Jan 3 • 7M

ദേഷ്യത്തെ കൈകാര്യം ചെയ്യാനുള്ള ശാശ്വതമായ വഴികൾ

1
 
1.0×
0:00
-7:13
Open in playerListen on);
Episode details
Comments

ദേഷ്യം എന്താണെന്നും അതിൻ്റെ ചില ലക്ഷണങ്ങളെന്തൊക്കെയാണെന്നും കഴിഞ്ഞ ഭാഗങ്ങളിൽ നമ്മൾ ചർച്ച ചെയ്തു. ദേഷ്യത്തിൻ്റെ കാരണങ്ങളും നമ്മുടെ വികാരങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള ചില പൊടിക്കൈകളും നമ്മൾ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇന്ന് നമുക്ക് ദേഷ്യം കൈകാര്യം ചെയ്യാനുള്ള ചില ശാശ്വതമായ വഴികളെപ്പറ്റി പഠിക്കാം.

ദേഷ്യത്തെ ശാശ്വതമായി കൈകാര്യം ചെയ്യാനുള്ള വഴികളെ സ്വാധീനിക്കുന്ന കുറച്ചു കാര്യങ്ങളുണ്ട്. ആദ്യമായി ദേഷ്യത്തിന് പ്രേരകമാവുന്ന സന്ദർഭങ്ങളേതൊക്കെയാണെന്ന് അറിഞ്ഞിരിക്കണം. നിങ്ങളുടെ മനസ്സിനെ സൂക്ഷ്മമായി വിലയിരുത്തുകയും നിങ്ങളുടെ ചിന്താരീതികളെ മനസിലാക്കുകയും വേണം. നിങ്ങളുടെ ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തണം. അവസാനമായി, നമ്മൾ നേരത്തെ പറഞ്ഞ ഘടകങ്ങൾക്കനുസരിച്ച് ജീവിത രീതികളിൽ മാറ്റം വരുത്തുകയും വേണം.

ദേഷ്യത്തിന് പ്രേരകമാവുന്ന സന്ദർഭങ്ങൾ

നിങ്ങളുടെ ദേഷ്യത്തിന് പ്രേരകമാവുന്ന സന്ദർഭങ്ങൾ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾക്ക് അതിനെ നേരിടാനുള്ള വഴികൾ വികസിപ്പിക്കാൻ ഈ അറിവ് നിങ്ങളെ സഹായിക്കും. ഉദാഹരണത്തിന്, നിങ്ങൾക്ക് ദേഷ്യം ഉണ്ടാക്കുന്ന സന്ദർഭങ്ങൾ നേരത്തെ അറിയുന്നത് ആ സാഹചര്യം ഉണ്ടായാൽ എങ്ങനെ പ്രതികരിക്കണമെന്ന് മുൻകൂട്ടി തീരുമാനിക്കാൻ കഴിയും.

നിങ്ങൾ ദേഷ്യം തോന്നുന്ന സന്ദർഭങ്ങൾ ഒരു ഡയറിയിൽ എഴുതി സൂക്ഷിക്കുന്നത് സഹായകമാകും. ഡയറിയെഴുതുമ്പോൾ നിങ്ങളുടെ മനസിലുണ്ടാവേണ്ട ചില ചോദ്യങ്ങളുണ്ട്.

●        എന്തായിരുന്നു സാഹചര്യം?

●       നിങ്ങൾക്ക് ദേഷ്യം വരുന്ന രീതിയിൽ ആരെങ്കിലും എന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്തോ?

●       നിങ്ങൾക്ക് എന്താണ് ആ നിമിഷം മനസിൽ അനുഭവപ്പെട്ടത്?

●       നിങ്ങൾ എങ്ങനെയാണ് പ്രതികരിച്ചത്?

●       നിങ്ങൾക്ക് അതിന് ശേഷം എന്താണ് തോന്നിയത്?

നിങ്ങൾ ഇത് പോലെ നോട്ടുകൾ എഴുതുന്നത് ശീലിച്ചാൽ ഒരു പാറ്റേൺ രൂപപ്പെട്ടു വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.

നിങ്ങളുടെ ചിന്താരീതികൾ മനസിലാക്കുക

നിങ്ങൾ ദേഷ്യപ്പെടുമ്പോഴോ അസ്വസ്ഥനാകുമ്പോഴോ നിങ്ങൾ താഴെ പറയുന്ന പോലെ ചിന്തിക്കുകയോ പറയുകയോ ചെയ്യും.

●       " ഇതെല്ലാം അവരുടെ തെറ്റാണ്."

●       "അവർ ഒരിക്കലും പറഞ്ഞാൽ കേൾക്കില്ല."

●       "എനിക്കെപ്പോഴും ഇത് തന്നെയാണ് വിധി."

●       " മറ്റുള്ളവർ ശരിയായി പെരുമാറണം."

