Jan 28 • 11M

അച്ചൻ അറിയാൻ ഭാഗം - 29

ഗുണത്തിനുമില്ല, ദോഷത്തിനുമില്ല

George Koshy
Comment
Share
 
1.0×
0:00
-10:53
Open in playerListen on);
Episode details
Comments

വിവിധതരം പാരന്റിങ് ശൈലികളെ പറ്റിയാണല്ലോ ഈ പംക്തിയിൽ  നാം ചിന്തിച്ചുകൊണ്ടിരിക്കുന്നത് . സ്വേച്ഛാധിപത്യ ശൈലി ( Authoritarian Parenting), അനുവദനീയമായ ശൈലി (Permissive Parenting) എന്നിവയെപ്പറ്റി നമ്മൾ വിശകലനം ചെയ്തു. ഇനി മൂന്നാം ശൈലിയിലേക്ക് കടക്കുകയാണ്. പങ്കാളിത്തമില്ലാത്ത ശൈലി അഥവാ തിരസ്കാരശൈലി (Uninvolved or Neglectful Parenting ) എന്നാണ് അത് അറിയപ്പെടുന്നത്.

ഞാൻ ചില പ്രസ്താവനകൾ പറയാം, ശ്രദ്ധിക്കൂ:

" ഗൃഹപാഠം ചെയ്തോ എന്നൊന്നും  ചോദിച്ചു, ഞാൻ പിള്ളേരെ ബുദ്ധിമുട്ടിക്കാറില്ല."

"അവനിപ്പോൾ എവിടെയാണെന്നോ  ആരുടെ കൂടാണെന്നോ എനിക്കറിയില്ല. പൊടിക്കുഞ്ഞൊന്നുമല്ലല്ലോ എപ്പോഴും  പിറകെ നടക്കാൻ."

"പിള്ളേരുടെ കൂടെ സമയം ചെലവഴിക്കുവാൻ ഇക്കാലത്തു ആർക്കു പറ്റും?"

"അവരായി, അവരുടെ പാടായി. നമ്മളായി നമ്മുടെ പാടായി."

ഇത്തരം പ്രസ്താവനകൾ നിങ്ങളുടെ വായ്ത്താരിയിൽ ഉൾപ്പെടുന്നതാണെങ്കിൽ, സംശയിക്കേണ്ട, മക്കളുടെ കാര്യത്തിൽ നിങ്ങൾ തിരസ്കാരശൈലി അനുവർത്തിക്കുന്നവരാണെന്നു ഏറെക്കുറെ കരുതാം. 

മക്കളുടെ ആവശ്യങ്ങൾക്കും ആവലാതികൾക്കും മുൻപിൽ നിർവികാരികതയോടെ പുറം തിരിഞ്ഞു നിൽക്കുന്നതാണ് ഈ പാരന്റിങ് ശൈലി.

കുട്ടികളോട് ആവശ്യപ്പെടുക, അവരുടെ ആവശ്യങ്ങളോട്  പ്രതികരിക്കുക എന്നിങ്ങനെയുള്ള  രണ്ട് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊതുവെ രക്ഷാകർതൃത്വം വിലയിരുത്തപ്പെടുന്നത്. തിരസ്കാര ശൈലിയിലുള്ളവർ മക്കളോട് ഒന്നും ആവശ്യപ്പെടുകയോ തിരിച്ചൊന്നും  പ്രതികരിക്കുകയോ ചെയ്യാറില്ല.  കുട്ടികൾ പറയുന്ന ആവശ്യങ്ങൾ സാധിച്ചു കൊടുക്കാൻ അവർ ശ്രദ്ധിക്കാറില്ല. സ്നേഹം പങ്ക്‌ വെക്കാറില്ല. പിന്തുണ നൽകാറില്ല. ചുരുക്കത്തിൽ, കുട്ടികൾ അനുവർത്തിക്കേണ്ട കാര്യങ്ങൾ, അവർക്കു പറഞ്ഞുകൊടുക്കുകയോ, പോകാവുന്ന പരിധി പറഞ്ഞു കൊടുക്കുകയോ, മാർഗനിർദ്ദേശങ്ങൾ  നൽകുകയോ, അവരെ പറ്റിയുള്ള തങ്ങളുടെ പ്രതീക്ഷകൾ വെളിപ്പെടുത്തുകയോ ചെയ്യാറില്ല.

