Jan 21 • 11M

അച്ഛൻ അറിയാൻ ഭാഗം - 28

ഏതു പരിധി വരെ മകന് സ്വാതന്ത്ര്യം നൽകാം?

George Koshy
Comment
Share
 
1.0×
0:00
-11:29
Open in playerListen on);
Episode details
Comments

"ജിതിന്റെ അച്ഛന് ജിതിനെ എന്തിഷ്ടമാണെന്നോ? അവൻ എന്ത് ചോദിച്ചാലും അച്ഛൻ വാങ്ങിക്കൊടുക്കും. ഒന്നിനും വഴക്കു പറയുകയുമില്ല." നിങ്ങളുടെ മകൻ എപ്പോഴെങ്കിലും ഇങ്ങനെയെന്തെങ്കിലും  നിങ്ങളോടു പറഞ്ഞിട്ടുണ്ടോ?  എങ്കിൽ നാലു തരത്തിലുള്ള പാരന്റിങ് ശൈലിയിൽ ഒന്നായ അനുവദനീയമായ രക്ഷാകർതൃത്വം (Permissive Parenting) എന്ന ശൈലിയിലേക്കാണ് അവൻ വിരൽ ചൂണ്ടിയത്. കുട്ടികള്‍ എന്തുപറഞ്ഞാലും അത് സാധിച്ചുകൊടുക്കുന്ന രക്ഷിതാക്കളാണ് Permissive Parents എന്ന ഇക്കൂട്ടർ.

മാതാപിതാക്കൾ മക്കളെ വളർത്തുന്ന രീതി അടിസ്ഥാനപ്പെടുത്തി നാലു തരം പാരന്റിങ് ശൈലികൾ മനഃശാസ്ത്രജ്ഞന്മാർ വിവക്ഷിച്ചിട്ടുണ്ടെന്നു കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നുവല്ലോ. അതിൽ ഒന്നാണ് അനുവദനീയമായ രക്ഷാകർതൃത്വം.

ഈ ശൈലി സ്വീകരിച്ചിരിക്കുന്നവർ, മക്കളോട് അമിതസ്നേഹം ഉള്ളവരും അത് നിർലോഭം പ്രകടിപ്പിക്കുന്നവരുമാണ്. അപ്പോൾ തന്നെ യാതൊരു വിലക്കുകളും ഉണ്ടായിരിക്കുകയും ഇല്ല.  ഒരു കാരണവശാലും കുട്ടിയുടെ ഹൃദയത്തിൽ മുറിവുണ്ടാകരുതെന്ന നല്ല ഉദ്ദേശമാണ് അവർക്കുള്ളത്. അത്കൊണ്ട് തന്നെ  കുട്ടി എന്ത് ചോദിച്ചാലും 'നോ' പറയില്ല.

കേടായ മൈക്രോവേവ് ഓവൻ നന്നാക്കാൻ വേണ്ടി ഇലക്ട്രിക്കൽ ഷോപ്പിൽ പോയതായിരുന്നു സുശീൽ. കൂടെ ആറാം  ക്ലാസ്സിൽ പഠിക്കുന്ന മകൻ നന്ദുവും ഉണ്ടായിരുന്നു. കടയിൽ ചെന്നപ്പോളാണ് നന്ദു പുതിയ മോഡലിലുള്ള ഒരു മൊബൈൽ ഫോൺ വാങ്ങി തരണമെന്ന് അച്ഛനോട് ആവശ്യപ്പെട്ടത്. കണക്കു കൂട്ടി നോക്കിയപ്പോൾ ഓവൻ നന്നാക്കാനും ഫോൺ വാങ്ങാനും കൂടെയുള്ള പണം കയ്യിലില്ല എന്ന് സുശീലിന് ബോധ്യമായി. നന്ദുവിനെ വിഷമിപ്പിക്കരുതല്ലോ. അങ്ങനെ ഓവൻ നന്നാക്കുന്നതു വേണ്ടെന്നു  വച്ചിട്ട് ഫോണും വാങ്ങി അവർ തിരികെ പോന്നു. നന്ദുവിന്റെ മനസിന് മുറിവേറ്റില്ലല്ലോ എന്നതായിരുന്നു സുശീലിന്റെ ആശ്വാസം.