ഒരു കാര്യം ഓർക്കുന്നത് വളരെ നല്ലതാണ് - സന്ദർഭം നല്ലതോ മോശമോ ആവട്ടെ - അത് നിങ്ങളുടെ കാഴ്ചപ്പാടിൽ മാത്രമല്ല, മറ്റ് പല കാഴ്ചപ്പാടുകളിൽ നിന്നും കാണാനും മനസിലാക്കാനും സാധിക്കണം.

"എപ്പോഴും ", "ഒരിക്കലുമില്ല", "ചെയ്തിരിക്കണം" തുടങ്ങിയ പദങ്ങൾ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നത് നിങ്ങളുടെ അവസ്ഥ കൂടുതൽ മോശമാക്കും. കാര്യങ്ങൾ എപ്പോഴും ശരി, തെറ്റ് എന്ന് വേർതിരിക്കാനാവില്ല.

ഈ വാക്കുകൾക്കു പകരം "ചിലപ്പോഴൊക്കെ ", "ചെയ്യാമായിരുന്നു" എന്നീ വാക്കുകൾ ഉപയോഗിക്കുന്നത് ആ അവസ്ഥയിൽ സഹായകമാകും. മൃദുവായ വാക്കുകൾ ഉപയോഗിക്കുന്നത് നെഗറ്റീവ് ചിന്തകളെയും ഇതെല്ലാത്തിൻ്റെയും അവസാനമാണ് എന്ന രീതിയിലുള്ള ചിന്തകളെയും അകറ്റി സന്ദർഭത്തെ വിശകലനം ചെയ്യാനുള്ള സാവകാശം നൽകും.

ആശയ വിനിമയ കഴിവുകൾ വികസിപ്പിക്കുക

നിങ്ങൾ ദേഷ്യത്തിൽ പരമാവധി ഉറക്കെ ആക്രോശിക്കുമ്പോൾ നിങ്ങളുടെ ശരിയായ വികാര- വിചാരങ്ങൾ പ്രകടിപ്പിക്കാനുള്ള സാധ്യത കുറവാണ്. ഇങ്ങനെയുള്ള സാഹചര്യത്തിൽ കേട്ടു നിൽക്കുന്നവർ നിങ്ങൾക്ക് പറയാനുള്ളത് കേൾക്കുന്നതിന് പകരം നിങ്ങളുടെ ദേഷ്യത്തിൽ മാത്രം ശ്രദ്ധിക്കുന്നത് സാഹചര്യം കൂടുതൽ വഷളാക്കും. നിങ്ങൾക്ക് ദേഷ്യം വരാനുള്ള കാരണം പരിഹരിക്കപ്പെടാതെ കിടക്കും. കാരണം അവിടെ പ്രശ്നത്തെപ്പറ്റി ആത്മാർത്ഥമായ ആശയ വിനിമയം നടക്കുന്നില്ല. പകരം അത് വാക്ക് തർക്കങ്ങളിലേക്കും ചില അവസരങ്ങളിൽ കൈയ്യാങ്കളിയിലേക്കും നീങ്ങുന്നു. പ്രശ്നങ്ങൾ ഒന്നും പരിഹരിക്കപ്പെടുന്നില്ല.

ഇങ്ങനെയുള്ള അവസരങ്ങളിൽ നിങ്ങളുടെ ചിന്തകളും വികാരങ്ങളും മാന്യമായും ഉറപ്പോടെയും പറയുക.

വികാരങ്ങൾക്കു പകരം വസ്തുതകൾക്ക് പ്രാധാന്യം നൽകുക.

വസ്തുതകൾ മുൻനിർത്തി ശാന്തമായി സംസാരിക്കുമ്പോൾ മറ്റുള്ളവർ നിങ്ങളെ മനസിലാക്കാൻ സാധ്യത കൂടുതലാണ്.

ശാന്തമായും ഉറപ്പോടെയും സംസാരിക്കുന്നത് ആശയവിനിമയം എളുപ്പമാക്കുകയും സന്ദർഭങ്ങൾ കൈവിട്ട് പോകുന്നത് തടയുകയും ചെയ്യുന്നു. ബന്ധങ്ങൾ നിലനിർത്തുന്നതിനും ഇത് നല്ലതാണ്.

എന്നാൽ അങ്ങനെയുള്ള ആശയവിനിമയം തുടക്കത്തിൽ എളുപ്പമാവണമെന്നില്ല. അതിനായി കുറച്ചു വഴികൾ ഇനി പറയുന്നു.

●       നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന ഫലത്തെക്കുറിച്ച് ചിന്തിക്കുക - നിങ്ങൾക്ക് ദേഷ്യം വരാനുള്ള കാരണം എന്താണ്? എന്ത് മാറ്റമാണ് നിങ്ങൾക്ക് വേണ്ടത്? നിങ്ങളുടെ ദേഷ്യത്തിൻ്റെ കാരണം മാത്രം വിശദീകരിച്ചാൽ മതിയാകുമോ? ഈ ചോദ്യങ്ങൾ സ്വയം ചോദിക്കുക.

