Feb 4 • 12M

അച്ഛൻ അറിയാൻ ഭാഗം - 30

ആരാണ് നല്ലച്ഛൻ?

George Koshy
Comment
Share
 
1.0×
0:00
-12:12
Open in playerListen on);
Episode details
Comments

വിവിധ തരം പേരെന്റിങ്ങിനെ പറ്റിയാണ് നമ്മൾ ചിന്തിച്ചു കൊണ്ടിരുന്നത്.

പട്ടാളച്ചിട്ടയോടെ മക്കളെ  വളർത്തുന്ന സ്വേച്ഛാധിപത്യ രക്ഷാകർതൃത്വം (Authoritarian Parenting), എന്തും ഏതും വാരിക്കോരി കൊടുത്തു യാതൊരു നിയന്ത്രണവുമില്ലാതെയുള്ള അനുവദനീയമായ രക്ഷാകർതൃത്വം (Permissive Parenting), മക്കളുടെ കാര്യത്തിൽ തരിമ്പു പോലും ശ്രദ്ധ ചെലുത്താത്ത തിരസ്കാര രക്ഷാകർതൃത്വം ( Uninvolved parenting) എന്നിവയെ പറ്റി നാം ചർച്ച ചെയ്യുകയുണ്ടായി. ഇവയൊന്നും ആശാസ്യമല്ല എന്നും നാം കാണുകയുണ്ടായി.

അങ്ങനെയെങ്കിൽ നമുക്ക് അനുവർത്തിക്കുവാൻ അനുയോജ്യമായ രക്ഷാകർതൃത്വ ശൈലി ഏതാണ്? എപ്പോഴാണ് നമ്മുടെ മക്കൾ സമൂഹത്തിനു കൊള്ളാവുന്ന പൗരന്മാരായി വളരുന്നത്?

ഇവിടെയാണ് നാലാമത്തെ ശൈലി ആയ ആധികാരിക രക്ഷാകർതൃത്വത്തിന്റെ (Authoritative Parenting)  പ്രസക്തി.

ബാബു ഒരു മെഡിക്കൽ ഡോക്ടർ ആണ്.  ബീനയാകട്ടെ ഒരു ബാങ്ക് ഓഫീസറും. ഇരുവരും നല്ല തിരക്കുള്ളവർ. മകൻ ബാലുവിനെ വളരെ ചിട്ടയിലും ശിക്ഷണത്തിലുമാണ്  അവർ വളർത്തുന്നത്. പക്ഷെ ഏഴു വയസ്സുകാരൻ ബാലു വളരെ സന്തുഷ്ടനാണ്. അതിനു കാരണമുണ്ട്. മകനുമായി ഒരു ക്രിയാത്മകബന്ധം ഉണ്ടാക്കി എടുക്കുവാൻ ബാബുവും ബീനയും വളരെ മനപ്പൂർവശ്രമം നടത്തുന്നു എന്നതാണത്. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്നൊക്കെയുള്ള  നിയമങ്ങൾ അവരുടെ വീട്ടിലും ഉണ്ട്. പക്ഷെ എന്തുകൊണ്ട് ആ നിയമങ്ങൾ എന്ന് അവർ മകന് വിശദമായി പറഞ്ഞു കൊടുത്തിട്ടുണ്ട്. നിയമം ലംഘിച്ചാൽ അനന്തര ഫലം ഉണ്ടാകുമെന്നു ബാലുവിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ കൊച്ചു കുട്ടിയുടെ  വൈകാരികതലത്തിന്റെ സംവേദനക്ഷമത മാതാപിതാക്കൾ കണക്കിലെടുക്കാറുണ്ട്. 

ഇവർ ആധികാരിക രക്ഷാകർതൃത്വത്തിന്റെ വക്താക്കളാണ്.