എന്തും എപ്പോഴും ചോദിക്കാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യം സുശീൽ നന്ദുവിന്‌ നൽകിയിരുന്നു. മകനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് അങ്ങനെ ആണെന്നായിരുന്നു ആ പിതാവിന്റെ ബോധ്യം.  അതുകൊണ്ട് തന്നെ നന്ദു തനിക്കു വേണ്ടതെല്ലാം മടി കൂടാതെ  ചോദിച്ചു വാങ്ങും. മാതാപിതാക്കളിൽ നന്ദുവിന്‌ സമ്പൂർണനിയന്ത്രണം ഉണ്ടായിരുന്നു. അവന് ഒരു പ്രത്യക ബ്രാൻഡിലുള്ള ഐസ്ക്രീം ഇഷ്ടമായിരുന്നു. ചിലപ്പോൾ അത് വാങ്ങണമെന്ന് ശാഠ്യം പിടിക്കും. രാത്രിയായാലും പകലായാലും അത് വാങ്ങണമെന്നു  വാശി പറഞ്ഞു കരയും. എത്ര ദൂരെ പോയിട്ടായാലും സുശീൽ അത് വാങ്ങി കൊണ്ട് കൊടുക്കുകയും ചെയ്യും.  കുഞ്ഞിന്റെ മനസ്സിൽ മുറിവുണ്ടാകരുതല്ലോ.

രാത്രി മുഴുവൻ ഇരുന്നു കമ്പ്യൂട്ടർ ഗെയിം കളിച്ചാലും അച്ഛൻ വഴക്കു പറയില്ല. "നാളെ രാവിലെ എണീറ്റ് സ്‌കൂളില്‍ പോകാനുള്ളതല്ലേ, പോയി കിടന്നു  ഉറങ്ങൂ" എന്ന് താക്കീത് നല്കാതെ ഗെയിം തുടരാന്‍ അനുവദിക്കും. യാതൊരു നിയന്ത്രണവുമില്ലാതെയാണ് അവൻ വളർന്നു വന്നത്.

തനിക്കു തോന്നുന്നതെന്തും ഏതു സമയത്തും അവൻ ചെയ്യും. ആരെങ്കിലും മറിച്ചൊരു അഭിപ്രായം പറഞ്ഞാൽ നന്ദു കൂട്ടാക്കുകയില്ല. നിയന്ത്രണമില്ലാതെ വികാരങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യും. ഒരു കാര്യങ്ങളുടെയും പരിധിയും പരിമിതിയും അവനു ബാധകമാകുമായിരുന്നില്ല.

അനുവദനീയമായ രക്ഷാകർതൃത്വത്തിൽ മാതാപിതാക്കന്മാർ അവരുടെ താല്പര്യമോ കുട്ടിയുടെ നന്മയോ പരിഗണിക്കാതെ കുട്ടികളെ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് നീങ്ങാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്.

 'കുട്ടികള്‍ക്ക് വേണ്ടിയല്ലെ മാതാപിതാക്കന്മാര്‍ ജീവിക്കുന്നത്' എന്നൊക്കെയായിരിക്കും അവരുടെ ന്യായങ്ങൾ. എന്തൊക്കെ ന്യായങ്ങൾ പറഞ്ഞാലും, കുട്ടികളെ അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് വിടുന്നത് ശരിയായ കാര്യമല്ല. 

കുട്ടികൾക്ക് പരിധി നിർണയിച്ചു കൊടുക്കാൻ ഭയപ്പെടുന്നവരാണിവർ. കുട്ടിക്ക് സ്വന്തം പ്രകൃതം അനുസരിച്ചു ജീവിക്കുവാൻ അവകാശം ഉണ്ടെന്ന ബോധ്യമാണിവർക്കുള്ളത്. ഒരുകാര്യവും കുട്ടിയോട് നിർബന്ധപൂർവം ആവശ്യപ്പെടാറില്ല. കുട്ടിക്ക് പ്രത്യേകിച്ച് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല. അവരുടെ താല്പര്യങ്ങൾ യഥേഷ്ടം അവതരിപ്പിക്കാൻ സ്വാതന്ത്ര്യം നൽകുകയും ചെയ്യും. തങ്ങളുടെ മക്കളാണ് അവർ എന്നു കാണാതെ തങ്ങൾക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നവരാണ് കുട്ടികൾ എന്ന മനോഭാവം ആയിരിക്കും ഇവരെ ഭരിക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികൾ എന്ത് ചെയ്താലും ശിക്ഷയോ ശിക്ഷണമോ ഇല്ല.