●       കാര്യങ്ങൾ കൃത്യമായി അവതരിപ്പിക്കുക - ഉദാഹരണത്തിന്, "എനിക്ക് താങ്കളോട് ദേഷ്യം തോന്നാൻ കാരണം " എന്ന് പറഞ്ഞ് സംസാരിച്ച് തുടങ്ങാം. ഇവിടെ " തോന്നുന്നത് " എന്ന വാക്ക് ഉപയോഗിക്കുന്നത് കേൾക്കുന്നയാളെ പഴി ചാരുന്നു എന്ന തോന്നൽ ഒഴിവാക്കും.

●       മറ്റുള്ളവരുടെ പ്രതികരണം ശ്രദ്ധയോടെ കേൾക്കുകയും അവരുടെ കാഴ്ചപ്പാടുകൾ മനസിലാക്കാൻ ശ്രമിക്കുകയും ചെയ്യുക.

●       എപ്പോൾ വേണമെങ്കിലും സംസാരം തെറ്റായ ദിശയിലേക്ക് വഴി മാറാൻ സാധ്യത ഉണ്ടെന്ന കാര്യം മനസിലാക്കുക. അത് എപ്പോഴാണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിക്കുക. അങ്ങനെ ഉണ്ടായാൽ സംസാരം പിന്നെ ഒരിക്കലേക്ക് മാറ്റുക.

ജീവിതശൈലീ മാറ്റങ്ങൾ

പൊതുവായി പറയുകയാണെങ്കിൽ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നത് നിങ്ങളെ ശാന്തരാക്കുകയും വികാരങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സഹായിക്കുകയും ചെയ്യും. ആരോഗ്യകരമായ ജീവിത ശൈലിയുടെ ഭാഗമായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

●       മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളും ഒഴിവാക്കുക- ഈ വസ്തുക്കൾ നിങ്ങളുടെ പ്രശ്നങ്ങൾ മറക്കാൻ സഹായിക്കുമെന്ന് കരുതാൻ എളുപ്പമാണെങ്കിലും യഥാർത്ഥത്തിൽ ഇവ നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കാനുള്ള കഴിവ് നഷ്ടപ്പെടുത്തുകയും അക്രമങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു.

●       ശരീരം കൂടുതൽ സജീവമാക്കുക - ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക. അത് ശാരീരികവും മാനസികവുമായ പിരിമുറുക്കങ്ങൾ ഒഴിവാക്കാൻ സഹായിക്കും. നടത്തം പോലെ ചെറിയ ഒരു വ്യായാമം ഉണ്ടാക്കുന്ന മാറ്റങ്ങൾ പോലും വലുതാണ്.

●       കൃത്യമായി ഉറങ്ങുക - ഉറക്കക്കുറവ് നിങ്ങളുടെ മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കും.

●       ആഹാരശീലങ്ങൾ ശ്രദ്ധിക്കുക - നിങ്ങളുടെ മാനസികാവസ്ഥയും ആഹാരശീലങ്ങളും തമ്മിൽ ബന്ധമുണ്ട്. കൂടുതൽ എരിവ്, കൊഴുപ്പ്, എണ്ണമയം എന്നിവ അടങ്ങിയ ആഹാരങ്ങളും മധുരം കൂടുതലടങ്ങിയ ശീതളപാനീയങ്ങളും ഒഴിവാക്കുക. പ്രമേഹം, അമിത രക്തസമ്മർദ്ദം തുടങ്ങിയ അവസ്ഥകളുണ്ടായാൽ അത് നിങ്ങൾക്ക് ശാരീരികാസ്വസ്ഥതകളുണ്ടാക്കുകയും അത് മാനസികാവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

●       സമ്മർദ്ദത്തെ കൈകാര്യം ചെയ്യാൻ പഠിക്കുക - ജീവിതത്തിൽ സമ്മർദ്ദം പല കാരണങ്ങൾ കൊണ്ടും ഉണ്ടാവാം. അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കുന്നത് ബുദ്ധിമുട്ടേറിയ സാഹചര്യങ്ങൾ തരണം ചെയ്യാൻ നിങ്ങളെ സഹായിക്കും.

●       ഇമോഷണൽ റെസിലിയൻസ് വികസിപ്പിക്കുക - ഇത് ബുദ്ധിമുട്ടേറിയ സന്ദർഭങ്ങളിൽ നിങ്ങൾക്ക് തുണയാവും.

നിങ്ങൾക്ക് ദേഷ്യത്തെ കൈകാര്യം ചെയ്യാനുള്ള ശാശ്വതമായ വഴികൾ ലഭിച്ചുവെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത ഭാഗത്തിൽ ആവശ്യ സമയത്ത് തേടേണ്ട ചികിത്സകളെക്കുറിച്ചും സഹായത്തിനുള്ള മാർഗങ്ങളെക്കുറിച്ചും ചർച്ച ചെയ്യാം.