വിദഗ്ധസഹായം തേടേണ്ടതെങ്ങനെ

  
0:00
-5:59

കഴിഞ്ഞ ഭാഗത്തിൽ നമ്മൾ ദേഷ്യത്തെ ശാശ്വതമായി നിയന്ത്രിക്കുന്നതിനുള്ള ശാശ്വതമായ ചില വഴികളെപ്പറ്റി പറഞ്ഞു. എന്നാൽ നമ്മൾ എത്ര മികച്ച വഴികൾ തേടിയാലും അത് ചിലപ്പോൾ പ്രതീക്ഷിച്ച ഫലം നൽകണം എന്നില്ല. അങ്ങനെ വരുമ്പോൾ നമുക്ക് വിദഗ്ധസഹായം തേടേണ്ടി വരും. അതിനെക്കുറിച്ചാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത്.

ചിലപ്പോൾ നമ്മുടെ ഏറ്റവും ആത്മാർത്ഥമായ ശ്രമങ്ങൾ പോലും പരാജയപ്പെടാം. ആ പരാജയം നമ്മുടെ അവസ്ഥ കൂടുതൽ ദയനീയമാക്കും. അത്തരം സാഹചര്യങ്ങൾ ജീവിതത്തിൽ ഉണ്ടായാൽ നമ്മോട് തന്നെ ആത്മാർത്ഥത പുലർത്തുകയും, സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കി വിദഗ്ധ സഹായം തേടുകയും ചെയ്യണം. എങ്കിലും ദേഷ്യം സഹായം തേടുന്നതിന് ഒരു തടസ്സമായി വരാം.

വിദഗ്ധസഹായം ലഭ്യമാകുന്നതിന് ചിലപ്പോൾ സമയം എടുത്തേക്കാം. ഡോക്ടർമാരും തെറാപ്പിസ്റ്റുകളുമൊക്കെ വളരെ തിരക്കുള്ളവരായതിനാൽ അവരുടെ അടുത്തേക്ക് എത്തിപ്പെടാൻ ഒരുപാട് സമയം കാത്തു നിൽക്കേണ്ടി വരും. നിങ്ങൾക്ക് അർഹിക്കുന്ന ശ്രദ്ധയും പരിഗണനയും ലഭിക്കുന്നില്ല എന്ന തോന്നൽ  നിങ്ങൾക്ക് കൂടുതൽ ദേഷ്യവും നിരാശയും നൽകും.

എന്നാൽ നിങ്ങൾ ആ ദേഷ്യം ആരോഗ്യ പ്രവർത്തകർക്കു നേരെ പ്രകടിപ്പിച്ചാൽ അത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും നിങ്ങൾക്ക് ലഭിക്കേണ്ട സഹായം വൈകാൻ കാരണമാവുകയും ചെയ്യും. സുരക്ഷിതമായി ജോലി ചെയ്യാനുള്ള അവകാശം അവർക്കുണ്ടെന്ന കാര്യം ഓർക്കുക. നിങ്ങളുടെ പെരുമാറ്റം ആക്രോശങ്ങളിലേക്കും ഭീഷണിയിലേക്കും കടന്നാൽ അവർ നിങ്ങളെ സഹായിച്ചില്ല എന്നു വരും.

ദേഷ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കുള്ള വിവിധ തരം ചികിത്സാരീതികളുണ്ട്. ടോക്കിങ് തെറാപ്പി, കൗൺസിലിംഗ്, ആംഗർ മാനേജ്മെൻ്റ് പ്രോഗ്രാമുകൾ, എന്നിവ ലഭ്യമാണ്.

ദേഷ്യം മൂലമുള്ള പ്രശ്നങ്ങൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുമായോ മാനസികാഘാതം ഉണ്ടാക്കിയ ഏതെങ്കിലും അനുഭവങ്ങളുമായോ ബന്ധമുണ്ടെന്ന് തോന്നിയാൽ അതിനുള്ള ചികിത്സ തേടുക. അത് നിങ്ങൾക്ക് ദേഷ്യം നിയന്ത്രിക്കുന്നതിനും സഹായകമാകും.

