Feb 16 • 4M

ലക്ഷ്യം പൂർത്തീകരിക്കാനുള്ള വഴികൾ

Dr Sebin S Kottaram
Comment
Share
 
1.0×
0:00
-3:53
Open in playerListen on);
Episode details
Comments

കഴിഞ്ഞ ദിവസമാണ് അരുണിൻ്റെ മാതാപിതാക്കൾ ഫോണിൽ വിളിച്ചത്. തമിഴ്‌നാട്ടിലെ പ്രശസ്‌ത കോളേജിൽ നിന്നും എം.സി.എ. പഠനം പൂർത്തിയാക്കിയ ശേഷം ഇപ്പോൾ വെറുതെ ഇരിക്കുകയാണ് അരുൺ. മൂന്ന് പേപ്പറുകൾ കൂടി പാസാകാനുണ്ട്. കോഴ്സ് കഴിഞ്ഞിട്ട് ഇപ്പോൾ നാലു വർഷമാകുന്നു.

വർഷം ചെല്ലുന്തോറും ജീവിതത്തിന് ഒരു അടുക്കും ചിട്ടയും ഇല്ലാത്ത അവസ്ഥ. പഠിക്കാനിരിക്കുമ്പോൾ ഒരു താല്പര്യകുറവ്. സോഷ്യൽ മീഡിയയും ടിവിയും ഒക്കെ നോക്കിയും ഉറങ്ങിയും സമയം ചെലവഴിക്കും. ഇപ്പോൾ ടെൻഷനും വിഷാദവുമൊക്കെയാണ്. കൂടെയുള്ള പലർക്കും പ്ലേസ്മെന്റ് ഒക്കെയായി. എനിക്ക് മാത്രം കോഴ്സ് പോലും പാസാകാൻ കഴിയുന്നില്ലല്ലോ എന്ന ചിന്ത ഇടക്കിടെ മനസിലേക്ക് വരുമ്പോൾ ആകെ മൂഡ് ഓഫ്‌ ആകും. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ.

നമ്മളിൽ പലരും ഇങ്ങനെ പല മേഖലകളിൽ ലക്ഷ്യം പൂർത്തീകരിക്കാൻ വിഷമിക്കുന്നുണ്ടാകും. ബിസിനസിൽ വലിയ ആഘോഷമായി തുടക്കമൊക്കെയിട്ടിട്ട് കുറച്ചു നാൾ കഴിയുമ്പോൾ ആ ആവേശമൊക്കെ തണുക്കുന്ന ചിലരെ കണ്ടിട്ടുണ്ട്. ജോലിയിൽ , പഠനത്തിൽ ഒക്കെ ഇത്തരം തടസ്സങ്ങൾ വന്നേക്കാം. അത് നേരിടാനുള്ള വഴികൾ താഴെ കൊടുക്കുന്നു.

● നിങ്ങൾ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ ഒരു ചെറിയ പോക്കറ്റ് ഡയറിയിൽ എഴുതി ഓരോന്നായി പൂർത്തീകരിക്കുക. ചെയ്യാൻ കഴിയാത്തത് തൊട്ടടുത്ത ദിവസം പൂർത്തിയാക്കുക. ഓരോ മാസവും അവസാനം, നിങ്ങൾ ചെയ്യാൻ നിശ്ചയിച്ചെഴുതിയിട്ടും ഇതുവരെ പൂർത്തിയാക്കാൻ കഴിയാത്ത കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കുക. അതിന്റെ കാരണങ്ങൾ സത്യസന്ധവും ആത്മാർത്ഥവുമായി വിശകലനം ചെയ്യുക. താല്പര്യകുറവ്, ലക്ഷ്യം വലുതായതിനാൽ എവിടെ തുടങ്ങണമെന്നറിയാത്തത്, ലക്ഷ്യത്തിന് നേർക്കുള്ള ഭയം, അലസത തുടങ്ങി പല കാര്യങ്ങളും കാരണമാവാം. ഇത് കണ്ടെത്തി പരിഹരിച്ച് ലക്ഷ്യം പൂർത്തിയാക്കാൻ ശ്രമിക്കാം.