ഒരു തവണ ഒന്നിലേറെ കുഞ്ഞുങ്ങളെ  പ്രസവിക്കുന്ന പന്നികൾ, പ്രസവശേഷം കുഞ്ഞുങ്ങളുടെ കാര്യം പൊതുവെ ശ്രദ്ധിക്കാറില്ലത്രേ. പന്നിക്കുഞ്ഞുങ്ങൾ ചെളിയിൽ കിടന്നുരുണ്ട് സ്വയം വളരും. ഇതുപോലെയാണ് തിരസ്കാരശൈലിയുള്ള മാതാപിതാക്കൾ.

ഷാഫി എന്ന പിതാവ് ഇക്കാര്യത്തിനു  നല്ല ഒരു ഉദാഹരണമാണ്. അദ്ദേഹം സ്വന്തം ചില പ്രശ്നങ്ങളുടെ തടവറയിൽ കുടുങ്ങി കിടക്കുകയാണ്. അതുകൊണ്ട് കൂടിയാവാം മകൻ നൗഫലിന്റെ കാര്യങ്ങൾ തെല്ലും ശ്രദ്ധിക്കാറേയില്ല. വൈകാരികമായി മകനിൽ  നിന്നും  ഏറെ അകലെയായിരിക്കും അദ്ദേഹം എപ്പോഴും നിൽക്കുന്നത്. മകന്റെ പ്രവർത്തനങ്ങളിൽ ഒരിക്കലും ഒരു  മേൽനോട്ടം നൽകുകില്ല.  മകന്റെ പെരുമാറ്റം എങ്ങനെ ആയിരിക്കണമെന്ന നിർദ്ദേശമോ പ്രതീക്ഷകളോ നൽകാറില്ല. നൗഫലിനോടുള്ള ഇടപെടലുകളിൽ ഒട്ടും കരുതലോ സ്നേഹമോ ആ പിതാവ് പ്രകടിപ്പിക്കില്ല. അവന്റെ  സ്‌കൂളിൽ പോകാറില്ല. PTA മീറ്റിംഗുകളിൽ പങ്കെടുക്കാറുമില്ല. മകന്റെ കാര്യത്തിൽ ഷാഫിക്കു തെല്ലും താല്പര്യം ഇല്ലെന്നതാണ് സത്യം. ഒരു അത്ഭുതം സംഭവിച്ചില്ലെങ്കിൽ നൗഫൽ, വൈകാതെ പിടിവിട്ടു, ഒരു വല്ലാത്ത വികൃതിബാലനായി മാറുമെന്ന് ഉറപ്പാണ്.

സാന്ദർഭികമായി ഒരു കാര്യം പറയട്ടെ. വളരെ ന്യായമായ ബദ്ധപ്പാടുകൾ  മൂലം മക്കളുടെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ സാധിക്കാത്ത, തിരക്കുള്ള മാതാപിതാക്കളുണ്ട്.  തിരസ്കാര രക്ഷകർത്താക്കളുടെ പട്ടികയിൽ, നമ്മൾ അവരെയും  പെടുത്തേണ്ടതില്ല. എങ്കിലും തങ്ങളുടെ തിരക്കുകൾ തെല്ലു മാറ്റിവെച്ചു കുട്ടികളോടൊപ്പം ചെലവഴിക്കുവാൻ അവർ സമയം കണ്ടെത്തേണ്ടതുണ്ട്. കുട്ടിക്ക് ആവശ്യത്തിന് സ്നേഹം കിട്ടുന്നുണ്ടെന്നു അങ്ങനെയുള്ളവർ ഉറപ്പു വരുത്തുകയും വേണം. 