ഈ പാരന്റിങ് ശൈലിയിലെ മറ്റു ചില സവിശേഷതകൾ:

1. വളരെ ഊഷ്മളതയോടെ എല്ലാ പരിപോഷണവും നൽകും.

2. കുട്ടിക്ക് പോകാവുന്ന അതിർവരമ്പുകൾ നിർണ്ണയിക്കുകയില്ല. 

3. കുട്ടിയെ നിയന്ത്രിച്ചു വളർത്തണം എന്ന ചിന്തയോട് വിയോജിക്കും.

4. വൈകാരികമായി ഉണ്ടാകുന്ന പ്രശ്നങ്ങളിൽ കുട്ടിയോടൊപ്പം സഹതാപപൂർവം ചേർന്ന് നിൽക്കും.

5. കുട്ടിയുടെ താല്പര്യങ്ങളൊന്നും നടക്കാതിരിക്കരുത് എന്ന പക്ഷമാണുള്ളത്.

6. ഇത്തരം കുടുംബങ്ങളിൽ സ്ക്രീൻ ടൈമോ, TV ഉപയോഗമോ നിയന്ത്രിക്കാറില്ല.

7. കഴിക്കുന്ന ആഹാരത്തെക്കുറിച്ചും യാതൊരു നിയന്ത്രണവുമില്ല.

ഈ പാരന്റിങ് ശൈലിയുടെ ദൂഷ്യഫലങ്ങൾ ഇനി പറയുന്നവയാണ്.

1. പെരുമാറ്റത്തിലെ മര്യാദകൾ കുട്ടിക്ക് അന്യമാകുന്നു.

2. കുടുംബത്തിൽ യാതൊരു ഉത്തരവാദിത്തവും കുട്ടി ഏറ്റെടുക്കുകയില്ല.

3. ഉറക്ക സമയം, ആഹാര സമയം, സ്ക്രീൻ സമയം ഇവയിലൊന്നും കൃത്യമായ ഒരു നിബന്ധന ഇല്ലാത്തതിനാൽ യഥേഷ്ടമായിരിക്കും ഓരോ കാര്യങ്ങളും ചെയ്യുക. തന്മൂലം വീടിന്റെ അടുക്കും ചിട്ടയും അലങ്കോലമാകും.

4. മാതാപിതാക്കളുടെയോ രക്ഷാകർത്താക്കളുടെയോ നിർദ്ദേശങ്ങൾ അവഗണിച്ചു കുട്ടി സ്വയം തീരുമാനങ്ങൾ എടുക്കുന്നു. 

5. ഇടപെടുന്ന കാര്യങ്ങളിൽ പരിധി നിർണയിക്കപ്പെട്ടു കിട്ടാത്തതിനാൽ, പലപ്പോഴും കുട്ടിക്ക് ആശയ കുഴപ്പം ഉണ്ടാകും.

6. എപ്പോഴെങ്കിലും ഒരു നിയന്ത്രണത്തിന് വിധേയനാകുമ്പോൾ കുട്ടി പൊട്ടിത്തെറിക്കും.

7. നിരാശക്കും  ആശങ്കക്കും അവൻ അടിമയാകും.

8. വളരെ ആത്മപ്രശംസ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ കുട്ടി വലിയ സ്വാർത്ഥനാകാനും സാധ്യതയുണ്ട്.

9. അന്യരിൽ  നിന്നും അഭിനന്ദനങ്ങൾ അല്ലാതെ മറ്റൊന്നും കുട്ടി പ്രതീക്ഷിക്കുകയില്ല.

10. അധികാരികളെയും നിയമങ്ങളെയും  അംഗീകരിക്കാൻ  തയ്യാറാകാതെ വളരുന്നത് കൊണ്ട് പെരുമാറ്റത്തിൽ വൈകല്യങ്ങൾ ഉണ്ടായെന്നു വരാം.

11. വിഷാദരോഗത്തിന് പെട്ടെന്ന് അടിമകളാകാം.

12. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാതെ ജങ്ക് ഫുഡ് കഴിക്കുന്നതിനാൽ അമിത വണ്ണവും ദന്തരോഗവും അനുബന്ധരോഗങ്ങളും ഉണ്ടാകുന്നു.

