽവിയുടെയും, ഒറ്റപ്പെടലിന്റെയും, മറ്റുവ്യക്തികളാൽ തിരിച്ചറിയപ്പെടാതെ പോകുന്നതിന്റെയും, അഭിപ്രായ വ്യത്യാസങ്ങളുടെയും, എതിർവശത്തെ വ്യക്തിയുടെ/വ്യക്തികളുടെ മോശമായ പെരുമാറ്റത്തിന്റെയുമൊക്കെ പ്രതികരണമാണ് ദേഷ്യം എന്ന വികാരത്തിന്റെ ഉറവിടം. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള സാഹചര്യത്തിൽ ഒരു വ്യക്തിയുടെ മാനസികാവസ്ഥ സാധാരണ നിലയിൽ നിന്നും കൈവിട്ടുപോകുന്നതോ മോശമാകുന്നതോ തിരിച്ചറിയുന്നതിനും പ്രകടിപ്പിക്കുന്നതിനുമുള്ള മാർഗ്ഗം തന്നെയാണ് ദേഷ്യം.

എന്നാൽ ചിലപ്പോഴെങ്കിലും ദേഷ്യം ഭയത്തിന്റെയും അസൂയയുടെയും പ്രതിഫലനമാകാറുണ്ട്. തങ്ങളുടെ ഉള്ളിൽ വ്യത്യസ്തങ്ങളായ കാരണങ്ങളാൽ ഉടലെടുക്കുന്ന ഭയത്തെ മറച്ചു പിടിക്കുന്നതിനും മറികടക്കുന്നതിനും ഒരു ആവരണമെന്നപോൽ ദേഷ്യത്തെ ഉപയോഗിക്കുന്നവരുമുണ്ട്. അസൂയയുടെ കാര്യത്തിലും പലപ്പോഴും ഒരു മറയെന്ന പോലെ ദേഷ്യം പ്രവർത്തിക്കാറുണ്ട്. എന്നാൽ മറ്റ് ചിലപ്പോൾ അസൂയയെ തുടർന്നുണ്ടാകുന്ന മോശമായ മനോനിലയുടെ ഭാഗമായാണ് ദേഷ്യമെന്ന വികാരം ഉടലെടുക്കപ്പെടുന്നത്.

എപ്പോഴാണ് ദേഷ്യം കുഴപ്പക്കാരനാകുന്നത്?

ലിംഗ-പ്രായ ഭേദമന്യേ ഏതൊരു മനുഷ്യനും അനുഭവിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന ദേഷ്യമെന്ന വികാരം അതിന്റെ അതിരുകൾ ഭേദിക്കപ്പെടുമ്പോഴാണ് ദേഷ്യത്തെ പിടിച്ചു കെട്ടേണ്ടതിന്റെ ആവശ്യകത ഉണ്ടാകുന്നത്.

ദേഷ്യം അഥവാ ആംഗർ എന്ന സാധാരണ ഭാവത്തിൽ നിന്നും അഗ്രക്ഷൻ അഥവാ ദേഷ്യത്തിൽ നിന്നാരഭിക്കുന്ന ആക്രമണം എന്ന ആഴമേറിയ അടുത്ത തലത്തിലേക്ക് തിരിഞ്ഞ്- മറ്റ് വ്യക്തികളെ ശാരീരികമായോ മാനസികമായോ ബാധിക്കുന്ന തലത്തിൽ പെരുമാറുന്നതും, ശത്രുതാമനോഭാവം വളർത്തുന്നതും, ക്ഷമയോടെ കേൾക്കുവാൻ തയ്യാറാകാതെ ഷോർട്ട്-ടെമ്പേർഡ് എന്ന അവസ്ഥയിലേക്ക് മാറുന്നതും, വസ്തുക്കൾക്ക് നാശനഷ്ടം വരുത്തുന്ന രീതിയിൽ പെരുമാറുന്നതും, സ്വന്തം ശരീരത്തെ വേദനിപ്പിക്കുന്നതുമൊക്കെ ദേഷ്യം മാനേജ് ചെയ്യപ്പെടേണ്ട തലത്തിലേക്ക് എത്തിപ്പെട്ടുവെന്നതിന്റെ ഓർമ്മപ്പെടുതലാണ്.