● നിങ്ങൾ ആഗ്രഹിക്കുന്ന ലക്ഷ്യം നേടിയാലുള്ള ഗുണങ്ങൾ ഒരു ഡയറിയിൽ കുറിച്ചിടുക. സാമ്പത്തികം, പദവി, അംഗീകാരം, ജീവിതശൈലിയിലുണ്ടാകുന്ന മാറ്റം തുടങ്ങി ഗുണങ്ങളെല്ലാം എഴുതുക. എന്തുകൊണ്ട് നിങ്ങൾ ഈ ലക്ഷ്യം നേടാണമെന്നും എഴുതുക. ഇത് നിങ്ങളുടെ മിഷൻ സ്റ്റേറ്റ്മെന്റാണ്. ദിവസവും രാവിലെ ഇത് വായിക്കുക.

● സമയം വെറുതെ കളയുന്ന സോഷ്യൽ മീഡിയ, ടി വി, ഇന്റർനെറ്റ് സെർച്ചിങ്, അമിതഉറക്കം എന്നിവ നിയന്ത്രിക്കുക.

● സോഷ്യൽ മീഡിയയിലും ട്രോളുകളിലുമായി ലൈറ്റ് റീഡിങ്ങിൽ കുടുങ്ങിക്കിടക്കുന്ന ഭൂരിഭാഗത്തിനും ടെക്സ്റ്റ് ബുക്കുകൾ വായിക്കുന്നത് പ്രയാസകരമായി തീർന്നിട്ടുണ്ട്. അര മണിക്കൂർ പോലും പുസ്തകമെടുത്തു വായിക്കാൻ കഴിയാത്ത അവസ്ഥയാണ് പലർക്കും. ഇത് മാറാൻ സോഷ്യൽ മീഡിയയിലെ ലൈറ്റ് റീഡിങ്ങിനു പകരം പുസ്തകങ്ങൾ വായിക്കുന്നത് ശീലമാക്കുക.

● എപ്പോഴെങ്കിലും പൂർത്തിയാക്കാം, ഇനിയും സമയമുണ്ടല്ലോ എന്ന ചിന്ത മാറ്റി ഓരോ കാര്യങ്ങളും പൂർത്തിയാക്കുന്നതിന് നിശ്‌ചിത സമയപരിധി നിർണയിക്കുക. അതിനുള്ളിൽ പൂർത്തിയാക്കാൻ ശ്രമിക്കുക.

● ആഗ്രഹങ്ങൾക്ക് തീവ്രത വർധിപ്പിക്കുക. സൂര്യന്റെ ചൂട് ഒരു ബിന്ദുവിൽ കേന്ദ്രീകരിച്ചു കൊണ്ട് ഒരു ലെൻസ് ഉപയോഗിച്ചു അഗ്നിജ്വാല സൃഷ്ടിക്കാൻ കഴിയും. അതുപോലെ നമ്മുടെ ഹൃദയവും ചിന്തകളും ലക്ഷ്യത്തിൽ ഉറപ്പിക്കാം.

● നിങ്ങൾ പരിശ്രമിക്കുന്ന ലക്ഷ്യം മുൻപ് നേടിയവരുടെ ഉപദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നത് ലക്ഷ്യത്തിലേക്കുള്ള വഴിയിൽ കൂടുതൽ സഹായകമാകും.

● ഏതൊരു ലക്ഷ്യവും നേടാൻ ക്ഷമയോടെയുള്ള കാത്തിരിപ്പ്‌ ആവശ്യമാണ്. അത് മനസിലാക്കി അലസത അകറ്റി പ്രവർത്തിക്കാൻ തയ്യാറാവുക. നിങ്ങൾ ലക്ഷ്യം കീഴടക്കും.