ദേഷ്യം. ഇത് മനുഷ്യർക്കെല്ലാമുണ്ടാവുന്ന സാധാരണ വികാരമാണ്. ശരിയല്ലേ? ഇന്ന് ഞാൻ എൻ്റെ ഓഫീസിലേക്ക് കാറോടിച്ച് വരുമ്പോൾ ഒരു ബൈക്ക് യാത്രക്കാരൻ അലക്ഷ്യമായി ഇടതു വശത്തുകൂടി എൻ്റെ കാറിനെ മറികടക്കുകയും വേഗത്തിൽ വാഹനമോടിച്ചു പോവുകയും ചെയ്തു. ഈ നിരുത്തരവാദപരമായ പെരുമാറ്റത്തിൽ എനിക്ക് വല്ലാത്ത ദേഷ്യം തോന്നി. പെട്ടെന്നാണ് എനിക്ക് ദേഷ്യം വന്നത്. നിങ്ങൾക്കും നിങ്ങളുടെ ജീവിതത്തിൽ ഇത്തരമൊരനുഭവം ഉണ്ടായിട്ടില്ലേ? നിങ്ങൾക്ക് അവസാനമായി ദേഷ്യം തോന്നിയ സന്ദർഭം ഏതായിരുന്നു? ജീവിതത്തിൽ പല സന്ദർഭങ്ങളിലും നമുക്ക് ദേഷ്യം വരാറുണ്ട്. നമ്മൾ മനസിലാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ദേഷ്യം എന്നത് സാധാരണമായ മാനുഷിക വികാരമാണ് എന്ന വസ്തുതയാണ്. ദേഷ്യം എന്ന വികാരം നമുക്കും നമുക്ക് ചുറ്റുമുള്ളവർക്കും സാധാരണയായി ഉണ്ടാവാറുള്ളതും, എന്നാൽ ദേഷ്യം തരുന്ന അനുഭവത്തോട് താൽപ്പര്യക്കുറവുള്ളവരും ആണ്. എങ്കിലും എല്ലാവർക്കും ഇത് ഉണ്ടാവുന്നുണ്ട് എന്ന കാര്യം, ദേഷ്യം സാധാരണവും ആരോഗ്യകരവുമായ ഒരു വികാരമാണെന്ന സത്യം മനസിലാക്കാൻ സഹായിക്കും. നമ്മൾ ആക്രമിക്കപ്പെടുമ്പോഴോ, ചതിക്കപ്പെടുമ്പോഴോ, നിരാശരാകുമ്പോഴോ, മറ്റൊരാൾ നീതിയുക്തമല്ലാത്ത രീതിയിൽ പെരുമാറുമ്പോഴോ നമുക്ക് ദേഷ്യം അനുഭവപ്പെടാം.
ദേഷ്യം എപ്പോഴും മോശമായ ഒരു കാര്യവല്ല എന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്. ചിലപ്പോൾ അത് നമുക്ക് സഹായകരമായേക്കാം. ഉദാഹരണത്തിന് ചില സമയങ്ങളിൽ ദേഷ്യം തോന്നുന്നത് നമ്മുടെ പ്രശ്നങ്ങൾ മനസിലാക്കാനും നമ്മെ വേദനിപ്പിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് തിരിച്ചറിയാനും നമ്മെ സഹായിക്കും. ദേഷ്യം തോന്നുന്നത് നമ്മുടെ ജീവിതത്തിൽ ചില പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്താൻ നമ്മളെ പ്രചോദിപ്പിക്കും. അപകടകരമായ സാഹചര്യങ്ങളിൽ അധിക ഊർജ്ജം നൽകി സ്വയം സുരക്ഷിതരാക്കാനും പ്രതിരോധിക്കാനും ദേഷ്യം നമ്മെ സഹായിക്കും.
നമ്മളിൽ ഭൂരിഭാഗം പേരും നമുക്ക് തന്നെ കൈകാര്യം ചെയ്യാൻ കഴിയുന്ന, നമ്മുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്താത്തത്ര അളവിൽ ദേഷ്യം അനുഭവിക്കാറുണ്ട്.