ഇങ്ങനെയുള്ള മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ മുൻപിൽ കൃത്യമായി അതിർവരമ്പുകൾ വരച്ചിടും. കുട്ടി അത് ഭേദിച്ച് മുന്നോട്ടു നീങ്ങിയാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നു ബോധ്യപ്പെടുത്തുകയും ചെയ്യും. എന്നാൽ നിയമങ്ങൾ പ്രാബല്യത്തിൽ ആക്കും മുൻപേ അവർ കുട്ടിയുടെ അഭിപ്രായങ്ങൾ കൂടെ പരിഗണിക്കും എന്നതാണ് പ്രധാനപ്പെട്ട കാര്യം . കുട്ടിയുടെ വികാരവിചാരങ്ങൾക്ക്  അവിടെ സ്ഥാനമുണ്ടായിരിക്കും. അപ്പോൾ തന്നെ, കാര്യങ്ങളുടെ ചുക്കാൻ പിടിക്കുന്നത് മാതാപിതാക്കൾ ആയിരിക്കും താനും. 

രാഹുൽ ഇങ്ങനെയുള്ള ഒരു പിതാവാണ്. മകൻ അഭിഷേകിന്റെ പെരുമാറ്റപ്രശ്നങ്ങൾക്ക് തടയിടുന്നതിനു മുൻപ് രാഹുലും ഭാര്യ അനുപമയും ഏറെ സമയവും ഊർജവും ചെലവഴിക്കാറുണ്ട്. നല്ല പെരുമാറ്റരീതി മകനിൽ സ്ഥാപിച്ചെടുക്കുവാൻ അവർ അവനു ചിലപ്പോൾ ഉപഹാരങ്ങൾ  നൽകാറുണ്ട്. പ്രശംസാവാക്കുകളിലും ലുബ്‌ദ്‌  കാണിക്കാറില്ല. അത് ക്രിയാത്മക ശിക്ഷണ രീതിയാണ്.

മക്കളോടുള്ള സ്നേഹം എങ്ങനെ പ്രകടിപ്പിക്കുന്നു? അവരുടെ ആവശ്യങ്ങളും താല്പര്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യുന്നു? മക്കളുടെ മേൽ എങ്ങനെ അധീശത്വം പുലർത്തുന്നു എന്നീ ഘടകങ്ങളെ ആസ്പദമാക്കിയാണല്ലോ പേരന്റിങ് ശൈലി നിർണ്ണയിക്കുന്നത്.

ആധികാരിക ശൈലി സ്വീകരിക്കുന്നവർ ഇപ്പറഞ്ഞവയെല്ലാം  തമ്മിൽ ആരോഗ്യപരമായ ഒരു സന്തുലിതാവസ്ഥ കാത്തു പാലിക്കുന്നവരാണ്.

മക്കൾക്ക് ധാരാളം സ്നേഹവും പിന്തുണയും അവർ നൽകും. പുതിയ ആശയങ്ങൾക്ക് വഴങ്ങാൻ അവർക്കു ബുദ്ധിമുട്ടില്ല. മക്കളുമായുള്ള ആശയ വിനിമയം സ്വാഗതം ചെയ്യുന്നവരാണ് ഇങ്ങനെയുള്ള മാതാപിതാക്കൾ.  അപ്പോൾ തന്നെ ശിക്ഷണത്തിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച വരുത്തുകയും ഇല്ല.     

കൃത്യമായ മാർഗരേഖകൾ മക്കൾക്ക് കാട്ടിക്കൊടുക്കും. അവ കുട്ടികൾ പാലിക്കണമെന്ന് പ്രതീക്ഷിക്കുകയും ചെയ്യും. അതെ സമയം, അമിതമായി ശാഠ്യം പിടിക്കുകയോ യുക്തിരഹിതമായ പെരുമാറുകയോ ചെയ്യില്ല. 

ഓരോ കുട്ടിയും വ്യത്യസ്ഥനാണല്ലോ. അതുകൊണ്ട് ഓരോ വീട്ടിലെയും പെരുമാറ്റ ചട്ടങ്ങളിലും രീതികളിലും മാറ്റങ്ങൾ ഉണ്ടാകും. ഒരേ വീട്ടിൽ തന്നെ ഓരോ കുട്ടിക്കും രീതിമാറ്റങ്ങൾ വേണ്ടി വരും.

