Feb 17 • 6M

"മദ്യം ഹാനികരമാക്കുന്നത് ആരുടെയൊക്കെ ജീവിതങ്ങളാണ്..?"

Comment
Share
 
1.0×
0:00
-5:53
Open in playerListen on);
Episode details
Comments

(Disclaimer: കോവിഡ് 19 സാഹചര്യത്തിൽ സ്റ്റുഡിയോ സംവിധാനമുപയോഗിച്ചുള്ള റെക്കോഡിങ് അസാധ്യമായതിനാൽ മൊബൈൽ ഫോണിലാണ് ഈ പോഡ്കാസ്റ്റ് തയാറാക്കിയിരിക്കുന്നത്.)

മദ്യം നമ്മുടെ ആരോഗ്യത്തെ മാത്രമല്ല ജീവിതത്തെയും ഹാനികരമാക്കുമെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് പലരും മദ്യപാനത്തിന് അടിമകളായി മാറുന്നത്.

ദിവസവും രാത്രി മദ്യപിച്ച് എത്തി ഭാര്യയെയും മക്കളെയും തല്ലുന്ന ആളുകളെ നാം പലപ്പോഴായി കണ്ടിട്ടുണ്ടാവും. നമ്മുടെ ചുറ്റുവട്ടത്തോ നമുക്കിടയിൽ പോലും അത്തരം ആളുകളുണ്ടാവും.

ഒരിക്കൽ സൈക്കോളജിസ്റ്റിന്റെ അടുത്തേക്ക് ഒരു സ്ത്രീ വന്നു. കൂടെ അവരുടെ ഭർത്താവും ഉണ്ടായിരുന്നു. അയാൾ മേസ്തിരി പണിക്കാരനാണ്. എല്ലാ ദിവസവും ജോലി കഴിഞ്ഞ് മദ്യപിച്ചിട്ടാണ് അയാൾ വീട്ടിലേക്ക് വരുന്നത്. ലഹരി തലക്ക് പിടിച്ചു കഴിഞ്ഞാൽ തന്റെ ഭർത്താവിനെ കാണുന്നത് തന്നെ ഭയമാണെന്നാണ് ആ സ്ത്രീ കരഞ്ഞു കൊണ്ട് പറഞ്ഞത്. അയാൾ വളരെ മോശമായി അവരോട് പെരുമാറുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. സ്വന്തം ഭർത്താവിനെ പേടിച്ച് രാത്രി മക്കളെയും കൊണ്ട് അവർ കിടന്നുറങ്ങിയിരുന്നത് പുരയിടത്തിലെ വാഴത്തോപ്പിലാണ്. പണ്ട് അയൽപക്കത്തുള്ള വീടുകളിൽ രാത്രി കഴിഞ്ഞിരുന്നുവെങ്കിലും ഭർത്താവ് അവിടേക്ക് വന്നു വഴക്കുണ്ടാക്കി തുടങ്ങി. ഇത് അയൽവാസികൾക്ക് ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയാണ് ആ സ്ത്രീ രാത്രികളിൽ വാഴത്തോപ്പുകളിൽ അഭയം പ്രാപ്പിച്ചത്. കിടക്കാൻ നല്ലൊരു വീടും മുറികളും ഉണ്ടായിട്ടും ഇങ്ങനെയൊരു അവസ്ഥ ആ സ്ത്രീക്കും മക്കൾക്കും ഉണ്ടായതിന്റെ കാരണം മദ്യമാണ്.

മദ്യം എങ്ങനെയാണ് ഒരു കുടുംബത്തെ അടിയോടെ തകർക്കുകയെന്നതിന് ഈ ജീവിതം ഒരു ഉദാഹരണമാണ്. വർഷങ്ങൾ കഴിഞ്ഞുവെങ്കിലും അയാളുടെ സ്വഭാവത്തിൽ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. അങ്ങനെയാണ് അവർ ഇവിടെ എത്തുന്നത്. അദ്ദേഹത്തെ അവിടെ അഡ്മിറ്റ് ചെയ്തുവെങ്കിലും ഒരു ആഴ്ചയ്ക്കു മേൽ വേണ്ടി വന്നു അയാൾക്ക് അവിടെ ഒത്തു പോകാൻ. അത് വരെ നിയന്ത്രണം വിട്ട അവസ്ഥയിലയിരുന്നു. മദ്യം കിട്ടാതെയുള്ള അയാളുടെ വെപ്രാളവും പരവേശവും കണ്ട് ഭാര്യയും മക്കളും ഭയപ്പെട്ടു. എങ്കിലും കുറച്ചു ദിവസങ്ങൾക്കു ശേഷം അയാൾ അവിടം പൊരുത്തപ്പെട്ടു. ഇരുവരും വളരെ ചെറുപ്പത്തിൽ വിവാഹം ചെയ്തവരാണ്. അവർക്ക് രണ്ട് മക്കളാണ്‌ ഉള്ളത്. വളരെ സന്തോഷത്തിൽ കഴിഞ്ഞിരുന്ന അവർക്കിടയിൽ മദ്യം കടന്നു വന്നത് ഒരു വില്ലനായിട്ടായിരുന്നു.

