അഡോളസെൻസ് അഥവാ കൗമാരപ്രായമെന്ന് പറയപ്പെടുന്ന ഏകദേശം പതിനൊന്ന് വയസ്സോടെ ആരംഭിച്ച് പത്തൊൻപത് വയസ്സുവരെയുള്ള ഒൻപത് വർഷത്തിനുമേൽ നീണ്ട് നിൽക്കുന്ന മനോഹരമായ കാലഘട്ടം! ഇതേ കാലഘട്ടത്തിൽ തന്നെ ‘ടീനേജ്’ എന്ന പ്രത്യേക തലക്കെട്ടോടെ പതിമൂന്നു വയസ്സിൽ തുടങ്ങി പത്തൊൻപത് വയസ്സ് വരെ തുടരുന്ന കൗമാരത്തിന്റെ തന്നെ ഏറ്റവും വഴിത്തിരിവുകൾ സംഭവിക്കുന്ന, മധുരതരമായ കാലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏഴ് വർഷങ്ങൾ!
ഈ കാലങ്ങളിലൊക്കെ കുട്ടികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഏറെയാണ്. മുന്നിലെത്തുന്ന പ്രശ്നങ്ങളെ മറികടക്കുന്നതിനുള്ള അവരുടെ ചെറുത്ത് നിൽപ്പുകളും ഏറെയാണ്.
ഒരു സെഷനിൽ പതിനാറ് വയസ്സുള്ള ഒരാൺകുട്ടി പറഞ്ഞു-
“ ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവസാനമായി എന്റെ അച്ഛന്റെ കൂടെ ഒരു അഞ്ച് ദിവസം തികച്ച് നിൽക്കുന്നത്. അച്ഛൻ ഇന്ത്യയിൽ തന്നെയുണ്ട്. പക്ഷെ വേറെ ഒരു സംസ്ഥാനത്താണ്. രണ്ട് വർഷം കൂടുമ്പോഴാണ് നാട്ടിലോ വീട്ടിലോ വരുന്നത്. മൂന്ന് ദിവസം നിൽക്കും പിന്നെ തിരികെ പോകും. മിക്ക ദിവസങ്ങളിലും അച്ഛനും അമ്മയും സംസാരിക്കും. പക്ഷെ വളരെ കുറച്ച് സമയം. ഇതിനിടയിൽ ചില ദിവസങ്ങളിൽ മാത്രം അച്ഛൻ എന്നോട് സംസാരിക്കും. അത് സ്നേഹത്തോടെ ഒന്നുമല്ല. ഞാൻ എന്തെങ്കിലും കുരുത്തക്കേടുകൾ ഒക്കെ ചെയ്യുന്ന ദിവസം അമ്മ അത് അച്ഛനോട് പറയുമ്പോൾ എന്നെ വഴക്ക് പറയാനാണ് അച്ഛൻ എന്നോട് സംസാരിക്കുന്നത്. വീട്ടിൽ അപ്പൂപ്പനും അമ്മൂമ്മയും ഉണ്ട്. പിന്നെ ഞാനും അമ്മയും. അമ്മയ്ക്ക് എപ്പോഴും തിരക്കാണ് വീട്ടിലെ ഓരോ കാര്യങ്ങൾക്ക് ഓടി നടപ്പാണ്. എനിക്ക് ഫ്രണ്ട്സ് തീരെ കുറവാണ്. പക്ഷെ ഉള്ള ഫ്രണ്ട്സ് ന്റെ അമ്മമാർ എന്റെ അമ്മയേക്കാൾ കൂടുതൽ എന്നോട് സംസാരിക്കാറുണ്ട്. ഒരു ഫ്രണ്ടിന്റെ അമ്മ എനിക്ക് ഫേവറേറ്റ് ആണ്. ആ ആന്റി എന്റെ അമ്മയോട് സംസാരിച്ചപ്പോൾ ആണ് എനിക്ക് എന്തൊക്കെയോ വിഷമങ്ങളുണ്ടെന്ന് മനസ്സിലാക്കി ഒരു സൈക്കോളജിസ്റ്റിനെ കാണാം എന്ന് അമ്മ തീരുമാനിച്ചത്."
ഏറ്റവുമധികമായി കുട്ടികളെ ചേർത്ത് നിർത്തപ്പെടേണ്ട കാലമാണ്. അതുകൊണ്ട് തന്നെ അവരിലുണ്ടാകുന്ന മാറ്റങ്ങളെയും പ്രശ്നങ്ങളെയും അടുത്തറിഞ്ഞ് പരിഹരിക്കുന്നതിനുള്ള ശ്രമം നടത്താം.