ടോക്കിംഗ് തെറാപ്പിയും കൗൺസിലിംഗും

പരിശീലനം ലഭിച്ച വിദഗ്ധരുമായി നിങ്ങളുടെ പ്രശ്നങ്ങൾ സംസാരിച്ച് ദേഷ്യത്തിൻ്റെ കാരണം കണ്ടെത്തുകയും അത് നിയന്ത്രിക്കാനുള്ള ഫലപ്രദമായ വഴികൾ മനസിലാക്കുകയുമാണ് ടോക്കിംഗ് തെറാപ്പിയും കൗൺസിലിംഗും വഴി ചെയ്യുന്നത്. നിങ്ങളുടെ വികാരങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാനും ദേഷ്യം ഉണ്ടാവാനിടയുള്ള സാഹചര്യങ്ങളോട് നിങ്ങളുടെ പ്രതികരണം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

ടോക്കിംഗ് തെറാപ്പിയുടെ ലക്ഷ്യങ്ങൾ താഴെ പറയുന്നു.

●       നിങ്ങളെ അനാവശ്യമായി വിലയിരുത്താത്ത ഒരാളുമായി സുരക്ഷിതമായി സംസാരിക്കാനുള്ള സമയവും സ്ഥലവും ലഭിക്കുന്നു.

●       കാര്യങ്ങൾ വ്യക്തമായി അറിയാനും നിങ്ങളെ തന്നെ കൂടുതൽ നന്നായി മനസിലാക്കാൻ സഹായിക്കുന്നു.

●       സങ്കീർണ്ണമായ വികാരങ്ങളെ പരിഹരിക്കാനോ അല്ലെങ്കിൽ അതുമായി പൊരുത്തപ്പെട്ട് ജീവിക്കാനോ സഹായിക്കുന്നു.

●       നിങ്ങളെ ഒരു തരത്തിലും സഹായിക്കാത്ത ചിന്തകളും പ്രവൃത്തികളും തിരിച്ചറിയാൻ സാധിക്കുന്നു.

●       ആവശ്യമെങ്കിൽ മാറ്റത്തിനുള്ള വഴികൾ കണ്ടെത്താൻ സഹായിക്കുന്നു.

ദേഷ്യം കാരണമുള്ള പ്രശ്നങ്ങളെ നേരിടാനായി വിവിധ തരത്തിലുള്ള ടോക്കിംഗ് തെറാപ്പികൾ നിലവിലുണ്ട്.

●       കൗൺസിലിംഗ് എന്തെങ്കിലും പ്രത്യേക പ്രശ്നം പരിഹരിക്കുന്നതിനുള്ള ഒരു ഹ്രസ്വകാല ചികിത്സയാണ്. ഉദാഹരണത്തിന് - നിങ്ങളുടെ ജീവിത പങ്കാളിയുമായോ അല്ലെങ്കിൽ സഹപ്രവർത്തകരുമായോ ഉണ്ടായ പ്രശ്നങ്ങൾ. അത്തരം സാഹചര്യങ്ങൾ വ്യത്യസ്തമായി എങ്ങനെ കൈകാര്യം ചെയ്യാമെന്ന് കൗൺസിലിംഗിലൂടെ പഠിപ്പിക്കുന്നു. ചില ജോലിസ്ഥലങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ക്ലിനിക്കുകളുമൊക്കെ സൗജന്യമായി അല്ലെങ്കിൽ കുറഞ്ഞ ചെലവിൽ തങ്ങളുടെ ജീവനക്കാർക്കും, വിദ്യാർത്ഥികൾക്കും പ്രദേശവാസികൾക്കുമൊക്കെ കൗൺസിലിംഗ് നൽകുന്നുണ്ട്.

●       സൈക്കോ തെറാപ്പി കൗൺസിലിംഗിനെ അപേക്ഷിച്ച് നീണ്ടു നിൽക്കുന്ന ചികിത്സാരീതിയാണ്. മുൻകാല അനുഭവങ്ങളെ ഇതിൽ ആഴത്തിൽ വിശകലനം ചെയ്യുന്നു. ഇതിൽ നിങ്ങൾക്ക് ദേഷ്യം ഉണ്ടാവാനിടയുള്ള സാഹചര്യങ്ങൾ, നിങ്ങൾ എന്തുകൊണ്ടാണ് അങ്ങനെ ദേഷ്യം പ്രകടിപ്പിച്ചത് എന്നൊക്കെ മനസിലാക്കാനായി നിങ്ങളെപ്പറ്റി സ്വയം കൂടുതൽ പഠിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