ദേഷ്യം മനസിലാക്കാനും പ്രകടിപ്പിക്കാനും കൈകാര്യം ചെയ്യാനും ആരോഗ്യകരമായ വഴികൾ പഠിക്കുന്നത് നമ്മുടെ ശാരീരിക-മാനസിക ആരോഗ്യം നിലനിർത്താൻ ആവശ്യമാണ്.
ദേഷ്യം മൂലമുണ്ടാവുന്ന പൊട്ടിത്തെറികൾ കൈകാര്യം ചെയ്യാനുള്ള ചില പൊടിക്കൈകൾ ഈ സീരിസിൻ്റെ വരും ഭാഗങ്ങളിൽ നമുക്ക് ചർച്ച ചെയ്യാം. നമുക്ക് ഇപ്പോൾ ദേഷ്യം എപ്പോഴാണ് ഒരു പ്രശ്നമായി മാറുന്നതെന്നും എന്തൊക്കെ ലക്ഷണങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നും നോക്കാം.
ദേഷ്യം വലിയ ഒരു പ്രശ്നമാകാം
നിയന്ത്രണാതീതവും നിങ്ങളെയും ചുറ്റുമുള്ളവരെയും വേദനിപ്പിക്കുകയും ചെയ്യുമ്പോഴാണ് ദേഷ്യം ഒരു പ്രശ്നമായി മാറുന്നത്. നിങ്ങൾ ദേഷ്യം അപകടകരമായ പെരുമാറ്റത്തിലൂടെ പ്രകടിപ്പിക്കുമ്പോൾ, ദേഷ്യം നിങ്ങളുടെ മാനസിക- ശാരീരിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമ്പോൾ, നിങ്ങളുടെ ചുറ്റുമുള്ള എല്ലാത്തിനോടും ദേഷ്യം പ്രകടിപ്പിക്കുമ്പോൾ, മറ്റുള്ളവരുടെ വികാര- വിചാരങ്ങൾ മനസിലാക്കാനുള്ള കഴിവ് നഷ്ടപ്പെടുമ്പോൾ, ദേഷ്യം പ്രകടിപ്പിക്കാനും കൈകാര്യം ചെയ്യാനുമുള്ള ആരോഗ്യകരമായ രീതികൾ ഇല്ലാതിരിക്കുമ്പോഴെല്ലാം ദേഷ്യം വലിയ പ്രശ്നമായി മാറാറുണ്ട്.
"എൻ്റെ നെഞ്ചിൽ കത്തി ജ്വലിക്കുന്ന ഒരു തീ ഗോളം എൻ്റെ വാക്കുകളിലൂടെ പുറത്ത് വന്ന് എനിക്ക് ചുറ്റുമുള്ളവരെ പൊളളിക്കുന്നു."
ദേഷ്യത്തിലിരിക്കുമ്പോൾ നിങ്ങൾ എങ്ങനെയാണ് പെരുമാറുന്നത്
നിങ്ങൾ ദേഷ്യപ്പെട്ടിരിക്കുമ്പോൾ എങ്ങനെ പെരുമാറുന്നു എന്നത് നിങ്ങളുടെ വികാരങ്ങളെ മനസിലാക്കാനും അതിനോട് പൊരുത്തപ്പെടാനും പ്രകടിപ്പിക്കാനുമുള്ള നിങ്ങളുടെ കഴിവിനെ അനുസരിച്ചിരിക്കുന്നു.
എല്ലാവരും ഒരേ രീതിയിലല്ല ദേഷ്യം പ്രകടിപ്പിക്കുന്നത്. ചില രീതികൾ അവരെ ഒരു തരത്തിലും സഹായിക്കുന്നുമില്ല. ഉദാഹരണത്തിന് നിങ്ങൾ ദേഷ്യം പുറമെ പ്രകടിപ്പിക്കുന്ന രീതിക ഉല്ല ഉറക്കെ സംസാരിക്കുന്നതും ആക്രോശിക്കുന്നതും സാധനങ്ങൾ എടുത്തെറിയുന്നതും മറ്റുള്ളവരെ ഉപദ്രവിക്കുന്നതും ചീത്ത വിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമൊക്കെ.