ആഹാരം കഴിക്കാൻ മടി കാണിക്കുന്ന ഒരു ശിശു വീട്ടിൽ ഉണ്ടെന്നു കരുതുക. ഒരു പെർമിസിവ് പാരന്റ്,  കുഞ്ഞിന്റെ ശാഠ്യം കാണുമ്പൊൾ അവനു  ഇഷ്ടമുള്ള മറ്റൊരാഹാരം വെച്ച് കൊടുത്തേക്കാം. സ്വേച്ഛാധിപതിയായ പിതാവ് ആകട്ടെ, പിഞ്ഞാണം  കാലിയാക്കാതെ കുഞ്ഞു എഴുന്നേൽക്കാൻ പാടില്ല എന്ന് കാർക്കശ്യം കാണിക്കും. തിരസ്കാര ശൈലിക്കാരൻ പിതാവാകട്ടെ ഇതൊന്നും ശ്രദ്ധിക്കുകയേ ഇല്ല. എന്നാൽ ആധികാരിക ശൈലി സ്വീകരിക്കുന്ന പിതാവ്, തന്റെ കുഞ്ഞിനോടൊപ്പമിരുന്നു വാത്സല്യത്തോടെ അവനോടു സംസാരിക്കുകയും, ആഹാരം കഴിക്കുവാൻ സ്നേഹത്തോടെ നിർബന്ധിക്കുകയും ചെയ്യും. പാത്രം കാലിയാക്കിയിട്ടേ എഴുന്നേൽക്കാവൂ എന്നൊന്നും അവർ പറയില്ല. എന്നാൽ കുട്ടി ഈ ആഹാരമാണ് ഇപ്പോൾ കഴിക്കേണ്ടതെന്നും മറ്റൊരവസരത്തിൽ വേറെ ആഹാരം കൊടുക്കുമെന്നും  ഉറപ്പു വരുത്തും. കുട്ടിയുടെ കടുംപിടുത്തങ്ങളെയും മുരൾച്ചയെയും ദുശ്ശാഠ്യങ്ങളെയും സ്നേഹത്തോടെ അവർ നേരിടും.

ഇർഫാൻ  - ഫർസാന ദമ്പതികളുടെ മകൻ ഫാരിസിന് രാത്രിയായാലും പുറത്തു കളിച്ചു നടക്കാനാണ് താല്പര്യം. പെർമിസിവ് പാരന്റ് ആണെങ്കിൽ ഒന്നും ചിന്തിക്കാതെ അത് അനുവദിച്ചു  കൊടുക്കും. എന്നാൽ സ്വേച്ഛാധിപത്യ ശൈലിക്കാരൻ പിതാവ് വല്ലാതെ ശകാരിക്കുകയും ദേഷ്യപ്പെടുകയും ചിലപ്പോൾ മുറിയിൽ പൂട്ടി ഇടുകയും ചെയ്യും. പക്ഷെ ഇർഫാന്റെ രീതി വ്യത്യസ്തമായിരുന്നു. അദ്ദേഹം മകനോട് ദേഷ്യപ്പെടാറുണ്ട്. പക്ഷെ,  രാത്രി എന്നത് പുറത്തു കളിച്ചു നടക്കാനുള്ള സമയം അല്ലെന്നും, അത് അപകടമാണെന്നും അവനു മറ്റു ചില കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കേണ്ട സമയമായെന്നും ഫാരിസിനെ പറഞ്ഞു മനസ്സിലാക്കും. അതാണ് സത്യത്തിൽ വേണ്ടത്. 

നിഷേധാത്മകമായിട്ടായിരിക്കില്ല ഇങ്ങനെയുള്ള മാതാപിതാക്കൾ  പെരുമാറുന്നത്. കുട്ടി എന്തുകൊണ്ട് അങ്ങനെ പറയുന്നു, അങ്ങനെ പെരുമാറുന്നു എന്ന് മനസ്സിലാക്കാൻ അവർ ശ്രമിക്കും. ശാന്തത കൈവിടുകയില്ല. കുട്ടിയെ പറ്റിയുള്ള പ്രതീക്ഷകൾക്ക് മാറ്റം വരുത്തുകയും ഇല്ല. 