അമിത ദേഷ്യം നിങ്ങളുടെ മാനസികരോഗ്യത്തെയും ദിവസങ്ങളെയും എങ്ങനെയൊക്കെ ബാധിക്കാം?

●      നിങ്ങളുടെ മാനസ്സിക സന്തോഷത്തെ തല്ലിക്കെടുത്തുന്നു.

●      ആരോഗ്യകരമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന നിങ്ങളുടെ പ്രിയപ്പെട്ട ബന്ധങ്ങളെ മോശം അവസ്ഥയിലേക്ക് തള്ളിയിടുന്നു.

●      നിങ്ങളുടെ ആത്മവിശ്വാസത്തെ കുറയ്ക്കുന്നു.

●      നിങ്ങളിലെ നിരാശയുടെ അളവ് കുത്തനെ ഉയർത്തുന്നു.

●      കുറ്റബോധം മൂലം ഉത്മേഷക്കുറവുണ്ടാകുന്നു .

●      ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു.

●      ഭയത്തിന് കാരണമാകുന്നു.

●      ജീവിതവിജയങ്ങളുടെ എണ്ണം കുറയ്ക്കുന്നു.

●      ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

●      സ്ട്രെസ്, ആൻക്സൈറ്റി പോലെയുള്ള മാനസികരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

●      ദുശീലങ്ങളുടെ അളവ് കൂട്ടുന്നു.

അമിത ദേഷ്യം ശാരീരികമായുണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെ?

●      ഹൃദയ സ്പന്ദനത്തിന്റെ അളവ് കൂടുന്നു.

●      ശരീരത്തിൽ രക്തയോട്ടം കൂടുന്നു.

●      ശരീരം അമിതമായി വിയർക്കുന്നു.

●      വിറയൽ അനുഭവപ്പെടുന്നു.

●      അഡ്രിനൽ ഗ്ലാൻഡ് സ്ട്രെസ് ഹോർമോണിനെ കൂടുതലായും തുടർച്ചയായും ഉൾപ്പാദിപ്പിക്കുന്നു.

●      ശരീരതാപനില കൂടുന്നു.

●      മസിൽ ടൈറ്റ്നെസ്സ്(മുറുക്കങ്ങൾ) ഉണ്ടാകുന്നു.

●      രക്തസമ്മർദ്ദം ഉയരുന്നു.

അമിത ദേഷ്യം നിങ്ങളുടെ ശാരീരികരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കാം?

അമിത ദേഷ്യം മൂലം സ്ഥിരമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന സ്ട്രെസ് ഹോർമോണുകളും അതുമായി ബന്ധപ്പെട്ട മെറ്റബോളിക് മാറ്റങ്ങളും ചേർന്ന് ശരീരത്തിൽ നിരവധി ആരോഗ്യപ്രശ്ങ്ങൾക്ക് കാരണമാകുന്നുവെന്നാണ് വ്യത്യസ്തങ്ങളായ പഠനങ്ങൾ പറയുന്നത്. അവയെന്തൊക്കെയാണെന്ന് നോക്കാം..

●      തലവേദന.

●      ദഹനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ.

●      വയറ് വേദന

●      ഉറക്കമില്ലായ്മ

●      ആൻക്സൈറ്റി

●      ഡിപ്രഷൻ

●      ഉയർന്ന രക്തസമ്മർദ്ദം

●      ഉയർന്ന രക്തസമ്മർദ്ദം മൂലമുണ്ടാകാവുന്ന സ്ട്രോക്ക്

●      ഹാർട്ടുമായി സംബന്ധിച്ച ആരോഗ്യ പ്രശ്നങ്ങൾ

●      ഇമ്മ്യൂൺ സിസ്റ്റത്തെ ബാധിക്കുന്നു.

●      ദുശീലങ്ങളുടെ അളവ് കൂടുന്നതിലൂടെ ശരീരത്തിലെ അവയവങ്ങളെയൊക്കെയും മോശമായി ബാധിക്കാം.