മക്കളെ തിരസ്കരിക്കുന്ന മാതാപിതാക്കളെ പറ്റിയാണല്ലോ നമ്മൾ പറഞ്ഞു വരുന്നത്. മക്കൾക്ക് വേണ്ടി ആഹാരവും പാർപ്പിടവും വസ്ത്രവുമൊക്കെ അവരും നൽകാറുണ്ട്. നിലനിൽപ്പിനു അത്യാവശ്യമായ കാര്യങ്ങൾ മാത്രം നൽകും. ഇവിടെ, വെറും സാങ്കേതികമായ പങ്കാളിത്തം മാത്രമേയുള്ളൂ.  അതിനപ്പുറത്തേക്കുള്ള ഇടപെടലുകൾ ഒന്നും ഇല്ല. വൈകാരിക ബന്ധങ്ങൾ തീരെ ഉണ്ടാവില്ല. തെറ്റിന്റെ വഴിയിലൂടെ മക്കൾ സഞ്ചരിക്കുമ്പോൾ അത്  അച്ഛനും അമ്മയും  അറിയുന്നേ ഇല്ല. പിന്നെയല്ലെ, ശിക്ഷയും തിരുത്തലുമൊക്കെ.

മക്കളോട് ഒരുവിധത്തിലുമുള്ള സ്നേഹപ്രകടനവും ഇല്ല. അവർക്കു യാതൊരു മാർഗനിർദേശവും നൽകുകയില്ല. മക്കൾ ജീവിതത്തിൽ എന്തെങ്കിലും നേടണമെന്ന സ്വപ്നവും ഇവർക്കില്ല. കുട്ടികൾ നേട്ടങ്ങൾ കൈവരിക്കുമ്പോഴും ഒരു പ്രശംസാവാക്കോ, ഒരു ചേർത്ത് പിടിക്കലോ   ഒരു ആലിംഗനമോ ഒന്നും തന്നെ ഇല്ല.

ഇനി മക്കൾ ഒന്നും നേടിയില്ലെങ്കിലും നിരാശയില്ല, പരാതിയില്ല, പരിഭവവുമില്ല, പിന്നെ കുറ്റപ്പെടുത്തലുമില്ല. പ്രതീക്ഷ ഉണ്ടെങ്കിലല്ലേ ഭംഗം ഉണ്ടാകുമ്പോൾ നിരാശ ഉടലെടുക്കുകയുള്ളൂ.  മക്കളുടെ കാര്യത്തിൽ ഇക്കൂട്ടർ പരിപൂർണമായും നിർഗുണ/ നിർവികാര  പരബ്രഹ്മങ്ങൾ ആയിരിക്കും.

എന്താവാമിതിന്റെ കാരണങ്ങൾ?

മാതാപിതാക്കളിൽ ചിലർ തിരസ്കാരശൈലി സ്വീകരിക്കുന്നത് മനപ്പൂർവ്വമല്ല എന്നതാണ് സത്യം. അതിനു പല കാരണങ്ങൾ ഉണ്ടാവാം. കണ്ട് വളർന്ന മാതൃകകളും ജീവിത സന്ദർഭങ്ങളുടെ സമ്മർദ്ദവുമൊക്കെയാവാം ഒരു പ്രധാനകാരണം. തങ്ങൾ വളർത്തപ്പെട്ട ശൈലികൾ തന്നെ അവർ അറിയാതെ അനുവർത്തിക്കുന്നതായിരിക്കാം. 

