Jan 17 • 5M

കുടുംബത്തിനും സുഹൃത്തുക്കൾക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ

 
1.0×
0:00
-5:29
Open in playerListen on);
Episode details
Comments

ദേഷ്യം കൈവിട്ടു പോകുമ്പോൾ വിദഗ്ധ സഹായവും ചികിത്സയും തേടേണ്ടത് എങ്ങനെയാണെന്ന് നമ്മൾ കഴിഞ്ഞ ഭാഗത്തിൽ ചർച്ച ചെയ്തു. ഇന്ന് നമുക്ക് ദേഷ്യം മൂലം പ്രശ്നങ്ങൾ അനുഭവിക്കുന്നവരെ തിരിച്ചു കൊണ്ടുവരുന്നതിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വഹിക്കുന്ന പങ്കിനെക്കുറിച്ച് ചർച്ച ചെയ്യാം.

നിങ്ങൾ സ്നേഹിക്കുന്ന ഒരു വ്യക്തി ദേഷ്യം മൂലം പ്രശ്നങ്ങൾ നേരിട്ടാൽ അത് നിങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കും. കാരണം അവർ ചിലപ്പോൾ ആ ദേഷ്യം തീർക്കുന്നത് അവർക്ക് വേണ്ടപ്പെട്ടവരോടോ, അല്ലെങ്കിൽ സ്വയമോ ആയിരിക്കും.

നമ്മുടെ പ്രവൃത്തികളുടെയെല്ലാം ഉത്തരവാദിത്തം നമുക്ക് മാത്രമാണ്. അതു കൊണ്ട് തന്നെ ദേഷ്യത്തെ ഫലപ്രദമായി കൈകാര്യം ചെയ്യേണ്ടതെങ്ങനെ എന്ന് പഠിക്കേണ്ടതും അവർ തന്നെയാണ്.

എങ്കിലും അവരെ ഒരുപാട് കാര്യങ്ങളിൽ നിങ്ങൾക്ക് സഹായിക്കാൻ കഴിയും. അത് എങ്ങനെയെന്ന് നമുക്ക് നോക്കാം.

●      ശാന്തനായി ഇരിക്കുക - നിങ്ങളും ആ സമയം പലവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ടാവാം. എങ്കിലും ശാന്തമായി ഇരിക്കുന്നത് ദേഷ്യം കൈവിട്ടു പോകുന്നത് തടയും.

●      അവരെ കേൾക്കാൻ ശ്രമിക്കുക - നിങ്ങൾക്ക് കഴിയുമെങ്കിൽ അവരെ അനാവശ്യമായി വിലയിരുത്താതെ പറയാനുള്ളത് കേൾക്കുക. അവർ പറയാനുള്ളത് കേൾക്കുന്നുണ്ട് എന്ന തോന്നൽ, മറ്റുള്ളവരുടെ വീക്ഷണങ്ങൾ കേൾക്കുന്നതിലേക്ക് അവരുടെ മനസിനെ എത്തിക്കും.

●      അവർക്ക് സാവകാശം നൽകുക - സംഭാഷണം മുന്നോട്ട് കൊണ്ടു പോകുന്നത് പ്രശ്നം വഷളാക്കുകയാണെന്ന് നിങ്ങൾക്ക് തോന്നിയാൽ അവരുടെ മനസ് ശാന്തമാവാനുള്ള സമയം നൽകുക. അത് തൊട്ടടുത്ത മുറിയിൽ കുറച്ച് സമയം തനിയെ ചെലവിടുന്നതോ അല്ലെങ്കിൽ കുറച്ചു ദിവസങ്ങൾ സമയം നൽകുന്നതോ ആകാം. നിങ്ങൾക്കും അല്പം സാവകാശം ലഭിക്കുന്നത് നിങ്ങൾക്കും കൂടുതൽ ദേഷ്യം വരാതിരിക്കാൻ സഹായിക്കും.

●      കൃത്യമായ അതിരുകൾ ഉണ്ടാവുക - ഇത് ബുദ്ധിമുട്ടായിരിക്കാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാവാം. പക്ഷെ കൃത്യമായ അതിരുകൾ ബന്ധങ്ങളിൽ ഉണ്ടാവേണ്ടത് പ്രധാനമാണ്. ഏത് തരത്തിലുള്ള പെരുമാറ്റമാണ് നിങ്ങൾക്ക് അംഗീകരിക്കാൻ കഴിയുന്നതെന്നും കഴിയാത്തതെന്നും, ആരെങ്കിലും അതിരുകടന്ന രീതിയിൽ പെരുമാറിയാൽ എന്താണ് ചെയ്യേണ്ടതെന്നുമുള്ള വ്യക്തമായ ധാരണ ഉണ്ടാവണം. നിങ്ങളുടെ ക്ഷേമത്തെയോ സുരക്ഷയെയോ ബാധിക്കുന്ന പെരുമാറ്റങ്ങളെ സഹിക്കേണ്ട കാര്യമില്ല.