ലഹരിയിൽ കുളിച്ചു വരുന്ന അച്ഛനെ മാത്രമായി മക്കൾ പിന്നീട് കാണുന്നത്.

തങ്ങളുടെ അച്ഛനോട് മിണ്ടാൻ വരെ അവർ ഭയപ്പെട്ടു. എന്തെങ്കിലും നിസാര കാര്യം മതിയായിരുന്നു വഴക്കിടാൻ. അത് കൊണ്ട് തന്നെ മദ്യപിച്ചെത്തുന്ന അച്ഛന്റെ മുന്നിൽ പെടാതെയിരിക്കാൻ ആ മക്കൾ ശ്രദ്ധിച്ചു. അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ മകനെയും മകളെയും ഒരുപാട് ദുഃഖത്തിലാഴ്ത്തി. ഇരുവരും കേരളത്തിന് പുറത്ത് അധ്യാപകരായിട്ടാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. നീണ്ട നാളുകളിലെ കൗൺസിലിങിന് ശേഷം മദ്യപാനം അദ്ദേഹം നിർത്തുന്നു. എങ്കിലും ചികിത്സ മുടങ്ങാതെ തുടരുന്നുണ്ട്. അദ്ദേഹത്തിന്റെ പൂർണ്ണസമ്മതവും വീട്ടുകാരുടെ പിന്തുണയും മദ്യപാനം നിർത്തുന്നതിന് പൂർണ്ണപങ്ക് വഹിച്ചു. യോഗയും വ്യായാമവും അദ്ദേഹത്തിന്റെ മനസിനെ നിയന്ത്രിച്ചു. മദ്യമാണ് എല്ലാറ്റിനും കാരണമെന്ന് അയാൾ സ്വയം തിരിച്ചറിഞ്ഞു. അത് കൊണ്ട് തന്നെ മദ്യം തന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കാൻ അയാൾ പൂർണ്ണമായി തയ്യാറായി. അയാൾ ചുറ്റും ശ്രദ്ധിക്കാൻ തുടങ്ങി. പുതിയ ജീവിതം അയാളിൽ തെളിമയുള്ള വെളിച്ചം ഉണ്ടാക്കി കൊടുത്തു. മക്കളും ഭാര്യയും തന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് അയാളെ കൂടുതൽ നന്മയിലേക്ക് നയിച്ചു.

പണ്ട് ഭാര്യയും മക്കളും പുരയിടത്തിലെ വാഴത്തോപ്പിൽ കിടന്നിട്ടും തോന്നാത്ത കുറ്റബോധം അയാൾക്കിപ്പോൾ തോന്നി തുടങ്ങി. സ്വന്തം ഭാര്യയോട് മുഖം കറുപ്പിച്ചു ഒരു വാക്ക് പോലും പറയാത്ത ഒരു മനുഷ്യനായി അദ്ദേഹം മാറി. ഇനി എന്തെങ്കിലും അബദ്ധവശാൽ എന്തെങ്കിലും പറഞ്ഞു പോയാൽ അടുത്ത കൗൺസിലിങിന് വരുമ്പോൾ താൻ തന്റെ ഭാര്യയോട് അങ്ങനെ പെരുമാറിയെന്ന് പറഞ്ഞു തെറ്റ് പറയാനും തുടങ്ങി. അവിടെ വെച്ചു തെറ്റു ഏറ്റു പറഞ്ഞിട്ട് മാപ്പ് പറയാനും അയാൾ തയ്യാറായി. മാത്രമല്ലാ, കൗൺസിലിങിനിടെ എഴുതിയെടുക്കുന്ന കാര്യങ്ങൾ പലപ്പോഴും വായിച്ചിട്ട് തന്റെ ജീവിതത്തിൽ താൻ തിരുത്തേണ്ട കാര്യങ്ങൾ കണ്ടെത്തുകയും അത് പ്രാവർത്തികമാക്കുകയും ചെയ്തു. അത് വഴി ആ കുടുംബത്തിൽ ഇല്ലാതിരുന്ന സന്തോഷവും സമാധാനവും ഉണ്ടായി. തുടർന്നവർ വളരെ നല്ല ഹാപ്പി കപ്പിളായി മാറി.