ജീവിതസന്ധാരണത്തിന്റെ തിരക്കിനിടയിൽ, കുട്ടികളുടെ കാര്യത്തിൽ കൂടെ ശ്രദ്ധ പതിപ്പിക്കുവാൻ പോയാൽ തങ്ങളുടെ കാര്യം അവതാളത്തിലായാലോ എന്ന ഭയം മറ്റൊരു കാരണമാവാം. ചിലപ്പോൾ മാതാപിതാക്കൾ പലതരം പ്രശ്നങ്ങളിൽ പെട്ടു നട്ടം കറങ്ങുകയാവാം. അമിത ജോലി, വിഷാദം, കടം തീർക്കുക, രണ്ടറ്റവും കൂട്ടി മുട്ടിക്കുക തുടങ്ങി വിവിധ പ്രശ്നങ്ങൾ. അതിനിടെയിൽ മക്കളുടെ കാര്യം അവഗണിച്ചു പോകുന്നതാവാം.

അച്ഛൻമാർ  മദ്യം, മയക്കുമരുന്ന് തുടങ്ങി ലഹരിപദാർത്ഥങ്ങളുടെ അടിമകളാകുന്നതും ഒരു കാരണമാണ്. കുഞ്ഞുങ്ങളുമായുള്ള തങ്ങളുടെ അകലം കൂടി വരുന്നു എന്ന പ്രശ്നം ഇതിനിടെയിൽ അവർ ശ്രദ്ധിക്കാറേയില്ല. Neglectful Parenting ശൈലിയിലേക്ക് രക്ഷകർത്താക്കൾ വരുന്നതിന്റെ കാരണങ്ങളാണ് ഇവയൊക്കെ.

പരിണിത ഫലം

ഇത്തരം മാതാപിതാക്കൾ ഉള്ള മക്കൾ,  മിക്കവാറും എല്ലാ മേഖലയിലും ഒരു പരാജയമായിത്തീരുന്നു എന്നാണ് ഗവേഷണങ്ങൾ  വെളിപ്പെടുത്തുന്നത്. സാമൂഹ്യനൈപുണ്യം ഇവർക്ക് കുറവായിരിക്കും. പഠനത്തിൽ പിന്നാക്കം  പോകും. അന്യരുമായി ഇടപെടാൻ അറിവില്ലാത്തവരാകും. വൈകാരിക മൂല്യങ്ങൾക്ക് അവരുടെ ജീവിതത്തിൽ യാതൊരു സ്ഥാനവും ഉണ്ടാവില്ല.

രക്ഷാകർത്താക്കളിൽ നിന്നും അനുഭാവപൂർണമായ യാതൊരു വൈകാരികപിന്തുണയും ലഭിക്കാത്തതിനാൽ,മറ്റാരുമായും സ്നേഹബന്ധം രൂപപ്പെടുത്തുവാനുള്ള താല്പര്യം ഈ കുട്ടികൾക്ക് കുറവായിരിക്കും.

പിൽക്കാല കുടുംബ ബന്ധത്തെ വരെ അത് ബാധിക്കും. അതിർ വരമ്പുകൾ നിർണ്ണയിച്ചു കൊടുക്കാത്തതിനാൽ സ്‌കൂളിലും വീട്ടിലും സാമൂഹിക സാഹചര്യങ്ങളിലും, തങ്ങൾക്കു പോകാവുന്ന പരിധിയെപ്പറ്റി അവർ തീർത്തും അജ്ഞരാണ്. അങ്ങനെയാണ് കുട്ടികളിൽ പെരുമാറ്റവൈകൃതങ്ങൾ ഉണ്ടാവുന്നത്. കുടുംബത്തിന്റെ പിന്തുണ ലഭിക്കാത്തതിനാൽ, ഇവർ നിരാശാഭരിതരും ആശങ്കയുള്ളവരും ആയിരിക്കും. ഭയം മൂലം അന്യരെ ഒന്നിലും ആശ്രയിക്കുകയില്ല. കൗമാരത്തിൽ ഉടലെടുക്കുന്ന അപരാധബോധം അവരെ നശിപ്പിക്കും. മാത്രമല്ല ആത്മധൈര്യം  ഇവർക്ക് തീരെ കുറവായിരിക്കും താനും. തന്മൂലം പെരുമാറ്റത്തിൽ പലതരം വൈകൃതങ്ങൾ കടന്നു കൂടും.