എന്താണ് ഈ ശൈലിയുടെ ഗുണം ?

ആധികാരിക രക്ഷാകർതൃത്വം നടത്തുന്നവരുടെ മക്കൾ മാതാപിതാക്കളുമായി ശക്തമായ ഒരു വൈകാരികബന്ധം രൂപപ്പെടുത്തിയെടുക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ഗുണം. ആധികാരിക ശൈലിക്കാർ നല്ല ശ്രോതാക്കൾ ആയിരിക്കും. കുട്ടിക്ക് ഒരു സുരക്ഷിതമണ്ഡലം ഒരുക്കി കൊടുക്കാൻ അവർ എപ്പോഴും തയ്യാറാകും.  ഭാവിയിൽ ഉത്തരവാദിത്തമുള്ള പൗരന്മാരായി ഈ കുട്ടികൾ മാറും എന്നാണ്  ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത്. അവർ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നു പറയുവാൻ വേണ്ട ആർജവം ഉള്ളവർ ആയിരിക്കും. സന്തുഷ്ടമാനസ്സരും മിക്ക മേഖലകളിലും ജേതാക്കളും ആയിരിക്കും.  ആവശ്യഘട്ടങ്ങളിൽ ശരിയായ തീരുമാനങ്ങൾ എടുക്കാൻ അവർ  പ്രാപ്തരാണ്. അപായ സാദ്ധ്യതകൾ തിരിച്ചറിഞ്ഞു സുരക്ഷിത മാർഗം അവർ തന്നെ സ്വീകരിക്കുകയും ചെയ്യും.

കോപതാപങ്ങളും ഇച്ഛാഭംഗങ്ങളുമൊക്കെ എല്ലാവരെയും ഏതെങ്കിലുമൊക്കെ ജീവിതഘട്ടത്തിൽ   അഭിമുഘീകരിച്ചെന്നു വരാം. എന്നാൽ ഇത്തരം സാഹചര്യങ്ങളെ നേരിടുവാനും വികാര സംയമനം പാലിക്കുവാനും അവർ പഠിക്കും.  പൊതുവെ ഇവർ വികാര നിയന്ത്രണ ചാതുര്യമുള്ളവരായിരിക്കും. സ്വയം നിയന്ത്രിക്കാൻ പ്രാപ്തി കൈവരുമ്പോൾ ഈ കുട്ടികൾ മികച്ച  പ്രശ്നപരിഹാരകാർ ആയിത്തീരും.

ബാല്യകാലത്തു സംഘർഷാവസ്ഥ ഉണ്ടാകുമ്പോൾ അവയെ സംയമനത്തോടെ നേരിടുവാൻ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കുകയും വഴി കാട്ടുകയും ചെയ്യുന്നതുകൊണ്ടാണിത്.

പ്രതിസന്ധികളെ ഇല്ലായ്മ ചെയ്യാനല്ല, വിജയകരമായി തരണം ചെയ്യാനാണ് പഠിപ്പിക്കേണ്ടത്.

പഠനകാര്യങ്ങളിലും ഗൃഹപാഠം ചെയ്യിക്കുന്നതിലുമൊക്കെ ഇത്തരം മാതാപിതാക്കൾ ശ്രദ്ധ ചെലുത്തുന്നതിനാൽ കുട്ടികൾ പഠനത്തിലും പിന്നോട്ട് പോകുന്നില്ല. സ്കൂൾ മീറ്റിംഗുകളിൽ മാതാപിതാക്കൾ പങ്കെടുക്കും. എപ്പോഴും അവരോടൊപ്പമുണ്ട് എന്ന ബോധ്യം അവർക്കും നൽകും