കൗമാരപ്രായത്തിലെ മാറ്റങ്ങളും പ്രശ്നങ്ങളും
● ഹോർമോണുകളുമായി ബന്ധപ്പെട്ട മാറ്റങ്ങൾ (ശാരീരികമായ മാറ്റങ്ങൾ: ആൺകുട്ടികളുടെ മുഖത്ത് രോമവളർച്ച ഉണ്ടാകുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശരീരഭാഗങ്ങളിലും സ്വകാര്യഭാഗങ്ങളിലും രോമവളർച്ച ഉണ്ടാകുന്നു. ആൺകുട്ടികളിലും പെൺകുട്ടികളിലും ശബ്ദത്തിൽ മാറ്റമുണ്ടാകുന്നു. ശരീരഭാരം കൂടുന്നു. ഹോർമോണുകളുടെ ഉൽപ്പാദനം മൂലം ഒട്ടേറെ ശാരികമായ, മാനസികമായ, വൈകാരികമായ മാറ്റങ്ങൾ ഉണ്ടാകുന്നു.
● ആത്മവിശ്വാസത്തിലുള്ള കുറവ്/ആത്മവിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ.
● പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ.
● പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അഥവാ ബിഹേവിയറൽ പ്രോബ്ലംസ്.
● ആത്മാഭിമാനവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ/പ്രശ്നങ്ങൾ.
● അടിക്കടി മാനസികാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അഥവാ മൂഡ് സ്വിങ്സ്.
● വൈകാരികമായ പ്രശ്നങ്ങൾ/ഇമോഷണൽ പ്രോബ്ലംസ് (ഭയം, ദേഷ്യം, അക്രമസ്വാഭാവം/അഗ്ഗ്രഷൻ etc).
● റിലേഷൻഷിപ് പ്രോബ്ലംസ്/ പ്രിയപ്പെട്ട ബന്ധങ്ങളിൽ ഉണ്ടാകുന്ന വിള്ളലുകൾ.
● സ്വയരക്ഷക്കായി അമിതമായി കള്ളം പറയുക/സത്യം മറച്ചു പിടിയ്ക്കുക.
● അപകർഷതാബോധം.
● തെറ്റായ വഴിയിലേക്ക് നയിക്കുന്ന സൗഹൃദങ്ങൾ.
● താരതമ്യപ്പെടുത്തലും അതുമായി ബന്ധപ്പെട്ട മനസിക ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും.
● ആരോഗ്യപ്രശ്നങ്ങൾ.
● മാനസിക പിരിമുറുക്കങ്ങളും മാനസികമായി ബുദ്ധിമുട്ടിയ്ക്കുന്നമറ്റ് പ്രശ്നങ്ങളും.
● ലൈംഗികതയുമായി ബന്ധപ്പെട്ട ആകാംഷകൾ/ബുദ്ധിമുട്ടുകൾ.
● സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം.
● മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും അമിത ഉപയോഗം.
● ശീലങ്ങൾ/ദുശീലങ്ങൾ.
● വ്യത്യസ്ത അഡിക്ഷനുകൾ/ആസക്തി.
സാധാരണയായി കൗമാരപ്രായത്തിലൂടെ കടന്നുപോകുന്ന കുട്ടികൾ നേരിടുന്ന മാറ്റങ്ങളും പ്രശ്നങ്ങളുമാണ് മുകളിൽ പറഞ്ഞിരിക്കുന്നത്.
എങ്ങനെ മറികടക്കാം?
കൗമാരപ്രായക്കാരോട്
● നിങ്ങൾ നേരിടുന്ന മാറ്റങ്ങളും പ്രശ്നങ്ങളും സാധാരണമാണെന്നും, കൗമാര-കാലങ്ങളിലൂടെ കടന്ന് പോകവെ ഏവരും നേരിടേണ്ടതും, മറികടക്കേണ്ടതുമായ മാറ്റങ്ങളാണിതെന്നും തിരിച്ചറിയുക.
● നിങ്ങളിലെ മാറ്റങ്ങളെ കൃത്യമായി മനസിലാക്കുന്നതിനും, മുൻകരുതൽ സ്വീകരിക്കുന്നതിനും, കുടുങ്ങിപ്പോകുന്ന പ്രശ്നങ്ങളിൽ നിന്നും ഉചിതമായ മാർഗ്ഗത്തിലൂടെ മറികടക്കുന്നതിനുമുള്ള ആത്മാർഥമായ ശ്രമങ്ങൾ നടത്തുക.