●       കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) കൃത്യമായ ഘടനയുള്ള ഹ്രസ്വകാല ടോക്കിംഗ് തെറാപ്പിയാണ്. ഇതിലൂടെ നിങ്ങളുടെ ചിന്തകൾ, വികാരങ്ങൾ, പെരുമാറ്റങ്ങൾ എന്നിവ എങ്ങനെയാണ് പരസ്പരം സ്വാധീനിക്കുന്നത് എന്ന് വിലയിരുത്തുകയും അതിൽ മാറ്റങ്ങൾ വരുത്താനുള്ള പ്രായോഗിക കഴിവുകൾ പഠിപ്പിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് CBT ടെക്നിക്കുകൾ സെൽഫ് ഹെൽപ്പ് ബുക്കുകളിൽ നിന്നും ഓൺലൈനിൽ നിന്നും പഠിക്കാവുന്നതാണ്.

ആംഗർ മാനേജ്മെൻ്റ് പ്രോഗ്രാമുകളും അക്രമാസക്തവും അധിക്ഷേപകരവുമായ പെരുമാറ്റത്തിനുള്ള സഹായവും

നിങ്ങൾ ദേഷ്യം അക്രമാസക്തവും അധിക്ഷേപകരവുമായ രീതിയിൽ പ്രകടിപ്പിക്കുകയാണെങ്കിൽ ഉടൻ തന്നെ വിദഗ്ധ സഹായം തേടണം. ഇത്തരത്തിലുള്ള പെരുമാറ്റം മാറ്റുന്നതിന് സഹായം തേടേണ്ടത് ആവശ്യമാണ്. അതു കൊണ്ട് സഹായം തേടുന്നതിന് മടി കാണിക്കരുത്.

ദേഷ്യം ഫലപ്രദമായി കൈകാര്യം ചെയ്യാനായി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ള ടോക്കിംഗ് ട്രീറ്റ്മെൻ്റുകളാണ് ആംഗർ മാനേജ്മെൻ്റ് പ്രോഗ്രാമുകൾ. ഇതിൽ ഗ്രൂപ്പായിട്ടായിരിക്കും കൂടുതൽ പ്രവർത്തനങ്ങളെങ്കിലും ഒറ്റയ്ക്കുള്ള സെഷനുകളും ഉണ്ടാവും. കൗൺസിലിംഗിൻ്റെയും CBT യുടെയും ടെക്നിക്കുകൾ ഇതിൽ ഉപയോഗിക്കും.

നിങ്ങൾക്ക് നിങ്ങളുടെ സൈക്കോളജിസ്റ്റുമായോ ഡോക്ടറുമായോ സംസാരിച്ച് ആങ്കർ മാനേജ്മെൻ്റ് പ്രോഗ്രാമുകളിൽ പങ്കെടുക്കാവുന്നതാണ്.

ആംഗർ മാനേജ്മെൻ്റ് പ്രോഗ്രാമുകൾ മനശാസ്ത്ര ക്ലിനിക്കുകളിലും കൗൺസിലിംഗ് സെൻ്ററുകളിലും ഗവൺമെൻ്റ് - പ്രൈവറ്റ് ആശുപത്രികളിലും ലഭ്യമാണ്.

മനശാസ്ത്ര വിദ്യാഭ്യാസം,ടോക്കിംഗ് തെറാപ്പി, കൗൺസിലിംഗ്, കൊഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി, റിലാക്സേഷൻ തെറാപ്പി, മനസിന് ആശ്വാസം നൽകുന്ന വിവിധ വിനോദ പരിപാടികൾ എന്നിവ ഇതിൻ്റെ ഭാഗമാണ്.

അടുത്ത ഭാഗത്തിൽ നമുക്ക് ദേഷ്യം മൂലം പ്രശ്നങ്ങൾ നേരിടുന്നവരുടെ ബന്ധുക്കളും സുഹൃത്തുക്കളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാം. ദേഷ്യം തോന്നുമ്പോൾ ദീർഘനിശ്വാസം എടുക്കുക, സഹായം തേടണം എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും സഹായം തേടുക.