എങ്ങനെ  പ്രതികരിക്കണം?

എന്തും ഏതും  അനുവദിച്ചു കൊടുക്കുന്ന ഈ പാരന്റിങ് ശൈലി കുട്ടികളുടെ മനസ്സിൽ ദീർഘകാലം നിലനിൽക്കുന്ന വടുക്കൾ സൃഷ്ടിക്കുക തന്നെ ചെയ്യും. മുതിർന്നാലും അത് അവരിൽ നിന്നും മാഞ്ഞു പോകണമെന്നില്ല. തങ്ങളുടെ പിൻതലമുറയിലും അവർ ഇതേ ശൈലി പരീക്ഷിച്ചുവെന്നും വരാം. അതുകൊണ്ട് അപകടകരമായ ഈ  ശൈലിയിൽ നിന്നും മാറുവാൻ സഹായിക്കുന്ന ചില മാർഗങ്ങൾ ഇനി പറയാം.

 കുട്ടികൾക്ക് പ്രയോജനകരമായ വിവിധ ശൈലികളെപ്പറ്റി വിശദമായി പരാമർശിക്കുന്ന പഠനങ്ങൾ വിവിധ മാധ്യമങ്ങളിൽ നിന്നും ഗ്രഹിക്കാൻ ശ്രമിക്കുക.  പ്രാദേശികമായോ ഡിജിറ്റൽ  മാധ്യമങ്ങളുടെ സഹായത്തോടെയോ ഉള്ള പാരന്റിങ് ക്ലാസ്സുകളിൽ പങ്കെടുക്കുക.  ആവശ്യമെന്നു തോന്നുന്ന പക്ഷം ഒരു മനഃശാസ്ത്രഞ്ജന്റെ സഹായം തേടുക.  ഫാമിലി തെറാപ്പിസ്റ്റുകൾക്കു നിങ്ങളെ സഹായിക്കുവാനാവും. കുട്ടികളോടൊപ്പം ഇടപഴകുവാൻ മനപ്പൂർവമായി സമയം കണ്ടെത്തുക. തൊഴിലിൽ ഏർപ്പെടുന്ന മാതാപിതാക്കൾക്ക് നേരം ക്രമീകരിക്കുവാനും  സ്വഭാവ രീതിയിൽ ഒരു മാറ്റം വരുത്തുവാനും തെല്ലു പ്രയാസം നേരിട്ടേക്കാം. ശ്രദ്ധാപൂർവം നേരം ഉണ്ടാക്കുകയാണ്  വേണ്ടത്. 

ഭൂതകാലത്തെ മാറ്റാൻ ആവില്ല. ഇന്നും നാളെയുമാണ് നമുക്ക് പ്രതീക്ഷക്കു വക നൽകുന്നത്. കുട്ടികൾ എല്ലാകാര്യങ്ങളും സ്വയം ചെയ്തു ശീലിക്കട്ടെ, തെറ്റുകളിൽ കൂടെ അവർ പഠിക്കട്ടെ എന്നൊന്നും ചിന്തിച്ചു ഒഴിഞ്ഞു മാറരുത്. മാതാപിതാക്കൾ എന്ന നിലയിൽ അവരെ നേരിന്റെ വഴിയിൽ നയിക്കേണ്ട ഉത്തരവാദിത്തം മുഖ്യമായും അച്ഛന്മാർക്കുണ്ട്. അത് വിസ്മരിക്കാതിരിക്കുക.

ഏറ്റവും സമുചിതമായ രക്ഷകർത്തൃത്വം ഏതാണ്? അതിനെ പറ്റി അടുത്ത ലക്കത്തിൽ.