എന്നാൽ ചില സമയങ്ങളിൽ നിങ്ങൾ നിങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, നിങ്ങളെ സന്തോഷിപ്പിക്കുന്ന മറ്റ് കാര്യങ്ങൾ എന്നിവയിൽ നിന്ന് അകലം പാലിക്കുകയും സ്വയം വേദനയേൽപ്പിക്കുകയും ചെയ്ത് ദേഷ്യം പ്രകടിപ്പിക്കാറുണ്ട്.
മറ്റു ചില സമയങ്ങളിൽ പ്രകടമായി ദേഷ്യം കാണിച്ചില്ലെങ്കിലും ആളുകളെ അവഗണിച്ച്, അവരോട് സംസാരിക്കാതെയിരുന്ന്, ജോലികൾ ചെയ്യാൻ വിസമ്മതിച്ച്, ചെയ്യുന്ന കാര്യങ്ങൾ വളരെ മോശമായോ അല്ലെങ്കിൽ എറ്റവും അവസാന നിമിഷമോ ചെയ്യുക, പുച്ഛത്തോടെയോ മുഖം വീർപ്പിച്ചോ സംസാരിക്കുക എന്നിവ ദേഷ്യം പ്രകടിപ്പിക്കുന്ന രീതിയാണ്.
"എൻ്റെ മനസ് ആകെ ശൂന്യമായി ഞാനറിയാതെ തന്നെ എൻ്റെ ദേഷ്യം എന്നോടോ എൻ്റെ ചുറ്റുമുള്ള വസ്തുക്കളോടോ തീർക്കുന്നു. എൻ്റെ പ്രവൃത്തി എത്ര വിനാശകരമായിരുന്നു എന്ന് തൊട്ടടുത്ത നിമിഷം വരെ ഞാനറിയുന്നില്ല. "
ദേഷ്യം പുറമെ ആക്രമണ സ്വഭാവത്തോടെയും ആക്രോശത്തോടെയും പ്രകടിപ്പിക്കുന്നത് നിങ്ങളുടെ ചുറ്റുമുള്ളവർക്ക് - പ്രത്യേകിച്ച് കുട്ടികൾക്ക് അങ്ങേയറ്റം ഭയാനകമായ ഒരു അനുഭവമായിരിക്കും. ഇതിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകാം. നിങ്ങൾക്ക് കുടുംബം നഷ്ടപ്പെടാം, ജോലി നഷ്ടപ്പെടാം, നിയമപരമായി നടപടികൾ നേരിടേണ്ടി വരാം.
ദേഷ്യം മൂലം നിരന്തരമായി പ്രശ്നങ്ങൾ നേരിടേണ്ടി വന്നാൽ ചികിത്സ തേടേണ്ടത് ആവശ്യമാണ്.
നിങ്ങൾ ദേഷ്യം മറ്റുള്ളവരോട് പ്രകടിപ്പിക്കാത്ത, ശബ്ദം പോലും ഉയർത്താത്ത ഒരാളാണെങ്കിലും ദേഷ്യം മൂലമുള്ള പെരുമാറ്റങ്ങൾ ഉണ്ടെന്നും അത് നിങ്ങൾക്ക് ഒരു പ്രശ്നമാണെന്നും മനസിലാക്കാൻ സാധിക്കും. ഉദാഹരണത്തിന്, നിങ്ങൾ ദേഷ്യം നിങ്ങളുടെ ഉള്ളിലടക്കി സ്വയം ഉപദ്രവിക്കുകയും അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കുകയും ചെയ്യും.
"ഞാൻ ദേഷ്യം മനസിൽ അടക്കിപ്പിടിച്ച് സ്വയം ഉപദ്രവിച്ച് എന്നെത്തന്നെ ശിക്ഷിക്കുന്നു."
നിങ്ങൾ സ്വയം മുറിവേൽപ്പിക്കാൻ തുടങ്ങുകയാണെങ്കിൽ ഉടൻ തന്നെ ഒരു മാനസികാരോഗ്യ വിദഗ്ധൻ്റെ സഹായം തേടുക.