മറ്റുള്ളവരുമായി സഹകരിക്കുന്നതിലും അന്യർക്ക് സഹായം ചെയ്യുന്നതിലും ഇങ്ങനെ വളരുന്ന കുട്ടികൾ മുൻപന്തിയിലായിരിക്കും.  ഓരോ അവസരത്തിലും മാതാപിതാക്കൾ കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നതിനാൽ, കുട്ടി തുറന്ന മനസ്സുള്ളവൻ  ആയിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ബഹുമാനത്തോടെ കേൾക്കുവാനും ശരിയായവയെ സ്വീകരിക്കുവാനും അവർ തയ്യാറാകും. കുടുംബത്തിൽ നടത്തുന്ന ചർച്ചകൾ മൂലം കുട്ടിയുടെ ആശയവിനിമയ ശേഷിയും സാമൂഹ്യനൈപുണിയും  വർധിക്കും. കടുംപിടുത്തം കുറയും. നല്ലതിനെ സ്വീകരിക്കാൻ മനസ്സ് തുറക്കും. ഇതൊക്കെയാണ് ആധികാരിക രക്ഷാകർതൃത്വ ശൈലിയുടെ പ്രധാന ഗുണങ്ങൾ.   

ഈ ശൈലിയാണ് ഏറ്റവും അഭികാമ്യമെന്നും ഏറ്റവും ഫലകരം എന്നും ആണ് പൊതുവെയുള്ള നിഗമനം. സ്വേച്ഛാധിപത്യ ശൈലിയുടെയും എല്ലാം അനുവദിച്ചു കൊടുക്കുന്ന ശൈലിയുടെയും മധ്യത്തിലാണ് ഇതിന്റെ സ്ഥാനം. ഏതു നിമിഷവും അങ്ങോട്ടും ഇങ്ങോട്ടും വഴുതിപ്പോയേക്കാം എന്നൊരു അപകടം കൂടെ നാം മുന്നിൽ കാണാതിരിക്കരുത്.

കുട്ടിയെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ നാം അറിയാതെ നിയമങ്ങളിൽ വെള്ളം ചേർത്ത് പോകാൻ ഇടയുണ്ട്. പ്രതീക്ഷകളിൽ അയവു വരുത്തിയേക്കാം. ഉറച്ചു നിൽക്കുന്നതിനു പകരം കുട്ടിയുടെ കടുംപിടുത്തത്തിനു  വഴങ്ങി കൊടുക്കാനും സാധ്യതയുണ്ട്.

മറ്റു ചിലപ്പോൾ പിതാവ് നിയമങ്ങളുടെ കാര്യത്തിൽ കർക്കശക്കാരനും അയവില്ലാത്തവനും ആയെന്നും വരാം. കുട്ടിയുടെ വികാരങ്ങൾ അവഗണിച്ചെന്നു വരാം. ചർച്ച ചെയ്യുന്നതിന് പകരം കല്പനകൾ പുറപ്പെടുവിച്ചെന്നു വരാം. പിതാവിന്റെ മാനസികാവസ്ഥ അനുസരിച്ചു നിലപാടുകളിൽ ചാഞ്ചാട്ടം ഉണ്ടാകാം.

ശ്രദ്ധിക്കുക, ഏതെങ്കിലും ഒരു വശത്തേക്കുള്ള ചാഞ്ചാട്ടം കുട്ടിയുടെ ഭാവിഭാഗധേയത്തെ ബാധിക്കാം. ഒരുപക്ഷെ കുട്ടി കലഹപ്രിയനായെന്നു വരാം. അല്ലെങ്കിൽ അവന്റെ  ആത്മാഭിമാനം പൂർണമായും ചോർന്നു പോയെന്നും വരാം. 

ഇത്തരം പ്രശനങ്ങളെ എങ്ങനെ നേരിടാം? ചാഞ്ചാട്ടം ഒഴിവാക്കി, എങ്ങനെ ശരിയായ പാരന്റിങ് ശൈലിയിൽ ഉറച്ചു നിൽക്കാം? അക്കാര്യങ്ങൾ അടുത്ത ലക്കത്തിൽ.