● നിങ്ങൾക്ക് ഏറ്റവും കംഫർട്ടബിൾ ആയ വിശ്വസ്തരായ വ്യക്തികളോട് നിങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ തുറന്ന് പറയാം. സൈക്കോളജിസ്റ്റിന്റെയോ ഡോക്ടറുടെയോ സേവനം ആവശ്യമാകുന്ന ഘട്ടത്തിൽ അവരുടെ സഹായത്തോടെ അത് തേടാം.
● ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരാൻ ശ്രമിക്കുക.
● ആരോഗ്യകരമായ ഭക്ഷണങ്ങൾ ശീലമാക്കുക.
● ആവശ്യത്തിന്/ആരോഗ്യകരമായ രീതിയിൽ ഉറങ്ങുക.
● എന്തെങ്കിലും ഫിസിക്കൽ ആക്ടിവിറ്റിയിൽ (ശാരീരികമായ പ്രവർത്തനം) പങ്കെടുക്കുക. Eg: വ്യായാമം/എക്സൈർസൈസ്, ഗെയിമുകൾ, കായികപ്രവർത്തനങ്ങൾ, ഗാർഡനിങ് മുതലായവ..
● ആരോഗ്യകരമായ സൗഹൃദങ്ങൾ മാത്രം പിന്തുടരുവാൻ ശ്രമിക്കുക.
● ആകാംക്ഷകൾ ഉണ്ടാകുന്ന പ്രായമാണ്. അതുകൊണ്ട് തന്നെ പല ആകാംക്ഷകളും ദുശീലങ്ങളിലേക്കും അഡിക്ഷനുകളിലേക്കും തിരിയാം എന്ന യാഥാർത്ഥ്യവും മനസ്സിലാക്കുക. അഡിക്ഷനുകളിലേക്ക് പോകാതിരിക്കുമെന്ന ഉറച്ച തീരുമാനമെടുക്കുക. സ്വയം നിയന്ത്രിക്കാൻ കഴിയാത്ത പക്ഷം സൈക്കോളജിസ്റ്റിന്റെ സേവനം തേടുക.
മാതാപിതാക്കളോട്..
● മാതാപിതാക്കൾക്കും മക്കൾക്കും ഇടയിൽ ഊഷ്മളമായൊരു ബന്ധം നിലനിർത്താൻ ശ്രമിക്കുക.
● ആകാംക്ഷകളും പ്രശ്നങ്ങളും കൂടി ചേരുന്നതാണ് കൗമാരപ്രായം അഥവാ കലാലയത്തിലേക്ക് കാൽവയ്പ്പ് നടത്തുന്ന നാളുകൾ എന്ന് തിരിച്ചറിയുക.
● കൗമാരം പലപ്പോഴും അവരുടെ പ്രശ്നങ്ങളുമായി നിങ്ങളെ സമീപിക്കണമെന്നില്ല. പലപ്പോഴും അവർ അവരുടെ പ്രശ്നങ്ങളിൽ കുടുങ്ങിക്കിടക്കുകയാകും ചെയ്യുക. അഡിക്ഷനുകൾ പോലെയുള്ള പ്രശ്നങ്ങൾ അവർ ആസ്വദിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെയാണ് ഈ സാഹചര്യത്തിൽ നിങ്ങൾ അവരോട് എങ്ങനെ പെരുമാറുന്നു എന്നതിന് പ്രാധാന്യം ഉണ്ടാകുന്നത്. അവരുടെ ഏത് പ്രശ്നങ്ങളിലും പരിഹാരത്തിനായ് നിങ്ങൾ കൂടെയുണ്ടാകുമെന്ന് നിങ്ങളുടെ പ്രവൃത്തികളിലൂടെ അവർക്ക് ബോധ്യപ്പെടുത്തി കൊടുക്കുക.
● കുറ്റപ്പെടുത്തലുകൾക്കും ശകാരങ്ങൾക്കും പകരം പ്രായോഗികമായ രീതിയിൽ പ്രശ്നപരിഹാരത്തിന് ശ്രമിക്കുക.
● നിങ്ങളുടെ കുട്ടിയ്ക്ക് ഒരു ഡോക്ടറിന്റെയോ, സൈക്കോളജിസ്റ്റിന്റെയോ, സൈക്ക്യാട്രിസ്റ്റിന്റെയോ സേവനം ആവശ്യമാണെന്ന് തോന്നിയാൽ നിർബന്ധമായും സേവനം തേടുക. മറ്റുള്ളവർ അറിഞ്ഞാൽ നാണക്കേടാണ് എന്നൊക്കെയുള്ള ചബലമായ ചിന്തകൾ ഒഴിവാക്കുക.