നിങ്ങൾ അറിഞ്ഞിരിക്കേണ്ട ലക്ഷണങ്ങൾ
ദേഷ്യം പലർക്കും പല രീതിയിലാണ് അനുഭവപ്പെടുന്നത്. താഴെ പറഞ്ഞിരിക്കുന്നവയിൽ ചില ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെട്ടേക്കാം, അതു പോലെ തന്നെ താഴെ പറഞ്ഞിരിക്കുന്നവയല്ലാതെയുള്ള അനുഭവങ്ങളും ഉണ്ടായേക്കും. ഇതൊക്കെ സാധാരണയായി കണ്ടു വരുന്ന ശ്രദ്ധ നൽകേണ്ട ലക്ഷണങ്ങളാണ്.
നിങ്ങളുടെ ശരീരത്തെ സംബന്ധിച്ചിടത്തോളം വയറ്റിൽ അസ്വസ്ഥത, നെഞ്ചിൽ ഞെരുക്കം, വേഗത്തിലുള്ള ഹൃദയമിടിപ്പ്, കാലുകളിൽ ബലക്ഷയം, പേശികളിൽ പിരിമുറുക്കം, ചൂട് അനുഭവപ്പെടൽ, ടോയ്ലറ്റിൽ പോകാനുള്ള ത്വര, വിയർക്കാൻ തുടങ്ങുക പ്രത്യേകിച്ച് കൈപ്പത്തികൾ, നങ്ങളുടെ തല ഇടിക്കുന്ന പോലെ തോന്നുക, വിറയലും തലകറക്കവും തുടങ്ങി അനേകം ലക്ഷണങ്ങൾ ഉണ്ടാകാം.
നിങ്ങളുടെ മനസിനെ സംബന്ധിച്ചിടത്തോളം ടെൻഷൻ ഉണ്ടാവുക, പരിഭ്രാന്തി തോന്നുകയോ വിശ്രമിക്കാൻ കഴിയാതിരിക്കുകയോ ചെയ്യുക, കുറ്റബോധം തോന്നുക, ചില ആളുകളോടോ സാഹചര്യങ്ങളോടോ നീരസം തോന്നുക, പെട്ടെന്ന് പ്രകോപിതരാകുക, അപമാനിക്കപ്പെടുന്നതായി തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.
ഈ അടയാളങ്ങൾ മനസിലാക്കുന്നത് വളരെ പ്രധാനമാണ്. കാരണം ഇവ മനസിലാക്കിയെങ്കിൽ മാത്രമേ അത്തരമൊരു സാഹചര്യത്തിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് മുൻകൂട്ടി ചിന്തിക്കാൻ കഴിയൂ.
ദേഷ്യം കത്തി നിൽക്കുന്ന ആ നിമിഷത്തിൽ ഇങ്ങനെ ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിലും എത്ര നേരത്തെ നിങ്ങൾ അത് തിരിച്ചറിയുന്നുവോ, ദേഷ്യം കൈകാര്യം ചെയ്യാൻ അത്രയും തന്നെ എളുപ്പമായിരിക്കും.
"ദേഷ്യം കൈകാര്യം ചെയ്യാനായി എനിക്ക് ലഭിച്ച ഏറ്റവും നല്ല ഉപദേശം ഇതാണ്: ദേഷ്യം തോന്നുമ്പോൾ അത് പ്രകടിപ്പിക്കുന്നതിന് മുൻപ് ഒരു നിമിഷം ആ സമയം ഞാൻ അനുഭവിക്കുന്ന സങ്കടം എന്താണെന്ന് സ്വയം ചോദിക്കുക. എൻ്റെ തന്നെ വേദനയോട് എനിക്ക് അനുകമ്പ തോന്നുന്നത് മറ്റുള്ളവരിൽ ആ ദേഷ്യം പുറത്തെടുക്കുന്നതിൽ നിന്ന് എന്നെ തടയും.''
അടുത്ത അധ്യായത്തിൽ നമുക്ക് ദേഷ്യത്തിൻ്റെ കാരണങ്ങൾ എന്തൊക്കെയാണെന്നും പൊട്ടിത്തെറികൾ ഒഴിവാക്കാൻ എന്തൊക്കെ ചെയ്യണമെന്നും നമുക്ക് ചർച്ച ചെയ്യാം. അതു വരെ, നിങ്ങൾക്ക് ദേഷ്യം കൂടുന്നുവെന്ന് തോന്നുമ്പോൾ കുറച്ച് തവണ ദീർഘശ്വാസം എടുക്കുക.