അമിതദേഷ്യം അഥവാ ആംഗർ മാനേജ്‌മന്റ് എങ്ങനെയൊക്കെ?

ദേഷ്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൈവിട്ടുപോകുന്ന തലത്തിൽ പ്രകടിപ്പിക്കപ്പെടുന്ന ദേഷ്യം ശാരീരികമായും മാനസികമായും ബുദ്ധിമുട്ടിയ്ക്കുന്ന പ്രശ്നങ്ങളിലേയ്ക്ക് തിരിയാതെ സുരക്ഷിതമായ സ്ഥലത്ത് നിലനിർത്തുന്നിടത്താണ് ആംഗർ മാനേജ്മെന്റിന്റെ പ്രസക്തി.

അനാരോഗ്യകരമായ തലത്തിലേക്ക് കടക്കാതെ ദേഷ്യം എങ്ങായൊക്കെ മാനേജ് ചെയ്യാമെന്ന് നോക്കാം.

●   ആരോഗ്യമുള്ള ശരീരത്തിനും ആരോഗ്യമുള്ള മനസ്സിനും കൃത്യമായ വ്യായാമം ആവശ്യമാണ്. ആഴ്ച്ചയിൽ 4 ദിവസമെങ്കിലും കൃത്യമായി വ്യായാമം ചെയ്യുക.

●   റിലാക്സേഷൻ ടെക്‌നിക്കുകൾ ഉൾപ്പെട്ട വ്യായാമങ്ങൾ ശീലമാക്കുക.

●   പഠന-ജോലി തിരക്കുകൾക്കിടയിലും എന്റർടൈൻമെന്റ് നും റിലാക്സേഷനും സമയം കണ്ടെത്തുക.

●   സാധാരണയായി വേഗത്തിൽ ദേഷ്യം തോന്നുന്നവരാണ് നിങ്ങളെങ്കിൽ ആ വസ്തുത ഓർമ്മയിൽ സൂക്ഷിക്കുക. എന്തെങ്കിലും പ്രതികരണമാവശ്യമായ സ്ഥലത്ത് സംയമനത്തോടെ വസ്തുതകൾ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്ത ശേഷം മാത്രം പ്രതികരിക്കുക.

●   പിൽക്കാലത്ത് നഷ്ടങ്ങളോർത്ത് നിരാശ തോന്നാത്ത വിധം കഠിനാധ്വാനം ചെയ്യുക. പരാജയം പലപ്പോഴും പലവിധത്തിൽ ദേഷ്യത്തിനും വൈരാഗ്യത്തിനും കാരണമാകാറുണ്ട്.

●   കടുത്ത ദേഷ്യമുണ്ടാകുമ്പോൾ നിലവിലുള്ള സാഹചര്യങ്ങളിൽ നിന്ന് ഇറങ്ങിപ്പോക്ക് നടത്തുകയും, മനസ്സ് ശാന്തമായ ശേഷം വസ്തുതകൾ തിരിച്ചറിഞ്ഞ് പ്രതികരിക്കുകയും ചെയ്യുക.

●   ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക.

●   ആവശ്യത്തിന് ആരോഗ്യകരമായ രീതിയിൽ ഉറങ്ങുക.

●   ആലോചിച്ച് മാത്രം സംസാരിക്കാൻ ശ്രമിക്കുക.

●   ദേഷ്യം മൂലം ആരെങ്കിലും വേദനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവരോട് ക്ഷമ ചോദിക്കാൻ തയ്യാറാകുക. ശാന്തനായ ശേഷം കഴിഞ്ഞുപോയ സാഹചര്യം വിലയിരുത്തുക. ഈ പ്രവർത്തിയിലൂടെ പാളിച്ച പറ്റുന്ന സാഹചര്യങ്ങൾ വിലയിരുത്താനും മറികടക്കാനും സാധിക്കും.

ഏത് സാഹചര്യത്തിലും സൈക്കോളജിസ്റ്റിന്റെ വിദഗ്ധ സേവനത്തിനായി സമീപിക്കാവുന്നതാണ്.