അഭിജിത്തിന്റെ കാര്യം ഓർമയിൽ വരുന്നു. ഓരോ ദിവസവും ആറും ഏഴും കപ്പ് ഐസ് ക്രീം കഴിക്കും.  അതിനു ശേഷം പല്ലു തേക്കാൻ ആരും നിർബന്ധിക്കാത്തതിനാൽ  ദന്തശുചീകരണം നടക്കാറില്ല. മൂന്ന് വർഷങ്ങൾക്കിടയിൽ അഭിജിത്തിന്റെ പല്ലുകളെല്ലാം ദ്രവിച്ചു  പോയി. പല്ലു തേക്കുന്ന കാര്യം പറഞ്ഞാൽ മകൻ കരയുമെന്നായിരുന്നു അഭിജിത്തിന്റെ പിതാവിന്റെ ന്യായീകരണം. 

ഇത്തരം പാരന്റിങ് ശൈലിയിൽ വളർന്നു വരുന്ന കുട്ടികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം അമിതമാകുന്നതായി പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. സുഹൃത്തുക്കളുടെ സമ്മർദ്ദത്തിലൂടെയാണ് അവർ ലഹരിയുടെ ലോകത്തിലേക്ക് എത്തുന്നത്. പഠനത്തിലും ഇവർ പിന്നാക്കം പോകാറുണ്ട്.   

കുട്ടിക്ക് എന്തിനും ഏതിനും അനുമതി നൽകുന്ന ഈ 'അനുവദനീയമായ രക്ഷാകർതൃത്വം' എന്ന പാരന്റിങ് ശൈലിക്കു അതിന്റെതായ ചില അത്യപൂർവ നന്മകൾ ഉണ്ടെന്നു പറയാതെ വയ്യ. കുട്ടിയുടെ സ്വയം പര്യാപ്തത വർധിച്ചേക്കാം. എങ്കിലും  ഇത് വളരെ അപകടം പിടിച്ചതാണ്. അതുകൊണ്ട് മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ കൂടെ സൂചിപ്പിക്കട്ടെ.

ഓരോ കുടുംബത്തിലും തങ്ങളുടേതായ ചില അതിർവരമ്പുകൾ നിർണ്ണയിക്കണം.  പെരുമാറ്റം  എങ്ങനെ ആയിരിക്കണമെന്ന പ്രതീക്ഷ  വ്യക്തമാക്കുകയും ചെയ്യുക. നിയമങ്ങൾ പാലിച്ചില്ലെങ്കിൽ എന്താവും അനന്തര നടപടി എന്ന് മുൻകൂട്ടി തീരുമാനിക്കുക. അനന്തരഫലത്തെ  പറ്റിയുള്ള ബോധവൽക്കരണം വർധിപ്പിക്കുക.

അതോടൊപ്പം ചെയ്യുന്ന ശരിയായ കാര്യങ്ങൾക്കു ഉചിതമായ പ്രോത്സാഹനവും പ്രതിഫലവും നൽകുക. പൂന്തോട്ടത്തിൽ ചെടികൾക്ക് എല്ലാം വെള്ളം നനച്ചാൽ അര മണിക്കൂർ TV കാണാം എന്ന് പ്രതിഫലം കൊടുത്ത ഒരു അമ്മ ഇക്കാര്യത്തിൽ ഒരു ഉദാഹരണമാണ്.  കൂടാതെ കൃത്യമായി അനുധാവനം നടത്തുക. വരച്ചിരിക്കുന്ന അതിർവരമ്പുകൾ ലംഘിക്കുന്നുണ്ടോ എന്ന് നിരന്തരം ശ്രദ്ധിക്കുക.  വേലിക്കെട്ടുകൾ കരുതലിന്റെയും സംരക്ഷണത്തിന്റെയും മതിലുകളാണെന്നു ക്രമേണ കുട്ടി മനസ്സിലാക്കും.

എന്തും ഏതും ചെയ്യാനുള്ള അധികാരം കുട്ടിക്ക് നിയന്ത്രണമില്ലാതെ കൊടുക്കുന്നത് യഥാർത്ഥ സ്നേഹത്തിന്റെ പ്രകടനമല്ല.  

സ്നേഹം നൽകണം. ഒപ്പം നിയന്ത്രണവും വേണം.  ഈ വസ്തുത തിരിച്ചറിയുന്ന  മനസ്സിലാക്കുന്ന മാതാപിതാക്കളാണ് വിജയികൾ.