പിന്നീട് നല്ല ശമ്പളം ഉണ്ടായിരുന്ന തന്റെ മേസ്തിരി ജോലി വേണ്ടെന്ന് വെച്ചിട്ട് അദ്ദേഹം ഒരു ഡീഅഡിക്ഷൻ സെന്ററിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കി തുടങ്ങി. തന്റെ ജീവിതം മറ്റുള്ളവരുടെ നന്മക്കായി അദ്ദേഹം മാറ്റി വയ്ക്കുകയായിരുന്നു. മക്കളെല്ലാം മാറി നിൽക്കുകയായിരുന്നുവെങ്കിലും പിന്നീട് അച്ഛന്റെ മാറ്റം അവരെ വളരെ സന്തോഷിപ്പിച്ചു. അദ്ദേഹം മകളുടെ വിവാഹം നടത്തി കൊടുത്തു. മകന് വേണ്ടി നല്ലൊരു ബൈക്ക് വാങ്ങി. അങ്ങനെ നല്ലൊരു കുടുംബസ്ഥാനായി അദ്ദേഹം മാറി. പല കാര്യങ്ങളിലും മാറ്റം ഉണ്ടായെങ്കിലും അയാളുടെ സ്വഭാവത്തിൽ ഉണ്ടായ മാറ്റമാണ് ആ കുടുംബത്തെ വീണ്ടും സന്തോഷത്തിലേക്ക് നയിച്ചത്.

പലരും തങ്ങളുടെ ജീവിത പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാൻ മദ്യം ഒരു മാർഗ്ഗമായിട്ടാണ് കാണുന്നത്. ഓരോ വ്യക്തികൾക്കും കടന്നു പോകേണ്ട പല പ്രതിസന്ധിഘട്ടങ്ങളും ഉണ്ടാവും. നിരാശ, വിരഹം, ഒറ്റപ്പെടൽ, കടം, വിവാഹമോചനം, ജോലിയില്ലാത്ത അവസ്‌ഥ, തോൽവി അങ്ങനെ നിരവധി കാരണങ്ങളാണ് ഓരോ മനുഷ്യനേയും അലട്ടുന്നത്. ഇവയെല്ലാം മദ്യപാനത്തിലേക്ക് നയിക്കുന്ന കാരണങ്ങളാക്കി മാറ്റുന്നത് നാം തന്നെയാണ്. ചെറിയ രീതിയിൽ തുടങ്ങി അത് ഒഴിവാക്കാൻ കഴിയാത്ത അവസ്ഥയിലേക്ക് വരുന്നത് കടുത്ത മദ്യപാനത്തിലേക്ക് വഴി വയ്ക്കും. ഇതിന് പ്രായവ്യത്യാസമോ ലിംഗവിവേചനമോ ഇല്ല. ഇവിടെ ഒരു കുടുംബം സന്തോഷത്തിലേക്ക് തിരിച്ചു വന്നു. എന്നാൽ എത്രയോ കുടുംബങ്ങൾ തങ്ങളുടെ അവസ്ഥ പുറത്തു പറയാൻ കഴിയാതെ ജീവിക്കുന്നുണ്ട്. മദ്യം എത്രയോ ജീവനുകൾ നഷ്ട്ടപെടുത്തിയിരിക്കുന്നു. മദ്യപിച്ച് വീട്ടിൽ വഴക്ക് ഉണ്ടാക്കുമ്പോൾ അത് എത്രയോ കുട്ടികൾക്ക് മാനസികമായി പല പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതവരുടെ പഠനത്തെയും ജോലിയെയും ബാധിക്കും.

മദ്യപിക്കുമ്പോൾ അത് കരളിന്റെ പ്രവർത്തനങ്ങൾ തകരാറിലാക്കുകയും ലിവർ സിറോസിസ് ബാധിച്ച് മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. മറവി രോഗവും ഹൃദയാഘാതവും ഉണ്ടായേക്കാം. ഇത് കടുത്ത ദേഷ്യത്തിനും വിഷാദത്തിനും വഴി തെളിക്കുന്നു.

മദ്യപാനശീലം വളരെ പെട്ടെന്ന് മാറ്റിയെടുക്കാൻ കഴിയുന്ന ഒന്നല്ല.

മദ്യപാനിയുടെ പൂർണ സമ്മതവും പിന്തുണയും വേണം. മദ്യപാനം ഒന്നിനും ഒരു പരിഹാരമല്ലാ എന്ന തിരിച്ചറിവാണ് ഏറ്റവും പ്രധാനം. നമ്മുടെ മദ്യപാന ശീലം നമ്മുക്ക് ചുറ്റുമുള്ള എത്രയോ പേരുടെ ജീവിതം ഇല്ലാതെയാക്കുകയാണെന്ന ഓർമ്മ ഓരോരുത്തർക്കും ഉണ്ടായിരിക്കണം...

A guest post by
Content writer
A guest post by
Content Writer, Podcast Programme Producer
Subscribe to Vishnu