●      ദേഷ്യത്തിന് പ്രേരകമാവുന്ന സന്ദർഭങ്ങൾ മനസിലാക്കാൻ സഹായിക്കുക - ഇത് മനസ് ശാന്തമായിരിക്കുമ്പോഴും ദേഷ്യത്തിൽ അല്ലാതെയിരിക്കുന്ന സന്ദർഭങ്ങളിലും ശ്രമിക്കാവുന്നതാണ്. ദേഷ്യത്തിന് പ്രേരകമാവുന്ന സന്ദർഭങ്ങൾ കണ്ടെത്തുന്നത് അങ്ങനെയുള്ള സന്ദർഭങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കാൻ സഹായിക്കും. സംസാരിക്കുമ്പോൾ അവരെ വിലയിരുത്തുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. അവർക്ക് ദേഷ്യം ഉണ്ടാവുന്ന സാഹചര്യങ്ങളുടെ ഉദാഹരണങ്ങൾ നൽകാം. എന്നാൽ അതിനെക്കുറിച്ച് ആലോചിക്കുന്നത് അവർക്ക് അസ്വസ്ഥത ഉണ്ടാക്കുമെന്ന കാര്യം നിങ്ങളുടെ മനസിലുണ്ടാവണം.

●      വിദഗ്ധസഹായം തേടാൻ പിന്തുണ നൽകുക - ഉദാഹരണത്തിന് ഡോക്ടറുടെയോ സൈക്കോളജിസ്റ്റിൻ്റെയോ അപ്പോയിൻമെൻ്റ് എടുക്കാൻ സഹായിക്കുകയും ആംഗർ മാനേജ്മെൻ്റ് കോഴ്സുകളെപ്പറ്റി കൂടുതൽ അറിയാൻ സഹായിക്കുകയും ചെയ്യാം.

●      നിങ്ങളുടെ സ്വന്തം ക്ഷേമം ശ്രദ്ധിക്കുക - മറ്റൊരാൾക്ക് സഹായം നൽകുന്നത് ചില സാഹചര്യങ്ങളിൽ ബുദ്ധിമുട്ടായേക്കാം. അതു കൊണ്ട് നിങ്ങളുടെ ക്ഷേമം ശ്രദ്ധിക്കുക.

അവരുടെ പെരുമാറ്റം അധിക്ഷേപകരവും അക്രമാസക്തവുമാണെങ്കിലോ?

ഒരാൾക്ക് ദേഷ്യം വന്നു എന്നതു കൊണ്ട് അവരുടെ പെരുമാറ്റം അക്രമാസക്തമോ അധിക്ഷേപകരമോ ആകണമെന്നില്ല. എന്നാൽ അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ നിങ്ങൾ സുരക്ഷിതരാവുക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അങ്ങനെയുണ്ടായാൽ നിങ്ങൾക്ക് താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.

●      അക്രമാസക്തമായി പെരുമാറുന്ന ഒരാളെ എതിരിടാൻ പോകരുത് - നിങ്ങൾക്ക് സംസാരിക്കണമെങ്കിൽ സന്ദർഭം ശാന്തമാകുന്നത് വരെ കാത്തു നിൽക്കുക.

●      സുരക്ഷാ പദ്ധതി തയ്യാറാക്കുക - ഇതിൽ താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്താം.

* നിങ്ങൾ ഭയപ്പെടുന്ന സാഹചര്യം ഉണ്ടായാൽ സഹായത്തിനായി വിളിക്കാവുന്ന ആളുകളുടെയും, സ്ഥാപനങ്ങളുടെയും ഒരു ലിസ്റ്റ് തയ്യാറാക്കുക.

* സന്ദർഭം ശാന്തമാകുന്നത് വരെ സുഹൃത്തിൻ്റെയോ അയൽക്കാരുടെയോ വീട്ടിൽ താമസിക്കുക. കുട്ടികളെയും മറ്റും നിങ്ങളുടെ കൂടെ കൊണ്ടുപോവുക.

* അത്യാവശ്യ ഘട്ടത്തിൽ അവിടെ നിന്ന് പോകാനായി ഒരു ബാഗ് തയ്യാറാക്കി വെക്കുക.

●      സഹായത്തിനായി പോലീസിനെ വിളിക്കാവുന്നതാണ് - നിങ്ങളുടെയോ, വീട്ടിലുള്ള മറ്റുള്ളവരുടെയോ സുരക്ഷ ഭീഷണിയിലാണെന്ന് തോന്നിയാൽ സഹായത്തിനായി 112 എന്ന നമ്പറിൽ പോലീസിനെ വിളിക്കാവുന്നതാണ്. നിങ്ങളുടെ സുരക്ഷയ്ക്കാണ് അവിടെ സ്നേഹബന്ധങ്ങളേക്കാൾ പ്രാധാന്യം തങ്ങൾക്ക് പ്രശ്നമുണ്ടെന്ന് അംഗീകരിക്കാൻ അവർ തയ്യാറല്ലെങ്കിലോ?

നിങ്ങൾ സഹായിക്കാൻ ശ്രമിക്കുന്ന വ്യക്തി ഒരു പക്ഷേ തൻ്റെ പ്രശ്നം തിരിച്ചറിയാതെയോ അല്ലെങ്കിൽ പ്രശ്നമുണ്ടെന്ന് അംഗീകരിക്കാതെയോ ഇരിക്കാം. ഇത് നിങ്ങൾക്ക് നിരാശയും വിഷമവും ഉണ്ടാവുന്നത് സ്വാഭാവികമാണ്. എന്നാൽ മറ്റൊരാളെ സഹായിക്കുന്നതിൽ എപ്പോഴും പരിമിതിയുണ്ടെന്ന് തിരിച്ചറിയുക.

കുടുംബത്തിനും സുഹൃത്തുക്കൾക്കും ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് നിങ്ങൾക്ക് മനസിലായെന്ന്  പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗത്തിൽ നമുക്ക് പുതിയ ഒരു വിഷയം ചർച്ച ചെയ്യാം.